പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന അതിഭീകരവും പൈശാചികവുമായ നരബലിക്ക് ഉത്തരവാദികളായ പ്രതികൾ അറസ്റ്റിലാവുകയും തുടർന്ന് അന്വേഷണത്തിലൂടെ സംഭവത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ദുർമന്ത്രവാദവും അതിനാധാരമായ അന്ധവിശ്വാസാനാചാരങ്ങളും നിയമംമൂലം നിരോധിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടുവരുകയാണ്. സാക്ഷരതയിലും പ്രബുദ്ധതയിലും ലോകനിലവാരത്തിലുയർന്നു എന്നവകാശപ്പെടുന്ന കേരളംപോലുള്ള ഒരു സംസ്ഥാനത്ത് 21ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ ഇത്രയും പൈശാചികമായ ഘോരകൃത്യം അരങ്ങേറിയെങ്കിൽ കേരളീയരുടെ മുഴുവൻ തല താഴ്ന്നുപോയിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഇത്തരം പൈശാചിക കൃത്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കണമെങ്കിൽ പഴുതടച്ച നിയമനിർമാണവും ഒപ്പം സമഗ്രമായ ബോധവത്കരണവും വേണമെന്നാണ് ഏതാണ്ടെല്ലാവരും ആവശ്യപ്പെടുന്നത്. അതിനാലാണ് സംസ്ഥാന സർക്കാർ മഹാരാഷ്ട്രക്കും കർണാടകക്കും പിറകെ ദുർമന്ത്രവാദവും അന്ധവിശ്വാസവും തടയാനുള്ള നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സത്വരാലോചന നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഈ ദിശയിലുള്ള ചിന്തയും നിയമനിർമാണ നീക്കങ്ങളും നേരത്തേ പലതവണ നടന്നുവെങ്കിലും ഒടുവിൽ എങ്ങുമെത്താതെ നീണ്ടുപോയതാണ് അനുഭവം. 2014ൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയൽ ബിൽ നിയമസഭക്ക് ഉറപ്പുനൽകിയിരുന്നതാണ്. അന്നത്തെ അഡീഷനൽ ഡി.ജി.പി ഹേമചന്ദ്രൻ പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ബില്ലിന്റെ കരടുരൂപം തയാറാക്കുകയുമുണ്ടായി. അന്ധവിശ്വാസാധിഷ്ഠിതമായ കുറ്റകൃത്യങ്ങൾക്ക് ഏഴുവർഷം വരെ തടവും രണ്ടുലക്ഷം രൂപ വരെ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നതുമാണ്. പക്ഷേ, ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം വെറും ജലരേഖയായി. ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കുമെന്ന് കരുതപ്പെടുന്ന ഇടതുമുന്നണി ഭരണകാലത്ത് 2019ൽ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ ഭരണപരിഷ്കരണ കമീഷൻ കൂടുതൽ സമഗ്രമായ മറ്റൊരു ബില്ലിന് രൂപംനൽകി. അന്ധവിശ്വാസങ്ങളും മന്ത്രവാദവും നിരോധിക്കാൻ വ്യവസ്ഥചെയ്യുന്ന കരട് ബില്ലിലും കുറ്റവാളികൾക്ക് ഏഴുവർഷം വരെ തടവും 50,000 രൂപ വരെ പിഴയും ശിക്ഷ നിർദേശിച്ചിരുന്നു. പ്രകൃത്യതീത ശക്തികളുടെ പേരിൽ വ്യക്തികളുടെ സാധാരണ ജീവിതം തടസ്സപ്പെടുത്താനോ പ്രേതബാധ ഒഴിപ്പിക്കുന്നതിനോ ഒക്കെ മനുഷ്യശരീരത്തെ പീഡിപ്പിക്കുന്നതും പരിക്കേൽപിക്കുന്നതും തത്തുല്യ കൃത്യങ്ങളുമെല്ലാം അന്ധവിശ്വാസാധിഷ്ഠിത ദുർമന്ത്രവാദത്തിലും അനാചാരങ്ങളിലും ഉൾപ്പെടുമെന്ന് നിർവചിക്കുന്ന തരത്തിലായിരുന്നു പ്രസ്തുത റിപ്പോർട്ട്. അത്ഭുതകൃത്യങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ച് പണംപിടുങ്ങുന്ന ഐന്ദ്രജാലികക്കാരെയും നിർദിഷ്ട ബില്ലിൽ ഉൾപ്പെടുത്താതിരുന്നില്ല. പക്ഷേ, പിണറായി വിജയന്റെ ഒന്നാമൂഴത്തിലെ ഈ നിയമനിർമാണ നീക്കത്തിനും തടയിടപ്പെട്ടു. അന്തരിച്ച പി.ടി. തോമസ് 2018 ആഗസ്റ്റിൽ തദ്വിഷയകമായ സ്വകാര്യ ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ, സമഗ്രമായ നിയമനിർമാണം ഉറപ്പുനൽകി സർക്കാർ തലയൂരുകയായിരുന്നു.
എന്തുകൊണ്ട് ഈ ചാഞ്ചല്യവും അറച്ചുനിൽക്കലും എന്നാലോചിക്കുമ്പോൾ ലഭിക്കുന്ന ഉത്തരം ഒട്ടും ദുരൂഹമല്ല. ജനകീയ വോട്ടാണ് ഏതു വിപ്ലവ പാർട്ടിയുടെയും ദൗർബല്യം. ജനങ്ങളിൽ ഏതെങ്കിലും വിഭാഗത്തിന്റെ വിശ്വാസാചാരത്തെ തൊട്ടുകളിച്ചാൽ പിന്നീട് വരുന്ന തെരഞ്ഞെടുപ്പിൽ വിവരമറിയുമെന്ന ഭീതി പാർട്ടികളെയൊക്കെയും പിടികൂടുന്നു. പിണറായി സർക്കാറിനെ സംബന്ധിച്ചിടത്തോളം, ശബരിമലയിൽ ഭക്തകൾക്കും പ്രവേശനാനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള തീർത്തും നിയമാനുസൃതമായ നീക്കത്തിനേറ്റ തിരിച്ചടി മറക്കാനാവാത്തതാണ്. വിധിക്കും സർക്കാറിനുമെതിരെ സ്ത്രീകളെ തെരുവിലിറക്കി ഹിന്ദുത്വ ശക്തികൾ നടത്തിയ പ്രക്ഷോഭം മണ്ണുംചാരിനിന്ന യു.ഡി.എഫിനാണ് ഗുണംചെയ്തതെന്ന തിരിച്ചറിവ് പുരോഗമനപരമായ എല്ലാ നടപടികളിൽനിന്നും ഇടതുസർക്കാറിനെ പിന്തിരിപ്പിക്കുന്നു. മാർക്സിസ്റ്റ്, റാഷനലിസ്റ്റ്, സെക്കുലറിസ്റ്റ് കാഴ്ചപ്പാടുകൾ അന്ധവിശ്വാസപരമെന്ന് കരുതപ്പെടുന്ന പല വിശ്വാസങ്ങളും തദനുസൃത ആചാരങ്ങളും മതപരമായ വിശ്വാസത്തിന്റെ ഭാഗമോ അതിലൂടെ ന്യായീകരിക്കാവുന്നതോ ആണ്. നിയമ പരിഷ്കരണ കമീഷൻ രൂപംനൽകിയ ബില്ലിൽതന്നെ അത്തരം ഖണ്ഡികകളുണ്ട്. ഈ വിഷമസന്ധി ഒഴിവാക്കാൻ എല്ലാ വിഭാഗങ്ങളുമായുള്ള ചർച്ചകൾക്കും പൊതുജനാഭിപ്രായ രൂപവത്കരണത്തിനും ശേഷമായിരിക്കും നിർദിഷ്ട ബില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. വിശ്വാസവും അന്ധവിശ്വാസവും മന്ത്രവാദവും ദുർമന്ത്രവാദവും ആചാരവും അനാചാരവും തമ്മിലെ വേർതിരിവ്, കുരുക്കഴിക്കാൻ പ്രയാസമേറിയ പ്രക്രിയ ആണെന്നിരിക്കെ സർവസ്വീകാര്യമായ ഒരു ഫോർമുലയുടെ ആവിഷ്കാരമാണ് സർക്കാർ നേരിട്ടേക്കാവുന്ന വെല്ലുവിളി. മനുഷ്യജീവനോ ശരീരത്തിനോ സ്വത്തിനോ മാനത്തിനോ ഹാനികരമായേക്കാവുന്ന ഏതു വിശ്വാസവും ആചാരവും തദ്വാര നടക്കുന്ന സാമ്പത്തിക ചൂഷണവും ആരുടേതായാലും ശിക്ഷാർഹമാക്കണമെന്നതാണ് ഉടനടിയുള്ള ആവശ്യം. ഒടുവിലത്തെ നരബലിക്കേസിലെ പ്രതികളിലൊരാൾ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും ഇടതുപക്ഷക്കാരനുമാണെന്നോർത്താൽ ഇക്കാര്യത്തിൽ യുക്തിയെയോ ശാസ്ത്രത്തെയോപോലും മാനദണ്ഡമാക്കാൻ പഴുതുകളില്ലെന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.