കളികണ്ടുകൊണ്ടുതന്നെ കളിനിയമം പഠിക്കാമെന്നതാണ് കാൽപന്തുകളിയുടെ സവിശേഷത. ഡക്ക്വർത്ത്-ലൂയീസ് നിയമം പോലെ കടിച്ചാൽപൊട്ടാത്ത ചട്ടങ്ങളൊന്നും അവിടെയില്ല. യൊഹാൻ ക്രൈഫ് പറഞ്ഞതാണ് ആ കളിയുടെ അടിസ്ഥാന ഫിലോസഫി: ''ഏറെ ലളിതമാണ് ഫുട്ബാൾ നിയമങ്ങൾ; എന്നാൽ, ലളിതമായി ഫുട്ബാൾ കളിക്കുന്നതിനേക്കാൾ പ്രയാസകരമായി മറ്റൊന്നുമില്ല''. ഗാലറികളുടെ ആരവത്തിെൻറയും ആർത്തിരമ്പലുകളുടെയും പശ്ചാത്തലത്തിൽ, കളിക്കളത്തിൽ ഫുട്ബാളുമൊത്ത് നടത്താവുന്നൊരു മനോഹര നൃത്തം മാത്രമാണ് ഫുട്ബാളെന്നും അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്. എങ്കിലും ശ്രദ്ധിക്കണം. നൂറു മീറ്റർ ഗ്രൗണ്ടിലെ ഓട്ടപ്പാച്ചിലിനപ്പുറം, ബുദ്ധികൂർമതയിൽ ഉരുത്തിരിയുന്ന ചലന-പ്രതിചലന വേഗവും കൃത്യതയുമൊക്കെയാണ് ഈ നൃത്തത്തിന് മാറ്റുകൂട്ടുന്നത്.
ആ നൃത്തച്ചുവടുകളിലെ സൂക്ഷ്മതയും ജാഗ്രതയും ഒന്ന് പിന്നാക്കം പോയാൽ പിന്നെ 'കളി തീർന്നു' എന്നു പറഞ്ഞാൽ മതി. എത്രയോ ഇതിഹാസങ്ങൾ കണ്ണീേരാടെ കളംവിട്ടതിെൻറ ഒരുപാട് കഥകൾ നമുക്ക് മുന്നിലുണ്ട്. കളിക്കളത്തിൽ മാത്രമല്ല, പുറത്തും വേണം ഇൗ ജാഗ്രത. എന്തെന്നാൽ, സോക്കർ ഒരു കളി മാത്രമല്ല; അതൊരു ബിസിനസ് കൂടിയാണിന്ന്. അതിനാൽ എവിടെ, എങ്ങനെ കളിക്കണമെന്നൊക്കെ ഇൗ കാലത്ത് നിർണായകമാണ്. നൃത്തച്ചുവടുകളെ മനോഹരമാക്കുന്നതിൽ അതിനുമുണ്ടൊരു പങ്ക്. അതുകൊണ്ടാണ് താരങ്ങളുടെ ക്ലബ് മാറ്റം വലിയ വാർത്തകളാകുന്നത്. മെസിയുടെ പി.എസ്.ജി പ്രവേശനത്തിനുശേഷം ക്രിസ്റ്റ്യേനാ റൊണാൾഡോയാണിപ്പോൾ വാർത്താതാരം. ഇറ്റാലിയൻ ക്ലബായ യുവൻറസിൽനിന്ന് 36ാം വയസ്സിൽ പഴയതട്ടകമായ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് കൂടുമാറിയിരിക്കയാണദ്ദേഹം.
മടങ്ങിയെത്തുന്ന ക്രിസ്റ്റ്യാേനാക്ക് മാഞ്ചസ്റ്റർ എത്രാം നമ്പർ ജേഴ്സിയാകും സമ്മാനിക്കുക, കവാനിയിൽനിന്ന് ഏഴാം നമ്പർ പിടിച്ചുവാങ്ങുമോ? അതോ, മറ്റേതെങ്കിലുമൊരു നമ്പർ? സമൂഹ മാധ്യമങ്ങളിൽ ചർച്ചയിങ്ങനെ തിളച്ചുമറിയുകയാണ്. 2003ൽ, അലക്സ് ഫെർഗൂസൻ എന്ന പരിശീലകൻ ക്രിസ്റ്റ്യാനോ എന്ന 18കാരനെ മാഞ്ചസ്റ്ററിലേക്ക് വരവേറ്റത് ഏഴാം നമ്പർ നൽകിക്കൊണ്ടായിരുന്നു. സാക്ഷാൽ ബെക്കാം റിയലിലേക്ക് കൂടുമാറിയപ്പോൾ അഴിച്ചുവെച്ച ജേഴ്സിയായിരുന്നു അത്. അതിനുമുമ്പ്, എറിക് കേൻറാണയും ജോർജ് ബെസ്റ്റുമൊക്കെ അണിഞ്ഞ ജേഴ്സി. ആ നമ്പർ വലിയൊരു ഉത്തരവാദിത്തമാണ്; ഒരു ക്ലബിനെ മൊത്തം പ്രതിനിധാനംചെയ്യാൻ പ്രാപ്തിയുള്ള നമ്പർ. അത് സംഭവിക്കുകതന്നെ ചെയ്തു. റോയ് കീനും ഗിസ്സും സ്കോൾസും ഫെർഡിനാൻഡും നാട്ടുകാരൻ നാനിയുമെല്ലാം അണിനിരന്ന ചെമ്പടയിൽ ഒരു ഫ്രീ കിക്ക് ഗോളോടെ അയാൾ തുടങ്ങി.
ക്രിസ്റ്റ്യാനോ െറാണാൾഡോ 'സി.ആർ 7' എന്ന ചുരുക്കപ്പേരിലേക്ക് വരുന്നത് അവിടം മുതലാണ്. പിന്നീട് വെയ്ൻ റൂണിയും ബെർബറ്റോവുമൊക്കെ ടീമിലെത്തിയതോടെ മാഞ്ചസ്റ്റർ അജയ്യ ശക്തിയായി മാറി. ആറ് വർഷത്തിനിടെ 196 മത്സരങ്ങൾ; 84 േഗാളുകൾ. ആ ഗോൾ മികവുകളിൽ തുടർച്ചയായ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ. ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, ഫിഫ ക്ലബ് വേൾഡ് കപ്പ് തുടങ്ങിയ വേറെയും പട്ടങ്ങൾ. ആ താരത്തിളക്കത്തിലാണ് പിന്നീട് റയലിലേക്ക് മാറിയതും അവിടെ ഒമ്പത് വർഷം നിറഞ്ഞാടിയതും. ഏതായാലും, ഒരു വ്യാഴവട്ടക്കാലത്തിനുശേഷം ഒാൾഡ് ട്രാഫോഡിലേക്ക് മടങ്ങിയെത്തുേമ്പാൾ തട്ടകമാകെ മാറിയിട്ടുണ്ട്. താൻ 'ഫാദർ' എന്ന് വിശേഷിപ്പിച്ച ഫെർഗൂസനു പകരം പണ്ട് സഹതാരമായിരുന്ന സോൾഷാക്ർ ആണ് പരിശീലകൻ. സ്കോൾസിന് പകരം, ആ പോസിഷനിൽ നാട്ടുകാരൻ ബ്രൂണോ ഫെർണാണ്ടസാണ്. മാറ്റങ്ങൾ വേറെയുമുണ്ട്്.
റൂണോ പോയതിൽപിന്നെ, ആകെ രണ്ട് തവണ മാത്രമാണ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ മുത്തമിട്ടിട്ടുള്ളൂ; ചാമ്പ്യൻസ് ലീഗ് ഒാർമ മാത്രമായിരിക്കുന്നു. കാര്യമായ മറ്റു ടൈറ്റിലുകളുമില്ല. റൂണോക്കു കീഴിൽ ഇനിയതൊക്കെ തിരിച്ചുപിടിക്കാനാകുമോ? കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കിനിൽക്കെ, യുവൻറസിൽനിന്ന് ക്രിസ്റ്റ്യാനോ മടങ്ങുന്നതിെൻറ ചില പിന്നാമ്പുറ വാർത്തകളാണ് ഇങ്ങനെ സംശയിക്കാൻ കാരണം. 2018ൽ, ആൻഡ്രിയ ആഗ്നെല്ലി എന്ന ക്ലബ് മുതലാളി റൂണോയെ യുവൻറസിലേക്ക് കൊണ്ടുവന്നത് വലിയ പ്രതീക്ഷയോടെയായിരുന്നു. 'സി.ആർ 7 പ്രൊജക്റ്റ്' എന്നു പേരുനൽകിയ ആ കരാർ വലിയ പരാജയമായിരുന്നുവെന്നാണ് പറയുന്നത്. വലിയ തുക നൽകികൊണ്ടുവന്നിട്ടും ക്ലബിന് കായികമായും സാമ്പത്തികമായും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലത്രെ.
96നുശേഷം, ചാമ്പ്യൻസ് ലീഗ് യുവൻറസിനൊരു സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നു. ക്രിസ്റ്റ്യാനോയിലൂടെ അത് യാഥാർഥ്യമാക്കാൻ ക്ലബിനായില്ല. ഒമ്പത് വർഷമായി കിട്ടിക്കൊണ്ടിരിക്കുന്ന സീരി എയും ഇക്കുറി കൈവിട്ടു. പക്ഷേ, ഇൗ മൂന്ന് വർഷവും റൂണോ തെൻറ വ്യക്തിഗത മികവ് നിലനിർത്തി; നൂറിലധികം ഗോളും അടിച്ചുകൂട്ടി. ജേഴ്സി സ്പോൺസർഷിപ്പിലും മറ്റുമായി ഇക്കാലത്ത് ക്ലബിന് വമ്പൻ നേട്ടമുണ്ടായെങ്കിലും സാമ്പത്തിക വർഷം നഷ്ടത്തിലാണ് മൂന്ന് സീസണും അവസാനിച്ചത്. ആഡിഡാസ് പോലുള്ള കമ്പനികളുമായുള്ള കരാർ ഇനിയും അഞ്ച് വർഷം നിലനിൽക്കുമെന്നതുമാത്രമാണ് ക്ലബിന് ആശ്വാസത്തിന് വകയുള്ള ഏക കാര്യം.
1985ൽ പോർചുഗലിലെ മദേരിയയുടെ തലസ്ഥാനമായ ഫുഞ്ചലിൽ ജനനം. മരിയ- ജോസ് അവൈറോ ദമ്പതികളുടെ നാല് മക്കളിൽ ഇളയവൻ. ചെറുപ്പകാലം കൊടിയ ദാരിദ്ര്യത്തിേൻറതായിരുന്നു. സാമ്പത്തിക പ്രയാസവും ഭർത്താവിെൻറ വഴിവിട്ട മദ്യപാനവും മൂലം, റൂണോയെ ഗർഭം ധരിച്ചപ്പോൾ അത് അലസിപ്പിച്ചുകളയാൻ ആലോചിച്ചിരുന്നുവെന്ന് അഞ്ചാറ് വർഷം മുമ്പ് മരിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ആരോഗ്യം അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ മരിയയെ പിന്തിരിപ്പിക്കുകയായിരുന്നുവത്രെ. അൻഡോണിഞ്ഞ, നകിയോണ തുടങ്ങിയ ക്ലബുകളിലാണ് ആദ്യം കളിച്ചത്. 14 വയസ്സുള്ളപ്പോഴാണ് തെൻറ കളിയിൽ ആത്മവിശ്വാസം തോന്നി മുഴുവൻ സമയ ഫുട്ബാളറാകാൻ തീരുമാനിച്ചത്. അതിനിടെ, ടീച്ചർക്കുനേരെ കസേര വലിച്ചെറിഞ്ഞ കുറ്റത്തിന് സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു.
സ്പോർടിങ് സി.പിയാണ് ആദ്യ പ്രഫഷനൽ ക്ലബ്. അവിടെ ഒരു വർഷം കളിച്ചശേഷമാണ് മാഞ്ചസ്റ്ററിലെത്തിയത്. 2009-18 കാലത്ത് തട്ടം റയൽ മഡ്രിഡായിരുന്നു. മാഞ്ചസ്റ്ററിലേതുപോലെ വലിയൊരു ലെഗസി സമ്മാനിച്ചാണ് യുവൻറസിലേക്ക് മടങ്ങിയത്. റയലിനുവേണ്ടി 291 മത്സരങ്ങളിൽ 311 ഗോളുകൾ. ഇക്കാലത്ത് രണ്ട് ലാ ലീഗയും നാല് ചാമ്പ്യൻസ് ലീഗും റയലിെൻറ ഷെൽഫിലെത്തി. മാഞ്ചസ്റ്റർ, റയൽ കാലത്ത് അഞ്ച് തവണ റൂണോ ബാലൻ ഡി ഒാറും നേടി. നാല് തവണ യൂറോപ്യൻ ഗോൾഡൻ ഷൂവും സ്വന്തമാക്കി. കരിയറിൽ മൊത്തം 32 ട്രോഫികൾ നേടിയിട്ടുണ്ട്. മെസിയെപ്പോലെത്തന്നെ അതിൽ സ്വന്തം രാജ്യത്തിനുവേണ്ടിയുള്ളത് നന്നേ ചുരുക്കം. 2016ലെ യൂറോകപ്പ് മാത്രമാണ് എടുത്തു പറയാനുള്ളത്. പോർചുഗലിനുവേണ്ടി 171 മത്സരങ്ങളിൽ 109 ഗോളുകളാണ് അടിച്ചുകൂട്ടിയത്. മൊത്തം കളി വിലയിരുത്തിയാൽ ആയിരത്തിലധികം സോക്കർ നൃത്തങ്ങൾ,അതിൽ എണ്ണം പറഞ്ഞ 780 ഗോളുകൾ.
ഫ്ലിപ്പ്-ഫ്ലാപ്പുകളിലൂടെയും സ്റ്റെപ് ഒാവറുകളിലൂടെയും കളിക്കളത്തിൽ തീർത്ത വിസ്മയം ക്രിസ്റ്റ്യാനോ കുമ്മായവരക്കു പുറത്തും പലരൂപത്തിൽ കാണിച്ചിട്ടുണ്ട്. മെസിയെയും മറ്റും പോലെ ശരീരം മുഴുവൻ ടാറ്റു പതിപ്പിച്ചിട്ടില്ല. ഒരൊറ്റ ടാറ്റൂ വരപോലുമില്ല ശരീരത്തിൽ. അങ്ങനെ ചെയ്താൽ സ്ഥിരമായി നടത്താറുള്ള രക്തദാനം നിലച്ചുപോകുമെന്നാണ് ന്യായം. പിതാവിെൻറ ദുരനുഭവം മുന്നിലുള്ളതിനാലാകാം, മദ്യപിക്കാറുമില്ല. ലോകത്തെ ദരിദ്ര ജനകോടികൾക്ക് സാമ്പത്തിക സഹായം നൽകാനും മടിക്കാറില്ല. നല്ല പ്രകൃതിസ്നേഹിയുമാണ്. എല്ലാറ്റിനുമുപരി, യൂറോപ്പിൽ പിടിമുറുക്കിയ തീവ്രവലതുപക്ഷത്തോട് എപ്പോഴും അകലം പാലിക്കാറുമുണ്ട്. ഇതൊക്കെയാണെങ്കിലും, റൂണോ മികവിൽ ഒാൾഡ് ട്രാഫോർഡിൽ ഇനിയും വസന്തം വിരിയണമെങ്കിൽ അത്ഭുതംതന്നെ സംഭവിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.