ആഗസ്റ്റ് ആറ് ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട് നഗരത്തിലെ കോട്ടൂളിയിൽ സ്കൂട്ടർ കു ഴിയിൽ ചാടി തെറിച്ചു വീണ്, പിറകെ വന്ന ലോറിക്കടിയിൽപെട്ടാണ് മലാപ്പറമ്പ് ഹൗസിങ് കോള നിയിലെ കെ.സി. അജിത മരണപ്പെടുന്നത്. കുഴികളിൽ വീണ് മരണപ്പെടുന്ന പതിനായിരക്കണക്കി ന് ഇരുചക്ര വാഹന യാത്രികരിൽ ഒരാൾ മാത്രമാണ് അജിത. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അ ന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനായി മുൻ ജഡ്ജി കെ.എസ്. രാധാകൃഷ്ണെൻറ അധ്യക ്ഷതയിൽ സുപ്രീംകോടതി 2018ൽ ഒരു കമ്മിറ്റിയെ നിശ്ചയിച്ചിരുന്നു. 2013 മുതൽ 2017 വരെയുള്ള അഞ്ചുവർഷക്കാലയളവിൽ മാത്രം 14,926 പേർ രാജ്യത്താകമാനം കുഴിയിൽ വീണ് മരിച്ചെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. കുഴിയപകടവുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും ആധികാരികമായ പഠനറിപ്പോർട്ടാണിത്. ഈ റിപ്പോർട്ട് മുന്നിൽ വെച്ചാണ്, 2018ൽ റോഡ് അപകടവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണക്കവെ, രാജ്യത്ത് ഭീകരാക്രമണങ്ങളിൽ മരിക്കുന്നവരെക്കാൾ കൂടുതൽ പേർ റോഡ് കുഴികളിൽ വീണ് മരിക്കുെന്നന്ന് ജസ്റ്റിസ് മദൻ ബി ലോകൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാമർശിച്ചത്. അതായത്, മലാപ്പറമ്പിലെ അജിത തങ്ങളുടേതല്ലാത്ത കാരണത്താൽ വീണുപോകുന്ന അനേകം ജീവിതങ്ങളിൽ ഒരാൾ മാത്രമാണ്.
അജിതയുടെ മരണത്തിന് സവിശേഷ പ്രാധാന്യം ലഭിക്കുന്ന മറ്റൊരു ഘടകമുണ്ട്. അവരുടെ മരണത്തെ തുടർന്ന് വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ വിനോജ് കുമാറിനെതിരെ ഐ.പി.സി 304 എ (അശ്രദ്ധ പ്രവൃത്തി കാരണമുള്ള മരണം) ചുമത്തി പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കോഴിക്കോട് കലക്ടർ ശ്രീറാം സാംബശിവ റാവുവിെൻറ നിർദേശ പ്രകാരമാണ് മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാട്ടർ അതോറിറ്റിക്കാർ ഉണ്ടാക്കിയ കുഴിയിൽ വീണാണ് അജിതയുടെ മരണം. കുഴി മരണത്തിെൻറ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്ന അനുഭവം രാജ്യത്തുതന്നെ അത്യപൂർവമാണ്. 2018 സെപ്റ്റംബറിൽ തൃശൂർ കുതിരാനിൽ യാത്രക്കാർ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കാൻ മജിസ്േട്രറ്റ് കോടതി പീച്ചി പൊലീസിന് നിർദേശം നൽകിയിരുന്നു. 2018 ഒക്ടോബറിൽ എറണാകുളം കാക്കനാട് പടമുഗൾ ജങ്ഷന് സമീപം റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ എബിൻ മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഇങ്ങനെയുള്ള പ്രത്യേക നടപടികൾക്കപ്പുറത്ത് കുഴിയപകട മരണങ്ങളുമായി ബന്ധപ്പെട്ട് ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകുന്ന അനുഭവങ്ങളില്ല എന്നുതന്നെ പറയാം. സ്കൂട്ടർ കുഴിയിൽ ചാടി പിറകിലിരിക്കുന്ന ഭാര്യ തെറിച്ച് വീണ് മരിച്ചതിെൻറ പേരിൽ കേസിൽ കുടുങ്ങിയ ഭർത്താവുണ്ട് നമ്മുടെ നാട്ടിൽ. 2018 ജൂൺ 18ന് മരണപ്പെട്ട മലപ്പുറം തിരൂരിലെ ഷാജിദയുടെ ഭർത്താവിനാണ് ഈ ഗതികേടുണ്ടായത്. റോഡിെൻറ ശോച്യാവസ്ഥക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പക്ഷേ, ഇവിടെ നടപടിയൊന്നുമുണ്ടായില്ല.
കുഴിയിൽ ചാടി തെറിച്ച് വീഴുന്നവർ പലപ്പോഴും അതേ ദിശയിലോ എതിർദിശയിലോ വരുന്ന വാഹനമിടിച്ചാണ് മരണപ്പെടുന്നത്. പൊടുന്നനെ ഒരാൾ തെറിച്ച് വീഴുമ്പോൾ അയാളെ ഇടിക്കാതെ വാഹനം നിയന്ത്രിക്കാൻ ആർക്കും സാധിക്കുകയില്ല. പക്ഷേ, വിചിത്രമായ കാര്യം, ഇത്തരം മരണങ്ങളുടെ പേരിൽ ഇടിച്ച വാഹനത്തിെൻറ ഉടമ/ൈഡ്രവർ കേസിൽ പെടുെന്നന്നതാണ്. അജിതയുടെ കാര്യത്തിലും ഇതു സംഭവിച്ചു. അജിത സഞ്ചരിച്ച അതേ ദിശയിൽ വരുകയായിരുന്ന ലോറിയിടിച്ചാണ് അവരുടെ മരണം. ലോറി ൈഡ്രവർ താമരശ്ശേരി കൈതപ്പൊയിൽ ടി.കെ. ബിജുവിനെതിരെ ഐ.പി.സി 279, (അപകടകരമാം വിധം വാഹനമോടിക്കൽ), 337 (പരിക്കേൽപിക്കൽ) വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
കുഴികൾ നിറഞ്ഞ് താറുമാറായ റോഡിലാണെങ്കിൽ ഇതേ പോലുള്ള അപകടങ്ങൾ സംഭവിക്കില്ല. അവിടെ ആളുകൾ ശ്രദ്ധിച്ച് പതുക്കെയേ വണ്ടിയോടിക്കയുള്ളൂ. സാമാന്യം വേഗത്തിൽ വാഹനമോടിക്കാൻ പാകത്തിലുള്ള റോഡുകളിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന കുഴികളാണ് ഇത്തരം മരണങ്ങൾക്ക് കാരണം. മഴപെയ്യുമ്പോൾ മാത്രം രൂപപ്പെടുന്നതല്ല ഇത്. പ്രീ മൺസൂൺ ജോലികൾ വേണ്ടവിധം നടത്താത്തിടത്ത് ഇത്തരം കുഴികൾ ധാരാളമുണ്ടാകുമെന്ന് മാത്രം. കുഴികൾ രൂപപ്പെടുമ്പോൾതന്നെ അത് അടക്കാനുള്ള സംവിധാനമോ േപ്രാട്ടോകോളോ ഇല്ല എന്നതാണ് പ്രശ്നം. ഇനി, കുഴികൾ മൂടാൻ സാധ്യമല്ലെങ്കിൽ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുകയെങ്കിലും ചെയ്യാവുന്നതേയുളളൂ. റെയിൽ പാളത്തിലൂടെ സുരക്ഷ പരിശോധിക്കാൻ േട്രാളിയിൽ സഞ്ചരിക്കുന്ന ജീവനക്കാരുണ്ട്. എന്നാൽ, നമ്മുടെ ഹൈവേകളിൽ ഇത്തരത്തിലുള്ള എന്തെങ്കിലും പരിശോധനാ സംവിധാനങ്ങളുണ്ടോ? നാട്ടുകാർ വാഴക്കന്നും കമ്പുകളും നാട്ടി വെച്ചത് കൊണ്ട് മാത്രമാണ് പലേടത്തും വലിയ അപകടങ്ങൾ ഒഴിവാകുന്നത്.
ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയുടെ ഭാഗത്തുനിന്നുള്ള മാപ്പർഹിക്കാത്ത അലംഭാവമാണ് ഇത്തരം ദാരുണമരണങ്ങളുടെ യഥാർഥ കാരണം. മനുഷ്യജീവനോട് ഒരു ഉത്തരവാദിത്തവുമില്ലാതെയാണ് അവർ പെരുമാറുന്നത്. ക്രൂരമായ ഈ നിസ്സംഗത അവസാനിപ്പിക്കണം. ധാർമിക പ്രഭാഷണങ്ങൾകൊണ്ട് ഈ സമീപനം മാറില്ല. അതിനാൽതന്നെ ഇത്തരം കുഴിയപകടങ്ങളുടെ പേരിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കുകതന്നെയാണ് വേണ്ടത്. അപകടങ്ങൾ ആവർത്തിച്ചാൽ നിയമനടപടികൾ ഉണ്ടാവുമെന്ന് കോഴിക്കോട് കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതു കോഴിക്കോട് മാത്രമായി ചുരുങ്ങരുത്. ഇത്തരം കാര്യങ്ങൾ നടപടി ചട്ടങ്ങളുടെ ഭാഗമായി വരണം. റോഡ് സുരക്ഷ, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട കൃത്യവും സൂക്ഷ്മവുമായ േപ്രാട്ടോകോൾ നിർണയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.