വിഭജനരാഷ്​ട്രീയത്തി​െൻറ അതിർത്തി യുദ്ധങ്ങൾ



ഒരിഞ്ചു ഭൂമിയും അപഹരിക്കാൻ അപരനെ അനുവദിക്കുകയില്ലെന്നും അതിനു മുതിർന്നാൽ അപായപ്പെടുത്തും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുക, അതിർത്തികളിൽ ആളെക്കൂട്ടി അയൽക്കാർക്കെതിരെ കലാപത്തിനു കോപ്പുകൂട്ടുക, ഇരുഭാഗത്തും ​സായുധസജ്ജരായ പൊലീസിനെ അണിനിരത്തുക, ഇരുഭരണാധികാരികളും സമൂഹമധ്യത്തിലും സമൂഹമാധ്യമങ്ങളിലും പരസ്​പരം പോർവിളി മുഴക്കുക, ആറ്​​ അസം പൊലീസുകാരുടെ ജീവനഷ്​ടത്തിനും നൂറോളം പേരുടെ പരിക്കിനുമിടയാക്കിയ രക്തരൂഷിത സംഘർഷമായി ഇതു വളരുക...ജമ്മു-കശ്​മീരിലെ ഇന്ത്യ-പാക്​ അതിർത്തിയിലോ ചൈനയുമായി അതിരു പങ്കിടുന്ന അരുണാചൽപ്രദേശിലോ അല്ല ഇൗ കൈയാങ്കളിയും കലാപവും.

വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽ പ്രമുഖമായ അസമും അതിനോടു തൊട്ടുകിടക്കുന്ന കൊച്ചുസംസ്​ഥാനമായ മിസോറമുമാണ്​ ഇപ്പോൾ അതിരടയാളങ്ങളുടെയും അതിനെ ആധാരമാക്കിയ വംശീയതയുടെയും പേരിൽ സംഘർഷത്തിലേക്ക്​ നീങ്ങിയിരിക്കുന്നത്​. അതിർത്തി ലംഘനം, അനധികൃതനിർമാണം, കുടിയേറ്റം, നുഴഞ്ഞുകയറ്റം, ​സേനാവിന്യാസം തുടങ്ങി രണ്ടു രാജ്യങ്ങൾ തമ്മിൽ കണ്ടുവരാറുള്ള അതിർത്തിസംഘർഷത്തി​െൻറ എല്ലാ ചേരുവകളുമുണ്ട്​ കഴിഞ്ഞ ഒരു വർഷമായ രൂക്ഷത പ്രാപിച്ച അസം-മിസോറം തർക്കത്തിന്​. മിസോറമിലേക്ക്​ യാത്ര ചെയ്യരുതെന്നും പോകുന്നവർ സ്വയംരക്ഷ ​നോക്കിക്കൊള്ളണമെന്നും അസം ഗവൺമെൻറ്​ ജാഗ്രതനിർദേശം നൽകിയിരിക്കുന്നു. അതിരുകാക്കാൻ 4000 കമാൻഡോകളെ വിന്യസിക്കുമെന്ന്​ മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ്​ ശർമ പ്രഖ്യാപിച്ചിരിക്കുന്നു. മറുഭാഗത്ത്​, അസം പൊലീസ്​ സംസ്​ഥാനത്തേക്ക്​ കടന്നുകയറിയാൽ മറ്റൊരു അക്രമാസക്ത പ്രതികരണം കാണേണ്ടി വരുമെന്ന്​ മിസോറം ഭരണകക്ഷി എം.പി കെ. വൻലാൽവേന ഭീഷണി മുഴക്കുന്നു. മിസോറം സർക്കാർ അസം മുഖ്യമന്ത്രിയെ കൊലക്കേസിൽ പ്രതിചേർക്കുന്നു. പകരം മിസോ എം.പിക്കെതിരെ അസം സർക്കാർ കേസെടുക്കുന്നു. ഇങ്ങ​​നെ കൊണ്ടും കൊടുത്തും ​അന്യോന്യം കൊമ്പുകോർക്കുകയാണ്​ രണ്ടു വടക്കുകിഴക്കൻ സംസ്​ഥാനങ്ങൾ.

കക്ഷിരാഷ്​ട്രീയഭിന്നതയൊന്നും ഇൗ രണ്ടു സംസ്​ഥാനങ്ങൾ തമ്മിൽ ഇല്ല. അസമിൽ ബി.ജെ.പി നേരിട്ടു ഭരിക്കു​േമ്പാൾ മിസോറമിൽ സംഘ്​പരിവാറി​െൻറ വിശ്വസ്​ത സഹയാത്രികൻ സോറംതംഗയാണ്​ മുഖ്യമന്ത്രി. വടക്കുകിഴക്ക്​ ഇന്ത്യ കാവിവത്​കരിക്കാൻ ബി.ജെ.പി നിയോഗിച്ച ശർമ തന്നെയാണ് നോർത്ത്​ ഇൗസ്​റ്റ്​ ഡെമോക്രാറ്റിക്​ അലയൻസിന്​ രൂപംകൊടുത്ത്​ സോറംതംഗയുടെ മിസോ നാഷനൽ ഫ്രണ്ടി​െൻറ സഖ്യകക്ഷി ഗവൺമെൻറിന്​ കളമൊരുക്കിയത്​. എന്നാൽ, ഇൗ സഖ്യമൊന്നും മണ്ണിനും ​ഏതാനും വെള്ളച്ചാട്ടങ്ങൾക്കും വേണ്ടിയുള്ള അവകാശവാദത്തിൽ ഇരുകൂട്ടരെയും വിട്ടുവീഴ്​ചക്ക്​ പ്രേരിപ്പിച്ചിട്ടില്ല. കോളനി വാഴ്​ചക്കാലത്തെ സംസ്​ഥാനവിഭജനത്തിൽ കൃത്യതപ്പെടുത്തിയിട്ടില്ലാത്ത അതിരുകളുടെ പേരിലാണ്​ ഇരുനാട്ടുകാരും തമ്മിൽ പോരുമുറുകുന്നത്​ എന്നാണ്​ പ്രദേശവാസികൾ പറയുന്നത്​.

1875 ൽ ബ്രിട്ടീഷുകാരാണ്​ അസമിനെ മുറിച്ചു മിസോകൾക്ക്​ പ്രത്യേകപ്രദേശമുണ്ടാക്കിയത്​. പിന്നീട്​ 1933ൽ ബ്രിട്ടീഷ്​ ഉദ്യോഗസ്​ഥർ ​ അതിർത്തി പുനർനിർണയിച്ചു. എന്നാൽ, സ്വാതന്ത്ര്യത്തിനുശേഷം 1972ൽ 1875 ലെ അടയാളങ്ങളിലേക്കുതന്നെ അതിർത്തി മാറ്റിവരച്ചു. എന്നാൽ, 1933 ലെ പുനർനിർണിത രേഖയാണ്​ പ്ര​മാണ​മാക്കേണ്ടത്​ എന്നാണ്​ അസമി​െൻറ വാദം. അരനൂറ്റാണ്ടിലേറെയായി തുടരുന്ന അവസാന വഴക്കി​െൻറ കനലുകൾ അണയാതെ കിടക്കുന്നതിനിടെയാണ്​ കഴിഞ്ഞ വർഷം ഇരുവിഭാഗങ്ങൾക്കിടയിൽ പിന്നെയും തർക്കം ഉടലെടുത്തത്​. മിസോറമുകാർ അസമി​െൻറ അതിർത്തികടന്ന്​ അനധികൃത കുടിലുകൾ കെട്ടുന്നുവെന്നാരോപിച്ച്​ കഴിഞ്ഞ ഒക്​ടോബറിൽ ഒരു കുടിയൊഴിപ്പിക്കൽ യജ്ഞം അസം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച്​ അസമിൽനിന്നുള്ള വാഹനങ്ങൾ മിസോ അതിർത്തിയിൽ തടഞ്ഞിട്ടു. അതിനിടെ അതിർത്തിദേശത്തുള്ള ഒരാളെ മിസോ പൊലീസ്​ പിടികൂടുകയും അയാൾ കസ്​റ്റഡിയിൽ മരിക്കുകയും ചെയ്​തു. തുടർന്ന്​ കേന്ദ്ര ഇടപെടലിനെ തുടർന്നാണ്​ ഇരുപക്ഷവും വിട്ടുവീഴ്​ച ചെയ്​ത്​ മൂന്നാഴ്​ച കഴിഞ്ഞ്​ അതിർത്തി തുറന്നത്​​. ഇപ്പോൾ കഴിഞ്ഞ മാസം അസം പൊലീസ്​ തങ്ങളുടെ സംസ്​ഥാനത്തേക്ക്​ നുഴഞ്ഞുകയറി എന്നാരോപിച്ച്​ മിസോറം അതിർത്തിയിൽ സുശക്തമായ പൊലീസ്​ ബന്തവസ്സ്​ സംവിധാനിച്ചു. അതിനു പ്രതികരണമെന്നോണം അസം ഇപ്പുറത്തും സേനാവിന്യാസം നടത്തി. മുൻസംഘർഷ​ങ്ങളെ തുടർന്നു കേന്ദ്രസേന അതിരു കാക്കുന്നിടത്താണ്​ ഇൗ പോര്​ മുറുകുന്നതെന്നോർക്കണം. അതിനൊടുവിലാണ്​ കഴിഞ്ഞ 26ന്​ ഇരുനൂറോളം അസം പൊലീസ്​ സേന​ ലൈലാപൂരിലെ അതിർത്തി കടന്നെത്തി എന്നാരോപിച്ച്​ മിസോ പൊലീസ്​ വെടിയുതിർത്തതും ആറു ​പൊലീസുകാരുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതും. തുടർന്ന്​ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ഇരുപക്ഷവും ചേരിതിരിഞ്ഞ്​ 'ഏറ്റുമുട്ടുകയായിരുന്നു'. ഒടുവിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശാസനക്കു വഴങ്ങി തൽക്കാലം ഇരുഭാഗവും കേസുകൾ പിൻവലിച്ച്​ ഇണങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്​ അൽപായുസ്സേ ഉണ്ടാകൂ എന്നു തർക്കത്തി​െൻറ നാൾവഴികൾ തെളിയിക്കുന്നു.

ദേശാതിർത്തികൾ തരംപോലെ മാറ്റിവരച്ച്​ നിക്ഷിപ്​ത രാഷ്​ട്രീയതാൽപര്യത്തിനുവേണ്ടി അധികാരശക്തികൾ കൊണ്ടുനടത്തുന്ന വിഭജനങ്ങൾ ജനതയെ എവിടെ കൊണ്ടെത്തിക്കും എന്നതി​െൻറ മികച്ച ഉദാഹരണമാണ്​ അസം-മിസോറം അതിർത്തി സംഘർഷം. കോളനിവാഴ്​ചക്കാരുടെ അടിമപ്പാളയങ്ങളി​ലെത്തിപ്പെട്ടവരുടെ പിന്മുറക്കാരെ വംശീയവിവേചനത്തിനും വിദ്വേഷത്തിനുമിരയാക്കി അപരവത്​കരിക്കുന്ന അസമിലാണിപ്പോൾ വർഗ, വംശസങ്കുചിതവാദികൾ അന്യോന്യം അതിർത്തിയുടെ പേരിൽ അങ്കം മുറുക്കുന്നത്​. ഇങ്ങനെ പഴയ പാപങ്ങൾക്ക്​ ഇപ്പോഴും പിഴയൊടുക്കേണ്ടി വരു​​ന്ന ദുര്യോഗത്തിലും ജമ്മു- കശ്​മീരിനെ വിഭജിച്ചും തമിഴ്​നാട്ടിൽ അതിനു വിത്തെറിഞ്ഞുമൊക്കെ വെട്ടിമുറിക്കൽ രാഷ്​ട്രീയവുമായി മുന്നോട്ടുപോകുന്നവർ നാടിനെ എവിടെയെത്തിക്കും എന്നറിയാൻ പുതിയ സംഘർഷമേഖല തുറക്കുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലേക്കു നോക്കിയാൽ മതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT