അങ്ങനെ ഇരു മുന്നണികളുടെയും പ്രകടന പത്രികകളായി. മൊത്തത്തില്‍ വായിച്ചുനോക്കിയാല്‍, പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ തന്നെ, ഇനിയുള്ള അഞ്ചു വര്‍ഷക്കാലം എല്ലാവര്‍ക്കും സുഖമായങ്ങനെ ജീവിച്ചുപോകാന്‍ പറ്റുന്ന മട്ടിലുള്ള സൗജന്യങ്ങള്‍ ഇരു മുന്നണികളും വാഗ്ദാനങ്ങളായി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള മോഹന വാഗ്ദാനങ്ങളുടെ പട്ടിക എന്നതിലപ്പുറമുള്ള ഗൗരവമൊന്നും പ്രകടനപത്രികകള്‍ക്ക് ആളുകള്‍ നല്‍കാറില്ല. അധികാരത്തില്‍ വന്നാല്‍ അതു ചെയ്യും, ഇതു ചെയ്യും എന്നൊക്കെ വാഗ്ദാനംചെയ്യാന്‍ എല്ലാവര്‍ക്കും കഴിയും. കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി മുന്നണികള്‍ പുറത്തിറക്കിയ പ്രകടനപത്രികകളും അവര്‍ ഭരണത്തിലേറിയ ശേഷം നടപ്പാക്കിയ കാര്യങ്ങളും താരതമ്യം ചെയ്യുമ്പോഴാണ് ബന്ധപ്പെട്ട മുന്നണികള്‍ക്ക് അവരുടത്തെന്നെ പ്രകടനപത്രികകളോടുള്ള ആഭിമുഖ്യവും ആത്മാര്‍ഥതയും മനസ്സിലാക്കാന്‍ കഴിയുക. എന്നാല്‍, അത്തരമൊരു താരതമ്യത്തിന് വോട്ടര്‍മാര്‍ മുതിരില്ല എന്ന ആത്മവിശ്വാസം മുന്നണികള്‍ക്കെല്ലാമുണ്ട്.
ഇപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും പുറത്തിറക്കിയ പ്രകടനപത്രികകള്‍ തമ്മില്‍ ആശയത്തിലും വികസന കാഴ്ചപ്പാടിലും വലിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയില്ല. പ്രസ്തുത മുന്നണികള്‍ തമ്മില്‍ അത്തരമൊരു വ്യത്യാസം പുലര്‍ത്തുന്നുമില്ല. ഒരുകൂട്ടര്‍ സൗജന്യ അരിയെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ സൗജന്യ സൈക്കിളിനെക്കുറിച്ചും ലാപ്ടോപ്പിനെക്കുറിച്ചും പറയുന്നു. വാരിക്കോരി നല്‍കുന്ന സൗജന്യങ്ങള്‍ സമൂഹത്തിലും സമ്പദ്ഘടനയിലും എന്ത് പ്രതിഫലനം സൃഷ്ടിക്കുമെന്ന ആലോചനയൊന്നും മോഹവില്‍പനക്കിടെ ആലോചിക്കേണ്ട കാര്യമില്ലല്ളോ. സൗജന്യങ്ങളുടെ പുറത്ത് ജീവിക്കുന്ന ഒരു സമൂഹത്തെയാണോ അതോ കൂടുതല്‍ ഉല്‍പാദന ക്ഷമമായ സമൂഹത്തെയാണോ നാം സൃഷ്ടിക്കേണ്ടത് എന്ന ഗൗരവപ്പെട്ട ചോദ്യവുമുണ്ട്. ജനങ്ങളെ കൂടുതല്‍ അധ്വാനശീലരാക്കുക, ഉല്‍പാദന രംഗത്തെ ചടുലമാക്കുക, അതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളും സന്നാഹങ്ങളുമൊരുക്കുക തുടങ്ങിയവയായിരുന്നു മുന്‍ഗണനകളായി വരേണ്ടിയിരുന്നത്. അതായത്, നമ്മുടെ സാമൂഹിക ഘടനയെയും മനോവിചാരങ്ങളെയും അഗാധമായി സ്വാധീനിക്കാന്‍ തക്കമുള്ള ഒരു കാഴ്ചപ്പാട് മുന്നോട്ടു വരേണ്ടതായിരുന്നു. എന്നാല്‍, അങ്ങനെ ഭാവിയെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഗൗരവമുള്ള കാഴ്ചപ്പാട് മുന്നോട്ടുവെക്കാനൊന്നും പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് താല്‍പര്യമില്ല എന്നതാണ് വാസ്തവം.
തിരുവനന്തപുരത്തെ പത്രക്കാര്‍ക്കുപോലും പരിചയമില്ലാത്ത നേതാക്കന്മാരെ ഒപ്പം നിര്‍ത്തിയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ അവരുടെ മാനിഫെസ്റ്റോ പ്രകാശനംചെയ്തത്. അവര്‍ അതിന് അത്രയേ പ്രാധാന്യം നല്‍കുന്നുള്ളൂ എന്ന് തോന്നുന്നു. 20 വര്‍ഷം മുമ്പ് അവര്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പുതിയ പ്രകടനപത്രികയിലുമുണ്ട്. 10 ശതമാനം മുന്നാക്ക സംവരണം എന്ന 1996ലെ പ്രകടന പത്രികയിലെ വാഗ്ദാനം ഇത്തവണയുമുണ്ട്. നിലവിലെ ഭരണഘടന വെച്ച് അങ്ങനെയൊന്ന് സാധ്യമല്ളെന്ന് അറിഞ്ഞിട്ടും അവര്‍ അങ്ങനെ എഴുതി വെക്കുന്നത് മുന്നാക്കക്കാരുടെ വോട്ട് തട്ടാനാണെന്നത് വ്യക്തം. അതോടൊപ്പം സംവരണത്തെക്കുറിച്ച ഇടതുപക്ഷത്തിന്‍െറ യഥാര്‍ഥ കാഴ്ചപ്പാട് അത് വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ പുറത്തിറക്കിയ യു.ഡി.എഫ് പ്രകടനപത്രികയിലുമുണ്ട് അത്തരം തമാശകള്‍. ഭൂരഹിതരില്ലാത്ത കേരളം എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് യു.ഡി.എഫ് മുന്നോട്ടുവെച്ച വാഗ്ദാനം. ആ പദ്ധതി എത്ര അലംഭാവത്തോടെയാണ് അവര്‍ നടപ്പാക്കിയത് എന്നതിന് കഴിഞ്ഞ അഞ്ചുവര്‍ഷം സാക്ഷിയാണ്. ഭൂരഹിതര്‍ ഇപ്പോഴും പഴയപടി പുറമ്പോക്കുകളിലും പാറപ്പുറത്തുംതന്നെ കഴിയുന്നുവെന്നത് മിച്ചം. അപ്പോഴും പുത്തന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ അവര്‍ക്ക് ഒരു മടിയും തോന്നുന്നില്ല.
കേരളത്തിന്‍െറ വിഭവങ്ങള്‍, സാധ്യതകള്‍, സംസ്ഥാനത്തെ മനുഷ്യവിഭവശേഷി തുടങ്ങിയവ മുന്നില്‍വെച്ച്, ഭാവികേരളത്തെ രൂപപ്പെടുത്താനാവശ്യമായ മുന്‍ഗണനാക്രമം നിശ്ചയിച്ച് ഗൗരവപ്പെട്ട മാനിഫെസ്റ്റോകള്‍ രൂപപ്പെടുത്തുകയും അത് ജനകീയ സംവാദത്തിന് വിധേയമാക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, അധികാരം പിടിക്കാനുള്ള അലറിപ്പാച്ചിലിനിടെ അതൊക്ക ആലോചിക്കന്‍ ആര്‍ക്ക് നേരം? അപ്പോള്‍, വാഗ്ദാനപ്പട്ടികകളും സൗജന്യങ്ങളുടെ ലിസ്റ്റുമായി മാനിഫെസ്റ്റോകള്‍ പുറത്തിറങ്ങും. നാമെല്ലാവരും അതിങ്ങനെ വായിച്ചുകൊണ്ടിരിക്കും. അതില്‍പരം മറ്റെന്തര്‍ഥമാണ് അതിനുള്ളത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.