സർക്കാറിനെ മുൾമുനയിൽ നിർത്തി വിമർശിക്കുകയെന്ന അവിശ്വാസതന്ത്രം ഏറക്കുറെ വിജയിക്കുകതന്നെ ചെയ്തു. പ്രതിപക്ഷത്തുനിന്ന് ഉതിർന്നുവീണ ആരോപണങ്ങൾക്ക് മുന്നിൽ ചാനൽ ചർച്ചകളിലെന്നപോലെ ഭരണപക്ഷാംഗങ്ങൾ ഉരുണ്ടു. അവിശ്വാസം നനഞ്ഞ പടക്കമായെന്നൊെക്ക പറഞ്ഞുനിൽക്കാൻ ഭരണപക്ഷത്തുനിന്ന് ശ്രമമുണ്ടായെങ്കിലും ആകെ ബാലൻസ് തെറ്റിയമട്ടിലായിരുന്നു പ്രകടനങ്ങൾ.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സർക്കാർ കൊണ്ടുവന്ന പ്രമേയത്തിെൻറ 'ആത്മാവിനൊപ്പം' നിന്ന് പ്രതിപക്ഷം പ്രതിബദ്ധത തെളിയിച്ചെങ്കിലും അദാനിക്കുവേണ്ടി സർക്കാർ നടത്തിയ കള്ളക്കളികളെ തുറന്നുകാട്ടാൻ രമേശ് ചെന്നിത്തല മടിച്ചില്ല.
'അദാനീപുത്രി'യുടെ കമ്പനിക്ക് കൺസൾട്ടൻസി നൽകിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചത് ഇങ്ങനെ: 'കപിൽ സിബലിനെ ഒരു കേസിൽ സർക്കാർ വക്കീലാക്കുന്നത്, അദ്ദേഹം കോൺഗ്രസുകാരനാണോ എന്ന് നോക്കീട്ടല്ല. ഒരു ആധാരം രജിസ്റ്റർ ചെയ്യാൻ പോലും നിയമോപദേശം ചോദിക്കുന്ന കാലത്ത് കൺസൾട്ടൻസി നൽകിയതിൽ അപാകതയുമില്ല.
' ഇങ്ങനെ ആരോപണമുന്നയിക്കുന്നത് അവരവരുടെ ശീലംെകാണ്ടാണെന്ന് പിണറായി പറഞ്ഞപ്പോൾ പ്രതിപക്ഷത്ത് ബഹളമുയർന്നു. അതോടെ മുഖ്യമന്ത്രിയും നിയന്ത്രണംവിട്ട മട്ടായി. പ്രതിപക്ഷം കുറേക്കൂടി സംസ്കാരം കാട്ടണമെന്ന് അദ്ദേഹം അരിശം കൊണ്ടു.
അവിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് വി.ഡി. സതീശനാണ് സർക്കാനെ കീറിമുറിച്ചത്. ജൂലിയസ് സീസർ നാടകത്തിൽ മാർക്ക് ആൻറണിയുടെ 'ബ്രൂട്ടസ് ഇൗസ് ആൻ ഒാണറബിൾ മാൻ' എന്ന പ്രയോഗത്തെ അനുസ്മരിപ്പിച്ച് പ്രസംഗത്തിലുടനീളം മുഖ്യമന്ത്രിയെയും കെ.ടി. ജലീലിനെയും 'ആദരണീയനായ' എന്നായിരുന്നു, സതീശെൻറ വിശേഷണം. കള്ളക്കടത്തുസംഘം തെൻറ ഒാഫിസ് പിടിച്ചെടുത്തിട്ടും 'ആദരണീയ മുഖ്യമന്ത്രി' ഒന്നും അറിഞ്ഞില്ല.
ലൈഫ് പദ്ധതിയിൽ 20 കോടി കിട്ടിയതിൽ നാലരക്കോടിക്ക് പുറമെ അഞ്ചു കോടികൂടി കോഴപ്പണമായി മാറിയെന്നും സതീശൻ കണ്ടെത്തി. മൊത്തം 46 ശതമാനത്തിെൻറ കമീഷൻ.'ആത്മീയ കള്ളക്കടത്ത്' നടത്തിയ ജലീലിനെ കെ.എം. ഷാജി വെറുതെവിട്ടില്ല. കള്ളത്തരം പിടിച്ചപ്പോൾ ഖുർആൻ തിരിച്ചുകൊടുക്കാമെന്ന്! എന്നാലും ജലീൽ സ്വർണം തിരിച്ചുകൊടുക്കില്ലെന്ന് ഷാജിയുടെ പരിഹാസം.
കോൺഗ്രസിെൻറ മൃദുഹിന്ദുത്വമാണ് അവിശ്വാസപ്രമേയത്തിന് പിന്നിൽ എസ്. ശർമ ദർശിച്ചത്. പിണറായിയുടെ നേതൃത്വത്തിൽ എം.എൽ.എയായതിൽ എ. പ്രദീപ്കുമാർ അഭിമാനം കൊണ്ടു. അവിശ്വാസം പ്രകടിപ്പിച്ചവരോട് മാത്യൂ ടി. തോമസിന് പറയാനുള്ളത്, യേശുവിെൻറ ഉപദേശമാണ്:
'യറുശലേം പുത്രന്മാരേ, നിങ്ങൾ എന്നെച്ചൊല്ലി കരയേണ്ട, നിങ്ങളെയും മക്കളെയും ചൊല്ലി കരയുവിൻ'. കോവിഡിനായി പി.പി.ഇ കിറ്റ് വാങ്ങിയതിൽപോലും അഴഴിമതിയുെണ്ടന്ന് ഡോ. എം.കെ. മുനീർ കണ്ടുപിടിച്ചു. പുനർജനി പദ്ധതിയുടെ പേരിൽ 81 തവണ ബർമിങ്ഹാമിൽ പോയി വി.ഡി. സതീശൻ അഴിമതി നടത്തിയെന്ന ജയിംസ് മാത്യുവിെൻറ ആരോപണത്തിന് അപ്പോൾതന്നെ സതീശെൻറ മറുപടിയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.