മതത്തിെൻറ പേരിൽ രാജ്യത്തെ ‘വിഭജിക്കുന്ന’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയി ലെ വിദ്യാർഥിക്കൂട്ടം ജന്തർമന്തറിൽ ‘യുനൈറ്റ് എഗൻസ്റ്റ് ഹേറ്റ്’ എന്ന പേരിൽ തുടങ്ങിവെച്ച പ്രക്ഷോഭം ഇപ്പോൾ ഇന്ത്യയാകെ പടർന്നിരിക്കുന്നു. ലാത്തി കാണിച്ചും തോക്ക് ചൂണ്ടിയും ഭീഷണിപ്പെടുത്തി ജാമിഅ മില്ലിയ്യയിലെയും അലീഗഢിലെയും പ്രതിഷേധങ്ങളെ ഒതുക്കിക്കളയാനുള്ള ഭരണകൂടത്തിെൻറ സകല ശ്രമങ്ങളെയും നിഷ്ഫലമാക്കിയുള്ള അവരുടെ ധീരമുന്നേറ്റങ്ങൾ ഇന്ത്യയിലെ സർവകാമ്പസുകൾക്കും ഊർജമായി. അങ്ങനെയാണ് മുെമ്പങ്ങുമില്ലാത്തവിധം ഇന്ത്യൻ തെരുവുകളെങ്ങും ‘പോരാട്ടത്തിെൻറ ക്ലാസ്മുറികളാ’യി മാറിയത്.
മോദി ഭരണകൂടത്തിെൻറ പ്രത്യക്ഷവും പരോക്ഷവുമായ ഭീഷണികളിൽ അകപ്പെട്ട് തീർത്തും നിസ്സംഗരായി കാഴ്ചക്കാരുടെ റോളിൽ മാത്രമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒതുങ്ങിപ്പോയപ്പോൾ അവർ ചരിത്രപരമായ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ആ ഇടപെടൽ വിജയിച്ചിരിക്കുന്നു. ഇന്ദ്രപ്രസ്ഥത്തിൽ അവരുയർത്തിയ മുദ്രാവാക്യങ്ങൾ ഇന്ന് രാജ്യത്തിെൻറ മൊത്തം വികാരമായി മാറിയിരിക്കുകയാണ്. ഒരാഴ്ച പിന്നിടുേമ്പാൾ മുഖ്യധാരാ പ്രതിപക്ഷപാർട്ടികളും മനുഷ്യാവകാശ സംഘടനകളും നവരാഷ്ട്രീയ പ്രസ്ഥാനങ്ങളും സിവിൽ സമൂഹവുെമാക്കെ സമരത്തിൽ സജീവമായിരിക്കുന്നു. എന്നാൽ, തീർത്തും ജനാധിപത്യപരവും സമാധാനപരവുമായ ഈ ബഹുജന പ്രക്ഷോഭങ്ങളെ പൊലീസ് രാജിലും ഇൻറർനെറ്റ് സെൻസർഷിപ്പിലും മുക്കിക്കളയാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.
വിദ്യാർഥികൾ ക്രൂരമായ പൊലീസ് മർദനങ്ങൾക്കിരയാകുന്നതിെൻറ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ കണ്ടു. കോളജ് ഹോസ്റ്റലുകളും വാഷ്റൂം പോലും അവർക്ക് സുരക്ഷിതമല്ലാതായി. സമരത്തിനെത്തുന്ന നേതാക്കൾ വഴിയിൽവെച്ചുപോലും അറസ്റ്റ് ചെയ്യപ്പെട്ടു. ഇപ്പോഴിതാ, പൊലീസ് വെടിവെപ്പിൽ സമരക്കാർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വരുന്നു. എന്നിട്ടും ജനക്കൂട്ടം സമരകേന്ദ്രങ്ങളിലേക്ക് ഒഴുകിയപ്പോൾ ഇൻറർനെറ്റ് അടക്കമുള്ള വിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ് അധികാരികൾ. അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ പൗരത്വ ഭേദഗതി ബിൽ പാർലമെൻറിൽ പാസാക്കിയതിനു പിന്നാലെതന്നെ ഇൻറർനെറ്റ് കണക്ഷൻ റദ്ദാക്കിയ സർക്കാർ തലസ്ഥാനനഗരിയിലും ഇന്നലെ ഭാഗികമായി സൈബർ അടിയന്തരാവസ്ഥ ഏർപ്പെടുത്തി; മെട്രോ സ്റ്റേഷനുകളടക്കം അടച്ചുപൂട്ടി പൗരന്മാരെ ഒരർഥത്തിൽ ബന്ധനസ്ഥരാക്കിയിരിക്കുകയാണ് ഭരണകൂടം.
കഴിഞ്ഞ കുറച്ചു വർഷമായി നമ്മുടെ രാജ്യത്തിെൻറ അവസ്ഥ ഇതാണ്. ജനകീയ പ്രതിഷേധങ്ങളുടെ ചെറുനാമ്പുകൾ എവിടെയെങ്കിലും ദൃശ്യമായാൽ അതിനെ മുളയിലേ നുള്ളിക്കളയാനുള്ള ഏറ്റവും മികച്ച മാർഗമാണ് ഇൻറർനെറ്റ് വിച്ഛേദം. ഈ വർഷം മാത്രം 94 തവണ ഇന്ത്യയിൽ ഇൻറർനെറ്റ് വിച്ഛേദിച്ചുവെന്നാണ് ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ ഫ്രീഡം ലോ സെൻറർ (എസ്.എഫ്.എൽ.സി) പുറത്തുവിട്ട കണക്ക്. കഴിഞ്ഞവർഷം ഇത് 134 തവണയായിരുന്നു. ജമ്മു-കശ്മീരിൽ ഇൻറർനെറ്റ് ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിട്ട് 137 ദിവസമായിരിക്കുന്നു; ഒരു ജനാധിപത്യ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഇൻറർനെറ്റ് സേവനം നിഷേധിക്കപ്പെട്ടത് കശ്മീരിലാണെന്നും എസ്.എഫ്.എൽ.സി റിപ്പോർട്ടുണ്ട്.
മൂന്നര വർഷത്തിനിടെ താഴ്വരയിൽ 260 ദിവസമാണ് ഇൻറർനെറ്റ് കണക്ഷൻ റദ്ദാക്കിയത്. 2017ൽ പശ്ചിമ ബംഗാളിെൻറ ചിലഭാഗങ്ങളെയും ഇതുപോലെ നൂറുദിവസത്തോളം അധികൃതർ ഇരുട്ടിലാക്കി. ലോകത്ത് ഏറ്റവും കൂടുതൽ ഇൻറർനെറ്റ് ഉപയോക്താക്കളുള്ള രണ്ടാമത്തെ രാജ്യമാണ് നമ്മുടേതെന്നോർക്കണം. 65 കോടിയോളം ഇൻറർനെറ്റ് ഉപയോക്താക്കളാണ് ഇവിടെയുള്ളത്. കാലങ്ങളായി നമ്മുടെ സർക്കാറുകൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികളടക്കമുള്ള ഭരണനിർവഹണ സംവിധാനങ്ങളത്രയും ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഇൻറർനെറ്റ് മാധ്യമം വഴിയാണ്. സാധാരണക്കാരൻ ഇപ്പോൾ റേഷൻ വാങ്ങിക്കുന്ന ഇ-പോസ് സംവിധാനം പോലും ഇൻറർനെറ്റ് ഇല്ലാതെ സാധ്യമാകില്ല. നിലവിലെ ഭരണകൂടത്തിെൻറ പ്രധാന മുദ്രാവാക്യവും അവകാശവാദവുമാണല്ലോ ‘ഡിജിറ്റൽ ഇന്ത്യ’.
അതിനുവേണ്ടിയാണല്ലോ നോട്ടുനിരോധന കാലത്ത് ഈ രാജ്യത്തെ പൗരന്മാരെ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ ഭരണകൂടം നിർത്തിയത്. ഇത്തരത്തിൽ ‘ഇൻറർനെറ്റ് അധിഷ്ഠിത ഭരണസംവിധാനം’ എന്ന ഉട്ടോപ്യൻ ആശയം അവതരിപ്പിക്കുകയും പിന്നീടത് വികലമായി നടപ്പാക്കുകയും ചെയ്ത ഒരു സർക്കാർ, ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലായ്മചെയ്യാൻ അതേ സാങ്കേതികവിദ്യയെത്തന്നെ തകർത്തുകളയുന്നുവെങ്കിൽ ഈ അധികാരിവർഗം ജനാധിപത്യ ഭരണകൂടം എന്ന വിശേഷണത്തിന് അർഹമല്ല. അല്ലെങ്കിലും ഇൻറർനെറ്റ് സെൻസർഷിപ്പിെൻറ കാര്യത്തിൽ മോദി സർക്കാറിെൻറ മാതൃക ഏതെങ്കിലും ജനാധിപത്യ രാജ്യമല്ല; മറിച്ച്, സമഗ്രാധിപത്യ രാജ്യമായ കമ്യൂണിസ്റ്റ് ചൈനയാണ്. അതുകൊണ്ടാണ് ചൈനീസ് സർക്കാറിെൻറ ഔദ്യോഗിക പത്രത്തിൽ മോദി സർക്കാറിെൻറ ഇൻറർനെറ്റ് വിച്ഛേദനത്തെ പിന്തുണച്ച് ലേഖനം വന്നത്.
മണിക്കൂറുകൾമാത്രം നീളുന്ന ഇൻറർനെറ്റ് തകരാറുകൾപോലും ഒരു രാജ്യത്തെ ഇരുട്ടിൽ നിർത്താൻ പര്യാപ്തമായ ഇക്കാലത്താണ് ഈ നടപടികളെന്നോർക്കണം. കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നയിക്കാൻ ഇതുതന്നെ ധാരാളം. എസ്.എഫ്.എൽ.സി റിപ്പോർട്ട് പ്രകാരം കശ്മീരിൽ അടക്കമുണ്ടായ ഇൻറർനെറ്റ് സെൻസർഷിപ്പിൽ നമ്മുടെ സാമ്പത്തികനഷ്ടം കണക്കാക്കിയിരിക്കുന്നത് 300 കോടി ഡോളർ ആണ്. അപ്പോൾ രാഷ്ട്ര തലസ്ഥാനമടക്കമുള്ള നഗരങ്ങളിൽ ഈ രീതി പിന്തുടർന്നാലുള്ള സ്ഥിതി ആലോചിക്കാവുന്നതേയുള്ളൂ.
ഇനി, സെൻസർഷിപ്പിലൂടെ ഈ പ്രക്ഷോഭങ്ങളെ ഒതുക്കിക്കളയാമെന്നാണെങ്കിൽ സൈബർ സ്പേസിൽ പിന്നെയും മാർഗങ്ങളുണ്ടെന്ന് ഭരണകൂടം മനസ്സിലാക്കിയാൽ നന്ന്. ഇൻറർനെറ്റ് സൗകര്യമില്ലാതെ തന്നെ വിനിമയ മാർഗങ്ങൾ ധാരാളമുണ്ടായിരിക്കെ സമരക്കാർക്ക് അത് ഉപയോഗിക്കാവുന്നതേയുള്ളൂ. അത്തരം സംവിധാനങ്ങളിലൂടെ പ്രക്ഷോഭം പിന്നെയും പടരുകതന്നെയാണ്. അതിനാൽ, സൈബർ അടിയന്തരാവസ്ഥയുടെ ഇത്തരം ഫാഷിസ്റ്റ് വഴികളിൽനിന്ന് മാറി ജനാധിപത്യ ഇച്ഛകൾക്ക് വഴങ്ങുക എന്നതുമാത്രമാണ് ഈ സന്ദർഭത്തിൽ മോദിസർക്കാറിന് മുന്നിലുള്ള ഏക മാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.