നാലുവർഷ ബിരുദത്തിന് നാന്ദി കുറിക്കുമ്പോൾ

സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലും ഈ അധ്യയനവർഷം നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിന്റെ അവബോധ ക്ലാസുകൾക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിരിക്കുന്നു. കോളജ് പ്രിൻസിപ്പൽമാർക്കും അക്കാദമിക് കോഓഡിനേറ്റർമാർക്കുമാണ് പ്രാഥമികമായി അവബോധം നൽകുന്നത്.

ഉന്നതവിദ്യാഭ്യാസവും ഉപരിപഠന സാധ്യതകളും മെച്ചപ്പെടുത്തുകയും മികച്ച വിദ്യാഭ്യാസം തേടി സംസ്ഥാനത്തെ വിദ്യാർഥികൾ പുറംനാടുകളെ ആശ്രയിക്കുന്നതിന് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്നതും നാലുവർഷ ബിരുദ കോഴ്സുകളിലൂടെ സർക്കാർ ലക്ഷ്യംവെക്കുന്നു. ജൂലൈയിൽ കോഴ്സുകൾക്ക് ഔദ്യോഗിക തുടക്കമാവും. ഇതോടെ നിലവിലെ മൂന്നുവർഷ കോഴ്സുകൾ ഇല്ലാതാവും. എന്നാൽ, വിദ്യാർഥിക്ക് മൂന്ന് വർഷത്തിൽ നിശ്ചിത ക്രെഡിറ്റ് നേടി പഠനം അവസാനിപ്പിച്ച് നിലവിലുള്ള രീതിയിൽ ബിരുദം നേടി പുറത്തുപോകാനുള്ള അവസരവുമുണ്ടാകും.

സംസ്ഥാനത്ത് കഴിഞ്ഞവർഷം തന്നെ നാലുവർഷ ബിരുദ കോഴ്സുകൾക്ക് കേരള സർവകലാശാല തുടക്കം കുറിച്ചിരുന്നു. സർവകലാശാലയിലെ സെന്‍റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിന് കീഴിലാണ് കോഴ്സുകൾ ആരംഭിച്ചത്. കോഴ്സിന് മികച്ച പ്രതികരണമാണ് വിദ്യാർഥികളിൽനിന്നും അക്കാദമിക സമൂഹത്തിൽനിന്നും ലഭിച്ചതും. പഠിതാക്കൾ എന്ന നിലയിൽ നിലവിലെ വിദ്യാർഥികൾ നല്ല അഭിപ്രായമാണ് പങ്കുവെക്കുന്നതും. കഴിഞ്ഞവർഷം തന്നെ ഇതര സർവകലാശാലകളിലും കോഴ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും അക്കാദമിക സമൂഹം ചൂണ്ടിക്കാട്ടിയ ആശങ്കകൾമൂലം ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.

നാലുവർഷ ബിരുദ കോഴ്സുകളിൽ വിദ്യാർഥികൾക്ക് സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് വിഷയങ്ങൾ തെരഞ്ഞെടുക്കാനാകുമെന്നതാണ് വലിയ മേന്മ. ഒരു വിഷയമോ ഒന്നിലധികം വിഷയമോ ഒരു സ്ട്രീമിൽതന്നെ തെരഞ്ഞെടുക്കാനാകും. മൂന്നുവർഷം പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് എക്സിറ്റ് ഓപ്ഷനിലൂടെ ബിരുദം സ്വീകരിച്ചു പഠനം നിർത്താം. അതേസമയം നാലാം വർഷം കൂടി പഠിച്ച് ഓണേഴ്സ് ബിരുദവും നേടാം. നാലുവർഷം പഠിച്ച് ഓണേഴ്സ് ബിരുദം നേടിയ വിദ്യാർഥിക്ക് ലാറ്ററൽ എൻട്രിയിലൂടെ ഒരുവർഷം കൂടി പഠിച്ച് ബിരുദാനന്തര ബിരുദവും നേടാനാകും. ഇന്റേൺഷിപ്, വിവിധ മേഖലകളിലെ പരിശീലനം, ഗവേഷണം തുടങ്ങിയവയാണ് പ്രധാനമായും നാലാം വർഷം ഉണ്ടാവുക.

കൂടുതൽ തൊഴിലവസരങ്ങൾക്കും കോഴ്സ് സഹായകമാവും. കോളജുകളും സർവകലാശാലകളും തന്നെ ആവശ്യമായ സഹായങ്ങൾ നൽകും. ബിരുദാനന്തര ബിരുദം ഇല്ലാത്തവർക്കും റിസർച്ചിന് ചേരാമെന്ന തീരുമാനം ഗവേഷണത്തോട് കൂടിയ ഓണേഴ്സ് ബിരുദം നേടുന്നവർക്ക് കൂടുതൽ എളുപ്പമാകും. നാലുവര്‍ഷം പൂര്‍ത്തിയാക്കി ബിരുദം നേടുന്നവര്‍ക്ക് നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ്- നെറ്റ് പരീക്ഷ എഴുതാനുള്ള വ്യവസ്ഥ നടപ്പാക്കുമെന്ന് യു.ജി.സിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്‍കരണ സമിതിയുടെ ശിപാർശയുടെ ചുവടുപിടിച്ചാണ് സംസ്ഥാനത്ത് ബിരുദ കോഴ്‌സുകളിൽ ഘടനാപരമായ മാറ്റം വരുത്തുന്നത്. മാറ്റം കൊണ്ടുവരുന്നതിനായി ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിക്കും രൂപംനൽകിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി ഒട്ടേറെ സംസ്ഥാനങ്ങളിൽ ബിരുദ കോഴ്സുകൾ നാല് വർഷത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ വിദ്യാർഥികൾക്ക് പുറത്തുപോകാനുള്ള വ്യവസ്ഥകളോടെ ദേശീയ വിദ്യാഭ്യാസ നയം നാലു വർഷ ബിരുദ കോഴ്സ് വിഭാവനം ചെയ്യുമ്പോൾ കേരളത്തിൽ എക്സിറ്റ് സൗകര്യം മൂന്നാം വർഷത്തിൽ മാത്രമാണുള്ളത്. എല്ലാ വർഷത്തിലും എക്സിറ്റ് സൗകര്യം നൽകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്കിന് വഴിവെക്കുമെന്ന വിലയിരുത്തലിലാണ് വേറിട്ടരീതി കേരളം പിന്തുടരുന്നത്.

അതേസമയം പുതിയതരത്തിലുള്ള കോഴ്സുകൾ ആരംഭിക്കാൻ നമ്മുടെ സർവകലാശാലകളും കോളജുകളും എത്രമാത്രം സജ്ജരാണെന്ന് വിശദപരിശോധന നടക്കേണ്ടതുണ്ട്. അധ്യാപക ഒഴിവുകൾ, കെട്ടിടങ്ങൾ, ലൈബ്രറികൾ, ലബോറട്ടറികൾ, തൊഴിലധിഷ്ഠിത പരിശീലന സൗകര്യങ്ങൾ, ദേശീയവും അന്തർദേശീയവുമായ ജേണലുകൾ ലഭിക്കാനുള്ള സൗകര്യം തുടങ്ങി നിരവധി കാര്യങ്ങളിൽ സ്വയംപര്യാപ്തത നേടിയെന്ന് ഉറപ്പുവരുത്തുകയും വേണം. അയൽ സംസ്ഥാനമായ കർണാടക നാലുവർഷ കോഴ്സുകൾ നിർത്തി മൂന്നുവർഷ കോഴ്സുകൾ ആരംഭിക്കുന്ന സമയത്താണ് കേരളത്തിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്.

അന്തർദേശീയ വിദ്യാഭ്യാസരംഗവുമായി, പ്രത്യേകിച്ച് അമേരിക്കയിലെ വിദ്യാഭ്യാസവുമായി താദാത്മ്യം പ്രാപിക്കാനും വിദ്യാർഥികൾക്ക് ഉപരിപഠനത്തിനും മൂന്നുവർഷ കോഴ്സുകളാണ് നല്ലതെന്നാണ് കർണാടക കാരണമായി പറഞ്ഞത്. തന്നെയുമല്ല പാവപ്പെട്ടവർക്കും പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കും ഗ്രാമീണ മേഖലകളിലെ വനിതകൾക്കും പെൺകുട്ടികൾക്കും ഈ സംവിധാനം ഗുണകരമായിരുന്നില്ലെന്നും സംസ്ഥാന വിദ്യാഭ്യാസ കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഭൗതിക സാഹചര്യങ്ങളുടെ ദൗർലഭ്യവും കോഴ്സിന് വിഘാതമായി. കർണാടകക്ക് പറ്റിയ പിഴവുകൾ കേരളത്തിൽ ഉണ്ടാവുന്നില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കിയാൽ മാത്രമേ പുതിയ പരിഷ്കാരം വിജയകരമാവൂ.

Tags:    
News Summary - A four-year degree is being launched in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.