നിയമം കൈയിെലടുത്ത് അമ്മാനമാടാൻ ബി.ജെ.പി നേതൃത്വം അണികളെ കയറൂരിവിട്ടിരിക്കുകയാണോ? നേതൃത്വം ഉരിയാടുന്ന രാഷ്ട്രീയ ജനാധിപത്യ മര്യാദയുടെ പാഠങ്ങളൊന്നും അണികൾക്കു ബാധകമല്ലെന്നാണോ? അതോ, നേതൃത്വം ഒന്നു ചൊല്ലുകയും അണികൾ മറിച്ചു ചെയ്യുകയും എന്ന ക്രിമിനൽ രാഷ്ട്രീയത്തിെൻറ അടവുനയം സംഘ്പരിവാർ ഏറ്റെടുത്തു നടത്താൻ ഉറച്ചിരിക്കുകയാണോ? ഇത്തരം ആശങ്കകളുയർത്തുന്ന തരത്തിലാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന അക്രമവാർത്തകൾ. കേന്ദ്രത്തിലെ അധികാരത്തിെൻറ തിണ്ണബലത്തിൽ ക്രമസമാധാനവും നിയമപാലനവും സ്വയം കൈയേറ്റ് സംഘ്പരിവാർ അണികൾ തെരുവിൽ അഴിഞ്ഞാടുകയും അതിനെതിരായ പ്രതിഷേധവും വിമർശനവും രൂക്ഷമാകുേമ്പാൾ പ്രധാനമന്ത്രി മുതൽ നേതൃനിരക്കാർ ജനത്തിെൻറ കണ്ണിൽ പൊടിയിടാൻ തക്ക പ്രസ്താവനകളുമായി രംഗത്തുവരുകയും ചെയ്യുക എന്നത് പതിവായി മാറുകയാണ്. നേരന്ദ്രമോദി രണ്ടാമൂഴത്തിൽ ഭരണമേറ്റെടുത്തശേഷം മതത്തിെൻറയും ജാതിയുടെയും പേരിലുള്ള ആൾക്കൂട്ടക്കൊലകൾ സംഘ്പരിവാർ സംഘടനകൾ സജീവമാക്കിയിട്ടുണ്ട്.
തികഞ്ഞ വംശവെറിേയാടെ കണ്ണിൽപെടുന്ന അന്യജാതിക്കാരെ ആക്രമിച്ചു നശിപ്പിക്കുകയെന്നതു പതിവു പരിപാടിയായി മാറുന്നുവെന്നാണ് അനുദിനം പുറത്തുവരുന്ന ആൾക്കൂട്ട അതിക്രമത്തിെൻറ വാർത്തകൾ വിളിച്ചുപറയുന്നത്. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഇൗ അക്രമികളെ പിടിച്ചുകെട്ടുകയും അക്രമത്തിന് തടയിടാൻ ശക്തമായ നടപടിയെടുക്കുകയും ചെയ്യുന്നതിനു പകരം ഒരു പ്രസ്താവനയിലും ഒരു ട്വീറ്റിലും ‘േവദന’ പങ്കുവെച്ച് അവസാനിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്പോഴും കഴിഞ്ഞ മൂന്നു വർഷത്തിനകം 18 പേരെ ആൾക്കൂട്ടം തല്ലിക്കൊന്ന ഹീനവൃത്തിയുടെ പേരിൽ മനഃസ്താപമോ കുറ്റബോധമോ അല്ല, അതിെൻറ പേരിൽ ഝാർഖണ്ഡ് സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നവരോടായിരുന്നു മോദിയുടെ അമർഷം മുഴുവനും. പാർട്ടി അധ്യക്ഷനോ പ്രധാനമന്ത്രിയോ ഒരു ഗുണദോഷ വാക്കു പറഞ്ഞ് കൈകഴുകാനുണ്ട് എന്ന ആത്മവിശ്വാസത്തിൽ അണികൾ ഗുണ്ടാരാജിന് ഇറങ്ങിത്തിരിക്കുകയാണിപ്പോൾ. അതിെൻറ പുതിയ ഉദാഹരണമാണ് മുനിസിപ്പൽ ഉദ്യോഗസ്ഥനെ ജനമധ്യത്തിൽ ക്രിക്കറ്റു ബാറ്റുകൊണ്ട് കൈകാര്യം ചെയ്ത ജനപ്രതിനിധി ആകാശ് വിജയ്വർഗീയയെ പാർട്ടി ആഘോഷപൂർവം ജാമ്യത്തിലിറക്കിയതും പിറകെ പ്രധാനമന്ത്രി ‘ആരുടെ മകനായാലും നടപടിയെടുക്കുമെന്നു’ വീരവാദം മുഴക്കിയതും.
ബി.ജെ.പി ഭരണത്തിലിരിക്കുന്ന ഇന്ദോർ നഗരസഭയിൽ ആൾപ്പാർപ്പിനു കൊള്ളാത്ത വിധം അപകടനിലയിലായതിനാൽ ഒരു വർഷം മുമ്പ് പൊളിക്കാൻ അടയാളമിട്ട കെട്ടിടം പൊളിക്കാനെത്തിയ മുനിസിപ്പൽ ഒാഫിസർ ധീരേന്ദ്ര ബയാസിനെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗീയയുടെ മകനും എം.എൽ.എയുമായ ആകാശ് വിജയ്വർഗീയ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിക്കുകയായിരുന്നു. കെട്ടിടം പൊളിക്കുന്നതിൽ എം.എൽ.എക്ക് പ്രശ്നമുണ്ടെങ്കിൽ സ്വന്തം കക്ഷി ഭരിക്കുന്ന നഗരസഭയെക്കൊണ്ട് തീരുമാനം മാറ്റിയെടുപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതിനു മിനക്കെടാതെ ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന ഒരാൾ ജനമധ്യത്തിൽ നിയമം കൈയിലെടുക്കുകയും ജനാധിപത്യ ഭരണനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്യുകയെന്നത് രാഷ്ട്രീയ ഗുണ്ടായിസമല്ലാതെ മറ്റൊന്നുമല്ല. മകെൻറ ധിക്കാരത്തെ അപലപിക്കുന്നതിനു പകരം അതിനു ന്യായം ചമക്കുകയാണ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ചെയ്തത്. വാസ്തവത്തിൽ അച്ഛെൻറ പാരമ്പര്യം മകൻ തെറ്റാതെ പിന്തുടരുകയായിരുന്നുവെന്ന കൗതുകവും സംഭവത്തിലുണ്ട്. രണ്ടര പതിറ്റാണ്ടു മുമ്പ് മേയർ ഭവനു മുന്നിൽവെച്ച് സീനിയർ പൊലീസ് ഒാഫിസറെ ചെരിപ്പുകൊണ്ടടിച്ച് ഞെട്ടിച്ചയാളാണ് പിതാവ് കൈലാഷ്. ബി.ജെ.പി നേതൃത്വം വലിയവായിൽ പറയുന്ന സംസ്കാരവും മൂല്യബോധവുമൊക്കെ പ്രയോഗത്തിൽ എവിടെ നിൽക്കുന്നുവെന്ന് കൈലാഷും ആകാശും അവരെ നേതൃനിരയിലേക്കു കൊണ്ടുവരുന്നവരും കാണിച്ചുതരുന്നു. ജൂൺ 27ന് അറസ്റ്റിലായ എം.എൽ.എയെ മജിസ്ട്രേറ്റ് കോടതി ഇൗ മാസം 11വരെ റിമാൻഡ് ചെയ്തെങ്കിലും നാലു നാൾകൊണ്ട് ജാമ്യത്തിലിറങ്ങിയ നേതാവിന് വമ്പിച്ച സ്വീകരണമാണ് പാർട്ടിക്കാർ ഒരുക്കിയത്. ‘പൂർണ ഉത്തരവാദിത്തത്തോടെ ആലോചിച്ചുറച്ച’ പണിയാണ് ചെയ്തതെന്ന് എം.എൽ.എ അവിടെ ആവർത്തിച്ചു. ഒട്ടും കുറ്റബോധമില്ല.
ശരിയെന്നു തോന്നിയതാണ് ചെയ്തത് എന്ന് ഉറപ്പിച്ച ആകാശ് മറ്റൊരു സത്യംകൂടി തുറന്നുപറഞ്ഞു. ബി.ജെ.പിയിൽനിന്നു തങ്ങൾ പഠിക്കുന്നത് ‘ആദ്യം അപേക്ഷ, പിന്നെ നിവേദനം, പിന്നെ ആക്രമണം’ എന്നാണ്. പാർട്ടി പരിപാടി നടപ്പാക്കിയതിൽ പിന്നെ യുവനേതാവ് എന്തിനു ഖേദിക്കണം?! എം.എൽ.എയുടെ പരാക്രമവും തുടർന്ന് അറസ്റ്റും ജാമ്യത്തിൽ മോചനവും അണികളുടെ സ്വീകരണവും എല്ലാം കഴിഞ്ഞശേഷം ഇന്നലെ പ്രധാനമന്ത്രി ‘വിട്ടുവീഴ്ചയില്ലാത്ത നിലപാട്’ പ്രഖ്യാപിച്ച് രംഗത്തെത്തി. സംഭവത്തിനു പിന്നിൽ ആരുടെ മകനാണ് എന്നതൊന്നും ഗൗനിക്കുന്നില്ലെന്നും അക്ഷന്തവ്യമായ അപരാധമാണ് ചെയ്തതെന്നും ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിൽ നേരന്ദ്ര മോദി അഭിപ്രായപ്പെട്ടു. ജയിൽ മോചിതനായ ആകാശിനെ സ്വീകരിച്ചവരെയും പാർട്ടിയിൽനിന്ന് പുറത്തുകളയണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളെല്ലാം വളരെ പ്രാധാന്യപൂർവമാണ് മോദിയുടെ വാക്കുകൾ റിേപ്പാർട്ട് ചെയ്തത്. എന്നാൽ, എല്ലാ പൂരവും കഴിഞ്ഞശേഷമുള്ള ഇൗ വെടി ആർക്കുവേണ്ടി എന്നു വാഴ്ത്തിപ്പാട്ടുകാരായ മാധ്യമങ്ങൾ വ്യക്തമാക്കിയില്ലെങ്കിലും ജനത്തിനു മനസ്സിലാകും. അണികളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ കൈയും കെട്ടി നോക്കിയിരിക്കുക, അതിെൻറ ഒത്താശക്ക് ഭരണസൗകര്യം വരെ തരപ്പെടുത്തുക, എല്ലാം കഴിഞ്ഞെന്നുറപ്പിച്ചശേഷം അപലപിച്ചും ഗുണദോഷിച്ചും രംഗത്തുവരുക. ആൾക്കൂട്ടക്കൊല മുതൽ ദൃശ്യമായിത്തുടങ്ങിയ ഇൗ അടവുനയത്തിലൂടെ ബി.ജെ.പി നേതൃത്വം അണികൾക്കു നൽകുന്ന സന്ദേശം എന്താണെന്ന് സംശയലേശമന്യേ വെളിപ്പെടുത്തുന്നതാണ് ആകാശ് സംഭവം. പാർട്ടിയും ഭരണനേതൃത്വവും ഇൗ കൈവിട്ട കളി അവസാനിപ്പിച്ചില്ലെങ്കിൽ വിജയ്വർഗീയ പരാക്രമങ്ങൾ ഇനിയും തുടരുകയേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.