‘പ്രിയപ്പെട്ടവരുടെ മരണങ്ങള് ഉണ്ടാക്കിയ അതേ ആഘാതമാണ്
ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ഗാന്ധിജിയുടെ മരണം
എന്നിലുണ്ടാക്കിയതെന്നത് അത്ഭുതത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു’
- ഗാന്ധി കൊല്ലപ്പെടുമ്പോൾ കോളജ് വിദ്യാർഥിയായിരുന്ന മുതിർന്ന
മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ ആ ദിനം ഓർക്കുന്നു
നീണ്ട 75 വര്‍ഷങ്ങള്‍ക്കുശേഷവും 1948 ജനുവരി 30ന്റെ ഓർമ മനസ്സില്‍ മങ്ങാതെ നില്ക്കുന്നു.
ഞാന്‍ തിരുവനന്തപുരത്ത് കോളജ് വിദ്യാർഥിയാണ്. താമസം പാളയത്തെ സ്വകാര്യ ഹോസ്റ്റലില്‍. വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞശേഷം വാടക സൈക്കിളില്‍ നേരത്തേ താമസിച്ചിരുന്ന, വിദ്യാഭ്യാസ ഡയറക്ടറുടെ ആപ്പീസിലെ സൂപ്രണ്ട് ശ്രീ. കെ. ശങ്കരപ്പിള്ളയുടെ വീട്ടിലേക്ക് സൗഹൃദ സന്ദര്‍ശനത്തിനു പോയി. മടക്കയാത്രയില്‍ ബേക്കറി ജങ്ഷനില്‍നിന്നുള്ള കയറ്റം ചവിട്ടിക്കയറുമ്പോള്‍ ഒരു ഹോസ്റ്റലിനു മുന്നില്‍ നില്‍ക്കുകയായിരുന്ന രണ്ടു വിദ്യാർഥികളുടെ സംഭാഷണത്തിന്റെ ശകലം ചെവിയില്പെട്ടു. വാര്‍ത്ത കേട്ടോ എന്നൊരാള്‍ ചോദിച്ചു. കേട്ടു, സ്പെഷല്‍ ബുള്ളറ്റിന് ആയിരുന്നെന്നു മറ്റേയാള്‍. ഇരുവരുടെയും ശബ്ദം ഇടറിയിരുന്നു. കേട്ടത് വലിയ ദുഃഖവാര്ത്തയാണെന്ന് വ്യക്തം. അന്ന് തിരുവനന്തപുരം പ്രക്ഷേപണനിലയം ഓള് ഇന്ത്യ റേഡിയോയുടെ ഭാഗമല്ല.
അതില്‍ ഈ വിദ്യാര്‍ഥികളെ ഇത്ര ദുഃഖത്തിലാഴ്ത്തുന്ന എന്തു വാർത്തയാകും വന്നതെന്നാലോചിച്ചുകൊണ്ട് സൈക്കിള്‍യാത്ര തുടര്‍ന്നപ്പോള്‍ യുവരാജാവ് മാര്‍ത്താണ്ഡവർമ ഭാര്യയുമൊത്ത് ഒരു തുറന്ന കാറില്‍ ഉല്ലാസവാനായി യാത്രചെയ്യുന്നത് കണ്ടു. അപ്പോള്‍ അത്യാഹിതം നടന്നത് തിരുവിതാംകൂറിലല്ലെന്ന് അനുമാനിച്ചു.
ഹോസ്റ്റലിലെ സ്വീകരണമുറിയില്‍ ഓടിക്കയറി. നാലഞ്ചു പേര് അവിടെ ഇരിപ്പുണ്ട്. പക്ഷേ, റേഡിയോ നിശ്ശബ്ദം. അടുത്തിരുന്നയാളിന്റെ തോളില്‍ തട്ടി കാര്യം തിരക്കി. അയാള്‍ വിരല്‍ ചുണ്ടത്തുവെച്ചുകൊണ്ട് മിണ്ടാതിരിക്കാന്‍ നിർദേശിച്ചു. നിമിഷങ്ങള്‍ക്കകം വാർത്തവായനക്കാരന്റെ ശബ്ദം കേട്ടു.
കിട്ടിയ വിവരം ഇത്രമാത്രം: മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടു. 5.15നു വെടിയേറ്റു; 5.30നു മരിച്ചു.
അൽപനേരത്തെ നിശ്ശബ്ദതക്കുശേഷം ഇതേ വിവരം വായനക്കാരന് അതേ വാക്കുകളില്‍ ആവർത്തിച്ചു കൊണ്ടിരുന്നു.
കുടുംബത്തില്‍ അതിനുമുമ്പ് രണ്ടു മരണങ്ങള് സംഭവിച്ചിരുന്നു. ഏഴു വർഷം മുമ്പ് അപ്പൂപ്പന്, നാലു വർഷം മുമ്പ് അമ്മ. ആ മരണങ്ങള് ഉണ്ടാക്കിയ അതേ ആഘാതമാണ് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ഗാന്ധിജിയുടെ മരണം എന്നിലുണ്ടാക്കിയതെന്നത് അത്ഭുതത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു.
തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് നേതാക്കളുമായി സംഭാഷണത്തിനായി വന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് ഞങ്ങളുടെ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷേ, ഗാന്ധി കൊല്ലപ്പെട്ട വിവരം അദ്ദേഹത്തെ അറിയിക്കണമെന്നു തോന്നി. ഓടി അദ്ദേഹത്തിന്റെ മുറിയില്‍ ചെന്നു. കൈയില്‍ ഒരു പുസ്തകവുമായി ഇ.എം.എസ് കട്ടിലില്‍ ഇരിക്കുന്നത് ജനാലയിലൂടെ കണ്ടു. പകുതി ചാരിയിരുന്ന വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി ഞാന്‍ പറഞ്ഞു: “ഗാന്ധിജിയെ വെടിവെച്ചുകൊന്നു.” പുസ്തകത്തില്‍നിന്ന് കണ്ണുയര്‍ത്തി എന്നെ നോക്കി അദ്ദേഹം പറഞ്ഞു: “ആറെസ്സെസ്സാ.”
കൊലയാളി ആരാണെന്ന് റേഡിയോ പറഞ്ഞിരുന്നില്ല. ആ വിഷയത്തിലേക്ക് എന്റെ മനസ്സ് കടന്നിരുന്നുമില്ല. ഞാന്‍ ഗാന്ധിവധത്തോട് തികച്ചും വൈകാരികമായി പ്രതികരിച്ചപ്പോള്‍ ഇ.എം.എസ് തികച്ചും ബൗദ്ധികമായി പ്രതികരിക്കുകയായിരുന്നു.
വർഗീയ കലാപം നടക്കുന്ന പ്രദേശങ്ങളിലൂടെ സമാധാന സന്ദേശവുമായി ഏതാനും മാസം സുരക്ഷിതമായി യാത്രചെയ്ത ശേഷം തലസ്ഥാനനഗരിയിൽ എത്തിയപ്പോഴാണ് രാഷ്ട്രപിതാവ് കൊല്ലപ്പെട്ടത്. ശുചീകരണത്തൊഴിലാളികള്‍ പാര്‍ത്തിരുന്ന ഡല്‍ഹിയിലെ ഭംഗി കോളനിയില്‍ സുരക്ഷിതനായിരുന്ന ഗാന്ധിയാണ് വ്യവസായപ്രമുഖനായ ജി.ഡി. ബിർളയുടെ അതിഥിമന്ദിരത്തിലെ പ്രാർഥനായോഗ സ്ഥലത്തുവെച്ചു കൊല്ലപ്പെട്ടത്.
ഉപഭൂഖണ്ഡം വർഗീയമായി ധ്രുവീകരിച്ചുനില്ക്കുന്ന സമയമാണ്. ഒരു ഹിന്ദു വിഭാഗം ഗാന്ധിയുടെ രക്തത്തിനായി ദാഹിക്കുകയാണെന്നത് രഹസ്യമായിരുന്നില്ല. ഏതാനും ദിവസം മുമ്പ് പ്രാർഥനായോഗസ്ഥലത്ത് മദന്‍ലാല്‍ എന്നൊരാള്‍ ബോംബെറിഞ്ഞിരുന്നു. പലയിടങ്ങളിലും ഗാന്ധിയുടെ പടംവെച്ച് വെടിവെപ്പ് പരിശീലനം നടക്കുന്നുണ്ടായിരുന്നു. ഇതൊക്കെ അറിയാമായിരുന്നിട്ടും ഗാന്ധിവധം തടയാനായില്ലെന്നതിനെ ഭരണകൂടത്തിന്റെ പരാജയമായേ കരുതാനാകൂ. ഗാന്ധി പ്രാര്‍ഥനായോഗ സ്ഥലത്ത് പൊലീസ് സാന്നിധ്യം ആഗ്രഹിച്ചില്ലെന്നത് പിഴവിന് സാധൂകരണമാകുന്നില്ല. യൂനിഫോമിട്ട ആയുധധാരികളെ നിരത്തിനിര്ത്തുക മാത്രമല്ലല്ലോ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗം. ബോംബെറിയാന്‍ പോയപ്പോള്‍ മദന്ലാലിനൊപ്പമുണ്ടായിരുന്ന നാഥുറാം ഗോദ്സെക്ക് ദിവസങ്ങള്‍ക്കകം അവിടെ വീണ്ടും ചെന്ന് വധദൗത്യം പൂർത്തിയാക്കാനായി എന്നോര്‍ക്കുമ്പോഴാണ് ഭരണകൂടപ്പിഴവ് എത്ര വലുതായിരുന്നു എന്ന് വ്യക്തമാവുക.
ഗോദ്സെക്കും കൂട്ടുപ്രതികള്‍ക്കും നേരത്തേ സംഘടനയുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് ബന്ധമില്ലായിരുന്നു എന്നാണ് ആര്.എസ്.എസ് പറയുന്നത്. ഗാന്ധിവധത്തെ തുടര്‍ന്ന് കേന്ദ്രം സംഘടനയെ നിരോധിച്ചിരുന്നു. ഇതില്‍നിന്ന് ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ ഭായി പട്ടേല്‍ സംഘടനയുടെ അവകാശവാദം മുഖവിലക്കെടുത്തിരുന്നില്ലെന്നു മനസ്സിലാക്കാം. സംഘടനയുടെമേല്‍ പഴി വരാതിരിക്കാന്‍ അതുമായുള്ള ബന്ധം വേര്‍പെടുത്തുകയായിരുന്നെന്ന് ഒരു കൂട്ടുപ്രതി പില്ക്കാലത്ത് ഒരഭിമുഖത്തില്‍ പറയുകയുമുണ്ടായി.
ആദ്യ പൊതുതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിഭജനം നടന്നിട്ട് വർഷം അഞ്ചു തികഞ്ഞിരുന്നില്ല. വർഗീയ കലാപത്തിന്റെ ഓർമകള്‍ വിട്ടുമാറിയിരുന്നില്ല. എന്നിട്ടും ഹിന്ദുത്വചേരിയില്പെട്ട ജനസംഘ, ഹിന്ദു മഹാസഭ, രാമരാജ്യ പരിഷത് എന്നീ മൂന്നു കക്ഷികള്‍ക്കുംകൂടി കിട്ടിയത് അഞ്ചു സീറ്റ് മാത്രം. അറുപതില്പരം വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഹിന്ദുത്വകക്ഷിക്ക് കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരം നേടാനായത് ജനങ്ങള്‍ക്കിടയില്‍ വർഗീയത വളർന്നതുകൊണ്ടാണെന്നു ഞാന്‍ കരുതുന്നില്ല. സങ്കുചിത താൽപര്യങ്ങള് മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് വർഗീയതയുടെ സ്വാധീനത്തെ തടഞ്ഞുനിർത്താനുള്ള ശേഷിയില്ലെന്നതാണ് മുക്കാല്‍ നൂറ്റാണ്ടുകാലത്തെ ചരിത്രം നല്കുന്ന പാഠം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.