ഒരു സെപ്റ്റംബർ 11 കൂടി കടന്നുപോയി. 2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെൻററിെൻറ രണ്ടു കെട്ടിടങ്ങൾ ഭീകരാക്രമണത്തിൽ തകർക്കപ്പെട്ടശേഷം വർഷംതോറും അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടത്തെ അനുഷ്ഠാനമെന്നോണം വാഴ്ത്തിവന്ന പടിഞ്ഞാറൻ മാധ്യമങ്ങൾ ഈ 19ാം വാർഷികത്തിൽ നിശ്ശബ്ദമാണ്.
രണ്ടു പതിറ്റാണ്ടോളമാകുേമ്പാഴേക്കും ആ പോരാട്ടത്തിെൻറ തനിനിറം നിഷേധിക്കാൻ പറ്റാത്തവിധം ലോകത്തിനുമുമ്പാകെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു എന്നതാണ് പ്രധാന കാരണം. അതിനുപുറമെ, മറ്റൊരുതരം ഭീകരാക്രമണത്തിെൻറ കെടുതികൾ നിസ്സഹായമായി അനുഭവിക്കുകയാണ് ഇന്ന് അമേരിക്ക.
കോവിഡ്-19 എന്ന മഹാമാരി ആഗോളശക്തികളുടെയും സാമ്രാജ്യങ്ങളുടെയും ദൗർബല്യംകൂടി പുറത്തുകൊണ്ടുവന്നിരിക്കുന്നു. ഭീകരവിരുദ്ധ യുദ്ധങ്ങളുടെ മറപറ്റി ആറര ലക്ഷം കോടി ഡോളർ യുദ്ധക്കോപ്പുകൾക്കായി ചെലവിട്ട അമേരിക്ക, ആരോഗ്യ മേഖലയിൽ മതിയായ തോതിൽ മുതലിറക്കാതിരുന്നതിെൻറ ശിക്ഷ അനുഭവിക്കുന്നു.
മൂവായിരത്തിൽ കുറഞ്ഞ അമേരിക്കക്കാരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതെങ്കിൽ, അതിെൻറ പേരിൽ അമേരിക്ക നടത്തിയ ഹിംസാത്മക അധിനിവേശങ്ങൾ അതിെൻറ 270 ഇരട്ടി മനുഷ്യരെയാണ് കൊന്നത്. ഇന്ന് കോവിഡ് ഭീകര വൈറസിനുമുന്നിൽ രണ്ടു ലക്ഷത്തോളം അമേരിക്കക്കാർ മരിച്ചു കഴിഞ്ഞു. ഡിസംബറോടെ പ്രതിദിനം മൂവായിരം അമേരിക്കക്കാർ കോവിഡിനിരയായി മരിക്കുന്ന അവസ്ഥയെത്തുമെന്ന് വിദഗ്ധ നിരീക്ഷകർ പ്രവചിക്കുന്നു -ഓരോ ദിവസവും ഒരു സെപ്റ്റംബർ 11.
ഭീകരാക്രമണമെന്നപോലെ ഭീകര രോഗവും പകവീട്ടലിെൻറ അടിസ്ഥാനത്തിൽ കാണപ്പെടേണ്ട ഒന്നല്ല. അതേസമയം അമേരിക്കയും കൂട്ടാളികളും നടത്തിയ നരമേധങ്ങളുടെ ഭീകരത കുറച്ചുകാണാനുമാകില്ല. ബ്രൗൺ യൂനിവേഴ്സിറ്റി നടത്തിയ 'യുദ്ധത്തിെൻറ വിലക്കണക്ക്' (Costs of War Project) എന്ന പഠനം ഞെട്ടിക്കുന്ന കണക്കുകളാണിപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അഫ്ഗാനിസ്താൻ, ഇറാഖ്, സിറിയ, പാകിസ്താൻ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ എട്ടു ലക്ഷത്തിലധികം മനുഷ്യരെയാണ് അമേരിക്ക കൊന്നുകളഞ്ഞത്.
പലേടത്തും ഇന്നും പരിഹരിച്ചിട്ടില്ലാത്ത സംഘർഷങ്ങൾക്ക് വിത്തിട്ടു. മുമ്പില്ലാതിരുന്ന ഭീകര പ്രസ്ഥാനങ്ങൾക്ക് കാരണം മാത്രമല്ല, സഹായവും അർഥവും അമേരിക്ക നൽകി. 2001നു മുമ്പ് അമേരിക്കയുടെ അക്രമോത്സുക സാമ്രാജ്യത്വ ഇടപെടലുകൾ കിഴക്കൻ രാജ്യങ്ങളിൽ വ്യാപകമായ അതൃപ്തിയും ചെറുത്തുനിൽപ് വികാരവും ഉയർത്തിയിരുന്നു; എന്നാൽ 'ഭീകരവിരുദ്ധ' യുദ്ധങ്ങൾക്കുശേഷമാകട്ടെ, ഭീകരതയും ഭീകരസംഘങ്ങളും അവഗണിക്കാനാകാത്ത യാഥാർഥ്യമായിത്തീർന്നു.
ഇതിനെല്ലാമപ്പുറം, ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്ക് അമിതാധികാര പ്രയോഗത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമുള്ള സമ്മതപത്രമായി ഭീകരവിരുദ്ധ പോരാട്ടം മാറി. ലോക ചരിത്രത്തിലേറ്റവും കടുത്ത ഭീകരാക്രമണമായ ഹിരോഷിമ-നാഗസാക്കിക്കും ഏറ്റവും വ്യാപകമായ മനുഷ്യക്കുരുതിയായിത്തീർന്ന ഭീകരവിരുദ്ധ യുദ്ധങ്ങൾക്കും പിന്നാലെ അടുത്തകാലത്തെ ഏറ്റവും കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങൾക്കുകൂടി നേതൃത്വം നൽകിയ അമേരിക്കയാണ് മഹാമാരിക്കു മുമ്പാകെ സ്തംഭിച്ചുനിൽക്കുന്നത്. ഭരണ മുൻഗണനയിലും നൈതികതയിലും സംഭവിച്ച ഗുരുതരമായ പാളിച്ച, 2001നുശേഷമുള്ള 19 വർഷങ്ങളിലൂടെ അമേരിക്കൻ മേധാവിത്തത്തിെൻറ പൊള്ളത്തരം തുറന്നുകാട്ടിയിരിക്കുന്നു.
സി.ഐ.എയുടെ മർദനമുറകളും അഫ്ഗാനിസ്താനിൽ കാന്തഹാറിലും ബഗ്രാമിലും, പുറമെ ഗ്വണ്ടാനമോ ബേയിലും മറ്റും നിർമിച്ച ജയിലുകളും പീഡനയറകളും ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാകാത്ത ഭരണകൂട ഭീകരതകളാണ്. കുറ്റവിചാരണക്കുള്ള തടവുകാരും യുദ്ധത്തടവുകാരുമല്ലാതെ, ഭരണകൂടം ചൂണ്ടിക്കാട്ടുന്ന 'ശത്രു പോരാളികളെ'ന്ന മറ്റൊരുകൂട്ടം തടവുകാർ യു.എസ് അത്യാചാരത്തിെൻറ സൃഷ്ടിയാണ്; യഥാർഥത്തിൽ നിരപരാധിയായാൽപോലും ആ ഗണത്തിലുൾപ്പെട്ടയാൾക്ക് നിയമത്തിെൻറയോ മനുഷ്യത്വത്തിെൻറയോ സുരക്ഷാ പരിച നിഷേധിക്കപ്പെട്ടു.
ഗ്വണ്ടാനമോയിൽ പിടിച്ചിട്ട മൂന്നു ഡസൻ നിരപരാധികളെ എട്ടും പത്തും വർഷങ്ങൾക്കുശേഷം യു.എസ് കോടതികൾ വെറുതെ വിട്ടത് അവരുടെ ഭാഗ്യം. 40 പേർ ഇന്നും ഗ്വണ്ടാനമോയിൽ കഴിയുന്നു- കുറ്റപത്രമില്ല; വിചാരണയില്ല. നിയമബാഹ്യമായി വ്യക്തികളെ തടവിലിടുന്ന ഈ രീതി മറ്റു രാജ്യങ്ങളിലും പിന്തുടരുന്ന സ്ഥിതിവന്നു. ആയുധശക്തി കാട്ടി മറ്റു രാജ്യങ്ങളെ വിരട്ടുന്നതും അവക്കെതിരെ ഉപരോധമേർപ്പെടുത്തുന്നതും സ്വീകാര്യരീതിയായി വന്നു; യു.എൻവരെ അതിന് അരുനിന്നു. ഇതിനെല്ലാം ന്യായമായി എടുത്തുകാട്ടിയ 2001ലെ ഭീകരാക്രമണമാകട്ടെ, പല അന്വേഷണങ്ങൾക്കും ശേഷം ഇന്നും വ്യക്തതയില്ലാത്ത സമസ്യയായി തുടരുന്നു.
അമേരിക്ക നടത്തിയ ഒന്നിലധികം അന്വേഷണങ്ങളിൽ പൂർണ വ്യക്തതയുള്ള തീർപ്പുകളില്ല. യുക്തിരഹിതമായ അനുമാനങ്ങൾ ധാരാളമുണ്ടുതാനും. 19 വർഷം കഴിഞ്ഞിട്ടും 'ഭീകരത'ക്ക് നിർവചനംപോലും ലഭ്യമല്ല. ഏത് നിർവചനമുണ്ടായാലും അത് അമേരിക്കക്കെതിരെ വിരൽചൂണ്ടും എന്നതിനാലാവാം ഇത്.
ഹിരോഷിമ-നാഗസാക്കിയും കഴിഞ്ഞ 19 വർഷമായി അമേരിക്ക നയിച്ച സാമ്രാജ്യത്വ ഹിംസകളും ഉൾപ്പെടാത്ത എന്ത് നിർവചനമാണ് 'ഭീകരത'ക്ക് നൽകാനാവുക? 'ഭീകരതക്കെതിരെ' ചെയ്ത യുദ്ധങ്ങൾ കൂടുതൽ ഭീകരതയുണ്ടാക്കി. അതിനായി തുടക്കത്തിൽ ശത്രുപക്ഷത്തുനിർത്തിയ താലിബാനോട് ഇപ്പോൾ സന്ധിസംഭാഷണം നടത്തുകയാണ് അമേരിക്ക. അമേരിക്കക്കെതിരെ നടന്ന ഭീകരതയോളം കരാളമാണ് അമേരിക്ക നടത്തിയ ഭീകരതകളും എന്ന് സമ്മതിക്കാൻ നേരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.