ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ചുവപ്പു പരവതാനി വിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വരവേൽപ് നൽകിയ ഡോണൾഡ് ട്രംപിനു കീഴിൽ പ്രധാന പദവികൾ കൈകാര്യം ചെയ്ത് ഇന്ത്യൻ വംശജർ ചിലരുണ്ടായിരുന്നിട്ടും നവംബറിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിനെ ഭയക്കാത്ത ഇന്ത്യക്കാർ യു.എസിൽ ഉണ്ടായിരുന്നില്ലെന്നതു സത്യം.
ഡെമോക്രാറ്റ് വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായി ഇന്ത്യൻവംശജ കമല ഹാരിസിന് നറുക്കുവീണതിൽ അരിശം തീർത്ത വാക്കുകൾ മാത്രമായിരുന്നില്ല അവരെ മുനയിൽ നിർത്തിയതും വോട്ടുപെട്ടിയിൽ പകരം ചോദിക്കുന്നതിലേക്ക് നയിച്ചതും. എച്ച്-1 ബി വിസയിൽ തുടങ്ങി ഇന്ത്യക്കാരെ ബാധിക്കുന്ന ഓരോ വിഷയത്തിലും തങ്ങളെ പുറംതള്ളാൻ ലക്ഷ്യമിട്ടുള്ളതാണ് ട്രംപിെൻറ നിലപാടുകളെന്ന് അകത്തും പുറത്തുമുള്ള ഓരോ ഇന്ത്യൻവംശജനും വ്യക്തമായിരുന്നു.
ഒടുവിൽ, ബാലറ്റിൽ ജനം പകരക്കാരനെ തെരഞ്ഞെടുത്തപ്പോൾ കാര്യങ്ങളെല്ലാം മാറി. പ്രസിഡൻറ് േജാ ബൈഡനു കീഴിൽ അമേരിക്കയുടെ വൈസ് പ്രസിഡൻറും പിന്നെ ചുരുങ്ങിയത് 20ഓളം പേരും ഇന്ത്യൻവംശജരാണ്. വൈറ്റ്ഹൗസിൽ ഭരണം നിയന്ത്രിച്ച് 17 പേർ. വനിതകളായി 13 ഉം. ഇനിയുമേറെ പദവികൾ നികത്തപ്പെടാതെ കിടക്കുേമ്പാൾ ഇന്ത്യക്കാരുടെ എണ്ണം പിന്നെയും ഉയരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
46ാം പ്രസിഡൻറായി ജോ ബൈഡൻ ബുധനാഴ്ച അധികാരമേൽക്കുേമ്പാൾ അമേരിക്ക ചരിത്രത്തിൽ ആദ്യത്തെ വനിത വൈസ് പ്രസിഡൻറ് കൂടിയാണ് 56 കാരിയായ കമല ഹാരിസ്. വൈറ്റ്ഹൗസിലെ മാനേജ്മെൻറ്-ബജറ്റ് ഓഫീസ് തലപ്പത്ത് വരുന്നത് നീര ടാണ്ടൻ. മുമ്പ് ക്ലിൻറൺ- ഒബാമ ഭരണങ്ങളിൽ ഉപദേശകപദവി വഹിച്ച ടാണ്ടെൻറ നിയമനത്തിനെതിരെയും ട്രംപിെൻറ കക്ഷി സജീവമായിരുന്നു. യു.എസ് ഭരണകൂടത്തിൽ വാർഷിക ബജറ്റ് കൈകാര്യം ചെയ്യുന്ന വെള്ളക്കാരിയല്ലാത്ത ആദ്യവനിതയാവുകയാണ് നീര ടാണ്ടൻ.
ഒരു വർഷത്തിലേറെയായി കോവിഡ് മഹാമാരിയിൽ ഉഴറുന്ന യു.എസിെൻറ 'ആരോഗ്യം' തിരികെയെത്തിക്കാൻ പ്രവർത്തിക്കുന്ന കോവിഡ് ടാസ്ക് ഫോഴ്സ് സഹഅധ്യക്ഷനായി എത്തുന്നത് വിവേക് മൂർത്തിയാണ്. മുൻ പ്രസിഡൻറ് ബറാക് ഒബാമക്കു കീഴിൽ സർജൻ ജനറൽ പദവി വഹിച്ച മൂർത്തിക്കു കീഴിൽ തമിഴ് വേരുകളുള്ള ഡോ. അതുൽ ഗവാൻഡെ, ഡോ. സെലിൻ ഗൗണ്ടർ എന്നിവർ കൂടി ഉണ്ടാകും. ഇത്തവണയും അദ്ദേഹം തന്നെയാകും സർജൻ ജനറൽ. നേരത്തെ, യു.എസ് പബ്ലിക് ഹെൽത്ത് സർവീസ് കമീഷൻഡ് കോപ്സ് തലപ്പത്തും മൂർത്തിയുണ്ടായിരുന്നു.
ദേശീയ ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ഭരത് രാമമൂർത്തി, പ്രസിഡൻഷ്യൽ പഴ്സണൽ ഓഫിസ് ഡെപ്യൂട്ടി ഡയറക്ടർ ഗൗതം രാഘവൻ, പ്രഭാഷണ രചന ഡയറക്ടർ വിനയ് റെഡ്ഡി എന്നിവരെ ഒരാഴ്ച മുമ്പാണ് ബൈഡൻ തെരഞ്ഞെടുത്തത്.
ദേശീയ സാമ്പത്തിക കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ പദവി ലഭിച്ചത് കശ്മീരി വേരുകളുള്ള ഇന്ത്യൻവംശജ സമീറ ഫാസിലിക്കാണ്. വൈറ്റ്ഹൗസ് ആസ്ഥാനമായ ദേശീയ സാമ്പത്തിക കൗൺസിലിനാണ് ഭരണകൂടത്തിെൻറ സാമ്പത്തിക നയ രൂപവത്കരണ ചുമതല. യു.എസ് പ്രസിഡൻറിന് സാമ്പത്തിക ഉപദേശം നൽകുന്നതും കൗൺസിലാണ്. ഇവിടെയാണ് ബൈഡൻ-ഹാരിസ് കൂട്ടുകെട്ടിെൻറ ഇക്കണോമിക് ഏജൻസി മേധാവിയായിരുന്ന ഫാസിലി എത്തുന്നത്.
സ്ട്രാറ്റജി വൈറ്റ്ഹൗസ് ഓഫിസ് പാർട്ണർഷിപ് മാനേജറായി കഴിഞ്ഞ ഡിസംബറിൽ കശ്മീരിയായ ആയിശ ഷായെയും നിയമിച്ചിരുന്നു. 2013ൽ സന്ദർശനത്തിെനത്തുേമ്പാൾ തെൻറ കുടുംബക്കാരിൽ ഇന്ത്യക്കാരുണ്ടെന്നും അവരിൽ അഞ്ച് പേർ മുംബൈയിലാണെന്നും ബൈഡൻ പറഞ്ഞിരുന്നു. മുംബൈയിൽ മാത്രമല്ല, നാഗ്പൂരിലുമുണ്ട് ബൈഡൻ കുടുംബം. ഈ വേരുകളോടുള്ള കൂറും കടപ്പാടുമാകണം, ജാതിയും മതവും നിഴൽവീഴ്ത്താതെ പ്രതിഭയെ മാനിച്ച് മികവുള്ളവരെ വൈറ്റ്ഹൗസിലെ അധികാരകേന്ദ്രങ്ങളിലെത്തിക്കാൻ ബൈഡന് സഹായകമായത്.
ആണവ നിയന്ത്രണ കമീഷൻ, െഫഡറൽ ഊർജ നിയന്ത്രണ കമീഷൻ എന്നിവ ഉൾക്കൊള്ളുന്ന ഊർജവകുപ്പിെൻറ തലപ്പത്ത് സ്റ്റാൻഫഡ് യൂനിവേഴ്സിറ്റി പ്രഫസർ ശാസ്ത്രജ്ഞനായ അരുൺ മജുംദാർ, ദേശീയ മരുന്ന് നിയന്ത്രണ നയ ഓഫീസിനെ നയിക്കാൻ ഡോ. രാഹുൽ ഗുപ്ത, പഴ്സണൽ മാനേജ്മെൻറ് ഓഫിസ് മേധാവിയായി കിരൺ അഹുജ തുടങ്ങി ബൈഡൻ സംഘത്തിലെ ഇന്ത്യൻ വംശജർ പിന്നെയും കൂടും. മാല അഡിഗ, അനിത ഗുപ്ത, ഉസ്റ സിയ എന്നിവർ മാത്രമല്ല, പട്ടികയിലെ കണ്ണികൾ.
ഒരേ മനസ്സുള്ള അപൂർവം ചിലരെ 'ഭായ് ഭായ്' പറഞ്ഞ് തോളിൽ കൈയിട്ട് ഒപ്പം കൂട്ടുകയും ഇന്ത്യയുൾപ്പെടെ രാജ്യങ്ങളെ മനസ്സും വാക്കും പരമാവധി പ്രയോഗിച്ച് അകറ്റി നിർത്തുകയും ചെയ്ത ട്രംപ് ഉയർത്തിപ്പിടിച്ച സംസ്കാരത്തിന് നേർവിപരീതമാണ് ബൈഡനെത്തുേമ്പാൾ കാര്യങ്ങൾ. അതു നൽകുന്ന പ്രതീക്ഷയും ചെറുതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.