ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തിലുണ്ട്. അവരുടെ സന്ദർശനത്തെക്കുറിച്ച് തങ്ങൾക്ക് ഒരു മുന്നറിവുമുണ്ടായിരുന്നില്ല എന്നാണ് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറയുന്നത്. ടെലിവിഷൻ ചാനലുകളിലൂടെയാണെത്ര അവർ സന്ദർശനത്തെക്കുറിച്ച് അറിയുന്നത്. മാധ്യമങ്ങളെ അറിയിക്കാതെ, പൊതുവായ അറിയിപ്പ് നൽകി സിറ്റിങ്ങുകൾ സംഘടിപ്പിക്കാതെ, തങ്ങൾക്ക് വേണ്ടെപ്പട്ടവരെമാത്രം കാണാനുള്ള പദ്ധതിയുമായാണ് കേന്ദ്ര വനിത കമീഷെൻറ ഈ സന്ദർശനമെന്നത് യാഥാർഥ്യമാണ്. സന്ദർശനത്തിനിടെ രേഖ ശർമ നടത്തിയ പ്രസ്താവനകളാവട്ടെ, ഉത്തരവാദപ്പെട്ട ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലാത്തവയാണ്. കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നാണ് പ്രത്യേകിച്ച് എന്തെങ്കിലും തെളിവുകളുടെയോ വസ്തുതകളുടെയോ പിൻബലമില്ലാതെ അവർ പ്രസ്താവിച്ചത്. നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന ഡി.ജി.പിയെ കണ്ട് അവർ ആവശ്യപ്പെടുകയും ചെയ്തു. എവിടെ, ആരാണ് നിർബന്ധിത മതപരിവർത്തനം നടത്തുന്നതെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷയും മാധ്യമപ്രവർത്തകരും ചോദിച്ചെങ്കിലും കൃത്യമായ മറുപടി പറയാൻ അവർ സന്നദ്ധമായില്ല.
അതിഗുരുതരമായ ആരോപണങ്ങളാണ് രേഖ ശർമ ബുധനാഴ്ച തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ഉന്നയിച്ചത്. കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നു, അതിന് വലിയ സാമ്പത്തിക പിൻബലം ലഭിക്കുന്നു, മതപരിവർത്തനത്തിന് വിധേയമാകുന്നവരെ മനുഷ്യ ബോംബായി ഉപയോഗിക്കുന്നു എന്നിങ്ങനെ പോവുന്നു അവരുടെ ആരോപണങ്ങൾ. രേഖ ശർമ ഹരിയാനയിലെ അറിയപ്പെട്ട ബി.ജെ.പി പ്രവർത്തകയാണ്. ആർ.എസ്.എസ് തത്വശാസ്ത്രത്തിൽ അവർ വിശ്വസിക്കുന്നുണ്ടാവും. പക്ഷേ, അവരിപ്പോൾ ദേശീയ വനിത കമീഷൻ അധ്യക്ഷയാണ്. അങ്ങനെയൊരു പദവിയിലിരിക്കുന്ന ഒരാൾ ഉത്തരവാദിത്തബോധത്തോടെയാണ് സംസാരിക്കേണ്ടത്. എന്നാൽ, തെൻറ പദവി മറന്ന് ആർ.എസ്.എസ് പ്രഭാഷകർ തെരുവിൽ നടത്തുന്ന തരത്തിലുള്ള വിദ്വേഷവിസർജനമാണ് അവർ നടത്തിയിരിക്കുന്നത് എന്നു പറയാതെ വയ്യ.
നിർബന്ധിത മതംമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അടുത്ത കാലത്ത് ഗൗരവമായ വിമർശനവും പരാതിയുമുയർന്നത് എറണാകുളം തൃപ്പൂണിത്തുറയിലെ ആർഷ വിദ്യാ സമാജവുമായി ബന്ധപ്പെട്ടാണ്. അവിടെ പീഡനത്തിന് ഇരയായ നിരവധി പെൺകുട്ടികൾ പരാതികളുമായി മുന്നോട്ടുവരുകയും കോടതി ഇടപെടലുകൾ ഉണ്ടാവുകയും ചെയ്തു. സ്ത്രീപീഡനമടക്കമുള്ള ആരോപണങ്ങളാണ് ഈ കേന്ദ്രത്തിനെതിരെ ഉയർന്നത്. സംസ്ഥാന സർക്കാർ സ്വീകരിച്ച അഴകൊഴമ്പൻ സമീപനം കൊണ്ടുമാത്രമാണ് അവർ നിയമത്തിെൻറ പിടിത്തത്തിൽനിന്ന് രക്ഷപ്പെട്ട് നിൽക്കുന്നത്. ആ സ്ഥാപനത്തിെൻറ കൊടിയ പീഡനങ്ങൾക്ക് വിധേയമായവരെ ദേശീയ വനിത കമീഷൻ സന്ദർശിക്കുകയോ അവരെ കേൾക്കുകയോ ചെയ്തില്ല. എന്നാൽ, ഈ പീഡനകേന്ദ്രത്തിെൻറ നടത്തിപ്പുകാർക്ക് തന്നെ സന്ദർശിക്കാൻ സമയം നൽകുകയും അവരുടെ ഭാഗം കേൾക്കുകയും ചെയ്തു.
അവരുമായി സംസാരിച്ചിരിക്കുന്നതിെൻറ പടം ദേശീയ വനിത കമീഷെൻറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചു. അതിന് നൽകിയ അടിക്കുറിപ്പാണ് രസകരമായിട്ടുള്ളത്. നിർബന്ധിത മതപരിവർത്തനത്തിെൻറ ഇരകൾ ദേശീയ വനിത കമീഷനെ വന്നു കാണുന്നുവെന്നായിരുന്നു ആ അടിക്കുറിപ്പ്! നുണകൾ കൊണ്ട് കൊട്ടാരം പണിയുന്ന ആർ.എസ്.എസ് പ്രവർത്തന സംസ്കാരം ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരാൾ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് നടപ്പാക്കുന്നതിെൻറ നേർചിത്രങ്ങളാണിത്. ഭരണഘടനസ്ഥാപനങ്ങളുടെയും ഔദ്യോഗിക പദവികളുടെയും പവിത്രത നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമുള്ള പതിവ് കാഴ്ചയാണ്. പക്ഷേ, അത് ഒരു സംസ്ഥാനത്തെ അവഹേളിക്കുകയും ജനങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വളരാൻ അനുവദിക്കരുത്. സംസ്ഥാനത്തെ പൗരാവകാശ പ്രവർത്തകരും സ്ത്രീവാദികളും ജനാധിപത്യവിശ്വാസികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.
മതം മാറി ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തതിെൻറ പേരിൽ മാസങ്ങളായി വീട്ടുതടങ്കലിൽ അകപ്പെട്ട വൈക്കത്തെ ഹാദിയയെ സന്ദർശിക്കാനും ദേശീയ വനിത കമീഷൻ സമയം കണ്ടെത്തി. ഹാദിയയെ കണ്ട് പുറത്തിറങ്ങിയ കമീഷൻ അധ്യക്ഷ അവിടെയും നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചാണ് സംസാരിച്ചത്. ഹാദിയക്ക് എന്താണ് പറയാനുള്ളത് എന്ന് ജനങ്ങളെ കേൾപ്പിക്കാൻ അവർ സന്നദ്ധമായില്ല. അതേസമയം, ഇതിൽ വലിയൊരു വൈരുധ്യം കിടപ്പുണ്ട്. ഹാദിയ കേസ് കോടതി പരിഗണനയിലിരിക്കെ തങ്ങൾക്ക് അവരെ സന്ദർശിക്കാൻ സാധ്യമല്ല എന്നതായിരുന്നു സംസ്ഥാന വനിത കമീഷെൻറ നിലപാട്. ആ നിലപാട് അവർ പറഞ്ഞുകൊണ്ടിരിക്കെത്തന്നെയാണ് ദേശീയ വനിത കമീഷൻ ഹാദിയയെ സന്ദർശിക്കുന്നത്. ദേശീയ വനിത കമീഷനും സംഘ്പരിവാർ സഹയാത്രികരും നേതാക്കളും ഹാദിയയെ സന്ദർശിച്ചു കഴിഞ്ഞിരിക്കെ തങ്ങൾക്കുമാത്രം അവരെ സന്ദർശിക്കാൻ സാധിക്കാത്തതിെൻറ സാങ്കേതിക തടസ്സം എന്ത് എന്ന് സംസ്ഥാന വനിത കമീഷൻ ഇനിെയങ്കിലും വ്യക്തമാക്കണം. ഹാദിയപ്രശ്നം ഇത്രയും വഷളാവുന്നതിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച അലംഭാവ സമീപനങ്ങൾ കാരണമായിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ, അൽപം കൂടി ഉത്തരവാദിത്തബോധത്തോടെയും നീതിപൂർവകമായും വിഷയത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാറും വനിത കമീഷനും ഇനിയെങ്കിലും സന്നദ്ധമാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.