ഒന്നര വർഷത്തിലേറെയായി നമ്മുടെ ആരോഗ്യ ചിന്തകളും ഭയങ്ങളുമെല്ലാം കോവിഡിനെ അകറ്റുന്നതുമായി ബന്ധപ്പെട്ടാണ്. പുറത്തുപോയി തിരിച്ചെത്തുേമ്പാൾ കുളിച്ചുമാത്രം വീട്ടിൽ കയറാനും ഓഫിസിൽ എത്തിയാൽ പതിനഞ്ച് മിനിറ്റ് ഇരിപ്പിടവും പരിസരവും സാനിറ്റൈസർ തളിച്ച് ശുചീകരിക്കാനും നിഷ്ഠപുലർത്തുന്ന നമ്മൾ കൊതുകിനെ അകറ്റാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഇെല്ലങ്കിൽ ഇന്നുതന്നെ അതാരംഭിച്ചേ തീരൂ.
ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ ആഫ്രിക്കയിലും ഏഷ്യയിലും ഭൂമധ്യരേഖയുടെ സമീപപ്രദേശങ്ങളിലും മാത്രം കാണപ്പെട്ടിരുന്ന സിക പനി ഇന്ന് അതിവേഗം വ്യാപിക്കുകയാണ്. സിക ൈവറസുകൾ മൂലമുണ്ടാവുന്ന ഈ രോഗപകർച്ച തടയാൻ ഇന്ന് മരുന്നുകളോ വാക്സിനുകളോ ഇല്ല. 2016ൽ ഫെബ്രുവരിയിൽ സിക പനി ബാധിച്ച ഗർഭിണികളുടെ ശിശുക്കളിൽ വ്യാപകമായ തോതിൽ ജന്മവൈകല്യങ്ങൾ സംഭവിച്ചു. ബ്രസീലിൽ ഏതാണ്ട് നാലായിരത്തിലധികം കുഞ്ഞുങ്ങളിലാണ് തലയോട്ടി ചുരുങ്ങിപ്പോകുന്ന മൈക്രോ സെഫാലി എന്ന അവസ്ഥ സിക പനിമൂലം വന്നുഭവിച്ചത്.കൊതുകു കടിയിലൂടെയാണ് ഈ ആർബോ ൈവറസ് പടരുന്നത്.
എന്താണ് ആർബോ വൈറസുകൾ?
ജീവതന്തുക്കളായി റൈബോ ന്യൂക്ലിക് ആസിഡ് (ആർ.എൻ.എ) ഉള്ള വൈറസുകളാണവ.മൃഗങ്ങളിലും പക്ഷികളിലും ഷഡ്പദങ്ങളിലും പ്രജജനം ചെയ്യാൻ കഴിവുള്ള ഇവയുടെ ജീവിതത്തിലെ ഒരുഘട്ടം ഷഡ്പദങ്ങളിലൂടെ തന്നെയാവണം. ചൂടുകൊണ്ട് നശിച്ചുപോകുന്ന ഇവയുടെ ജീവചക്രം കൊതുക്, ചെള്ള് എന്നിവയിലൂടെയാണ് സുരക്ഷിതമാക്കപ്പെടുന്നത്. ലോകമെമ്പാടും അഞ്ഞൂറിലേറെ ആർബോ വൈറസുകൾ ഉണ്ടെങ്കിലും നൂറിലേറെ എണ്ണം മാത്രമേ മനുഷ്യരിൽ രോഗമുണ്ടാക്കുന്നുള്ളൂ. മഞ്ഞപ്പനി, ചികുൻഗുനിയ തുടങ്ങിയവ ഉദാഹരണം. ആദ്യമായി കണ്ടെത്തിയ യുഗാണ്ടയിലെ സിക വനങ്ങളിലാകയാലാണ് ൈവറസിന് ഈ പേര് കൈവന്നത്. ഈഡസ് ഈജിപ്തി ഇനം കൊതുകുകളാണ് രോഗം പരത്തുന്നത്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസെഫലൈറ്റിസ്, കരളിനെ ബാധിക്കുന്ന മഞ്ഞപ്പനി, ഡെങ്കി, ചികുൻഗുനിയ എന്നിവയെല്ലാം വ്യാപിക്കുന്നതിന് കാരണമാകുന്ന ഈ കൊതുകിന് പെറ്റുപെരുകാൻ ഒരു ഇലയിലോ ചിരട്ടയിലോ കെട്ടിനിൽക്കുന്ന വെള്ളം മതി. പകൽസമയത്തും സന്ധ്യക്ക് മുമ്പുമാണ് ഇവ കടിക്കുന്നത്.
വൈറസിന്റെ സവിശേഷതകൾ
ഇവയുടെ പ്രജജനം കൊതുകുകളിൽ രോഗമുണ്ടാക്കുന്നില്ല. അതേപോലെ, ഗർഭസ്ഥ ശിശുക്കളിൽ പ്രജജനം നടക്കുേമ്പാഴും ഗർഭിണിയിൽ രോഗലക്ഷണങ്ങൾ കാണണമെന്നില്ല. രോഗം ബാധിച്ച അഞ്ചിലൊന്ന് പേർക്കേ ലക്ഷണം പ്രകടമാകാറുള്ളൂ. രോഗി ഡോക്ടറെ കണ്ട് ചികിത്സ തേടാൻ വൈകുന്നതിന് ഇത് ഇടയാക്കുന്നു. കൊതുകുകടിയിലൂടെ ശരീരത്തെത്തുന്ന വൈറസുകളെ ശ്വേതാണുക്കൾ രൂപമാറ്റം സംഭവിച്ച കോശങ്ങളായ മാക്രോഫേജുകൾ (macrophages) വിഴുങ്ങുകയും അവയിലൂടെ ലിംഫ് കോശങ്ങൾ വഴി രക്തത്തിൽ കലരുകയും ചെയ്യുന്നു. പിന്നീട് തലച്ചോറിൽ എത്തി അവിടെ പെറ്റുപെരുകുന്നു.
പകരുന്നതിങ്ങിനെ
രോഗാണു ബാധിച്ചവരെ കടിച്ച കൊതുകിന് പുറമെ രോഗിയുടെ ഉമിനീർ, മൂത്രം ശുക്ലം എന്നിവയിലൂടെയും രോഗബാധ ഉണ്ടാവാമെന്നാണ് ഇപ്പോഴത്തെ കണ്ടുപിടിത്തങ്ങൾ. പനി, തലവേദന, കണ്ണിന് ചുവപ്പ്, തൊലിപ്പുറത്തുണ്ടാവുന്ന ചുവന്ന പാടുകൾ എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങൾ. രണ്ടു ദിവസം മുതൽ ഏഴു ദിവസം ഇവ നീണ്ടുനിൽക്കും.
എന്നാൽ, രോഗാണു ശരീരത്തിൽ കടന്ന് രോഗമുണ്ടാക്കാനെടുക്കുന്ന സമയം (ഇൻകുബേഷൻ പിരീഡ്) എത്രയെന്ന് കണക്കാക്കപ്പെട്ടിട്ടില്ല. രോഗം വന്ന ചിലരിൽ കൈകാലുകളിൽ തളർച്ച അനുഭവപ്പെടാറുണ്ട്. നാഡികളെ തളർത്തുന്ന ഗില്ലൻബാരി സിൻഡ്രോമും ചിലരിൽ സംഭവിക്കുന്നു. ഗർഭസ്ഥശിശുക്കൾക്ക് വൈകല്യങ്ങളുണ്ടാവുന്നതിനു പുറമെ ചില സ്ത്രീകളിൽ ഗർഭം അലസലുമുണ്ടാവാറുണ്ട്.
വെല്ലുവിളികളും പ്രതിരോധവും
കേരളത്തിൽ ഈ രോഗത്തിന്റെ വ്യാപനത്തിന് സാധ്യത ഏറെയാണ്. ഈ വൈറസ് ഇവിടെ പുതിയതാകയാൽ നമുക്ക് അതിനെതിരെ പ്രതിരോധശേഷി കുറവായിരിക്കും. രോഗത്തിന് പ്രത്യേകമായ ചികിത്സയോ വാക്സിനോ ഒന്നുമില്ല എന്നതുതന്നെയാണ് മുഖ്യവെല്ലുവിളി. ഇന്ത്യയിലെ ഒരു സ്ഥാപനം വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള യജ്ഞത്തിലാണ്.വൈറസ് ബാധയേറ്റവർ പൂർണ വിശ്രമമെടുക്കണം, ധാരാളമായി വെള്ളവും കുടിക്കണം. ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ വേദനസംഹാരികളും മറ്റു മരുന്നുകളും കഴിക്കാവൂ. കൊതുകു നശീകരണമാണ് രോഗത്തെ ചെറുക്കാനുള്ള ഫലപ്രദമായ മാർഗം. കൊതുകുകടിയേൽക്കാതെ സൂക്ഷിക്കുകയും ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുകയും വേണം.
(തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ റിട്ട. മെഡിക്കൽ മൈക്രോ ബയോളജിസ്റ്റാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.