മദ്യനയത്തിന് പച്ചക്കൊടി

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നിലനിര്‍ത്തി ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യവില്‍പന തടഞ്ഞുകൊണ്ടുള്ള കേരള സര്‍ക്കാറിന്‍െറ മദ്യനയത്തെ ശരിവെക്കുന്ന സുപ്രീംകോടതിയുടെ വിധി ഘട്ടംഘട്ടമായി മദ്യനിരോധത്തിന്‍െറ പ്രയോഗവത്കരണം ആവശ്യപ്പെടുന്ന മുഴുവന്‍ സ്ത്രീപുരുഷന്മാരെയും സന്തോഷിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കൊല്ലം ഏപ്രിലില്‍ കേരള ഹൈകോടതി സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയത്തെ സാധൂകരിച്ചുകൊണ്ട് നല്‍കിയ വിധിക്കെതിരെ പൂട്ടിയ 418 ബാറുകളുടെ ഉടമസ്ഥര്‍ നല്‍കിയ അപ്പീല്‍ ഹരജിയാണ് ജസ്റ്റിസ് വിക്രംജിത് സെന്നും ശിവകീര്‍ത്തി സിങ്ങും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിക്കളഞ്ഞിരിക്കുന്നത്. അയുക്തികമായ നിയന്ത്രണങ്ങളാണെങ്കില്‍പോലും സര്‍ക്കാറിന്‍െറ മദ്യനയത്തെ ചോദ്യംചെയ്യാന്‍ മദ്യവ്യാപാരികള്‍ക്ക് അധികാരമില്ളെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ വാദത്തോട് കോടതി യോജിക്കുകയാണ് ചെയ്തിരിക്കുന്നത്.  ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ പദവികളുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിരാകരിക്കുകയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കുകയും ചെയ്തതിലെ വിവേചനവും അയുക്തികതയും ബാറുടമകള്‍ ചോദ്യംചെയ്തിരുന്നു. മദ്യനിരോധത്തിനും വിനോദസഞ്ചാര പ്രോത്സാഹനത്തിനും മധ്യേയുള്ള സമീപനമാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനമെന്ന് കേരള സര്‍ക്കാര്‍ വാദിച്ചതും കോടതി സ്വീകരിച്ചു. 2015 മാര്‍ച്ചില്‍ അവസാനിച്ച ധനവര്‍ഷത്തില്‍, 30 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ മദ്യോപഭോഗം ഒമ്പത് ശതമാനം കുറഞ്ഞതായി, കേസില്‍ കക്ഷിചേര്‍ന്ന ടി.എന്‍. പ്രതാപന്‍ എം.എല്‍.എക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ കാളീശ്വരം രാജ് സര്‍വേ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുകയുണ്ടായി. 418 ബാറുകള്‍ അടച്ചശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി നിയമസഭയില്‍ മന്ത്രി വെളിപ്പെടുത്തിയതും അദ്ദേഹം ഓര്‍മിപ്പിച്ചു. ബാറില്ളെങ്കില്‍ ത്രീ സ്റ്റാര്‍-ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് തന്നെ നഷ്ടപ്പെടുമെന്ന അറ്റോണി ജനറല്‍ മുകുള്‍ റോ ത്തഗിയുടെ വാദം അവാസ്തവമാണെന്നും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയുണ്ടായി.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അതിന്‍െറ തെരഞ്ഞെടുപ്പ് വാഗ്ദാനം പൂര്‍ത്തീകരിക്കുന്നതിന്‍െറ ഭാഗമായി മൂന്ന്, നാല് നക്ഷത്ര പദവിയുള്ള ഹോട്ടലുകളില്‍ മദ്യംവിളമ്പാനുള്ള അനുമതി നിഷേധിച്ചതിനെച്ചൊല്ലി സംസ്ഥാനത്ത് ചൂടേറിയ വിവാദം തുടരുകയാണിപ്പോഴും. വൃത്തിഹീനമായ ബാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടാനുള്ള കോടതി ഉത്തരവാണ് വിവാദത്തിന് തുടക്കംകുറിച്ചതെങ്കിലും കെ.പി.സി.സി പ്രസിഡന്‍റായി വി.എം. സുധീരന്‍ സ്ഥാനമേറ്റ ഉടനെ ബാര്‍ ഹോട്ടലുകളുടെ കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ച കര്‍ക്കശനിലപാടാണ്, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ഒരുതന്ത്രമെന്ന നിലയില്‍ 418 ബാറുകള്‍ അടച്ചുപൂട്ടാനും ഭാഗിക മദ്യനിരോധം പ്രഖ്യാപിക്കാനും പ്രേരിപ്പിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നീട്, പൂട്ടിയ ഹോട്ടലുകള്‍ തുറപ്പിക്കാനുതകുന്നവിധം മദ്യനയത്തില്‍ വെള്ളംചേര്‍ക്കാന്‍ ഭരണപക്ഷത്തെ പ്രമുഖര്‍ക്ക് വന്‍ കോഴ നല്‍കേണ്ടിവന്നതായി ബാര്‍ ഉടമസ്ഥ സംഘം ഉന്നയിച്ച ആരോപണം കൊഴുത്ത് പ്രതിപക്ഷപ്രക്ഷോഭത്തിന് വഴിയൊരുക്കിയപ്പോള്‍ ധനമന്ത്രി കെ.എം. മാണി രാജിവെക്കേണ്ടിയുംവന്നു. പ്രതിസന്ധി അതുകൊണ്ടും തീരാതെ എക്സൈസ് മന്ത്രി കെ. ബാബുവിനുനേരെ ഉയര്‍ന്ന ഗുരുതരാരോപണങ്ങള്‍ സര്‍ക്കാറിന് തലവേദന സമ്മാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുറത്തുവന്ന സുപ്രീംകോടതി വിധി മുഖ്യമന്ത്രിക്കും സര്‍ക്കാറിനും നല്‍കുന്ന ആശ്വാസം ചെറുതല്ല.
സൈ്വരവും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക്, വിശിഷ്യാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യനയത്തിലെ രാഷ്ട്രീയമല്ല പ്രശ്നം. കുടുംബ ജീവിതത്തകര്‍ച്ചക്കും വന്‍ സദാചാരലംഘനങ്ങള്‍ക്കും നിസ്സംശയം വഴിവെക്കുന്ന മദ്യപാനം എന്ത് ത്യാഗംസഹിച്ചും ഇല്ലാതാക്കണമെന്നാണ് അവര്‍ ഒന്നടങ്കം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. സംസ്ഥാനത്തെ മൂന്നുകോടി ഇരുപതു ലക്ഷം ജനങ്ങളില്‍ 80 ലക്ഷം പേരും മദ്യപരാണെന്ന് കണക്കുകള്‍ കാണിക്കുന്നു. അവരില്‍ 13 ശതമാനം പേരെങ്കിലും മദ്യം കഴിക്കാതെ ഒരുദിവസം പോലും ജീവിക്കാനാവാത്ത അവസ്ഥയിലുമാണത്രെ. മലയാളി ദിവസവരുമാനത്തില്‍ 10 മുതല്‍ 25 ശതമാനം വരെ മദ്യത്തിന് ചെലവിടുന്നു. പ്രതിവര്‍ഷം 10 മുതല്‍ 15 ശതമാനം വരെയാണ് മദ്യപരുടെ എണ്ണത്തില്‍ സംഭവിക്കുന്ന വര്‍ധന. 12-13 വയസ്സില്‍ കുടിതുടങ്ങുന്ന മലയാളിക്ക് മുതിരുന്തോറും മദ്യപാനാസക്തി കൂടിക്കൂടി വരുന്നതായും പഠനം തെളിയിക്കുന്നു. 3.8 ശതമാനം മാത്രമായിരുന്ന സ്ത്രീ മദ്യപരുടെ സംഖ്യയും കുറയുകയല്ല, കൂടുകയാണ്. മദ്യപരെ ബാധിക്കുന്ന 65 തരം അസുഖങ്ങള്‍ക്ക് ചികിത്സിക്കാന്‍ വേണ്ടിവരുന്ന ഭീമമായ തുകക്ക് പുറമെ, റോഡപകടങ്ങളും ശാരീരികാക്രമണങ്ങളും കൊലപാതകങ്ങളും മാനഭംഗവുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തിന്‍െറ സമാധാന ജീവിതത്തിനേല്‍പിക്കുന്ന പരിക്ക് ഭീകരമാണ്. അതിനാലാണ് തെരഞ്ഞെടുപ്പ് പത്രികകളില്‍ മദ്യനിരോധം വാഗ്ദാനം ചെയ്യാന്‍ പാര്‍ട്ടികളും മുന്നണികളും നിര്‍ബന്ധിതമാവുന്നത്. പക്ഷേ, അധികാരത്തില്‍ വന്ന ഒരു മുന്നണിയും വാക്കുപാലിക്കാന്‍ ഫലപ്രദമായി ഒന്നുംചെയ്യാറില്ളെന്ന് മാത്രമല്ല, സര്‍ക്കാര്‍ വരുമാനവും പാര്‍ട്ടി വരുമാനവും വ്യക്തിസമ്പാദ്യവും വര്‍ധിപ്പിക്കാനുള്ള കുറുക്കുവഴികളായി മദ്യോല്‍പാദനത്തെയും വില്‍പനയെയും കാണുകയുമാണ്.  ഇതില്‍നിന്നുള്ള ശ്രദ്ധേയമായ വ്യതിയാനമാണ് യു.ഡി.എഫ് സര്‍ക്കാറിന്‍െറ ക്രമപ്രവൃദ്ധമായ മദ്യനിരോധം, അത് ആത്മാര്‍ഥമായും സത്യസന്ധമായും നടപ്പാക്കുമെങ്കില്‍. പരമോന്നത കോടതിയുടെ പച്ചക്കൊടി സമഗ്ര മദ്യനിരോധത്തിനുള്ള പ്രചോദനമാവട്ടെ എന്ന് ആശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.