മ്യാന്മറില്‍ ജനാധിപത്യ അരുണോദയമോ?

നിയമനിര്‍മാണസഭകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ നൊബേല്‍ സമ്മാന ജേതാവായ രാഷ്ട്രീയ പോരാളി ഓങ്സാന്‍ സൂചി നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കിയ സ്ഥിതിക്ക് നമ്മുടെ അയല്‍രാജ്യമായ മ്യാന്മറില്‍ (പഴയ ബര്‍മ) ജനാധിപത്യത്തിന്‍െറ പുതിയ അരുണോദയമുണ്ടാവുമോ എന്നാണ് ലോകം സാകൂതം നിരീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം ഈ മാസം 22നു മാത്രമേ ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂവെങ്കിലും സൂചിയുടെ പാര്‍ട്ടി, അധോസഭയിലെ 216 സീറ്റ് പ്രഖ്യാപിച്ചതില്‍ 179ഉം ഉപരിസഭയില്‍ 88ല്‍ ഏഴും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി വീട്ടുതടങ്കലില്‍ കഴിയുന്ന സൂചിയും നല്ല ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്. പ്രസിഡന്‍റ് തൈന്‍ സൈനും സൈനിക മേധാവി ജനറല്‍ മിന്‍ ഓങ് ഹിലെയ്ങ്ങും തെരഞ്ഞെടുപ്പ് വിജയത്തില്‍ സൂചിയെയും പാര്‍ട്ടിയെയും അഭിനന്ദിച്ചിട്ടുണ്ട്. സമാധാനപരമായ അധികാരക്കൈമാറ്റം സമയബന്ധിതമായി ഉണ്ടാവുമെന്ന് അനുരഞ്ജന ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് അയച്ച കത്തിനുള്ള മറുപടിയില്‍ പ്രസിഡന്‍റ് ഉറപ്പുനല്‍കിയിട്ടുണ്ട്. ജനങ്ങളുടെ തീരുമാനവും ഹിതവും സര്‍ക്കാര്‍ മാനിക്കുകയും പിന്തുടരുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.
നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് ഏഷ്യയിലെ ഒട്ടുമിക്ക ജനാധിപത്യരാജ്യങ്ങളിലും സുഗമമായ അധികാരക്കൈമാറ്റം ഉറപ്പാക്കുന്നുണ്ടെങ്കിലും മ്യാന്മറിലെ കഴിഞ്ഞ അരനൂറ്റാണ്ടിന്‍െറ ചരിത്രം ജനവിധി എന്തായാലും ശുഭാപ്തി നല്‍കുന്നില്ല. സ്വേച്ഛാധിപതികളായ സൈനിക ഉപജാപകസംഘത്തിന്‍െറ കൈയിലാണ് മ്യാന്മര്‍ ഭരണമിപ്പോഴും. 1990ല്‍ വന്‍ ഭൂരിപക്ഷത്തോടെ സൂചി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഫലം റദ്ദാക്കുകയായിരുന്നു. 2011ല്‍ ജനാധിപത്യ സംവിധാനത്തിലേക്ക് വലിയ കൊട്ടിഘോഷത്തോടെ ഭരണം കൈമാറിയെങ്കിലും സൈന്യം രൂപംകൊടുത്ത ഭരണഘടന അധികാരക്കൈമാറ്റത്തിനു മുന്നില്‍ കടമ്പകള്‍ കൊണ്ടിടുന്നുണ്ട്.  നിയമനിര്‍മാണസഭയിലെ നാലിലൊന്ന് സീറ്റുകള്‍ തെരഞ്ഞെടുപ്പില്ലാതെ, സൈനികനേതൃത്വമാണ് നികത്തുന്നത്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന കക്ഷിക്ക് മൂന്നില്‍രണ്ട് ഭൂരിപക്ഷം നിര്‍ബന്ധമാണ്. ആഭ്യന്തരം, പ്രതിരോധം, അതിര്‍ത്തിരക്ഷ എന്നീ വകുപ്പുതലവന്മാരെ നിയമിക്കുന്നത് സൈനികതലവനാണത്രെ. പട്ടാളത്തിന്‍െറ പൂര്‍ണസഹകരണവും പിന്തുണയും ഇല്ളെങ്കില്‍ ആര് അധികാരത്തില്‍ വന്നാലും ജനഹിതം നടപ്പാക്കുക അസാധ്യമാണ്. പട്ടാള ഭരണത്തിന് അന്ത്യംകുറിക്കാനെന്ന പേരില്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ യൂനിയന്‍ സോളിഡാരിറ്റി ഡെവലപ്മെന്‍റ് പാര്‍ട്ടിക്കു പിന്നില്‍ സൈനിക ജണ്ടതന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അതിന്‍െറ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടതാവട്ടെ, അടുത്തൂണ്‍ പറ്റിയ സൈനിക മേധാവികളും. ബര്‍മയിലെ സൈനിക സംവിധാനം അങ്ങേയറ്റം രാഷ്ട്രീയവത്കരിക്കപ്പെട്ട സ്ഥാപനമാണ്. രാഷ്ട്രീയത്തിനപ്പുറം കച്ചവടവും സാമ്പത്തിക ഇടപാടുകളും അതിന്‍െറ അവിഭാജ്യഘടകമാണ്. ബാങ്കിങ്, ടെക്സ്റ്റൈല്‍, ബസ് ഗതാഗതം, മദ്യ ഉല്‍പാദനം, മുത്ത്-പവിഴം തുടങ്ങിയ മേഖലകളെല്ലാം സൈന്യത്തിന്‍െറ അധീനതയിലാണ്.  ഭരണത്തലപ്പത്ത് സൂചി എത്തിപ്പെടാതിരിക്കാന്‍ ഭരണഘടനയില്‍ പ്രത്യേക വ്യവസ്ഥകള്‍ മുന്‍കൂട്ടി എഴുതിവെച്ചിട്ടുണ്ട്. ഭര്‍ത്താവോ സന്താനങ്ങളോ വിദേശ പൗരന്മാരാവുന്നത് അയോഗ്യതയാണ്. ബ്രിട്ടീഷ് പൗരനായ ഭര്‍ത്താവില്‍ സൂചിക്ക് രണ്ടു പുത്രിമാരുണ്ട് എന്നത് അമരത്തേക്കുള്ള വഴിയില്‍ കടമ്പയായി വലിച്ചിടപ്പെടാതിരിക്കില്ല.
സൈനിക ജണ്ടയുമായി ഒരേറ്റുമുട്ടലിന് സൂചിയും പാര്‍ട്ടിയും തയാറാവില്ല എന്നുതന്നെയാണ് കരുതേണ്ടത്. പീഡനത്തിലോ പ്രതികാരത്തിലോ താന്‍ വിശ്വസിക്കുന്നില്ളെന്ന് അവര്‍ പ്രചാരണവേളയില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിലവിലെ ഭരണഘടനയില്‍ മാറ്റം അനിവാര്യമാണെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. പ്രസിഡന്‍റ് പദവിയില്‍ ആര് ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം കിട്ടിയ കക്ഷിയാണെന്നും  പ്രസിഡന്‍റിന്‍െറ അധികാരം തെരഞ്ഞെടുക്കപ്പെട്ട ഭരണനേതാവിനു താഴെയായിരിക്കുമെന്നും അവര്‍ വാദിക്കുന്നുണ്ട്. പ്രസിഡന്‍റിനെ നോക്കുകുത്തിയാക്കി നിര്‍ത്തി സൈനികതലവന്മാര്‍ക്ക് തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പാക്കുന്ന നിലവിലെ അവസ്ഥയോട് രാജിയാവാന്‍ തയാറാവില്ളെന്ന് ചുരുക്കം. എന്നാല്‍, ആഗോളസമൂഹം സാകൂതം  നിരീക്ഷിക്കുന്ന ഒരു ജനായത്ത പ്രക്രിയ അപ്പാടെ അട്ടിമറിക്കാന്‍ സൈനികനേതൃത്വം ധാര്‍ഷ്ട്യം കാണിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അതേസമയം, സമവായത്തിലൂടെ ഭരണച്ചെങ്കോല്‍ കൈയേല്‍പിക്കപ്പെട്ടാല്‍തന്നെ,  യഥാര്‍ഥ ജനായത്ത ക്രമത്തിലേക്ക് രാജ്യത്തെ താമസംവിനാ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്ന് ആര്‍ക്കും ശുഭാപ്തിവിശ്വാസം വെച്ചുപുലര്‍ത്താനാവില്ല. കാരണം, ബ്രിട്ടീഷ് കോളനിശക്തികളില്‍നിന്ന് മോചിതമായതില്‍ പിന്നെ പട്ടാളത്തിന്‍െറ നിഷ്ഠുരകരങ്ങളിലാണ് ആ രാജ്യം ചെന്നമര്‍ന്നത്. ഒരുവിധത്തിലുള്ള ജനായത്ത സംസ്കാരവും വളരാനോ പുഷ്ടിപ്പെടാനോ ഇതുവരെ അനുവദിച്ചിരുന്നില്ല്ള. എന്നല്ല, വംശീയ-മത വിഭാഗീയതകള്‍ അന്നാട്ടിന്‍െറ അന്തസ്ഥലികളെ മാരകമാംവിധം രോഗാതുരമാക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ ശക്തികള്‍ സാമ്പത്തിക ഉപരോധങ്ങളും മറ്റു ശിക്ഷണനടപടികളുംകൊണ്ട് നേരേ നടത്തിക്കാന്‍ ശ്രമിച്ചിട്ടും ചൊട്ടയിലെ ശീലം മാറ്റാന്‍ തയാറാവാത്ത ഒരു വ്യവസ്ഥിതിക്ക് ഇപ്പോള്‍ കൈവന്ന അവസരവും ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ളെങ്കില്‍ രാഷ്ട്രാന്തരീയ സമൂഹം നോക്കിനില്‍ക്കുന്നതില്‍ അര്‍ഥമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT