വസ്തുതകള്‍ക്കു മറപിടിക്കരുത്

രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നോ ഇല്ളേ എന്ന വാദവിവാദങ്ങള്‍ക്കിടെ അന്തര്‍ദേശീയ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വിലയിരുത്തുന്ന അമേരിക്കന്‍ കമീഷന്‍ പുറത്തുവിട്ട ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ കഴിഞ്ഞ വര്‍ഷത്തെ അവലോകന റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്. സഹിഷ്ണുത തകരുകയും മതസ്വാതന്ത്ര്യധ്വംസനങ്ങള്‍ വര്‍ധിക്കുകയും ചെയ്ത ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നിഷേധാത്മകദിശയിലൂടെയാണ് നീങ്ങുന്നതെന്ന് യു.എസ് കമീഷന്‍ ഫോര്‍ ഇന്‍റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍, വിശിഷ്യ ക്രൈസ്തവരും മുസ്ലിംകളും സിഖുകാരും ഹൈന്ദവ ദേശീയവാദ സംഘടനകളില്‍നിന്നു വന്‍തോതില്‍ ഭീഷണിയും അതിക്രമവും നേരിടുകയാണ്. നിലവിലെ ബി.ജെ.പി ഗവണ്‍മെന്‍റിനു കീഴില്‍ തങ്ങള്‍ ഉന്നംവെക്കപ്പെടുകയാണെന്നൊരു ഭീതി ഈ വിഭാഗങ്ങള്‍ക്കുണ്ടായിട്ടുണ്ട്. മുസ്ലിംകള്‍ ഭീകരരും പാക് ചാരന്മാരും ആണെന്നും അവര്‍ ഹിന്ദു വനിതകളെ തട്ടിയെടുത്ത് മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത് കൊണ്ടുപോകുകയാണെന്നും പശുക്കളെ അറുത്ത് ഹിന്ദുയിസത്തെ അവമതിക്കുകയാണെന്നുമുള്ള കുപ്രചാരണങ്ങള്‍ അരങ്ങുതകര്‍ക്കുന്നു. അതുവഴി മുസ്ലിംകള്‍ വര്‍ധിച്ച അതിക്രമവും എതിര്‍പ്രചാരവേലകളുമാണ് നേരിടേണ്ടിവരുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പൊലീസിന്‍െറ പക്ഷപാതവും നീതിന്യായസംവിധാനത്തിന്‍െറ അപര്യാപ്തതകളും മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതബോധം വളര്‍ത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന യു.എസ് കമീഷന്‍ ഉദ്യോഗസ്ഥരെയും വിദ്വേഷം കുത്തിവെക്കുന്ന മതനേതാക്കളെയും നിലക്കുനിര്‍ത്താന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുന്നുമുണ്ട്.
കമീഷന്‍െറ കണ്ടത്തെലുകളില്‍ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് പുതുമയൊന്നും കാണാനില്ല. എന്നാല്‍, വര്‍ത്തമാന ഇന്ത്യനവസ്ഥകളെക്കുറിച്ച് ലോകം ജാഗരൂകമാണെന്നും ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കിതമാണെന്നും അത് വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്‍െറ ആഭ്യന്തരകാര്യങ്ങളിലേക്കുള്ള കടന്നുപറച്ചിലായി ഇതിനെ കാണാം. എന്നാല്‍, ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതാന്തരീക്ഷത്തെക്കുറിച്ച പുറംവായനകള്‍ രാജ്യത്തെ എങ്ങനെയൊക്കെ പ്രതികൂലമായി ബാധിക്കുമെന്ന് കമീഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. മതസ്വാതന്ത്ര്യ വിഷയത്തില്‍ ഇന്ത്യയുടെ നില പരിതാപകരമാണെന്ന് കമീഷന്‍ നേരത്തേ അഭിപ്രായപ്പെട്ടതാണ്്. 2002ല്‍ ഗുജറാത്തിലെ വംശഹത്യയുടെ പശ്ചാത്തലത്തില്‍ കമീഷന്‍  പുറത്തിറക്കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് അമേരിക്ക ദീര്‍ഘകാലം വിസ നിഷേധിച്ചത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ തൊട്ടുമുമ്പായി ഈ നിരോധം നീക്കുകയായിരുന്നു. കമീഷന് ഇന്ത്യ സന്ദര്‍ശിച്ച് നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള അനുമതി ഇന്ത്യ 2009 മുതല്‍ നിഷേധിച്ചുവരുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പ്രഖ്യാപിതനയമാണ് മതസ്വാതന്ത്ര്യമെന്നും ഇക്കാര്യത്തില്‍ വിദേശ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാട്. ഈ നിലപാടില്‍ ശരിയുമുണ്ട്. രാജ്യത്തിന്‍െറ ആഭ്യന്തരകാര്യങ്ങളില്‍ വിദേശശക്തികളുടെ ഇടപെടല്‍ ആശാസ്യമല്ല. കമീഷന് ആതിഥ്യമരുളുന്ന അമേരിക്കയുടെ ഈ വിഷയത്തിലുള്ള ധാര്‍മിക ബലക്കുറവിലും ആര്‍ക്കും സംശയമില്ല. ഈ പറയുന്ന സ്വാതന്ത്ര്യങ്ങള്‍ ഹനിച്ചതിന്‍െറ ആധിയൊന്നും സ്വന്തക്കാരായ മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ വാഷിങ്ടണില്ളെന്നതും അനുഭവസത്യം.
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് സ്വതന്ത്ര നിരീക്ഷകരും മനുഷ്യാവകാശ വിദഗ്ധരുമടങ്ങുന്ന സംഘം നടത്തുന്ന പഠനങ്ങള്‍ക്ക് ലോകത്ത് പൊതുസ്വീകാര്യത ലഭിച്ചുവരുന്നുണ്ട്. അതിനാല്‍ വിദേശസമ്മര്‍ദങ്ങള്‍ക്ക് വിധേയമാകില്ളെന്നുറപ്പിക്കുമ്പോള്‍തന്നെ രാജ്യത്തെക്കുറിച്ച് ലോകത്തിനു മുന്നില്‍ നിലനില്‍ക്കുന്ന ചിത്രമേത് എന്നത് കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ ശ്രദ്ധയിലുണ്ടാകേണ്ടതാണ്. ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തിലേറിയതില്‍പിന്നെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും മുന്‍കൈയില്‍ രാജ്യത്തിന്‍െറ പല ഭാഗത്തും നടന്നുവരുന്ന ന്യൂനപക്ഷവേട്ടയും ജീവിതസ്വാതന്ത്ര്യ ധ്വംസനവും അന്വേഷിച്ച് കണ്ടെത്തേണ്ടതില്ലാത്തവിധം പകല്‍സത്യമാണ്. മാട്ടിറച്ചി കൈവശംവെച്ചെന്ന സംശയത്തിന്‍െറ പേരില്‍ ആളെ കൊന്നും മാടുകളെ കടത്തിയവരെ കൊന്നുകെട്ടിത്തൂക്കിയും വര്‍ഗീയവൈതാളികര്‍ അഴിഞ്ഞാടിയതും ഗവണ്‍മെന്‍റ് അതിനു നേരെ സ്വീകരിച്ച നിസ്സംഗസമീപനവും ലോകത്തെ ഞെട്ടിച്ചതാണ്. രാജ്യത്ത് ദലിതുകള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ നടന്ന ദുരൂഹമായ ആക്രമണങ്ങളും ഇതോടു ചേര്‍ത്തുവായിക്കണം. രാജ്യത്തെ കാമ്പസുകളില്‍ നുഴഞ്ഞുകയറി ഫാഷിസ്റ്റ്രാജ് നടപ്പാക്കാനുള്ള ശ്രമം ആഗോള അക്കാദമിക, ബുദ്ധിജീവിസമൂഹത്തിന്‍െറ ശക്തമായ പ്രതിഷേധത്തിനിടയാക്കിയതാണ്്. കഴിഞ്ഞ റിപ്പബ്ളിക്ദിനാഘോഷത്തിന് അതിഥിയായത്തെിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, മതവിശ്വാസത്തിന്‍െറ പേരില്‍ വേറിട്ടുപോകാതിരുന്നാല്‍ മാത്രമേ ഇന്ത്യക്ക് ഭാവിയുള്ളൂ എന്ന് മുന്നറിയിപ്പ് നല്‍കി. ഇന്ത്യനവസ്ഥയില്‍ ലോകത്തിനുള്ള ആശങ്കയാണ് അന്ന്  ഒബാമ പങ്കുവെച്ചത്. ഇപ്പോള്‍ പുറത്തുവന്ന യു.എസ് കമീഷന്‍ റിപ്പോര്‍ട്ട് അതിന് അടിവരയിടുന്നു. റിപ്പോര്‍ട്ടിന്‍െറ സാധുത ചോദ്യംചെയ്യാന്‍ തിടുക്കപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ അതിലെ പരാമര്‍ശങ്ങളെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. വസ്തുതകളുടെ വായ് മൂടിക്കെട്ടുന്നതിനു പകരം കൊലയും കൊള്ളിവെപ്പും കൈയേറ്റങ്ങളുമായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ കൊടുമ്പിരിക്കൊള്ളുന്ന അസഹിഷ്ണുത ഇല്ലാതാക്കാനുള്ള തീവ്രയത്നപരിപാടികള്‍ക്കാണ് മോദി സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT