മതനിരപേക്ഷ ഇന്ത്യക്ക് ലജ്ജയോടുകൂടിമാത്രം ഓർക്കാവുന്ന ഒരു ദിവസമായി മാറിയിരിക്കുകയാണ് ആഗസ്റ്റ് അഞ്ച്.
കഴിഞ്ഞ കൊല്ലം ആ ദിവസം മോദിസർക്കാർ ഇന്ത്യയുടെ ആദ്യ സർക്കാർ ജമ്മു-കശ്മീരിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ലംഘിച്ചു ആ സംസ്ഥാനത്തിന് ഭരണഘടനയിൽ നൽകപ്പെട്ട പ്രത്യേകപദവി എടുത്തുകളയുകയും അതിനെ ഒരു കേന്ദ്ര ഭരണപ്രദേശമായി തരംതാഴ്ത്തി അവിടത്തെ ജനങ്ങളെ അവഹേളിക്കുകയും ചെയ്തു.
ഇക്കൊല്ലം ആ ദിവസം അയോധ്യയിൽ ബാബരിമസ്ജിദ് നിന്നിടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചു. രണ്ട് നടപടികളും ഭരണഘടനയിൽ ഉല്ലേഖനം ചെയ്ത മതനിരപേക്ഷ സങ്കൽപത്തിനെതിരായ കോടാലിപ്രയോഗങ്ങളായി.
സ്വാതന്ത്ര്യത്തിെൻറ ആദ്യദിനങ്ങളിൽതന്നെ രാഷ്ട്രീയ സ്വയംസേവക് സംഘ് വിത്തുപാകി മുളപ്പിച്ചവയാണ് കശ്മീർ, അയോധ്യ പ്രശ്നങ്ങൾ. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുതന്നെ സംഘ് കശ്മീർ മഹാരാജാവിെൻറ അനുഗ്രഹാശിസ്സുകളോടെ ആ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയിരുന്നു.
തിരുവിതാംകൂർ മഹാരാജാവിനെപ്പോലെ സ്വതന്ത്ര രാജ്യമുണ്ടാക്കാനാണ് ജമ്മു-കശ്മീർ മഹാരാജാവും ശ്രമിച്ചത്. തിരുവിതാംകൂറിലെ ജനങ്ങൾ രാജാവിെൻറ മോഹത്തെ എതിർത്തു തോൽപിച്ചു.
എന്നാൽ, ജമ്മുവിൽ സംഘ് രാജാവിെൻറ കുത്സിത ശ്രമത്തിനെതിരെ ശബ്ദമുയർത്തിയില്ല. ശൈഖ് മുഹമ്മദ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ജമ്മു-കശ്മീർ നാഷനൽ കോൺഫറൻസിെൻറ കൊടിക്കീഴിലാണ് മുസ്ലിംകളും ഹിന്ദുക്കളും സ്വതന്ത്ര കശ്മീർ പദ്ധതിക്കെതിരെ ശബ്ദമുയർത്തിയത്.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു-കശ്മീർ പാകിസ്താനിൽ ചേരാൻ തീരുമാനിച്ചാലും ഇന്ത്യ അതിനെ ശത്രുതാപരമായ നടപടിയായി കാണില്ലെന്നാണ് ആ സമയത്ത് മഹാരാജാവിനെഴുതിയ കത്തിൽ സംഘ്പരിവാറിെൻറ ആരാധ്യപുരുഷനായ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ്ഭായി പട്ടേൽ എഴുതിയത്.
പാകിസ്താൻ പട്ടാളത്തിെൻറ പിന്തുണയുണ്ടായിരുന്ന ഒരു ഗോത്രസംഘം കൊന്നും കൊലവിളിച്ചും ബലാത്സംഗം നടത്തിയും ശ്രീനഗറിലേക്ക് അടുത്തപ്പോൾ തലസ്ഥാനം വിട്ടോടാൻ നിർബന്ധിതനായ മഹാരാജാവ് മറ്റ് രക്ഷാമാർഗമില്ലാതെയാണ് ഇന്ത്യൻ യൂനിയനിൽ ചേർന്നത്.
രാജഭരണത്തിനെതിരായ ജനകീയപ്രക്ഷോഭം നയിച്ച ശൈഖ് അബ്ദുല്ലയും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഒപ്പിട്ട ഡൽഹി കരാർ ജമ്മു-കശ്മീർ ജനതയും ഇന്ത്യയിലെ ഇതര ജനവിഭാഗങ്ങളും തമ്മിലുള്ള പാവനമായ ഉടമ്പടിയാണ്.
സംഘ് പ്രജാ പരിഷത്ത് എന്ന പേരിലുണ്ടാക്കിയ പോഷകസംഘടനയിലൂടെ സമ്പൂർണലയനം എന്ന മുദ്രാവാക്യവുമായി നെഹ്റു-അബ്ദുല്ല കരാറിനെതിരെ സമരം തുടങ്ങി, ഇന്ത്യക്കാരനെന്ന നിലയിൽ കശ്മീരിലേക്ക് യാത്ര ചെയ്യാനുള്ള അവകാശം സ്ഥാപിക്കാൻ നിരോധനാജ്ഞ ലംഘിച്ച് സംസ്ഥാനത്ത് പ്രവേശിച്ച സംഘിെൻറ ആദ്യ രാഷ്ട്രീയ ഉപകരണമായിരുന്ന ജനസംഘ് അധ്യക്ഷൻ ശ്യാമ പ്രസാദ് മുഖർജി അവിടത്തെ ജയിലിൽ മരിച്ചു.
അന്ന് സംഘ് ഉയർത്തിയ ആവശ്യം നടപ്പാക്കാനുള്ള ശ്രമമാണ് ഒരു കൊല്ലംമുമ്പ് മോദി നടത്തിയത്. കശ്മീരിലേക്ക് യാത്രചെയ്യാനുള്ള ഇന്ത്യയുടെ മുഴുവൻ ജനതയുടെയും അവകാശം തടഞ്ഞുകൊണ്ടും കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ ഒന്നടങ്കം ജയിലിലടച്ചും ലക്ഷക്കണക്കിന് പട്ടാളക്കാരെ വിന്യസിച്ചും നടത്തിയ സമ്പൂർണലയനം കശ്മീരിനെ സമ്പൂർണ അധിനിവേശപ്രദേശമാക്കി മാറ്റിയിരിക്കുകയാണ്.
സ്വാതന്ത്ര്യം നേടി മാസങ്ങൾക്കുള്ളിൽ നടന്ന ഗാന്ധിവധം മതനിരപേക്ഷ ഇന്ത്യയെ ഹിന്ദു ഇന്ത്യ ആക്കാനുള്ള ആദ്യ നടപടിയായിരുന്നു.രാഷ്ട്രപിതാവിനെ വെടിവെച്ചു വീഴ്ത്തിയ നാഥുറാം ഗോദ്സെ അത് വ്യക്തമാക്കിയിരുന്നു. അക്കൊല്ലംതന്നെയാണ് ഒരർധരാത്രി ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥെൻറ അറിവോടും സഹകരണത്തോടുംകൂടി അയോധ്യയിലെ പള്ളിയിൽ ഉണ്ണിരാമെൻറ പ്രതിഷ്ഠ സ്ഥാപിച്ചതും.
ആ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞയുടൻ അനധികൃതമായി സ്ഥാപിച്ച വിഗ്രഹം എടുത്തുമാറ്റാനും മുസ്ലിംകൾക്ക് നിർബാധം പ്രാർഥിക്കാൻ അവസരം നൽകാനും നെഹ്റു നിർദേശിച്ചു. ജനസംഘം പ്രതിഷ്ഠ സ്ഥാപിക്കാൻ സഹായിച്ച ഉദ്യോഗസ്ഥനെയും അയാളുടെ ഭാര്യയെയും പാർലമെൻറിലേക്ക് മത്സരിപ്പിച്ചു ജയിപ്പിച്ചു.
മതനിരപേക്ഷതയും വർഗീയതയും തമ്മിലുള്ള വ്യത്യാസം അവിടെ കാണാം. ഏഴ് പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനുശേഷം സംഘ്പരിവാറിന് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞതിെൻറ കാരണങ്ങൾ സത്യസന്ധമായി വിലയിരുത്തേണ്ട സമയമാണിത്. സംഘിെൻറ അയോധ്യപദ്ധതി അടിസ്ഥാനപരമായി മതപരിപാടിയായിരുന്നില്ല, രാഷ്ട്രീയപരിപാടിയായിരുന്നു.
ഇക്കാലമത്രയും ഏകാഗ്രബുദ്ധിയോടെ സംഘ് അതിനായി പ്രവർത്തിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്ത് എന്ന പരിവാർസംഘടനയുടെ പ്രധാന ദൗത്യം രാമക്ഷേത്രനിർമാണമായിരുന്നു. കശ്മീരിലെ മുൻ യുവരാജാവും കോൺഗ്രസിെൻറ മുൻ കേന്ദ്ര മന്ത്രിയുമായ കരൺ സിങ് അതിെൻറ മുൻ അധ്യക്ഷൻ കൂടിയാണ്.
പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ 1980കളിൽ രൂപവത്കരിച്ച സമിതിയുടെ അധ്യക്ഷൻ യു.പിയിലെ ഒരു മുൻ കോൺഗ്രസ് മന്ത്രി ദൗ ദയാൽ ശർമ ആയിരുന്നു. മസ്ജിദിനുള്ളിൽ ഉണ്ണി രാമനെ വന്ദിക്കാൻ പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി അനുവദിച്ചു. അയോധ്യയിൽനിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകൊണ്ട് അദ്ദേഹവും അതിനു രാഷ്ട്രീയ പ്രാധാന്യം കൽപിച്ചുകൊടുത്തു,
ലാൽ കിഷൻ അദ്വാനിയുടെ രഥയാത്ര ബിഹാറിൽ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് തടഞ്ഞു. കർസേവകർ നടത്തിയ പള്ളിപൊളിക്കൽ നിസ്സംഗതയോടെ നോക്കിനിന്ന പ്രധാനമന്ത്രി പി.വി. നരസിംഹ റാവു പരിപാടി മുന്നോട്ടുകൊണ്ടുപോകാൻ സഹായിച്ചു.
ഒടുവിൽ സംഘ് ചെയ്ത നിയമവിരുദ്ധപ്രവർത്തനങ്ങൾ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചുകൊണ്ടുതന്നെ സുപ്രീംകോടതി നിയമവിരുദ്ധമായി നിലവിൽവന്ന ഉണ്ണിരാമൻ എന്ന പ്രതിഷ്ഠക്ക് അമ്പലം പണിയാൻ തർക്കഭൂമി വിട്ടുകൊടുത്തു. ചരിത്രത്തിലെ ഒരു അനീതി തിരുത്താനുള്ള ശ്രമമായാണ് സംഘ് പരിവാർ ഇതിനെ കാണുന്നത്.
രാജീവ് ഗാന്ധിയുടെ കാലം തൊട്ടുള്ള കോൺഗ്രസിെൻറ അഴകൊഴമ്പൻ നയം വർഗീയതയെ നേരിടാനുള്ള ചങ്കൂറ്റമില്ലായ്മയെയാണ് വെളിപ്പെടുത്തുന്നത്.
ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥിയെ ലോക്സഭയിലേക്ക് അയച്ച ഒരു മണ്ഡലത്തിലാണ് അയോധ്യ. അവിടെ തങ്ങൾ തീർത്തും ദുർബലമായതെങ്ങനെ എന്ന് ഇടതുപക്ഷം ആത്മപരിശോധന നടത്തണം. സുപ്രീംകോടതി വിധിയെ കുറിച്ച് പറയാവുന്ന നല്ല വാക്ക് അനീതി അംഗീകരിച്ചുകൊണ്ടാണെങ്കിലും പ്രശ്നം പരിഹരിക്കണമെന്ന സദുദ്ദേശ്യത്തോടെ അത് പെരുമാറി എന്നാണ്.
പക്ഷേ, അതിലൂടെ ആക്രമികൾക്ക് അപകടകരമായ ഒരു സന്ദേശമാണ് അത് നൽകിയിട്ടുള്ളത്. അക്രമത്തിനു മുന്നിൽ ധീരമായ നിലപാടെടുക്കാൻ ഒരു അധികാരകേന്ദ്രത്തിനും കഴിയാത്തതുകൊണ്ടാണ് രാജ്യം ഈ പരുവത്തിലായത്.
ഒരു ഇരുണ്ട രാത്രി തുടങ്ങിയിരിക്കുകയാണ്. ചരിത്രത്തിൽ പല തിരിച്ചടികളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പക്ഷേ, അവയെ എല്ലാം അതിജീവിച്ചുകൊണ്ട് ലോകം മുന്നോട്ടു പോവുകയാണെന്നും അതിൽനിന്ന് മനസ്സിലാക്കാം. അതിനാൽ ഈ ഇരുൾ മാറി ഒരു പുതിയ പ്രഭാതം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷേ, അതിന് എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്ന് പറയാനാവില്ല.
ഒരു അനീതിക്ക് പരിഹാരം മറ്റൊരു അനീതിയല്ല. ഒരു വർഗീയതയെ മറ്റൊരു വർഗീയതകൊണ്ട്, അത് മൃദുവായാലും തീവ്രമായാലും, തോൽപിക്കാനാവില്ല. അതിനെ പ്രതിരോധിക്കേണ്ടത് മതനിരപേക്ഷതകൊണ്ടാണ്. ദേശീയതലത്തിൽ വർഗീയതയെ നേരിടാൻ കെൽപുള്ള ഒരു കക്ഷി, അല്ലെങ്കിൽ ഒരു നേതാവ്, വരുമ്പോൾ രാജ്യം വീണ്ടും മതനിരപേക്ഷ പാതയിലേക്ക് നീങ്ങുമെന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.