ജനാധിപത്യത്തിന്‍െറ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭയുടെ പതിമൂന്നാം ഊഴത്തിന്് തിരശ്ശീല വീഴുന്നത് നവ ജനാധിപത്യസംവിധാനങ്ങളിലേക്കുള്ള അന്വേഷണവും സംവാദവും ആരംഭിക്കേണ്ടതിന്‍െറ അനിവാര്യത അരക്കിട്ടുറപ്പിക്കുംവിധമാണ്. സഭയുടെ ഗൗരവവും സാമാജികരുടെ ഉത്തരവാദിത്തവും ഇത്രയേറെ അലംഭാവത്തോടെ കൈകാര്യം ചെയ്യപ്പെട്ട നിയമസഭാ കാലയളവ് ഒരുപക്ഷേ, കേരളത്തില്‍ ഇതിനുമുമ്പ് കഴിഞ്ഞുപോയിട്ടുണ്ടാവില്ല. പ്രതിപക്ഷത്തെ വിമര്‍ശിക്കാനാണെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ നഗ്നസത്യം സമാപനദിനത്തിലെ നന്ദിപ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി. ‘നിയമസഭയില്‍ ചരമോപചാരം നടത്താന്‍ മാത്രമേ പറ്റൂവെന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. ഈ സ്ഥിതി മലയാളിക്ക് വലിയ നാണക്കേടാണുണ്ടാക്കുക’ എന്നായിരുന്നു അദ്ദേഹത്തിന്‍െറ വാക്കുകള്‍. പതിമൂന്നാം കേരള നിയമസഭയിലെ ജനാധിപത്യ അപചയത്തെ ഇതിലും കൃത്യമായി അവതരിപ്പിക്കുക അസാധ്യം. 2011 മേയ് 14ന് നിലവില്‍വന്ന ഇപ്പോഴത്തെ സഭ 237 ദിനങ്ങള്‍ മാത്രമാണ് സമ്മേളിച്ചത്. 1982നുശേഷം സഭ കൂടിയ ഏറ്റവും കുറഞ്ഞ കാലമാണിത്. ബഹളം, ബഹിഷ്കരണം, മനംമടുപ്പിക്കുന്ന ശൂന്യതയില്‍ വഴിപാടുപോലെയുള്ള ബില്ലുകളുടെ അവതരണവും പ്രതിപക്ഷത്തിന്‍െറ അസാന്നിധ്യത്തില്‍ അവക്ക് അംഗീകാരം നല്‍കലും ഇവയത്രെ സഭയില്‍ സംഭവിച്ചതിന്‍െറ രത്നച്ചുരുക്കം. 87 തവണ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സഭ തടസ്സപ്പെടുത്തി. 180 തവണ വാക്കൗട്ടും ബഹിഷ്കരണവും. ചോദ്യോത്തര വേളപോലും പലപ്പോഴും ബഹളമയമായി. നിയമനിര്‍മാണമെന്ന ഏറ്റവും പ്രധാന ചുമതല ശരിയാംവിധം നിര്‍വഹിക്കുന്നതില്‍പോലും പതിമൂന്നാം നിയമസഭ വേണ്ടത്ര വിജയിച്ചില്ല. സേവനാവകാശ നിയമം, മലയാളത്തെ ഒന്നാം ഭാഷയാക്കുന്ന ഭാഷാനിയമം, റിയല്‍ എസ്റ്റേറ്റ് ചൂഷണം നിയന്ത്രിക്കാനുള്ള നിയമം, സര്‍വകലാശാലയിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടല്‍ തുടങ്ങി പ്രധാന നിയമപരിഷ്കരണങ്ങളടക്കം 144 ബില്ലുകളാണ് ആകെ അംഗീകരിച്ചത്. പക്ഷേ, അനിയന്ത്രിതമായ ബഹളവും ബഹിഷ്കരണവുംമൂലം സൂക്ഷ്മമായ വിലയിരുത്തല്‍ കൂടാതെയാണ് പ്രധാനബില്ലുകളേറെയും പാസാക്കിയത്. അതുകൊണ്ടുതന്നെ, നിയമമായതിനുശേഷം പല ബില്ലുകളിലും അപാകത കണ്ടത്തെി ഭേദഗതിവരുത്തേണ്ട ഗതികേടിന് സഭ സാക്ഷ്യം വഹിക്കേണ്ടിവന്നു.
കേരള നിയമസഭാനുഭവത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റവതരണവും നയപ്രഖ്യാപന പ്രഭാഷണവും അരങ്ങേറിയ പതിനാറാം സമ്മേളനത്തോടെ സഭക്ക് പരിസമാപ്തി കുറിക്കപ്പെടുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ അതികായനായ ജി. കാര്‍ത്തികേയന്‍െറയും മന്ത്രി ടി.എം. ജേക്കബിന്‍െറയും വിയോഗവും അവരുടെ സന്താനങ്ങളുടെ സഭാപ്രവേശവും, സര്‍വത്ര ശ്രദ്ധനേടി. പി.സി. ജോര്‍ജ് കൂറുമാറ്റ നിരോധനിയമപ്രകാരം അയോഗ്യനായത്, എം.എല്‍.എ സ്ഥാനം രാജിവെച്ച് കൂറുമാറിയ ആര്‍. സെല്‍വരാജ് വീണ്ടും മത്സരിച്ച് വിജയിച്ചത്, കോടതിയലക്ഷ്യക്കേസില്‍ എം.വി. ജയരാജന്‍െറ ജയില്‍ വാസം, ആര്‍.എസ്.പി മുന്നണി തന്നെ വിട്ടത്, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ രാജി തുടങ്ങിയ രാഷ്ട്രീയ നാടകങ്ങള്‍കൊണ്ട് സംഭവബഹുലമായിരുന്നു പതിമൂന്നാം നിയമസഭ കാലയളവ്. എന്നാല്‍, വിവാദങ്ങളുടെ നിലക്കാത്ത പ്രവാഹങ്ങള്‍ക്കിടയിലും നാമമാത്ര ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ കൊടുങ്കാറ്റുകളെ രാഷ്ട്രീയമായി അതിജീവിച്ചു എന്ന നിലക്കായിരിക്കും ഈ ഭരണകൂടം ചരിത്രത്തില്‍ വിലയിരുത്തപ്പെടുക. മുഖ്യമന്ത്രി മുതല്‍ ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ വരെ വിവാദങ്ങളുടെ നായകന്മാരായിട്ടും അഴിമതി മുതല്‍ പെണ്ണുകേസുവരെ നിയമസഭയെ പ്രക്ഷുബ്ധമാക്കുകയും രണ്ടു മന്ത്രിമാരുടെ രാജിയില്‍ കലാശിക്കുകയും ചെയ്തിട്ടും ഭരണം നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. സഭ തച്ചുതകര്‍ത്തതിന്‍െറയും വനിതാ സാമാജികരോട് മോശമായി പെരുമാറിയതിന്‍െറയും പേരില്‍ നിയമസഭാ ചരിത്രത്തിലെ കറുത്തദിനമായി 2015 മാര്‍ച്ച് 13 രേഖപ്പെടുത്തപ്പെട്ടു. അതിനെതുടര്‍ന്നുള്ള പൊലീസ് കേസും അന്വേഷണവും സഭാചരിത്രത്തിലാദ്യത്തേതും നാണക്കേടുണ്ടാക്കുന്നതുമായിരുന്നു. നിയമസഭയുടെ അപചയം ജനാധിപത്യ സംവിധാനത്തോടുള്ള അവിശ്വാസമാണ് ജനിപ്പിച്ചിരിക്കുകയെന്ന വസ്തുത രാഷ്ട്രീയക്കാര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ബോധ്യമാകുന്നുണ്ട്. സാമാജികരുടെ ദയനീയ പ്രകടനങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ നടുത്തളത്തില്‍ കയറി നടത്തുന്ന അപഹാസ്യമായ ആക്രോശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുതുതലമുറ പരിഹസിച്ചുകൊല്ലുകയായിരുന്നു. ഒരുപക്ഷേ, നിയമസഭയേക്കാള്‍ ഗൗരവപൂര്‍ണമായ സംവാദങ്ങളും ചര്‍ച്ചകളും നടന്നത് സാമൂഹികമാധ്യമങ്ങളിലായിരുന്നുവെന്നതുതന്നെ എം.എല്‍.എമാര്‍ മാറിയകാലം മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നതിന്‍െറ ഉത്തമോദാഹരണമാണ്. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ഗ്വാ ഗ്വാ വിളികള്‍ക്ക് നിയമപരിരക്ഷയുള്ള ഇടം മാത്രമായി തരംതാഴരുത് നിയമസഭാങ്കണം. ഭരണനിര്‍വഹണത്തില്‍ മൂടിവെക്കപ്പെടുന്ന സത്യങ്ങളുടെ വെളിപ്പെടുത്തലുകളിലൂടെ ജനാധിപത്യപ്രക്രിയയുടെ സുതാര്യ ഇടമായി അത് പരിപാലിക്കപ്പെടണം. പൗരന്മാരുടെ നികുതി തിന്നുന്ന വെള്ളാനയായി സാക്ഷാല്‍ നിയമസഭയും പതുക്കെ മാറുകയാണെന്ന ദുരന്തത്തെയാണ് പതിമൂന്നാം നിയമസഭ വെളിപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.