പ്രമാദമായ 2ജി സ്പെക്ട്രം അഴിമതിക്കേസിൽ ഉൾപ്പെട്ട മുൻ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെയുടെ രാജ്യസഭ എം.പിയും തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴി തുടങ്ങി മുഴുവൻ പ്രതികളെയും ഡൽഹി പ്രത്യേക കോടതി വെറുതെവിട്ടിരിക്കുന്നു. മൂന്നര വർഷം മുമ്പ് സി.ബി.െഎ സമർപ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങൾ വസ്തുനിഷ്ഠമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു കാണിച്ചാണ് സ്പെഷൽ ജഡ്ജി ഒ.പി. സൈനി കോൺഗ്രസിനും ഡി.എം.കെക്കും താൽക്കാലികാശ്വാസത്തിന് വകനൽകുന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മൊബൈൽ വരിക്കാർക്ക് 2ജി സ്പെക്ട്രം ലഭ്യമാക്കുന്നതിനുള്ള ലൈസൻസ് അനുവദിക്കാൻ ടെലികോം കമ്പനികളെ വഴിവിട്ട് സഹായിക്കുകവഴി ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിക്കേസ് ഇൗ കോടതിവിധിയോെട മരവിച്ചുപോകില്ലെന്നും മേൽകോടതികൾക്ക് വിഷയം ഇനിയും പരിഗണിക്കേണ്ടിവരുമെന്നും തന്നെയാണ് വിവിധ രാഷ്ട്രീയകേന്ദ്രങ്ങൾ നൽകുന്ന സൂചന. വിധിക്കെതിരെ ഡൽഹി ഹൈകോടതിയെ സമീപിക്കുമെന്ന് സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും വ്യക്തമാക്കിയിട്ടുമുണ്ട്. അതായത്, 2ജി കേസിനോടനുബന്ധിച്ച് തുടക്കമായ രാഷ്ട്രീയ വിവാദങ്ങൾ ഏറെ ശക്തിയോടെ ഇനിയും തുടരുമെന്നർഥം. വിധിവന്ന് മണിക്കൂറുകൾക്കകംതന്നെ പുറത്തുവന്ന ചില രാഷ്ട്രീയ പ്രസ്താവനകളും ട്വീറ്റുകളും ഇക്കാര്യം അടിവരയിടുന്നുണ്ട്.
281 സോണൽ ലൈസൻസുകളോടെ 22 ടെലികമ്യൂണിക്കേഷൻ സോണുകളാണ് ഇന്ത്യയിലുള്ളത്. 2008ൽ, 122 പുതിയ 2ജി യു.എ.എസ് (യുനിഫൈഡ് ആക്സസ് സർവിസ്) ലൈസൻസ് 2001ലെ നിരക്കനുസരിച്ച് ടെലികോം കമ്പനികൾക്ക് നൽകാൻ ടെലികോം മന്ത്രാലയം തീരുമാനിക്കുന്നു. ടെലികോം അതോറിറ്റിയുടെ സകല മാനദണ്ഡങ്ങളും കാറ്റിൽപറത്തിയാണ് ഇത് രാജയും കൂട്ടരും സ്വന്തക്കാർക്ക് നൽകിയത്. പിന്നീട് പല ലൈസൻസുകളും പിൻവലിക്കേണ്ടിവന്നു. ഇൗ ഇടപാട് വഴി, 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി കംട്രോളർ ^ ഒാഡിറ്റർ ജനറലിെൻറ (സി.എ.ജി) റിപ്പോർട്ടിലുണ്ടായിരുന്നു. ആ റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് 2ജി അഴിമതി വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടതും രാജയുടെ രാജിയിലേക്ക് നയിച്ചതും. ഏറെ പ്രധാനപ്പെട്ട കാര്യം, മാനദണ്ഡങ്ങൾ ലംഘിച്ച് സ്വീകരിച്ച അപേക്ഷകൾ തള്ളണമെന്ന പ്രധാനമന്ത്രിയുടെ നിർദേശംപോലും മന്ത്രിയും കൂട്ടരും അവഗണിച്ചു എന്നതാണ്. കേന്ദ്ര ധനമന്ത്രാലയവും രാജയുടെ നടപടിയിൽ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. അഴിമതിയും അധികാരദുർവിനിയോഗവും നടന്നുവെന്നതിന് പ്രഥമദൃഷ്ട്യതന്നെ നിരവധി തെളിവുകൾ അക്കാലത്തെ മാധ്യമറിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സമർപ്പിച്ച കുറ്റപത്രവും ഇക്കാര്യം ശരിവെക്കുന്നു. എന്നിട്ടും കോടതിയിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിെൻറ കാരണമെന്താകും? 2ജി ഇടപാടിൽ ഒരു രൂപയുടെ അഴിമതിപോലും നടന്നിട്ടില്ല എന്നു കരുതാൻ ഏതായാലും ഒട്ടും ന്യായമില്ല. വ്യക്തമായ തെളിവുകൾ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടും അത് കോടതിയിൽ കൃത്യതയോടെ അവതരിപ്പിക്കപ്പെടാത്തതിനു പിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചന അരങ്ങേറിയോ എന്ന് അന്വേഷിേക്കണ്ടതുതന്നെയാണ്.
യു.പി.എ സർക്കാറിനെ താഴെയിറക്കുന്നതിലും മോദിയുടെ അധികാരപ്രവേശം എളുപ്പമാക്കുന്നതിലും ഇൗ കേസിനുള്ള പങ്ക് ചെറുതല്ല. 2ജി അടക്കമുള്ള അഴിമതി ആേരാപണങ്ങളാണ് 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി മുഖ്യ ആയുധമാക്കിയത്. ആ അർഥത്തിൽതന്നെ, പ്രാധാന്യമർഹിക്കുന്ന ഒരു കേസിനെ അത്ര ഗൗരവമായല്ല സി.ബി.െഎ പരിഗണിച്ചതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. കേസിൽ പ്രധാന സാക്ഷികളിലൊരാളായിരുന്ന അനിൽ അംബാനിയുടെ മൊഴി പ്രോസിക്യൂഷനെ സഹായിക്കേണ്ടതായിരുന്നു. സ്വന്തം ജീവനക്കാർക്കെതിരെ അദ്ദേഹം മൊഴിനൽകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, തെൻറ ഒാഫിസിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും ഒാർമിെച്ചടുക്കാൻ കഴിയുന്നില്ലെന്നും തനിക്ക് മറവിരോഗം ബാധിച്ചിരിക്കുന്നുവെന്നുമാണ് അംബാനി കോടതിയെ ബോധിപ്പിച്ചത്. അംബാനിക്ക് സംഭവിച്ച ആ ‘അംനേഷ്യ’ ഇപ്പോഴും ദുരൂഹമായി തുടരുന്നു. അന്നത്തെ സി.എ.ജി വിനോദ് റായ് പിൽക്കാലത്ത് സ്വീകരിച്ച നിലപാടുകളും ഇതുപോലെ ദുരൂഹമാണ്. വിധിയുടെ അടിസ്ഥാനത്തിൽ വിനോദ് റായ് മാപ്പുപറയണമെന്നാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ പ്രസ്താവിച്ചത്. റിട്ടയർമെൻറിനുശേഷം വിനോദ് റായ് മോദിയുടെ സ്വന്തക്കാരനാകുന്ന കാഴ്ചക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. കീഴ്വഴക്കങ്ങൾ തെറ്റിച്ച് റായിയെ മോദി ബാങ്ക്സ് േബാർഡ് ബ്യൂറോയുടെ തലവനാക്കി. ഇപ്പോൾ, അദ്ദേഹം ബി.സി.സി.െഎയുടെയും നേതൃത്വത്തിലുണ്ട്. ഇൗ സാഹചര്യത്തിൽ, സി.എ.ജി റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്ന അന്നത്തെ കോൺഗ്രസ് നേതൃത്വത്തിെൻറ വിശദീകരണത്തെ പൂർണമായും തള്ളിക്കളയാനും കഴിയില്ല.
അധികാരത്തിലേറുേമ്പാൾ സി.ബി.െഎയെ കൂടുതൽ ശക്തമാക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനങ്ങളിലൊന്ന്. ആ സി.ബി.െഎയാണ് ഇപ്പോൾ കോടതിയിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. കേസ് കൈകാര്യംചെയ്യുന്നതിൽ സർക്കാർ പിഴവുവരുത്തിയെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി തന്നെ കുറ്റപ്പെടുത്തുന്നു. ഇത്തരമൊരു സമീപനമുള്ള പാർട്ടിയെയും സർക്കാറിനെയുമല്ല 2019ലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. അഥവാ, ഭരണകക്ഷിക്കുള്ളിൽതന്നെ ഇൗ കേസുമായി ബന്ധപ്പെട്ട് പൊട്ടിത്തെറി ആരംഭിച്ചിരിക്കുന്നുവെന്ന് വ്യക്തം. പ്രബലരായ രാഷ്ട്രീയ എതിരാളിക്കെതിരായ അഴിമതിക്കേസിൽപോലും ഇതാണ് സർക്കാറിെൻറ നിലപാടെങ്കിൽ തെരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങളും ലോക്പാൽ ബില്ലുമൊെക്ക വെറും രാഷ്ട്രീയ ഗീർവാണങ്ങളായി മാത്രമേ പരിഗണിക്കാനാവൂ. അഴിമതിക്കേസിൽ രാജ്യത്ത് അപൂർവമായി മാത്രമേ രാഷ്ട്രീയക്കാർ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ലോകത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന നൂറു രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. എന്നിട്ടും രാഷ്ട്രീയക്കാർ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ഇതുപോലുള്ള സമീപനംകൊണ്ടു മാത്രമാണ്. 2ജി കേസും ആ വഴിയിലേക്ക് മാറാതിരിക്കാൻ സുതാര്യവും കാര്യക്ഷമവുമായ അന്വേഷണവും തുടർനടപടികളും ഇനിയും ഇൗ കേസിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.