രാജ്യത്തിെൻറ മതേതര ജനാധിപത്യസ്വഭാവം തല്ലിയുടച്ച് മാറ്റിപ്പണിയുമെന്ന് ശപഥം ചെയ്ത് വംശീയശക്തികൾ നിർബാധം മുന്നോട്ടുപോവുകയാണ്. എത്ര കൊടിയ അതിക്രമത്തിനും ഒത്താശചെയ്യുന്ന ശക്തമായ ഭരണകൂടം കൈയിലുള്ളപ്പോൾ അവർ എന്തിന് വെറുതെയിരിക്കണം! നിരവധി ആളുകളെ കൊലപ്പെടുത്തുകയും സ്വത്തും വസ്തുവഹകളും കൈയേറുകയും ചെയ്യുന്ന പഴയ ശൈലിയിൽനിന്നു മാറി, ഒരാളെ കൂട്ടംകൂടി ആക്രമിച്ച് ഒരു വിഭാഗത്തെയാകെ ഭയത്തിനു കീഴടക്കലായി പുതിയ രീതി. ഭയത്തിെൻറയും വിദ്വേഷത്തിെൻറയും അന്തരീക്ഷം സൃഷ്ടിക്കാനും ഇഷ്ടമില്ലാത്ത സമുദായങ്ങൾക്ക് മുന്നറിയിപ്പു നൽകാനും ഇൗ എളുപ്പവഴിയാണിപ്പോൾ പകർത്തിവരുന്നത്.
ഗോമാംസം കൈവശംവെച്ചുവെന്നാരോപിച്ച് അടിച്ചുകൊല്ലുന്നതും വ്യത്യസ്ത സമുദായക്കാരുടെ വിവാഹം ബലംപ്രയോഗിച്ച് മുടക്കുന്നതുമെല്ലാം അതിെൻറ ഭാഗമാണ്. മുമ്പ് ആൾക്കൂട്ടക്കൊലകളെയും അതിക്രമങ്ങളെയും കുറിച്ച് കേൾക്കുേമ്പാൾ രാജ്യമനഃസാക്ഷി നടുങ്ങിയിരുന്നെങ്കിൽ ഇന്നത് അസാധാരണമല്ലാത്ത സംഭവമായിരിക്കുന്നു. ഏഴു വർഷം മുമ്പ് ഒന്നാം മോദി സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെ പുണെയിൽ മുഹ്സിൻ ശൈഖ് എന്ന യുവാവിനെയും ദാദ്രിയിൽ അഖ്ലാഖ് എന്ന വയോധികനെയും ഹിന്ദുത്വ വർഗീയസംഘങ്ങൾ അടിച്ചുകൊന്നത് ചർച്ചചെയ്യാനും അപലപിക്കാനും രാജ്യം തയാറായി.
എന്നാൽ, ഇപ്പോൾ അത്തരം സംഭവങ്ങൾ പലപ്പോഴും തമസ്കരിക്കാനും വിസ്മരിക്കാനും പൊതുസമൂഹവും മാധ്യമങ്ങളും മുതിരുന്നു. വേട്ടയാടപ്പെട്ടവർക്ക് നീതി തേടാൻപോലും തടസ്സം സൃഷ്ടിക്കുന്നുണ്ട് ഈ സാമാന്യവത്കരണം. ഏകാധിപത്യം നടമാടുന്ന, ബഹുസ്വരത അവശേഷിക്കാത്ത മതേതര ജനാധിപത്യ സങ്കൽപങ്ങൾക്ക് പ്രസക്തിയില്ലാത്ത വർഗീയ ശക്തികളുടെ സ്വപ്നരാഷ്ട്രത്തിലേക്കുള്ള അകലം കുറയുന്നതിെൻറ സൂചനകൂടിയാണത്.
വർഗീയ-വംശീയ അതിക്രമകാരികളെ വകവെക്കാതെ, അവരുടെ തീട്ടൂരങ്ങൾക്ക് വഴങ്ങാതെ സത്യം വിളിച്ചുപറയാനും അനീതി അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാനും ഏതാനും മാധ്യമങ്ങളും പൗരാവകാശ-മാധ്യമ പോരാളികളും അവശേഷിക്കുന്നതു മാത്രമാണ് സംഘ്പരിവാറിനെയും അവരുടെ ഭരണകൂടത്തെയും അലോസരപ്പെടുത്തുന്നത്. നീതിയുടെ അവശേഷിക്കുന്ന നാവുകളെക്കൂടി നിശ്ശബ്ദമാക്കാൻ നിയമങ്ങളെയും പൊലീസിനെയും മുെമ്പാരു സർക്കാറും ചെയ്തിട്ടില്ലാത്തത്ര ദുരുപയോഗിക്കുകയാണവർ.
ഗാസിയാബാദിൽ അബ്ദുസ്സമദ് സൈഫി എന്ന എഴുപത്തിരണ്ടുകാരനെ ആൾക്കൂട്ടം മർദിക്കുകയും ബലാൽക്കാരമായി താടി വടിപ്പിക്കുകയും ചെയ്ത ഹീനസംഭവം വാർത്തയും വർത്തമാനവുമാക്കിയ മാധ്യമപ്രവർത്തകർക്കും വെബ്സൈറ്റിനുമെതിരെ കേസ് ചുമത്തിയതാണ് ഇക്കൂട്ടത്തിലെ അവസാനത്തേത്. കേന്ദ്രസർക്കാറിെൻറ വർഗീയ നീക്കങ്ങൾക്കെതിരെ ധീരമായ നിലപാടെടുത്തുപോരുന്ന 'ദ വയർ ഡോട്ട്കോമി'നെതിരെ കലാപപ്രേരണ, സമുദായ സ്പർധ സൃഷ്ടിക്കാൻ ശ്രമിക്കൽ, മതവികാരം ആളിക്കത്തിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച, ആൾക്കൂട്ട അതിക്രമത്തെ അനുകൂലിക്കാത്ത നൂറുകണക്കിന് സാമൂഹിക-പൊതു പ്രവർത്തകരിൽനിന്ന് റാണ അയ്യൂബ്, സബാ നഖ്വി, മുഹമ്മദ് സുബൈർ എന്നീ മാധ്യമ പ്രവർത്തകരെയും ശമാ മുഹമ്മദ്, സൽമാൻ നിസാമി, മസ്കൂർ ഉസ്മാനി എന്നീ രാഷ്ട്രീയപ്രവർത്തകരെയും തിരഞ്ഞുപിടിച്ച് കേസിൽ കുടുക്കിയ ശുഷ്കാന്തിയും കാണാതെപോകരുത്.
ഈ വിഡിയോ പരസ്യപ്പെട്ടതിനു തുടർച്ചയായി ഏതെങ്കിലും തരത്തിലെ അക്രമങ്ങളോ കലാപങ്ങളോ ഉണ്ടായിട്ടില്ലെന്നും തിരഞ്ഞുപിടിച്ച് കേസിൽ കുരുക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ അന്യായ കേസുകൾ പിൻവലിക്കുന്നതിനു പകരം സർക്കാറിെൻറ ദുഷ്ചെയ്തികൾക്കെതിരെ നിലപാടെടുക്കുന്ന നടി സ്വര ഭാസ്കർ, മാധ്യമപ്രവർത്തക അർഫ ഖാനം ശർവാനി എന്നിവരെക്കൂടി കേസിലകപ്പെടുത്തിയിരിക്കുന്നു. ഇതേ സംഭവത്തിൽ സമൂഹമാധ്യമ ചട്ടങ്ങൾ ലംഘിച്ചെന്ന് കാണിച്ച് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിെൻറ ചിറകരിയാനും ആഞ്ഞുശ്രമിക്കുന്നുണ്ട് സർക്കാർ.
അപമാനത്തിനും അക്രമത്തിനും ഇരയായ വയോധികന്റെ ഭാഗത്താണ് തെറ്റ് എന്നു വരുത്തിത്തീർക്കാൻ പൊലീസ് 'ഏലസ് കച്ചവട' കഥയുമായി രംഗത്തെത്തിയെങ്കിലും കുടുംബം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മരപ്പണിക്കാരാണെന്നും തങ്ങൾക്കാർക്കും ഏലസിെൻറ ഏർപ്പാടില്ലെന്നും മകൻ പറയുന്നു. കള്ളക്കഥ ചമക്കുന്നതിൽ കുപ്രസിദ്ധമായ യു.പി പൊലീസിനേക്കാളേറെ അക്രമത്തിനിരയായ വയോധികനും കുടുംബവും പറയുന്നത് വിശ്വസിക്കാനേ നമുക്കാവൂ.
ഭയപ്പെടുത്തി ഒതുക്കുകയും അടിച്ചമർത്തുകയും ചെയ്യുക എന്നത് ഭരണകൂടത്തിെൻറയും അവർ പിന്തുടരുന്ന വിചാരധാരയുടെയും രീതിശാസ്ത്രമാണ്. അതിനെ ചെറുത്ത് നീതിക്കായി നിലകൊള്ളുകയെന്നത് ഇന്ത്യൻ ഭരണഘടന പൗരസമൂഹത്തിനുമേൽ ഏൽപിച്ച ഉത്തരവാദിത്തവും. ജനത അതു നിറവേറ്റാൻ വൈമുഖ്യം കാണിക്കുന്ന ഓരോ നിമിഷവും ജനാധിപത്യ ഇന്ത്യ എന്ന ആശയം തന്നെ അപകടാവസ്ഥയിലാവുമെന്ന് മറന്നുകൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.