അന്വേഷണം, കേസ് വിസ്താരം, വിധി പറയൽ-ഇത്യാദി കോടതി നടപടികൾക്കൊന്നും യാതൊരു പ്രസക്തിയുമില്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലെ നിയമം നടപ്പാക്കൽ രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നാട്ടുനടപ്പായി മാറിയിരിക്കുന്നു. ഒരു കുറ്റകൃത്യം നടന്നതായി ആരോപണമുയർന്നാൽ കുറ്റവാളികളെ വെച്ചുപൊറുപ്പിക്കില്ലെന്നും കർശന നടപടിയുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന ഭരണത്തിലെ ഉന്നതരുടെ പ്രഖ്യാപനം വരും, തൊട്ടുപിന്നാലെ ജില്ല ഭരണകൂടമോ നഗരസഭാ അധികാരികളോ പൊലീസ് അകമ്പടിയോടെ ബുൾഡോസറുകളെയും തെളിച്ച് ആരോപിതരുടെ വീടും കടകളും ഇടിച്ചുനിരത്തി ശിക്ഷ നടപ്പാക്കുകയായി. കോടതിയെ സമീപിച്ച് ഇടിച്ചുനിരത്തൽ നടപടി സ്റ്റേ ചെയ്യിക്കാതിരിക്കാനാവണം നടപടിക്ക് മുമ്പ് ഇതു സംബന്ധിച്ച നോട്ടീസും നൽകാറില്ല.
മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ നടപടി ഒരു പുതുമയല്ലാതായിത്തീർന്നിരിക്കുന്നു; മഹാരാഷ്ട്രയും ഉത്തരാഖണ്ഡും രാജസ്ഥാനും ഇപ്പോൾ ആ വഴിക്കാണ്. അതിനു പുറമെ, പൊലീസിലും നഗരവികസന സ്ഥാപനങ്ങളിലുമുള്ള അധികാരം ഉപയോഗിച്ച് ആം ആദ്മി പാർട്ടി ഭരണത്തിലുള്ള രാജ്യതലസ്ഥാന പ്രദേശമായ ഡൽഹിയിലും വീടുകളും പള്ളികളും ദർഗകളും ഖബർസ്ഥാനുകളുമെല്ലാം തകർക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന സകല കുറ്റങ്ങൾക്കും ഇവ്വിധമാണ് നിയമം നടപ്പാക്കലെങ്കിൽ നിയമവിരുദ്ധമാണെങ്കിലും മുഖംനോക്കാത്ത നടപടി എന്ന് വിശേഷിപ്പിക്കാമായിരുന്നു.
ജീവനും സ്വത്തിനും ഭീഷണിയാവുന്ന, സ്ത്രീകളുടെ സുരക്ഷക്ക് വിഘാതം സൃഷ്ടിക്കുന്ന, ദലിത് സമൂഹത്തിന്റെ ജീവനും അന്തസ്സും ഹനിക്കുന്ന, ആൾക്കൂട്ടക്കൊലപാതങ്ങളുൾപ്പെടെ ന്യൂനപക്ഷ മതസമൂഹങ്ങളുടെ നിലനിൽപിനുതന്നെ വെല്ലുവിളിയാവുന്ന ഒട്ടനവധി കുറ്റകൃത്യങ്ങൾ ദിനംപ്രതിയെന്നോണം നടമാടുന്ന സംസ്ഥാനങ്ങളാണ് മുൻചൊന്നവയെല്ലാം. ആ കേസുകളിലെ കുറ്റക്കാർക്ക് ശിക്ഷാനടപടികളിൽനിന്ന് പ്രതിരോധമൊരുക്കാനും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയാൽപോലും രക്ഷപ്പെടുത്താനുമെല്ലാമാണ് സർക്കാറുകൾക്ക് തിടുക്കം. എന്നാൽ, ആരോപണവിധേയർ മുസ്ലിം പേരുകാരാണെങ്കിൽ നടപടികൾക്ക് നക്ഷത്രവേഗമാണ്. പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തുവെന്ന കുറ്റത്തിനുപോലും വീട് ഇടിച്ചുനിരത്തിയ ഒട്ടനവധി ഉദാഹരണങ്ങളും എടുത്തുകാണിക്കാനാവും. ഇത്തരം നടപടികൾ പഠനവിധേയമാക്കി അന്തർദേശീയ പൗരാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ ഈയിടെ പുറത്തിറക്കിയ റിപ്പോർട്ട് ചോദിക്കുന്നത് ഇത് മതന്യൂനപക്ഷങ്ങൾക്കെതിരായ ശിക്ഷാനടപടിയോ എന്നാണ്.
ഇക്കഴിഞ്ഞ ദിവസം രാജസ്ഥാനിലാണ് ബുൾഡോസർ പൂണ്ടുവിളയാടിയത്. ആൽവാർ മേഖലയിലെ ആളൊഴിഞ്ഞ പ്രദേശത്ത് അനധികൃത ബീഫ് കച്ചവടം നടക്കുന്നുവെന്ന ഒരു ഒളികാമറ വാർത്തക്ക് പിന്നാലെ പൊലീസും അധികാരികളും സടകുടഞ്ഞെഴുന്നേൽക്കുകയായിരുന്നു. ഇറച്ചിവാങ്ങാനെന്ന പേരിൽ കച്ചവടക്കാരെ സമീപിച്ച രണ്ട് മാധ്യമപ്രവർത്തകർ ഒപ്പം പൊലീസ് സംഘത്തെയും കൂട്ടിയിരുന്നുവെത്രെ. വിൽപന നടത്തിയെന്നാരോപിക്കപ്പെടുന്ന കടകളിൽ റെയ്ഡ് നടത്തുകയും ചിലരെ അറസ്റ്റു ചെയ്യുകയുമുണ്ടായി.
അനധികൃത ബീഫ് റാക്കറ്റ് നടത്തിപ്പുകാർ എന്നാരോപിച്ച് 25 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ടുനിന്നവരെയും സ്ഥലത്തില്ലാത്തവരെയും പോലും പ്രതിചേർക്കുകയും കഠോര നിയമങ്ങൾ ചുമത്തി ജയിലിലടക്കുകയും ചെയ്യുന്നത് സർവസാധാരണമായതിനാലാവണം പ്രദേശത്തെ വീടുകളിൽനിന്ന് പുരുഷന്മാർ ഏറെയും പലായനം ചെയ്തിരിക്കുകയാണ്. വീടുകളിൽ സ്ത്രീകൾ മാത്രം അവശേഷിക്കെയാണ് മുസ്ലിം ഭൂരിപക്ഷ മേഖലയായ കിഷൻഗഢ് ബാസിലെ 12 വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തുകളഞ്ഞത്.
അതുകൊണ്ടും മതിവരാതെ 44 ഏക്കർ പാടത്തെ ഗോതമ്പ്, കടുക് കൃഷികളും നശിപ്പിച്ചു അധികൃതർ. അനധികൃത ഇറച്ചി വിൽപനക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ഏതാനും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ട്. രാജസ്ഥാനിലെയും ഹരിയാനയിലെയും വഴിയോര തട്ടുകടകളിൽ വിൽക്കുന്ന ബിരിയാണിയിൽ ഉപയോഗിക്കുന്നത് അനധികൃതമായി അറുത്ത കാലികളുടെ ഇറച്ചിയാണെന്ന കഥ മെനഞ്ഞ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ആ കച്ചവടക്കാരെയും അമർച്ച ചെയ്യാനുള്ള തയാറെടുപ്പുകൾ നടക്കുന്നുണ്ട്. രാജസ്ഥാനിലും ഹരിയാനയിലും പശുസംരക്ഷകർ ചമഞ്ഞ് സംഘ്പരിവാർ അക്രമികൾ നടത്തിയ കൊലപാതകങ്ങളിൽ ഒരു പ്രതിപോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഇതോടൊപ്പം വായിക്കണം.
എത്രവലിയ കുറ്റകൃത്യമായാലും പ്രതികളെ കണ്ടെത്താനും നിയമത്തിനു മുന്നിൽ കൊണ്ടുവരുവാനുമല്ലാതെ നിയമം കൈയിലെടുത്ത് ശിക്ഷ നടപ്പാക്കാൻ പൊലീസിനോ മറ്റേതെങ്കിലും നിയമപാലന ഏജൻസികൾക്കോ അധികാരമില്ല. കുറ്റാരോപിതർക്കുനേരെ പൊലീസ് അമിത ബലപ്രയോഗം നടത്തുന്നതും കൊലപ്പെടുത്തുന്നതുമെല്ലാം കുറ്റകരമായ നിയമബാഹ്യപ്രവർത്തനങ്ങളാകുന്നത് അതുകൊണ്ടാണ്. നമ്മുടെ ഭരണഘടനക്കോ നിയമങ്ങൾക്കോ നിയമവ്യവസ്ഥക്കോ ഇത്തരം രീതി വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് പല നിയമജ്ഞരും തുറന്നുപറഞ്ഞിട്ടുമുണ്ട്.
എന്നാൽ, ഈ നിയമബാഹ്യ പ്രയോഗം നടത്താൻ ഉത്തരവിടുന്ന മുഖ്യമന്ത്രിമാരെ ‘ബുൾഡോസർ മാമ’യെന്നും ‘ബുൾഡോസർ ബാബ’യെന്നും വാഴ്ത്തുകയാണ് ബി.ജെ.പിയും അവരുടെ പ്രചാരണവേല ഏറ്റെടുത്തിരിക്കുന്ന മാധ്യമങ്ങളും. അനധികൃതമായി നിർമിച്ച കെട്ടിടത്തിനു മുകളിൽ മോദിയുടെയും യോഗിയുടെയും പ്രതിമ സ്ഥാപിച്ച് പൊളി നടപടിയിൽനിന്ന് രക്ഷിച്ചുനിർത്തിയിരിക്കുന്നത് പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലാണ്. ഭരണഘടനയെ മാനിക്കാതെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഇടിച്ചുനിരത്തൽ നീതിയുമായി മുന്നോട്ടുപോകുന്നവരോട്, അതാരുതന്നെയായാലും മതിയെന്ന് പറയാൻ കോടതികൾ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.