അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് കേരള വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ രാഷ്ട്രീയ രംഗത്ത് കൗതുകവും ആകാംക്ഷയും സൃഷ്ടിച്ചിട്ടുണ്ട്. മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കെ. ബാബുവിന്‍െറ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡും അദ്ദേഹത്തിന്‍െറയും ബന്ധുക്കളുടെയും ബാങ്ക് ലോക്കറുകളടക്കം പരിശോധിച്ചുകൊണ്ടുള്ള നീക്കങ്ങളും അസാധാരണമായ സാഹചര്യങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗത്തെ ഇത് അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുമ്പോള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആവേശകരമായ പ്രതികരണം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.
നമ്മുടെ ജനാധിപത്യത്തെ അകമേ ദുര്‍ബലപ്പെടുത്തുന്ന വൈറസാണ് അഴിമതി. നിയമങ്ങളും ചട്ടങ്ങളും മറികടന്നുകൊണ്ട്, തങ്ങളുടെ സാമ്പത്തികവും വ്യക്തിപരവുമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മിടുക്കന്മാരാണ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍. അഴിമതിക്കെതിരായ സംസാരങ്ങളും നിലപാടുകളും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടെങ്കിലും അത് ഒഴിയാബാധയായി നമ്മുടെ രാഷ്ട്രശരീരത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. സാര്‍വദേശീയ തലത്തില്‍ അഴിമതി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സംഘടനയായ ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷനല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ 60 ശതമാനം ജനങ്ങളും ഏതെങ്കിലും തരത്തില്‍ അഴിമതി എന്ന ഏര്‍പ്പാടുമായി ഇടപഴകേണ്ടിവന്നിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍, സാമൂഹിക സുരക്ഷാ സ്കീമുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ അഴിമതി ഏറ്റവും കൂടുതല്‍ നടക്കുന്നത് എന്ന് അവര്‍ കണ്ടത്തെുന്നു.
175 രാഷ്ട്രങ്ങളിലെ അഴിമതി അനുഭവങ്ങള്‍ പഠനവിധേയമാക്കി ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷനല്‍ പുറത്തിറക്കിയ 2015ലെ അഴിമതി സൂചിക പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 76 ആണ്. 2014ലെ 85ാം സ്ഥാനത്തുനിന്ന് സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട് എന്ന് ആശ്വസിക്കാമെങ്കിലും ഇന്ത്യയുടെ അഴിമതിശേഷി ഇപ്പോഴും കരുത്തോടെ നില്‍ക്കുന്നുവെന്നത് യാഥാര്‍ഥ്യംതന്നെയാണ്. ജനങ്ങളുടെ പണം കട്ടുമുടിക്കുകയാണ് അഴിമതിക്കാര്‍ ചെയ്യുന്നത്. എന്നാല്‍, അതേക്കാള്‍ കഷ്ടകരമായ കാര്യം, അഴിമതികള്‍ കണ്ടത്തൊനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ പണം പിന്നെയും പിന്നെയും നഷ്ടപ്പെടുത്താനല്ലാതെ അഴിമതി ഇല്ലാതാക്കാന്‍ ഉപകരിക്കുന്നില്ല എന്നതാണ്.
അതായത്, അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അത് കണ്ടത്തൊനും അന്വേഷിക്കാനുമുള്ള സംവിധാനങ്ങളുടെയും നടപടിക്രമങ്ങളുടെയും പേരില്‍ പിന്നെയും ബഹുലക്ഷങ്ങള്‍ ചെലവഴിക്കപ്പെടുന്നു. അഴിമതിക്കാര്‍ വെളുക്കന്‍ ചിരിയോടെ ഒന്നും സംഭവിക്കാതെ പിന്നെയും അവരുടെ പണി തുടരുന്നു. അസംബന്ധ നാടകംപോലെ ഇത് നാട്ടില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. അതിനാല്‍, അഴിമതിക്കെതിരെ പ്രതികരിക്കുന്ന വിഷയത്തില്‍ ആളുകള്‍ക്ക് വലിയ മടുപ്പ് വന്നുതുടങ്ങിയിരിക്കുന്നു. കോഴ കൊടുക്കുന്നത് നാട്ടുനടപ്പായി മാറിക്കഴിഞ്ഞു. ഞാന്‍ മാത്രമെന്തിന് മാറിനില്‍ക്കണം എന്ന ചിന്തയാണ് സാമാന്യജനത്തെ നയിക്കുന്നത്.
കാര്യം നടക്കണമെങ്കില്‍ അതൊക്കെ വേണ്ടിവരുമെന്ന് സാത്വികരായ ആളുകള്‍ വരെ വിചാരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഴിമതി ആരോപണങ്ങള്‍ക്ക് നിരന്തരം വിധേയമായതോടെ അഴിമതി വിരുദ്ധത എന്നത് വെറുമൊരു തമാശവാക്കായി മാറുകയും ചെയ്തു.
അസുഖകരമായ ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ വിജിലന്‍സ് ബ്യൂറോയുടെ നീക്കങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതും അസാധാരണമായി അനുഭവപ്പെടുന്നതും. പ്രമുഖനായ ഒരു മുന്‍ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നുവെന്നത് അതിനാല്‍തന്നെ വലിയ വാര്‍ത്തയാണ്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ നിരവധി പേര്‍ക്കെതിരെ ഗൗരവപ്പെട്ട അഴിമതി ആരോപണങ്ങള്‍ നിരവധി ഉയര്‍ന്നിട്ടുണ്ടായിരുന്നു. അതില്‍ കെ.എം. മാണി, കെ. ബാബു എന്നിവര്‍ക്കെതിരായാണ് വിജിലന്‍സ് ഇപ്പോള്‍ നടപടികളുമായി ഇറങ്ങിയിരിക്കുന്നത്. ബാബുവിന്‍െറ കാര്യത്തില്‍, അദ്ദേഹത്തെ പ്രതിരോധിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ പോലും മുന്നോട്ടുവന്നില്ല എന്നത് കാര്യങ്ങളുടെ ദുരൂഹത വര്‍ധിപ്പിക്കുന്നുമുണ്ട്.
രാജ്യത്തെ കുറ്റാന്വേഷണ ഏജന്‍സികള്‍ കൂട്ടിലടക്കപ്പെട്ട തത്തകളാണ് എന്ന വിമര്‍ശം വ്യാപകമായുണ്ട്. ഈ വിമര്‍ശത്തെ സാധൂകരിക്കുന്ന അനുഭവങ്ങളും ധാരാളമുണ്ട്. അങ്ങനെയിരിക്കെ, അഴിമതി ആരോപിക്കപ്പെട്ട മുന്‍ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് നടത്തുന്ന നീക്കങ്ങള്‍ ശ്രദ്ധിക്കപ്പെടും. അതേസമയം, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ നിലവിലെ ഭരണകൂടം നടത്തുന്ന വെറും നീക്കം മാത്രമല്ല ഇതെന്ന് തെളിയിക്കേണ്ടത് ഇനി വരുന്ന ദിവസങ്ങളാണ്. അതായത്, അഴിമതി രാഷ്ട്രീയ ഭിന്നതകള്‍ മറന്നുള്ള കൂട്ടുകച്ചവടമായതുകൊണ്ടുതന്നെ എല്ലാ വിഭാഗം രാഷ്ട്രീയക്കാരുടെയും പങ്ക് അതിലുണ്ടാവും. കെ. ബാബുവിന്‍െറ കാര്യത്തില്‍ ഈ നിലക്കുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുമുണ്ട്.
രാഷ്ട്രീയ ഭീഷണികള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങാതെ തികഞ്ഞ പ്രഫഷനല്‍ സ്പിരിറ്റോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍, കൂട്ടിലെ തത്ത എന്ന ദുഷ്പേര് ഒഴിവാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയും. വിജിലന്‍സ് ബ്യൂറോ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയും ആത്മവിശ്വാസവുമുണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. അത് തകരാതെനോക്കേണ്ടത് അവരുടെതന്നെ ഉത്തരവാദിത്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.