മാധ്യമസ്വാതന്ത്ര്യത്തിന് ആശ്വാസകരമായ മറ്റൊരു വിധി

കേന്ദ്ര സർക്കാർ 2021ലെ വിവരസാങ്കേതിക വിദ്യ നിയമത്തിലെ 'വസ്തുത പരിശോധന യൂനിറ്റ്' സ്ഥാപിക്കുന്നതിന് വരുത്തിയ ഭേദഗതികൾ അസാധുവാണെന്ന ഉത്തരവോടെ, ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബോംബെ ഹൈകോടതി നൽകിയ വിധി രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും നിലനിന്നു കാണാനാഗ്രഹിക്കുന്ന ആർക്കും ആശ്വാസം പകരുന്നതാണ്. നേരത്തെ ബോംബെ ഹൈകോടതിയിൽ തന്നെ വന്ന ഈ കേസിൽ ജനുവരിയിൽ ജസ്റ്റിസ് ജി.എസ്. പട്ടേൽ, ജസ്റ്റിസ് ഡോ. നീല ഗോഖലെ എന്നിവർ നൽകിയ ഭിന്നവിധി കാരണം മൂന്നാമതൊരു ജഡ്ജിക്ക് റഫർ ചെയ്ത കേസിലാണ് ജസ്റ്റിസ് അതുൽ ചന്ദുർകർ പുതിയ വിധി നൽകിയത്.

2022 ഏപ്രിലിലാണ് ഇലക്ട്രോണിക്‌സ്-വിവരസാങ്കേതിക വിദ്യ മന്ത്രാലയം ഐ.ടി നിയമത്തിന്‍റെ 2021ലെ മൂല നിയമചട്ടങ്ങളിൽ മധ്യവർത്തി പ്ലാറ്റ്ഫോമുകൾക്കുള്ള മാർഗനിർദേശങ്ങളും ഡിജിറ്റൽ മാധ്യമ പെരുമാറ്റ സംഹിതയും ഉൾപ്പെട്ട ഭേദഗതികൾ കൊണ്ടുവന്നത്. ഇതനുസരിച്ച് ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കാൻ വസ്തുത പരിശോധന യൂനിറ്റുകൾ സ്ഥാപിക്കാനും കേന്ദ്ര സർക്കാറിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച 'വ്യാജമോ, തെറ്റോ തെറ്റിദ്ധാരണജനകമോ’ ആയ ഉള്ളടക്കം എടുത്തുമാറ്റാൻ സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെടാനും ഭരണകൂടത്തിന് അധികാരം ലഭിക്കും. അത്തരം ഒരറിയിപ്പ് കിട്ടിയാൽ 36 മണിക്കൂറിനകം ഉള്ളടക്കം നീക്കം ചെയ്യാൻ മാധ്യമ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥരായിരിക്കും. വീഴ്ചവരുത്തിയാൽ അവർക്ക് മൂന്നാം കക്ഷി എന്ന നിലയിൽ നൽകുന്ന സംരക്ഷണം നഷ്ടപ്പെടും. വരിക്കാർ പ്രസിദ്ധപ്പെടുത്തുന്ന ഉള്ളടക്കങ്ങൾക്ക് പ്ലാറ്റ്ഫോമുകൾ ഉത്തരവാദിയല്ല എന്ന സംരക്ഷണമാണ് നഷ്ടമാവുന്നത്. 2023ലെ ചട്ട ഭേദഗതികൾ ഇറങ്ങി ഒരാഴ്ചക്കകം അതിന്‍റെ സാധുത ചോദ്യം ചെയ്ത് രാഷ്ട്രീയ ഹാസ്യ വിമർശകനായ കുണാൽ കാമ്രയും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ഇന്‍റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളും ഫയൽ ചെയ്ത ഹരജികളാണ് ഈ വിധിയിലേക്ക് നയിച്ചത്. ഭേദഗതികൾ സ്റ്റേ ചെയ്യണമെന്ന ഹരജിയും തള്ളിയതോടെ, മാർച്ച് 20ന് കേന്ദ്രം വസ്തുത പരിശോധന സമിതി രൂപവത്കരിച്ചു. എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ സുപ്രീംകോടതി പ്രശ്നത്തിൽ ഇടപെട്ടു, ബോംബെ ഹൈകോടതിയിലെ മൂന്നാം ജഡ്ജി ജസ്റ്റിസ് അതുൽ ചന്ദുർകർ അവസാന തീരുമാനമെടുക്കുന്നതുവരെ സമിതി രൂപവത്കരണം നിർത്തിവെക്കണമെന്ന് വിധിച്ചു. ഹരജികളിൽ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങളിലെ ഗൗരവമുള്ള ഭരണഘടന തത്ത്വങ്ങൾ അടങ്ങിയിരിക്കുന്നെന്ന് പരമോന്നത കോടതി നിരീക്ഷിക്കുകയും ചെയ്തു.

ഭേദഗതി സെൻസർഷിപ്പിന് തുല്യമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം വരുത്താൻ ഭരണഘടന പറഞ്ഞ കാരണങ്ങൾ ഇവിടെ ഇല്ലെന്നുമാണ് ഒരു ജഡ്ജിയുടെ നിലപാട്. എന്നാൽ, ഭരണകൂടത്തെ സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ന്യായമായ വിമർശനങ്ങളെ അത് തടയുന്നില്ലെന്നുമാണ് ഭേദഗതിയെ അനുകൂലിച്ച ജസ്റ്റിസ് നീല ഗോഖലെ അഭിപ്രായപ്പെട്ടിരുന്നത്.

അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഹിതാനുസാരം ഹനിക്കാൻ ഭരണകൂടം മിക്കവാറും ആശ്രയിക്കുക അവ്യക്തവും വ്യാഖ്യാന വിധേയവുമായ പദപ്രയോഗങ്ങളെയും അമിതാധികാരത്തിനുള്ള നിയമത്തിലെ പഴുതുകളെയുമാണ്. അത്തരം പദപ്രയോഗങ്ങൾ തന്നെയാണ് വിധിയിൽ ജഡ്ജിമാർ എടുത്തുപറഞ്ഞതും. തന്നിഷ്ടപ്രകാരമുള്ളതും അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങൾ നിയന്ത്രിക്കുന്നതും ഭരണഘടന വിഭാവനക്കതീതമായ നിയന്ത്രണങ്ങൾക്ക് പഴുതു നല്കുന്നതുമാണ് ഭേദഗതികൾ എന്നതാണ് എടുത്തുപറയപ്പെട്ട കാര്യം. വ്യാജം, തെറ്റായവ, തെറ്റിദ്ധാരണജനകം എന്നിവയെല്ലാം അവ്യക്തവും അതിവിപുലവുമായ പദപ്രയോഗങ്ങളാണെന്നിരിക്കെ, ഭരണകൂടത്തെക്കുറിച്ച് എന്ത് പറയണമെന്ന് ഭരണകൂടം തന്നെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുന്നതും ആരോഗ്യകരമാവില്ല. ഭേദഗതികൾ രാഷ്ട്രീയവിമർശനങ്ങളെ തടയില്ലെന്ന സർക്കാർ ഭാഗത്തിന്‍റെ വാദം മുഖവിലക്കെടുക്കാൻ ജഡ്ജി തയാറായില്ല; ഒരു സർക്കാർ നൽകുന്ന ഉറപ്പുകളൊന്നും മറ്റൊരു സർക്കാർ പാലിച്ചുകൊള്ളണമെന്നില്ല. തീരുമാനത്തിൽ പരാതിയുള്ളവർക്ക് ഒരു ഭരണഘടന കോടതിക്ക് മുമ്പാകെ അപ്പീൽ നല്കാമല്ലോ എന്ന സർക്കാർ വാദവും മതിയായ സംരക്ഷണമാവില്ലെന്നാണ് കോടതി പ്രതികരിച്ചത്. ഇതിനു പുറമെ, ഡിജിറ്റൽ മാധ്യമങ്ങളിലെ ഇത്തരം നിയന്ത്രണങ്ങളൊന്നും അച്ചടി മാധ്യമങ്ങൾക്ക് ബാധകമല്ല എന്ന കാര്യവും തുല്യതക്കുള്ള അവകാശത്തിന്‍റെ ലംഘനമായിരുന്നു.

സത്യത്തിൽ നീതി പാലനത്തിൽ വിളംബം തന്നെ നിഷേധമാവുമെന്ന തത്ത്വം ഇവിടെയും ബാധകമാണ്. ഒരു ഉള്ളടക്കം വേണ്ട സമയത്ത് പ്രസിദ്ധീകരിച്ചില്ലെങ്കിൽ അതിന്‍റെ ഫലപ്രാപ്തിക്കുള്ള അവസരമാണ് നിഷേധിക്കപ്പെടുക. സത്യത്തിൽ 2023ലെ ഭേദഗതികൾ മാത്രമല്ല, അതിന്‍റെ മൂല നിയമമായ 2021ലെ ഐ.ടി നിയമം തന്നെ സ്വാതന്ത്യനിഷേധങ്ങളുടെ പേരിൽ ചോദ്യം ചെയ്യുന്ന ഹരജികൾ മദ്രാസ്, ഡൽഹി ഹൈകോടതികളിൽ പരിഗണനയിലുണ്ട്. ഇതിനിടയിൽ തമിഴ്നാട് രൂപവത്കരിച്ച വസ്തുത പരിശോധന സമിതിയും ബോംബെ ഹൈകോടതി വിധി വരുന്നതുവരെ മദ്രാസ് ഹൈകോടതി തടഞ്ഞിരുന്നു. പുതിയ വിധിക്കെതിരെ കേന്ദ്രം അപ്പീൽ നൽകാൻ എല്ലാ സാധ്യതകളുമുണ്ടെങ്കിലും അതിനിടയിൽ ഇടപെടൽ നടത്തിയ നീതിപീഠത്തിന്‍റെ തീർപ്പുകളാണ് ജനാധിപത്യാവകാശങ്ങൾ നിഷേധിക്കാൻ ശ്രമിക്കുന്ന ഭരണകൂട ചെയ്തികൾക്കിടയിൽ രജതരേഖയായി അവശേഷിക്കുന്നത്.

Tags:    
News Summary - Madhyamam Editorial on Bombay HC order to invalidated ‘fact-checking’ unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.