കുടിയിറക്ക് തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്ന ഹൽദ്വാനിയിലെ സ്ത്രീകളും കുട്ടികളും

എവിടേക്ക് പോകും ഹൽദ്വാനിയിലെ ഈ മനുഷ്യർ ?

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പെയുള്ള രേഖകളടക്കം കൈവശമുള്ള, നിരവധി തലമുറകൾ ജനിച്ചു വളർന്ന ഇടമാണ് മുക്കാൽ ലക്ഷം മനുഷ്യരുള്ള ഹൽദ്വാനിയിലെ ഗഫൂർ ബസ്തി. താമസക്കാരിൽ 95 ശതമാനത്തിലേറെ മുസ്‍ലിംകൾ. കൈവശമുള്ള ഭൂമിക്ക് 1940 മുതൽ നികുതി അടച്ചതിന്റെ രസീത് പലരുടേയും കൈവശമുണ്ട്. നഗരസഭയുടെ കെട്ടിടനികുതിയും വീട്ടുനികുതിയും മുടങ്ങാതെ അവർ അടക്കുന്നുണ്ട്. മുനിസിപ്പൽ ഭരണകൂടവും സംസ്ഥാന സർക്കാറും കാലാകാലങ്ങളിൽ ആ പ്രദേശത്തിന്റെ വികസനത്തിനായി കോടികൾ ചെലവിട്ടിട്ടുമുണ്ട്. വൈദ്യുതിയും വെള്ളവും റോഡുകളുമെല്ലാം സർക്കാർ ലഭ്യമാക്കിയിട്ടുമുണ്ട്. ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമുണ്ട്. ഒരു ഡസൻ അംഗൻവാടികളും സർക്കാർ സ്കൂളുകളും അമ്പലങ്ങളും പള്ളികളും മതപാഠശാലകളും കച്ചവടസ്ഥാപനങ്ങളുമെല്ലാം അവിടെയുണ്ട്.

ഗഫൂർ ബസ്തി നിവാസികൾ സൂക്ഷിക്കുന്ന കിടപ്പാടത്തിന്റെ നിരവധി പതിറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ

 

ഒരാഴ്ച കഴിയുന്നതോടെ അതൊരു ബസ്തി അല്ലാതാക്കണമെന്നാണ് ഉത്തരാഖണ്ഡ് ഹൈകോടതിയുടെ ഉത്തരവ്. ബലംപ്രയോഗിച്ചെങ്കിലും 4365 കുടുംബങ്ങളെ ഒരാഴ്ചക്കകം അവിടെ നിന്ന് കുടിയൊഴിപ്പിച്ച് ഗഫൂർ ബസ്തി റെയിൽവേ ഏറ്റെടുക്കണമെന്ന്. റെയിൽവേയുടെ സ്വത്താണെന്നും പറഞ്ഞാണ് 29 ഏക്കർ ഭൂമിയിൽ പതിറ്റാണ്ടുകളായി കഴിയുന്നവരെ പുറന്തള്ളാൻ ഹൈകോടതി ഉത്തരവിട്ടത്. പ്രധാന പത്രങ്ങളിൽ കുടിയൊഴിഞ്ഞുകൊടുക്കാനുള്ള പരസ്യം പ്രസിദ്ധീകരിച്ചു. അക്കാര്യം ജനങ്ങളെ അറിയിക്കുന്ന ജോലിയിലാണ് കുടിയൊഴിപ്പിക്കൽ ചുമതലയുള്ള അധികാരികൾ. ബി.ജെ.പിക്കെതിരെ വോട്ടു ചെയ്യുന്ന മുസ്‍ലിംകളാണ് എന്നതു മാത്രമാണ് ഈ അന്യായ കുടിയിറക്കിന് വഴിയൊരുക്കിയതെന്ന് പ്രദേശവാസികൾ മാധ്യമപ്രവർത്തകർ വ്യക്തമാക്കുന്നു.

ഹരിദ്വാറിലെ ഹൽദ്വാനിയിൽ 2.2 കിലോമീറ്റർ ദൂരത്തിൽ റെയിലിനോട് ചേർന്നുള്ള സർക്കാർ മിച്ചഭൂമിയിലാണ് പതിറ്റാണ്ടുകളായി തങ്ങൾ കഴിയുന്നതെന്ന് പറഞ്ഞ മനുഷ്യരോട് കാലങ്ങളായി തുടരുന്ന കീഴ്വഴക്കം മാറ്റാനുള്ള സമയമാണിതെന്നാണ് ജസ്റ്റിസുമാരായ ആർ.സി. ഖുൽബെയും ശരത്കുമാർ ശർമയും ഓർമിപ്പിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി ഇവിടത്തുകാർ ഭൂമിയുടെ വിലപ്പെട്ട രേഖകളായി സൂക്ഷിച്ചുപോരുന്ന മുനിസിപ്പൽ രേഖകൾക്ക് തുണ്ടു കടലാസിന്റെ വിലയില്ലെന്ന്. കാലങ്ങളായി തുടരുന്ന ചില രീതികൾ കീഴ്വഴക്കങ്ങളായാലും കാലം മാറുമ്പോൾ അത് മാറ്റേണ്ടിവരുമെന്ന് വിധിയിൽ എഴുതിവെച്ചിട്ടുണ്ട്. 1907 മേയ് 17ന് മുനിസിപ്പൽ വകുപ്പ് കുടികിടപ്പുകാർക്ക് നൽകിയ ഓഫിസ് മെമ്മോറാണ്ടം സർക്കാർ ഉത്തരവായി കണക്കാക്കില്ലെന്നും കുടികിടപ്പുകാർക്ക് ഒരവകാശവും അത് വഴി വകവെച്ചുകൊടുക്കാനാവില്ലെന്നും കോടതി വിധിച്ചിരിക്കുന്നു.

ഓഫിസ് മെമ്മോറാണ്ടത്തിൽ സർക്കാർ സ്വത്ത് വിൽക്കാനോ പാട്ടത്തിന് കൊടുക്കാനോ പാടില്ലെന്ന് പറയുന്നുണ്ടെന്നും അങ്ങനെ ചെയ്തത് ചട്ടലംഘനമാണെന്നും ഹൈകോടതി പറയുന്നു. റെയിൽവേ ​പാതക്കടുത്തുള്ള സർക്കാർ മിച്ചഭൂമി വിൽക്കാനും പാട്ടത്തിന് കൊടു​ക്കാനും റെയിൽവേ അധികൃതരു​ടെ മുൻകൂർ അനുമതി വേണമെന്നും ഹൈകോടതി ഓർമിപ്പിച്ചു. കുടിയൊഴിപ്പിക്കൽ നീളുന്നത് പൊതുജനത്തിന് അപകടകരമാകുമെന്നും അവരെ നീക്കം ചെയ്യാൻ റെയിൽവേ നിയമത്തിന്റെ 147ാം വകുപ്പ് ഉപയോഗിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

സ്വന്തം മണ്ണെന്നു കരുതി കഴിയുന്നിടത്തുനിന്ന് ഏഴുദിവസത്തിനകം എവിടേക്കെങ്കിലും പോകണമെന്നാണ് ഹൈകോടതി പറഞ്ഞിരിക്കുന്നത്. എല്ലുറഞ്ഞു പോകുന്ന ഉത്തരേന്ത്യൻ കൊടുംശൈത്യത്തിൽ അരലക്ഷം മനുഷ്യർ എവിടേക്ക് പോകുമെന്ന ചോദ്യം ഹൈകോടതിയെ അലട്ടുന്നില്ല. അവരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയും ഉത്തരാഖണ്ഡ് സർക്കാറിന്റെ പക്കലുമില്ല.

Tags:    
News Summary - Uttarakhand Demolition Haldwani Evictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.