ചായകുടിക്കാൻ പോയവരും യു.എ.പി.എയും


'ആ പരിശോധന നടത്തിക്കഴിഞ്ഞല്ലോ. അവർ മാവോയിസ്​റ്റുകളാണെന്ന് വ്യക്തമായിക്കഴിഞ്ഞല്ലോ. അതിലെന്താ പ്രശ്നം വന്നിരിക്കുന്നത്? അവർ സി.പി.എം പ്രവർത്തകരൊന്നുമല്ല. യു.എ.പി.എ ചുമത്തിയത് ഒരു മഹാ അപരാധമായിപ്പോയി എന്ന് പറയണമെന്നല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്? അത് ഞാൻ പറയുന്നില്ല.

അവരെന്തോ പരിശുദ്ധന്മാരാണ്; എന്തോ ചായ കുടിക്കാൻ പോയപ്പോ പിടിച്ചതാണ് എന്ന മട്ടിലുള്ള ധാരണ വേണ്ട'– 2019 നവംബർ ഒന്നിന് കോഴിക്കോടുനിന്ന് പൊലീസ്​ പിടിച്ചു കൊണ്ടുപോയ അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ സി.പി.എം പ്രവർത്തകരായ വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് വലിയ രാഷ്​ട്രീയവിവാദമായി പടരവെ, 2020 ജനുവരി ഒന്നിന്, പത്രസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് ഇൗ വാക്കുകൾ. പത്തുമാസത്തെ ജുഡീഷ്യൽ കസ്​റ്റഡിക്ക് ശേഷം ഇപ്പോൾ രണ്ടുപേർക്കും കൊച്ചി എൻ.ഐ.എ പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു.

ജാമ്യം അനുവദിച്ച് ജഡ്ജി അനിൽ കെ. ഭാസ്​കർ നടത്തിയ വിധിപ്രസ്​താവം മുഖ്യമന്ത്രിയുടെയും സി.പി.എമ്മിെൻറയും നിലപാടുകൾക്കേറ്റ പ്രഹരമാണ്. ഒപ്പം, ദുർനിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രതിസ്വരങ്ങളെ അടിച്ചമർത്താൻ വ്യാമോഹിക്കുന്ന മുഴുവൻ ആളുകൾക്കുമുള്ള മറുപടിയുമാണ്. ദേശീയതയെയും ദേശസ്​നേഹത്തെയും മുൻനിർത്തി കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ അന്തരീക്ഷത്തിൽ പ്രതീക്ഷ നൽകുന്നതാണ് ആ വിധി പ്രസ്​താവത്തിലെ വരികൾ.

പ്രതികളുടെ പ്രവർത്തനങ്ങളും നീക്കങ്ങളും നിരോധിത സംഘടനയുടെ നിയന്ത്രണത്തിലാണെന്ന് പറയാനാവില്ലെന്നും പ്രതികൾ സി.പി.ഐ മാവോയിസ്​റ്റ്​ കേഡർമാരാണെന്നും അവരുടെ നീക്കങ്ങളും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് സംഘടനയാണെന്നും സ്​ഥാപിക്കാൻ േപ്രാസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വിധിയിൽ പറയുന്നു.

'അവർ മാവോയിസ്​റ്റുകളാണ്, അതിലെന്താ സംശയം' എന്നു ചോദിച്ച, ഈ വിദ്യാർഥികൾക്കുമേൽ യു.എ.പി.എ ചുമത്തിയ ആഭ്യന്തരവകുപ്പ്​ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ആ നിലപാടിനെ പിന്തുണച്ച കേരളത്തിലെ സി.പി.എം നേതൃത്വത്തിനുമുള്ള പ്രഹരം തന്നെയാണ് കോടതിയുടെ ഈ പ്രസ്​താവനകൾ. 'നിരോധിത മാവോയിസ്​റ്റ്​ സംഘടനയോട് പ്രതികൾക്ക് ഒരു ചായ്​വുള്ളതായി സൂചിപ്പിക്കുന്നുണ്ട്. നിരോധിത സംഘടനയുടെ പതാക, സംഘടന പ്രസിദ്ധീകരിച്ച മാഗസിൻ, ലഘുലേഖ എന്നിവ താഹയുടെ ​കൈവശമുണ്ടെന്നാണ് േപ്രാസിക്യൂഷൻ ആരോപണം.

എന്നാൽ, പ്രതികൾക്കെതിരെ ഭീകര പ്രവർത്തനങ്ങളൊന്നും ആരോപിക്കാൻ കഴിഞ്ഞിട്ടില്ല. അതേപോലെ ഈ കേസിലെ സാക്ഷിമൊഴികൾ പ്രകാരം പ്രതികൾ നിരോധിത സംഘടനയിലെ അംഗങ്ങളാണെന്നും അവർക്ക് ഏതെങ്കിലും വിധത്തിൽ സഹായങ്ങൾ ചെയ്തെന്നും വ്യക്തമല്ല. സമൂഹത്തിലെ ദുർബലവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലുകൾ മാവോയിസ്​റ്റ്​ തത്ത്വചിന്തയിലേക്ക് നിരവധി ആളുകളെ ആകർഷിക്കുന്നുണ്ട്. എന്നാൽ, എല്ലാവരെയും തീവ്രവാദ സംഘടനയിലെ ആളുകളായി കാണാൻ കഴിയില്ല' -ഇങ്ങനെ പോവുന്നു കോടതിയുടെ നിലപാടുകൾ.

മാവോവാദി സംഘടനയോട് ആശയപരമായ അനുഭാവമുണ്ടെന്ന് കരുതി അതിെൻറ പേരിൽ നിയമനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് രാജ്യത്തെ പല കോടതികളും മുമ്പ് പലതവണ വിധിച്ചു കഴിഞ്ഞതാണ്. എന്നാൽ, നമ്മുടെ നാട്ടിലെ പൊലീസ്​ സംവിധാനങ്ങളും അവയെ കൊണ്ടുനടത്തുന്ന സർക്കാറുകളും ഈ വിധികളൊന്നും ഗൗനിക്കാറേയില്ല.

കോൺഗ്രസ്​, ബി.ജെ.പി വ്യത്യാസമില്ലാതെയാണ് ദേശീയ തലത്തിൽ യു.എ.പി.എ തങ്ങൾക്കാവശ്യമുള്ള ഏത് ആവശ്യത്തിനും ഭരണകൂടങ്ങൾ എടുത്തു വീശിക്കൊണ്ടിരുന്നത്. എന്നാൽ, യു.എ.പി.എക്കെതിരെ തത്ത്വാധിഷ്ഠിത നിലപാടുണ്ടെന്ന് വീമ്പ്​ പറയാറുള്ള പാർട്ടിയാണ് സി.പി.എം. ആ പാർട്ടി സംസ്​ഥാനം ഭരിക്കുമ്പോഴാണ് സ്വന്തം കേഡർമാരായ രണ്ട് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തുന്നതും അതിനെ ന്യായീകരിച്ചു പോന്നതും.

പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയാണെങ്കിലും പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ തള്ളിക്കളയുന്നതാണ് വിധിയുടെ ഉള്ളടക്കം. അതായത്, ഈ കേസ്​ അതിെൻറ അന്തിമ വിചാരണയിലും സമ്പൂർണമായി പരാജയപ്പെടും എന്നുതന്നെ കരുതാനാവും. സി.പി.എം എന്തിനാണ് ഈ നടപടിയെ ന്യായീകരിക്കാൻ ഇറങ്ങിയത് എന്ന് ആശ്ചര്യപ്പെടുന്നതിൽ അർഥമില്ല.

ഭരണകൂടത്തിെൻറ ഭാഷയിൽ സംസാരിക്കാൻ മാത്രമേ അധികാരത്തിലിരിക്കുമ്പോൾ അവർക്കും സാധിക്കുന്നുള്ളൂ എന്നതാണ് വാസ്​തവം. പക്ഷേ, പന്തീരാങ്കാവ് യു.എ.പി.എ കേസിൽ സി.പി.എം അതിലപ്പുറവും കടന്നു. അലനും താഹക്കുമെതിരായ നടപടികളെ ന്യായീകരിക്കാൻ ഇസ്​ലാമിസ്​റ്റുകളെ ഇതുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുകയായിരുന്നു സി.പി.എം നേതൃത്വം. മാവോവാദികൾക്ക് സർവ പിന്തുണയും നൽകുന്നത് ഇസ്​ലാമിസ്​റ്റുകളാണ് എന്ന് പ്രസംഗിച്ചു പാർട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി. സംസ്​ഥാന നേതാക്കൾ അതിനെ പിന്തുണച്ചു.

മാവോവാദി​​ ചാപ്പകുത്തി എതിർപ്പുകളെ നേരിടുന്ന ഭരണകൂട യുക്തിയും ഇസ്​ലാം പേടി ഉയർത്തി എന്തിനെയും മറികടക്കുകയെന്ന വലതുപക്ഷ യുക്തിയുമാണ് സി.പി.എം ഇവിടെ പ്രയോഗിച്ചത്. യു.ഡി.എഫ് സഖ്യത്തെ കുഞ്ഞുമാണി, കുഞ്ഞൂഞ്ഞ്, കുഞ്ഞാലിക്കുട്ടി സഖ്യം എന്നാക്ഷേപിച്ച് ഹിന്ദു ഏകീകരണം നടത്തിയാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിനെ അവർ നേരിട്ടത്. സമാനമായ രീതി ഈ തെരഞ്ഞെടുപ്പിലും സ്വീകരിക്കുമെന്നതിെൻറ സൂചനകൾ അവർ നൽകിക്കഴിഞ്ഞു. അതായത്, മാവോയിസമാകട്ടെ, ഇസ്​ലാമിസമാവട്ടെ, തീവ്രവാദമാവട്ടെ എന്തിനെയും തങ്ങളുടെ രാഷ്​ട്രീയലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഉരുപ്പടി മാത്രമായാണ് സി.പി.എം കാണുന്നത്. ആ നിലപാടിനുകൂടി ഏറ്റ തിരിച്ചടിയാണ് എൻ.ഐ.എ സ്​പെഷൽ കോടതിയുടെ ഉത്തരവ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT