മാലേഗാവ് കേസ് അട്ടിമറി ആശങ്കജനകം

ഭീകരതയെന്ന വിധ്വംസകവിപത്തിനെ മത, രാഷ്ട്രീയ കക്ഷിതാല്‍പര്യങ്ങള്‍ക്കതീതമായി നേരിട്ടെങ്കില്‍ മാത്രമേ നാട് രക്ഷപ്പെടുകയുള്ളൂ. നിഗൂഢമായ രാഷ്ട്രീയലക്ഷ്യങ്ങളുമായി വൈരനിര്യാതന ബുദ്ധിയോടെ ഭീകരതയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്നത് തല്‍പരകക്ഷികള്‍ക്കു താല്‍ക്കാലിക നേട്ടമുണ്ടാക്കാമെങ്കിലും രാജ്യത്തിന് അത് അപരിഹാര്യമായ നഷ്ടമാണ് വരുത്തിത്തീര്‍ക്കുക. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താനും നിയമം അതിന്‍െറ വഴിയെ നീങ്ങുന്നു എന്നുറപ്പുവരുത്താനും ബാധ്യസ്ഥമായ ഭരണകൂടം തന്നെ കേസ് വഴിതിരിച്ചുവിടുന്നതിന് ഒത്താശ ചെയ്തു കൊടുക്കുന്നു എന്നുവരുന്നത് ആത്മഹത്യാപരവും ഗര്‍ഹണീയവുമാണ്. 2008ലെ മാലേഗാവ് സ്ഫോടന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ഇപ്പോള്‍ നടത്തിയ മലക്കംമറിച്ചില്‍ ഇത്തരമൊരു ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാറിനു കീഴിലുള്ള ഒരു ഏജന്‍സി അന്വേഷിച്ച് പ്രതികളെ പിടികൂടുകയും പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി ശക്തമായ നടപടികള്‍ മുന്നോട്ടു നീക്കുകയും ചെയ്ത കേസില്‍ ബി.ജെ.പി വരുതിയില്‍ വന്ന എന്‍.ഐ.എയുടെ പുതിയ ടീം അഞ്ചു പ്രതികളെ കുറ്റക്കാരല്ളെന്നു പറഞ്ഞ് വെറുതെ വിട്ടിരിക്കുന്നു. എന്നു തന്നെയല്ല, നേരത്തെ സര്‍ക്കാര്‍ ഏജന്‍സി പുറത്തുകൊണ്ടുവന്ന അന്വേഷണഫലങ്ങള്‍ തലകീഴായി അട്ടിമറിച്ച് അവരെ പ്രതിക്കൂട്ടില്‍ കയറ്റുന്ന പുതിയ കുറ്റപത്രമാണ് എന്‍.ഐ.എ സമര്‍പ്പിച്ചിരിക്കുന്നത്. അങ്ങനെ രാജ്യത്തെ പ്രമാദമായ പല നിഗൂഢ സ്ഫോടന സംഭവവികാസങ്ങളിലേക്കും വെളിച്ചം നല്‍കുന്ന വഴിത്തിരിവിലത്തെി നില്‍ക്കെ, മാലേഗാവ് രണ്ടാം സ്ഫോടനക്കേസിനെ സ്വന്തം വഴിയിലൂടെ തിരിച്ചുവിടാനുള്ള ശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍.

സ്ഫോടനക്കേസ് പ്രതികളായി ഹിന്ദുത്വഭീകരര്‍ പിടികൂടപ്പെടുകയും രാജ്യം കുളമാക്കാനുള്ള കുടിലപദ്ധതികള്‍ അനാവരണം ചെയ്യപ്പെടുകയും ചെയ്തതോടെ തന്നെ മാലേഗാവ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമായിരുന്നു. സംഭവം അന്വേഷിച്ച ഭീകരവിരുദ്ധ സേന തലവന്‍ ഹേമന്ദ് കര്‍ക്കരെ രണ്ടുമാസം കഴിഞ്ഞു നടന്ന മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ അതിന്‍െറ തീയും പുകയും പുറത്തത്തെിയതാണ്. അത് അക്ഷരം പ്രതി ശരിവെക്കുന്നതാണ് ബി.ജെ.പി നിയന്ത്രണത്തില്‍ വന്ന ദേശീയ അന്വേഷണ ഏജന്‍സി ഇപ്പോള്‍ എത്തിയ അട്ടിമറിത്തീര്‍പ്പുകള്‍. അങ്ങനെ തികച്ചും പ്രഫഷനലായി നീങ്ങേണ്ട ഭീകരാക്രമണ കേസിനെ കാവിരാഷ്ട്രീയത്തിന്‍െറ ഗൂഢതാല്‍പര്യങ്ങള്‍ക്കൊത്ത് പച്ചയായി മാറ്റിയെഴുതുന്ന പണിയാണിപ്പോള്‍ നടന്നുവരുന്നത്. 2008 സെപ്റ്റംബര്‍ 29ന് നോമ്പുമാസത്തിന്‍െറ അവസാനദിനങ്ങളിലൊന്നില്‍ മഹാരാഷ്ട്രയില്‍ മാലേഗാവിലെ ഭിക്കു ചൗക്കില്‍ നടന്ന സ്ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. അന്നേ ദിവസം ഗുജറാത്തിലെ മൊദാസയില്‍ മറ്റൊരു സ്ഫോടനത്തില്‍ ഒരാളും. സംഭവത്തില്‍ ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ ആന്‍റി ടെററിസം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ആര്‍.എസ്.എസ് വിദ്യാര്‍ഥിവിഭാഗമായ എ.ബി.വി.പിയുടെ നേതാവായിരുന്ന സാധ്വി പ്രജ്ഞാസിങ് ഠാകുറും മറ്റു രണ്ടുപേരും പിടിയിലായത്. അന്വേഷണം പുരോഗമിക്കെ, രാഷ്ട്രീയ ജാഗരണ്‍ മഞ്ച്, അഭിനവ ഭാരത് സന്‍സ്ഥാന്‍ തുടങ്ങിയ ഹിന്ദുത്വസംഘടനകളാണ് സംഭവത്തിനു പിന്നിലെന്നു പുറത്തുവന്നു. രാജ്യത്ത് എവിടെ സ്ഫോടനം നടന്നാലും മുസ്ലിം യുവാക്കളെ പിടികൂടുകയും ഒടുവില്‍ മുസ്ലിം ഭീകരതയെന്നൊരു പൊതുബോധം ശക്തമാകുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഹിന്ദുത്വകക്ഷികളുടെ ഭീകരവൃത്തി അനാവരണം ചെയ്യപ്പെട്ടത്. ഇതിനു മുമ്പ് 2006ല്‍ മാലേഗാവില്‍ തന്നെ നടന്നതും 2007ല്‍ സംഝോത എക്സ്പ്രസിലും ഹൈദരാബാദ് മക്ക മസ്ജിദിലും അജ്മീറിലും നടന്ന സ്ഫോടനങ്ങള്‍ക്കു പിന്നിലും ഈ കക്ഷികളുടെ ബന്ധത്തിലേക്കു വെളിച്ചം വീശുന്ന വെളിപ്പെടുത്തലുണ്ടായി. ഈ അന്വേഷണങ്ങളുടെ ചുവടുപിടിച്ചാണ് 2006ലെ മാലേഗാവ് ഒന്നാം സ്ഫോടനക്കേസ് വിചാരണ നീങ്ങിയതും മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിയമ (മകോക) പ്രകാരം പതിറ്റാണ്ടുകാലത്തെ ജയില്‍വാസമനുഭവിച്ച മുസ്ലിം യുവാക്കള്‍ കഴിഞ്ഞ മാസം വിട്ടയക്കപ്പെട്ടതും.

2011ല്‍ എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതോടെ മാലേഗാവ് അന്വേഷണം സജീവമായെങ്കിലും കേന്ദ്രത്തില്‍ ബി.ജെ.പി അധികാരമേറിയതോടെ വഴിമാറുന്നതാണ് കണ്ടത്. ഹിന്ദുത്വസംഘടനകളുടെ ഭീകരാക്രമണ പങ്ക് വെളിപ്പെട്ടതില്‍ അസ്വസ്ഥരായിരുന്ന സംഘ്പരിവാര്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങളുടെ ചുവടൊത്തുള്ള നീക്കങ്ങളാണ് പിന്നീട് എന്‍.ഐ.എ നടത്തിയത്. സ്ഫോടനത്തെ തുടര്‍ന്നു പിടികൂടിയ പ്രജ്ഞയുടെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ബൈക്കാണ് കേസിനു തുമ്പുണ്ടാക്കിയത്. ആ തെളിവ് നിഷേധിച്ചാണിപ്പോള്‍ എന്‍.ഐ.എ അഞ്ചു പേരെയും കുറ്റമുക്തരാക്കിയത്. എന്നാല്‍, ഇതിനു പുറമെ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്ന ഓഡിയോ, വിഡിയോ സീഡികളും സാക്ഷിമൊഴികളുമെല്ലാമുണ്ടായിട്ടും എന്‍.ഐ.എ ഗൗനിച്ചില്ല. പ്രതിയായ കേണല്‍ പുരോഹിതിന്‍െറ വീട്ടില്‍ സ്ഫോടകവസ്തുക്കള്‍ കൊണ്ടുവെച്ചത് എ.ടി.എസ് ആണെന്നു എന്‍.ഐ.എ പറയുന്നതോടെ രണ്ടു ഏജന്‍സികള്‍ തമ്മിലുള്ള തര്‍ക്കമായി ഇതു മാറുന്നുമുണ്ട്. മാലേഗാവ് കേസ് സുപ്രീംകോടതിയുടെ വിധിക്കു വിടാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. കോടതി തന്നെ വിധി പറയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉറപ്പിക്കുന്നു. എന്നാല്‍, സംഘ്പരിവാര്‍ തിരക്കഥക്കനുസരിച്ചു നീങ്ങുന്ന കേസിന്‍െറ പരിണതി എന്താവുമെന്നതിന്‍െറ കൃത്യമായ സൂചനയാണിപ്പോള്‍ പ്രകടമാകുന്നത്. കഥ കെട്ടിച്ചമക്കുന്നവര്‍ക്ക് അത് ആശ്വാസം പകരാമെങ്കിലും അന്വേഷണ ഏജന്‍സികളെ അന്യോന്യം പ്രതിക്കൂട്ടിലാക്കുന്ന ഈ കളികള്‍ രാജ്യത്തെ എവിടെ കൊണ്ടത്തെിക്കും എന്നത് ആശങ്കയോടെ മാത്രമേ കാണാന്‍ കഴിയൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT