മദ്യനിയന്ത്രണം പരാജയം?

യു.ഡി.എഫിന്‍െറ മദ്യനയം ഗുണം ചെയ്തില്ളെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനം വിവാദപരമായി തുടരുന്ന മദ്യനിരോധ പ്രശ്നത്തിന് ഒരിക്കല്‍കൂടി ചൂടുപകര്‍ന്നിരിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന ഇഷ്യുവായി യു.ഡി.എഫ് ഉയര്‍ത്തിപ്പിടിച്ച ഘട്ടംഘട്ടമായുള്ള മദ്യനിരോധം എന്ന നയത്തെ തള്ളിപ്പറഞ്ഞിരിക്കുന്നത്. മദ്യനയം ജനങ്ങള്‍ സ്വീകരിക്കുമെന്നായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചതെങ്കിലും അത് വേണ്ടരീതിയില്‍ ഗുണം ചെയ്തില്ളെന്നാണ് അദ്ദേഹത്തിന്‍െറ വിലയിരുത്തല്‍. അതിനാല്‍, ഈ നയം പുനപരിശോധിക്കേണമോ എന്ന കാര്യം പാര്‍ട്ടി ആലോചിക്കേണ്ടതുണ്ടെന്ന സൂചനയും ചെന്നിത്തല നല്‍കി. അതേസമയം, മദ്യനയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണെന്നും അത് പുനരാലോചിക്കേണ്ട കാര്യമില്ളെന്നുമാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പ്രതികരണം.

യു.ഡി.എഫിലെ രണ്ടാമത്തെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്‍െറ ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും മദ്യനയം തിരുത്തേണ്ട സാഹചര്യമില്ളെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലീഗ് പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരിക്കുന്നു. മദ്യനയം വീണ്ടും വിവാദമാവാന്‍ വഴിയൊരുക്കിയത് എല്‍.ഡി.എഫ്  സര്‍ക്കാറിന്‍െറ വിനോദസഞ്ചാര വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍െറ പ്രസ്താവനയാണ്. മദ്യനിയന്ത്രണം ടൂറിസത്തെ പ്രതികൂലമായി ബാധിച്ചതുകൊണ്ട് അത് പുന$പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനാകട്ടെ പല ഭാഗത്തുനിന്നും കേരളത്തിലേക്കുള്ള മദ്യക്കടത്ത് നടക്കുന്നതുകൊണ്ട് സംസ്ഥാനത്ത് മദ്യത്തിന്‍െറ ഉപഭോഗം വര്‍ധിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇടതുമുന്നണി നേരത്തത്തേന്നെ അടുത്ത ധനവര്‍ഷത്തിന്‍െറ തുടക്കത്തില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നതാണ്. അപ്പോഴേക്ക് പ്രതിപക്ഷത്തുനിന്നുകൂടി മദ്യനിയന്ത്രണം ലഘൂകരിക്കാനോ റദ്ദാക്കാനോ അനുകൂലമായ പിന്തുണ ലഭിക്കുമെങ്കില്‍ പിണറായി സര്‍ക്കാറിന് കാര്യം കുറെക്കൂടി എളുപ്പമാവും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഏറെ പൊട്ടലിനും ചീറ്റലിനും ശേഷമാണെങ്കിലും ഉയര്‍ത്തിപ്പിടിച്ച വാഗ്ദാനം, അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുകയില്ളെന്ന് മാത്രമല്ല ക്രമേണ നക്ഷത്രപദവി കണക്കിലെടുക്കാതെ സമ്പൂര്‍ണ ബാര്‍ നിരോധം നടപ്പാക്കുമെന്നതായിരുന്നു.   തെരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ തിരിച്ചടിക്ക് കാരണം ഈ വാഗ്ദാനമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഉത്തരവാദപ്പെട്ട നേതാക്കളുടെ ഇപ്പോഴത്തെ ശ്രമം. രമേശ് ചെന്നിത്തലക്കുമുമ്പ് കെ. സുധാകരനും ഈയഭിപ്രായം പ്രകടിപ്പിച്ചിരുന്നു. യഥാര്‍ഥത്തില്‍ ഒരു കഴമ്പുമില്ലാത്ത ഉപരിപ്ളവമായ വിലയിരുത്തല്‍ മാത്രമാണിത്. ഫാഷിസ്റ്റ് ശക്തികളോടുള്ള മൃദുസമീപനം ന്യൂനപക്ഷങ്ങളെ അകറ്റിയത്, ബാര്‍കോഴ, സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചുനല്‍കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ തുടങ്ങി കടുത്ത അഴിമതിയുടെ നിരവധി സംഭവങ്ങള്‍ ഇടതുപക്ഷം പ്രചാരണത്തിന് ഫലപ്രദമായി ഉപയോഗിച്ചതാണ് യു.ഡി.എഫിന്‍െറ പരാജയകാരണങ്ങളായി രാഷ്ട്രീയനിരീക്ഷകര്‍ വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടിയത്.

മദ്യനയത്തിന്‍െറ പരാജയം എന്നുപറയുന്നതുപോലും ആ നയം നടപ്പാക്കുന്നതിലെ ഇരട്ടത്താപ്പും ആത്മാര്‍ഥതയില്ലായ്മയും അഴിമതിയുമാണ്. കോടതി വിധി പ്രകാരം അടച്ചുപൂട്ടിയ ബാര്‍ ഹോട്ടലുകളില്‍തന്നെ പരക്കെ വീഞ്ഞും ബിയറും നിര്‍ബാധം അനുവദിച്ചതിലൂടെ ഫലത്തില്‍ മദ്യവില്‍പന അനിയന്ത്രിതമാകുകയാണ് ചെയ്തത്. ഈ രണ്ട് ഇനം പാനീയങ്ങളും ലഹരിമുക്തമാണെന്ന് ആരും ഇന്നേവരെ അംഗീകരിച്ചിട്ടില്ല. വീര്യംകൂടിയ വിദേശ മദ്യം ഉയര്‍ന്ന നക്ഷത്ര ഹോട്ടലുകളില്‍ പരിമിതപ്പെടുത്തിയപ്പോള്‍ തന്നെ, പുറത്ത് ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലെറ്റുകളില്‍ അത് സുലഭമായി ലഭിച്ചു, ഇപ്പോഴും ലഭിക്കുന്നു. എന്നിരിക്കെ മദ്യനിരോധം നടപ്പാക്കി എന്ന അവകാശവാദത്തിന് എന്തര്‍ഥം? ഈ കാപട്യം തിരിച്ചറിഞ്ഞ ജനങ്ങള്‍ യു.ഡി.എഫിന് വോട്ട് ചെയ്തില്ളെങ്കില്‍ അത് സത്യസന്ധമായ മദ്യനിരോധം പരാജയപ്പെട്ടതിന്‍െറ സാക്ഷ്യപത്രമേ അല്ല.

കെ.സി.ബി.സിയെപ്പോലുള്ള പുരോഹിത കൂട്ടായ്മകളും മതസംഘടനകളും പ്രസ്തുത മദ്യനയത്തിന് പിന്തുണ പ്രഖ്യാപിച്ചുവെങ്കില്‍ അതിന് കാരണം അത്ര അളവിലെങ്കിലും അഭിശപ്തമായ ലഹരിയില്‍നിന്ന് കേരളം മോചിതമാവട്ടെ എന്ന ആഗ്രഹം മാത്രമാണ്. സ്ത്രീകളിലും കുട്ടികളിലും വരെ ലഹരി ഉപയോഗം ആപത്കരമായി വര്‍ധിച്ചുവരുമ്പോള്‍ വിനാശകരമായ ഈ സാമൂഹിക തിന്മ എന്തു വിലകൊടുത്തും തടയാനാണ് ഇടത്, വലത് സര്‍ക്കാറുകള്‍ സര്‍വശ്രമവും നടത്തേണ്ടത്. അനധികൃത മദ്യക്കടത്ത് തടയാന്‍ ഫലപദമായ ഒരു മാര്‍ഗവും സ്വീകരിക്കാതെ കള്ളക്കടത്തുമൂലം മദ്യപാനം വര്‍ധിക്കുന്നു എന്ന് ഉത്തരവാദപ്പെട്ടവര്‍ വിലപിക്കുന്നതിലെന്തര്‍ഥം? സ്ത്രീപീഡനവും മോഷണവും തട്ടിക്കൊണ്ടുപോവലും കൊള്ളയും മറ്റെല്ലാ കുറ്റകൃത്യങ്ങളും ഭയാനകമായി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നുവെച്ച് അത്തരം കുറ്റകൃത്യങ്ങളുടെ വിലക്ക് റദ്ദാക്കുകയും തെമ്മാടികളെയും ഗുണ്ടകളെയും കയറൂരിവിടുകയുമാണോ നിയമവാഴ്ച പ്രാഥമിക ബാധ്യതയായ സര്‍ക്കാര്‍ ചെയ്യേണ്ടത്? ഇത്തരം തിന്മകള്‍ക്കുപുറമെ  പൊതുജനാരോഗ്യ ക്ഷയത്തിനും കുടുംബ ജീവിതത്തകര്‍ച്ചക്കും ഹേതുവായ മദ്യപാനശീലത്തെ മാത്രം നിയന്ത്രിക്കുകയോ നിരോധിക്കുകയോ വേണ്ടതില്ളെന്ന കാഴ്ചപ്പാട്, ഭരണപക്ഷത്തിന്‍െറതായാലും പ്രതിപക്ഷത്തിന്‍െറതായാലും തീര്‍ത്തും അധാര്‍മികമായ റവന്യൂ വരുമാനത്തിലും അബ്കാരി സംഭാവനകളിലും കണ്ണുനട്ടുള്ളതാണ്. അപലപനീയമായ ഈ ചൂഷണത്തിനെതിരെ മനുഷ്യസ്നേഹികള്‍ സംഘടിച്ച് അതിശക്തമായ പ്രതിഷേധം നടത്തുകയേ രക്ഷയുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.