ഒമ്പതു ജീവനുകളാണ് പൊലിഞ്ഞത്. രാമരാജ്യം പടുത്തുയർത്തുമെന്നൊക്കെയാണ് വീരവാദമെങ്കിലും ലഖിംപുർ ഖേരി അതിക്രമത്തിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ യു.പി ഭരണകൂടം കാര്യമായി ഒന്നും ചെയ്തിട്ടില്ല. ആരോപണവിധേയനായ മന്ത്രിപുത്രൻ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീടിെൻറ മതിലിൽ ഭവ്യതയോടെ ഒരു നോട്ടീസ് പതിച്ച് പൊലീസുകാർ തിരിച്ചുപോയിരിക്കുന്നു.നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ നാലുപേർ. നാലു പേർ ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയുടെ പ്രാദേശിക പ്രവർത്തകർ. ഒരാൾ സംഘർഷത്തിനിടയിൽപെട്ടു മരിച്ച പ്രാദേശിക മാധ്യമപ്രവർത്തകനും.
ഈ കൂട്ടക്കൊലക്കു തൊട്ടുമുമ്പാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ, സംസ്ഥാനത്തെ സദ്ഭരണകേന്ദ്രമെന്ന് അവർതന്നെ വിളിക്കുന്ന ഗോരഖ്പുരിൽ ഒരു യുവവ്യവസായിയെ പണം ആവശ്യപ്പെട്ട് പീഡിപ്പിച്ച് പൊലീസുദ്യോഗസ്ഥർ കൊന്നുകളഞ്ഞെന്ന ആരോപണമുയർന്നത്. ആ സംഭവത്തിലെ പ്രതികളും 'ഒളിവിൽ' ആണത്രെ. എന്നുവെച്ച് യു.പി പൊലീസ് എല്ലാ കാര്യത്തിലും ഇങ്ങനെ തണുപ്പൻ നിലപാടുകാരാണെന്ന് കരുതരുതേ. സർക്കാറിനെ ഒന്നു വിമർശിച്ചാൽ മതി, അടുത്ത മണിക്കൂറിൽ വീടിനു മുന്നിൽ പൊലീസ് വാഹനമെത്തും. മാധ്യമപ്രവർത്തകരെയൊക്കെ കൊണ്ടുപോയി തുറുങ്കിലടക്കും.ലഖിംപുരിൽ കുറ്റക്കാരെ പിടികൂടാൻ അനാസ്ഥ കാണിക്കുന്ന ഭരണകൂടം സംഭവസ്ഥലം സന്ദർശിക്കാനെത്തിയ പ്രതിപക്ഷനേതാക്കളെ തടഞ്ഞുവെക്കുകയും തടവിൽ പാർപ്പിക്കുകയും ചെയ്ത രീതിയും സർക്കാറിെൻറ ഉദ്ദേശ്യങ്ങളിൽ സംശയം സൃഷ്ടിക്കുന്നുണ്ട്.
ഈ സംഭവം മറ്റു പല കാര്യങ്ങളുമെന്നപോലെ കാലപ്രവാഹത്തിൽ ആളുകളങ്ങ് മറന്നേക്കുമെന്ന് കരുതാനാവില്ല. അഞ്ചു മാസത്തിനകം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ലഖിംപുരിലെ അറുകൊലകൾ വലിയ ചർച്ചയും സ്വാധീനവും സൃഷ്ടിക്കാൻ സാധ്യത ഏറെയാണ്. കഴിഞ്ഞയാഴ്ച വരെ കർഷകപ്രക്ഷോഭം അവരുടെ ശക്തികേന്ദ്രമായ പടിഞ്ഞാറൻ യു.പിയിലെ വോട്ടിങ്നിലയിൽ മാത്രമാവും സ്വാധീനം ചെലുത്തുക എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, നാലു കർഷകരെ അതിക്രൂരമായി കൊലപ്പെടുത്തിയ രീതിയും കേന്ദ്ര സഹമന്ത്രിയുടെ മകന് അതിലുള്ളതായി ആരോപിക്കപ്പെടുന്ന പങ്കും യു.പിയിൽ മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും കർഷകരോഷത്തെ ആളിക്കത്തിച്ചിട്ടുണ്ട്. പ്രതികളെ അമർച്ചചെയ്യാൻ വൈകുന്ന ഓരോ മണിക്കൂറും ഈ രോഷത്തെ കൂടുതൽ ശക്തമാക്കും.
നാട്ടിൽ 'ബാഹുബലി'പരിവേഷമുള്ള മന്ത്രിപുത്രൻ ആശിഷ് മിശ്ര പറയുന്നത് സംഭവത്തിൽ ഒരു ബന്ധവുമില്ല എന്നാണ്. മന്ത്രിയാവട്ടെ മകൻ നിഷ്കളങ്കനും നിരപരാധിയുമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലും. കേന്ദ്ര ആഭ്യന്തര സഹമന്ത്രിപദത്തിൽ ഇരിക്കുന്ന ഒരാളുടെ മകനെതിരായ അന്വേഷണം സ്വാധീനിക്കപ്പെടാനിടയുണ്ടെന്നും ആകയാൽ അദ്ദേഹത്തെ നീക്കണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചെങ്കിലും രാജ്യം ഭരിക്കുന്ന ഉന്നതർ ഗൗനിച്ചമട്ടില്ല. അജയ് മിശ്രയെ ബുധനാഴ്ച രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുവരുത്തിയത് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടേക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. എന്നാൽ, പിറ്റേ ദിവസം നടന്ന മന്ത്രാലയത്തിെൻറ പരിപാടിയിൽ മിശ്ര അധ്യക്ഷക്കസേരയിലിരിക്കുന്നത് കണ്ടതോടെ ആ സംശയം മാറി, ഡൽഹിയിൽ എങ്ങനെയാണ് കാര്യങ്ങളുടെ പോക്കെന്നതു സംബന്ധിച്ച് ചിത്രം വ്യക്തവുമായി. ലഖിംപുരിെൻറ രോഷം തണുപ്പിക്കാൻ മകനെതിരെ എന്തെങ്കിലും പൊടിക്കൈ നടപടികൾ ഉണ്ടായാൽപോലും മിശ്രയുടെ കസേരക്ക് ഒരു ഇളക്കവും തട്ടില്ല എന്നുതന്നെയാണ് പാർട്ടിക്കുള്ളിൽനിന്നുള്ള കേൾവികൾ.
ജൂലൈയിൽ നടന്ന പുനഃസംഘടനയിലാണ് മിശ്രയെ മോദിമന്ത്രിസഭയിലേക്ക് എടുക്കുന്നത്. ജാതി സമവാക്യങ്ങൾക്ക് ഏറ്റവുമധികം സ്വാധീനമുള്ള യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഠാകുറുകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നു എന്ന സങ്കടം മാറ്റാനാണ് ബ്രാഹ്മണനായ മിശ്രക്ക് കേന്ദ്ര സഹമന്ത്രിക്കസേര നൽകിയത്. കോൺഗ്രസിൽനിന്ന് പാളയം മാറിയെത്തിയ ബ്രാഹ്മണ നേതാവ് ജിതിൻ പ്രസാദയെ യോഗി മന്ത്രിസഭയിലും ഉൾക്കൊള്ളിച്ചു. ഇവർ രണ്ടുപേരും വലിയ നേതാക്കന്മാരൊന്നുമല്ലെങ്കിലും മന്ത്രിസഭയിലെ അവരുടെ സാന്നിധ്യം മേൽജാതിക്കാരെ പ്രസാദിപ്പിക്കാൻ ഏറെ ആവശ്യമാണ്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മിശ്രയെ ഇറക്കിവിടുന്നത് അവർക്കിടയിൽ പ്രതികൂല വികാരം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ഗോവിന്ദ് പന്ത് രാജുവിെൻറ വിലയിരുത്തൽ.
കർഷക പ്രക്ഷോഭത്തോടെന്നപോലെ കർഷകരുടെ കൊലയാളികളെ അമർച്ചചെയ്യുന്നതിലും ബി.ജെ.പി ഭരണകൂടം പുറംതിരിഞ്ഞുനിൽക്കുേമ്പാൾ വിവിധ പ്രതിപക്ഷ പാർട്ടികൾ തങ്ങൾ കർഷകർക്കൊപ്പമാണെന്ന് വിശ്വസിപ്പിക്കാൻ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. കോൺഗ്രസും സമാജ്വാദി പാർട്ടിയുമാണ് ഇക്കാര്യത്തിൽ മുന്നിൽ.
കോൺഗ്രസിെൻറ ഐക്യദാർഢ്യപ്രകടനം എന്തുകൊണ്ടും ശ്രദ്ധിക്കപ്പെട്ടു. അധികൃതർ വഴിമുടക്കാൻ ശ്രമിച്ചിട്ടും ലഖിംപുരിലേക്ക് യാത്ര തുടരാൻ പ്രിയങ്ക ഗാന്ധി പ്രകടിപ്പിച്ച ചങ്കുറപ്പുതന്നെയാണ് അതിനു കാരണം. ലഖ്നോ വിമാനത്താവളത്തിൽ വന്നിറങ്ങിയ നിമിഷം മുതൽ അവർ പൊലീസിെൻറ സൂക്ഷ്മ നിരീക്ഷണവലയത്തിലായിരുന്നു. ചാരക്കണ്ണുകളെ വെട്ടിച്ച് താമസസ്ഥലത്തുനിന്ന് അര കിലോമീറ്റർ നടന്ന് കാറിൽ കയറി യാത്ര തുടങ്ങിയ അവരെ ഇരപിടിയന്മാരെപ്പോലെ പൊലീസ് പിന്തുടർന്നു. കാറുകൾ മാറിക്കയറി മുന്നോട്ടുനീങ്ങിയിട്ടും വഴിയിൽ തടഞ്ഞ് ഒക്ടോബർ നാലിന് പുലർച്ചെ നാലരക്ക് സിതാപുർ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി തടവിൽവെച്ചു.
ഇത്രയൊക്കെ സമ്മർദങ്ങളും പ്രയാസങ്ങളുമെല്ലാം സൃഷ്ടിച്ചിട്ടും പിന്മാറാൻ അവർ കൂട്ടാക്കിയതേയില്ല. ഭരണകൂടത്തിന് പിടിവാശി ഉപേക്ഷിക്കേണ്ടിവന്നു. അതിനിടയിൽ രാഹുൽ ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേലുംകൂടി എത്തി. നേതാക്കൾ കൊല്ലപ്പെട്ട കർഷകരുടെ വീടുകൾ സന്ദർശിച്ചു, യു.പി സർക്കാർ നൽകുമെന്ന് അറിയിച്ചതിനേക്കാൾ ഉയർന്ന ആശ്വാസധനവും പ്രഖ്യാപിച്ചു.
ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, ബഹുജൻ സമാജ് പാർട്ടി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര തുടങ്ങിയവരും കഴിഞ്ഞ ദിവസങ്ങളിൽ കർഷകരുടെ വീടുകളിലെത്തി ആശ്വാസമറിയിച്ചു. രാഷ്ട്രീയ നേതാക്കളുടെ വലിയ ഒരു സംഘംതന്നെ ഈ ദിവസങ്ങളിൽ ലഖിംപുരിലുണ്ടാവും; തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതുെകാണ്ട് വിശേഷിച്ചും. സമാജ് വാദി പാർട്ടിക്കാണ് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ രാഷ്ട്രീയനേട്ടങ്ങൾക്ക് സാധ്യത. നേരത്തേ എസ്.പിയുടെ ശക്തികേന്ദ്രമായിരുന്ന ലഖിംപുർ അടങ്ങുന്ന തെറായ് മേഖല മോദിപ്രഭാവത്തിലാണ് കൈവിട്ടുപോയത്. ബി.ജെ.പിയുടെ ബി ടീം എന്ന പേരുദോഷം വന്നുഭവിച്ചതിനാൽ ബി.എസ്.പിക്ക് ലഖിംപുരിെൻറ മണ്ണിൽനിന്ന് കാര്യമായ ഗുണമൊന്നും ലഭിക്കാനിടയില്ല. ഇപ്പോഴത്തെ നിലയിൽ ബി.ജെ.പിക്കെതിരെ കനത്ത രോഷമാണ് മേഖലയിൽ. ചോരപ്പാട് നീക്കാനും കർഷക രോഷം ഇല്ലാതാക്കാനും അവർ കളിക്കാൻ പോകുന്ന കളികളെന്തൊക്കെയായിരിക്കും എന്നതും അറിയാനിരിക്കുന്നതേയുള്ളൂ.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.