പാകിസ്താനുമായി കളിക്കുേമ്പാൾ അതു വെറും ക്രിക്കറ്റ് മാത്രമല്ലെന്ന് വിശ്വസിക്കുന്ന ഒരു ഭാഗം എെൻറയുള്ളിലുണ്ട്. ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിക്കെതിരായി നടന്ന ഒരു മര്യാദയുമില്ലാത്ത അവഹേളനങ്ങളും കശ്മീരിൽ പാക് ടീമിെൻറ ജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച വിദ്യാർഥികൾ അറസ്റ്റിലായതുമെല്ലാം നമ്മൾ കണ്ടു. ഭീകരവാദത്തെ നേരിടാനെന്ന പേരിൽ നിർമിക്കപ്പെട്ട യു.എ.പി.എ ആ കുട്ടികൾക്കുമേൽ ചുമത്തപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഒരു കായിക മത്സരത്തിൽ ഏതു ടീമിെൻറ പ്രകടനത്തെചൊല്ലിയും ആവേശം കൊള്ളാനും ആഹ്ലാദിക്കാനും അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ അതു തീർത്തും അനുചിതമാണ്.
ഇതിപ്പോൾ തുടങ്ങിയതല്ലല്ലോ. പണ്ടും ഇന്ത്യ-പാക് മത്സരങ്ങളുടെ പേരിൽ ഉരുൾപൊട്ടലുകളുണ്ടാവാറുണ്ട്, ഇരു രാഷ്ട്രങ്ങളിലുമതെ. ഇന്ത്യയുമായി തോറ്റതിെൻറ പേരിൽ പാകിസ്താനികൾ ടി.വി തല്ലിപ്പൊളിച്ചുവെന്ന വാർത്ത വായിച്ചിട്ടുണ്ട്. പാകിസ്താൻ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് അഹ്മദ് നടത്തിയ നടുക്കുന്ന അഭിപ്രായ പ്രകടനം എടുത്തെഴുതാൻപോലും പറ്റാത്ത ഒന്നാണ്, 'ട്വൻറി 20 മത്സരത്തിലെ പാക് വിജയം ഇസ്ലാമിെൻറ വിജയമാണെന്നും ഇന്ത്യയിലുള്ളവരുൾപ്പെടെ ലോക മുസ്ലിംകളൊന്നടങ്കം പാക് ടീമിനൊപ്പമായിരുന്നു'വെന്നുമായിരുന്നു ആ പരാമർശം. ഇന്ത്യയുമായുള്ള മത്സരത്തിന് മുമ്പ് ന്യൂസിലൻഡിനോടും പാക് ടീം വിജയിച്ചിരുന്നു- മന്ത്രി അതിനെ ഇസ്ലാം ക്രൈസ്തവതയുടെ മേൽ നേടിയ വിജയമായി പറയില്ല. പണ്ട് പലപ്പോഴും നടന്നിട്ടുള്ളതുപോലെ ഇനിയൊരു മത്സരത്തിൽ ഇന്ത്യൻ ടീം പാകിസ്താൻ ടീമിനെ അട്ടിമറിച്ചാൽ ഇസ്ലാം പരാജയപ്പെട്ടുവെന്നു പറയുമോ ആ മന്ത്രി? വിശ്വാസത്തെ സ്പോർട്സുമായി കൂട്ടിക്കുഴക്കുന്നത് അത്യന്തം പ്രശ്നകരമായ സംഗതിയാണ് പക്ഷേ, അതിർത്തിയുടെ ഇരുപുറങ്ങളിലും നടക്കുന്നത് അതാണ്.
പാകിസ്താനിലെ ഉന്നതനായ മന്ത്രി ഒരു ക്രിക്കറ്റ് മത്സരത്തെ ഇത്തരെമാരു രൂപകം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നതിനെ അങ്ങനെ അവഗണിച്ചു കളയാനുമാവില്ല. സമൂഹമാധ്യമങ്ങളിൽ മുസ്ലിംവിരുദ്ധ വികാരം വിഷലിപ്തമാം വിധം നിറഞ്ഞൊഴുകുന്നതിനിടയിൽ മുഹമ്മദ് ഷമിക്കെതിരായ അവഹേളനത്തിനെതിരെയും ശബ്ദങ്ങളുയർന്നു. സാധാരണ ഗതിയിൽ അരാഷ്ട്രീയ നിലപാട് മാത്രം കൈക്കൊള്ളാറുള്ള ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ ട്വീറ്റ് ചെയ്തു, മറ്റു ചില മുൻതാരങ്ങളും ഷമിക്ക് പിന്തുണ അറിയിച്ചും ഇത്തരം ആക്രമണങ്ങളെ ചോദ്യംചെയ്തും മുന്നോട്ടുവന്നു. ബി.സി.സി.ഐയുടെ നിയമാവലി പ്രകാരം ഒരു ടൂർണമെൻറ് നടക്കുന്നതിനിടയിൽ പ്രശ്നകരമായ വിഷയങ്ങളിൽ നിലപാടെടുക്കാനോ ട്വീറ്റു ചെയ്യാനോ നിലവിലെ ടീമംഗങ്ങൾക്ക് അനുമതിയില്ല.
മതവെറിയന്മാർക്കും അവഹേളകർക്കുമെതിരെ നിശിതമായ പ്രതികരണവുമായി മുന്നോട്ടുവന്നത് വിഖ്യാത കളിപറച്ചിലുകാരൻ ഹർഷ ഭോഗ്ലെയാണ്. ഷമി ഇന്ത്യക്കായി നേടിയ 355 വിക്കറ്റുകളെ ഓർമിപ്പിക്കുന്ന ഹാഷ്ടാഗുമായി വന്ന അദ്ദേഹം പറഞ്ഞത് ഇത്തരം തരംതാണ ചർച്ചകളിൽ ഏർപ്പെടുന്നവർ ക്രിക്കറ്റ് കാണുന്നതു തന്നെ നിർത്തണമെന്നാണ്. പാക്ടീമിലെ മുൻ ഫാസ്റ്റ് ബൗളർ വഖാർ യൂനുസിെൻറ പരാമർശങ്ങളെയും ശക്തമായ ഭാഷയിൽ തന്നെ അദ്ദേഹം വിമർശിച്ചു.
ഹിന്ദുക്കൾക്കു മുന്നിൽവച്ച് മുഹമ്മദ് റിസ്വാൻ പ്രാർഥിച്ചതാണ് താൻ കണ്ട ഏറ്റവും നല്ല കാര്യമെന്ന് വഖാർ യൂനുസിനെപ്പോലൊരു വ്യക്തി പറഞ്ഞത് തീർത്തും നിരാശപ്പെടുത്തിയെന്നഭിപ്രായപ്പെട്ട അദ്ദേഹം ഇത്തരം കാര്യങ്ങളൊക്കെ മാറ്റിെവച്ച് കായികമേഖലയുടെ ഉന്നമനത്തിനായി ശ്രമിക്കുന്നവരാണ് നാമെല്ലാമെന്നും ഓർമപ്പെടുത്തി(വിമർശനങ്ങൾക്കൊടുവിൽ വഖാർ ഖേദ പ്രകടനം നടത്തി).
പാകിസ്താൻ ആഭ്യന്തരമന്ത്രിയും അവരുടെ ടീമിെൻറ മുൻ പരിശീലകനും നടത്തിയതുമാതിരി പരാമർശങ്ങൾ ഇന്ത്യയിൽ നിന്നുണ്ടായിട്ടില്ലെന്ന് തീർത്തു പറയാം, അതേസമയം നമ്മുടെ സമൂഹമാധ്യമങ്ങളിലാവട്ടെ ഈ മത്സരത്തെ പൂർണമായി വർഗീയവത്കരിച്ച നിലയിലുമായിരുന്നു.മണ്ടൻ പരാമർശം നടത്തിയ വഖാൻ യൂനുസിനറിഞ്ഞൂടെ പാകിസ്താനിലേതുപോലെ ഒരുപാട് മുസ്ലിംകൾ ഇന്ത്യയിലുണ്ടെന്നും ഇന്നാട്ടുകാരിൽ മിക്കവരും നമസ്കാരം എന്തെന്ന് കണ്ടിട്ടുണ്ടെന്നും?. നമസ്കാരത്തിെൻറ ശക്തിയിൽ പാക്ടീം ജയിച്ചു എന്നാണോ അയാൾ പറയാൻ വന്നത്? അതോ ഒരേസമയം മണ്ടനും വർഗീയവാദിയുമാണോ അയാൾ?
ഇതൊക്കെയോർത്താണ് തലക്കെട്ടിൽ ചോദിച്ചത് ഇന്ത്യയും പാകിസ്താനും തമ്മിൽ ഇനിയും ക്രിക്കറ്റ് കളിക്കുന്നതുകൊണ്ട് വല്ല കാര്യവുമുണ്ടോയെന്ന്. ആളുകളെ അവഹേളിക്കാതെയും അറസ്റ്റ് ചെയ്യാതെയും ഒരു കായിക മത്സരം പൂർത്തിയാക്കാൻ കഴിയില്ലെങ്കിൽ പിന്നെയെന്ത് പ്രയോജനം.
പാകിസ്താനെ തോൽപിച്ചേ തീരൂ എന്ന പ്രതീക്ഷയോടെ കളിക്കുകയും അതു സാധിക്കാതെ വന്നാൽ നിരാശപ്പെടുകയും ചെയ്യുന്നതിെൻറയൊന്നും ഒരു കാര്യവുമില്ല. ബാബർ അസമിെൻറ ടീം ഇന്ത്യൻ ടീമിനെതിരെ അതി മനോഹരമായാണ് കളിച്ചത്. പിഴവില്ലാത്ത ബാറ്റിങ്ങും ബൗളിങ്ങും ഫീൽഡിങ്ങുമെല്ലാം കൊണ്ട് അവർ കളം നിറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒരു ജേതാവിന് ചേരുന്ന രീതിയിലാണ് ആ വിജയത്തെ സ്വീകരിച്ചതും പാക് താരങ്ങളെ ആലിംഗനം ചെയ്ത് അവർ നമ്മളെക്കാൾ നന്നായി കളിച്ചുവെന്ന് സമ്മതിച്ചതും.
വർഷങ്ങൾക്ക് മുമ്പ് പാകിസ്താനുമൊത്ത് ക്രിക്കറ്റ് കളിച്ചതിെൻറ രസകരമായ അനുഭവങ്ങൾ ഐതിഹാസിക ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് മാത്രം മനസ്സിലാവുന്ന ചീത്തവിളികളും പന്തേറിനും അടിച്ചു പറത്തലിനുമിടയിലും പൊട്ടിച്ചിരിച്ചു പോകുന്നത്ര ബന്ധങ്ങളും അനുഭവങ്ങളും അവർക്ക് പരസ്പരമുണ്ടായിരുന്നു അന്ന്. പാക് പ്രധാനമന്ത്രി പദത്തിലെത്തുന്ന കാര്യം ആലോചനയിൽപോലും വരുന്നതിന് മുമ്പ് ഉഗ്രൻ ക്രിക്കറ്ററായി മാത്രം ഇംറാൻ ഖാൻ അറിയപ്പെടുന്ന കാലത്ത് ഗവാസ്കർ മികച്ച ഒരു സൗഹൃദവും അദ്ദേഹവുമായി രൂപപ്പെടുത്തിയിരുന്നു.
പാകിസ്താൻ ടീം അതി മതാചാര നിഷ്ഠമാകുന്നതിന് മുമ്പുെള്ളാരു കാലത്തെക്കുറിച്ചാണ് ഗവാസ്കർ എഴുതിയിരുന്നത്, ഇന്ത്യ അക്ഷരാർഥത്തിൽ മതേതര രാജ്യമായും അറിയപ്പെട്ടിരുന്നു അന്ന്. രണ്ടു രാജ്യങ്ങളും അന്നത്തേതിൽ നിന്ന് വല്ലാതെ മാറിയിരിക്കുന്നു. നമുക്ക് ആശിക്കാവുന്ന ഏറ്റവും പ്രധാന കാര്യം നമ്മളൊരിക്കലും പാകിസ്താെൻറ ഹിന്ദുപതിപ്പായി മാറരുതേ എന്നതാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.