റോഹിങ്ക്യകളെ തിരിച്ചെടുക്കുന്ന പ്രക്രിയ ഫലപ്രദമാക്കാൻ മ്യാന്മർ ഇന്ത്യയുൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങളിൽനിന്നുള്ള സൈനികേതര നിരീക്ഷകരെ ഇടപെടീക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. മൂമിൻ ആസിയാൻ രാഷ്ട്രങ്ങളുടെ 27ാമത് മന്ത്രിതല സമ്മേളനത്തെ അഭിമുഖീകരിക്കെ ആവശ്യപ്പെട്ടിരിക്കുന്നു.
ഈ മാനുഷിക പ്രശ്നം പരിഹരിക്കുന്നതിലെ പരാജയം മേഖലയിലെ സമാധാനവും സ്ഥിരതയും തകർക്കുന്ന തീവ്രവാദത്തിലേക്കും ഭീകരതയിലേക്കുമാണ് നയിക്കുക എന്ന് അേദ്ദഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തങ്ങളുടെ മാതൃരാജ്യമായ മ്യാന്മറിലെ കൂട്ടക്കൊലയുടെ ഫലമായി പലായനം ചെയ്യേണ്ടി വന്ന 11 ലക്ഷം വരുന്ന റോഹിങ്ക്യകളെ സാമ്പത്തിക, പാരിസ്ഥിതിക സാമൂഹികപ്രത്യാഘാതങ്ങളെ വിലവെക്കാതെ കേവലം മാനുഷിക പരിഗണനവെച്ചാണ് ബംഗ്ലാദേശ് ഏറ്റെടുക്കേണ്ടി വന്നതെന്ന വസ്തുത അദ്ദേഹം ഓർമിപ്പിച്ചു.
അഭയാർഥികളെ തിരിച്ചയക്കാനുള്ള മൂന്ന് ഉടമ്പടികൾ സുഹൃദ്രാജ്യമായ മ്യാന്മറുമായി ബംഗ്ലാദേശ് ഒപ്പിട്ടിരുന്നതാണ്. പരിശോധനക്കുശേഷം അവരെ തിരിച്ചെടുക്കാമെന്ന് മ്യാന്മർ സമ്മതിച്ചതുമാണ്. തിരിച്ചുവരവിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുമെന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾക്ക് സുരക്ഷ ഒരുക്കാമെന്നും മ്യാന്മർ സമ്മതിച്ചിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ഒരാളും തിരിച്ചുപോയില്ല; പകരം രാഖൈൻ പ്രവിശ്യയിൽ വെടിവെപ്പും െഷല്ലാക്രമണവുമാണ് തുടരുന്നതെന്നും എ.കെ. മൂമിൻ ചൂണ്ടിക്കാട്ടി.
നമ്മുടെ കാലഘട്ടത്തിലെ അത്യന്തം വേദനജനകമായ മാനുഷിക ദുരന്തങ്ങളിലൊന്നാണ് മ്യാന്മറിൽ നിന്നുള്ള േറാഹിങ്ക്യൻ മുസ്ലിംകളുടെ കൂട്ടപ്പലായനം. രണ്ടു നൂറ്റാണ്ടുകൾക്കുമുമ്പ് തങ്ങളുടെ സ്വന്തം നാടായി കണ്ട രാഖൈൻ പ്രവിശ്യയിൽ സ്ഥിരതാമസമാക്കിയ റോഹിങ്ക്യകൾ കൃഷിയിലും മറ്റു തൊഴിലുകളിലും ഏർപ്പെട്ടു കഴിയവെ, മ്യാന്മർ എന്നു പേര് മാറിയ ബർമയിലെ ബുദ്ധിസ്റ്റ് ഭൂരിപക്ഷം രണോത്സുകരായി നിരന്തരം നടത്തിയ ആക്രമണങ്ങളുടെ ഫലമായാണ് സർവസ്വം നഷ്ടപ്പെട്ട് കൂട്ടപ്പലായനം ചെയ്യേണ്ടിവന്നത് എന്നത് ലോകത്തിനാകെ ബോധ്യപ്പെട്ട വസ്തുതയാണ്.
പെട്ടിയും ചട്ടിയും കുട്ടികളുമായി നാടുവിടേണ്ടി വന്നവരിൽ ഒട്ടു വളരെപേർക്ക് ഉൾക്കൊള്ളാവുന്നതിെൻറ എത്രയോ ഇരട്ടി കയറിപ്പറ്റിയപ്പോൾ ബോട്ടുകൾ മറിഞ്ഞ് ജീവഹാനി നേരിട്ട കഥകൾ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞു. തങ്ങളുടെ തീരത്തണഞ്ഞവരിൽ കുറെ പേരെ മേലഷ്യയും തായ്ലൻഡും സമീപസ്ഥ രാജ്യങ്ങളും ഏറ്റെടുത്തപ്പോൾ ഭൂരിപക്ഷവും മ്യാന്മറുമായി അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിലാണ് അഭയം പ്രാപിച്ചത്.
ദരിദ്രരാജ്യമായ ബംഗ്ലാദേശിന് പത്തുലക്ഷം പേരെ അധിവസിപ്പിക്കാനോ തീറ്റിപ്പോറ്റാനോ അശേഷം ശേഷിയില്ലെങ്കിലും ഐക്യരാഷ്ട്രസഭയും സമ്പന്ന രാജ്യങ്ങളും അയൽനാടുകളും പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ് മാനുഷികദൗത്യം ഏറ്റെടുത്തത്. മ്യാന്മറുമായുള്ള സൗഹൃദം തകരാതിരിക്കാൻ പരമാവധി സൂക്ഷ്മത പാലിച്ചുകൊണ്ടുതന്നെ റോഹിങ്ക്യകളുടെ തിരിച്ചുപോക്കിന് സാഹചര്യമൊരുക്കുകയായിരുന്നു ബംഗ്ലാദേശിെൻറ അജണ്ട. ആ രാജ്യത്തിെൻറ വിദേശകാര്യ മന്ത്രി ആസിയാൻ ഉച്ചകോടിയിൽ വ്യക്തമാക്കിയതുപോലെ മ്യാന്മറിന് സ്വീകാര്യമായ ഉപാധികളോടെ ഇരുരാജ്യങ്ങളും ഒപ്പിട്ട കരാർ റോഹിങ്ക്യകളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും തൃപ്തികരമായ പരിഹാരമല്ലാതിരുന്നിട്ടുകൂടി കരാർ നടപ്പാക്കുന്നതിൽ ക്രിയാത്മകമായ ഒരു കാൽവെപ്പും മ്യാന്മറിെൻറ ഭാഗത്തുനിന്നുണ്ടായില്ല.
തന്നെയുമല്ല, രാഖൈൻ പ്രവിശ്യയിൽ പട്ടാളവും ബുദ്ധിസ്റ്റുകളും റോഹിങ്ക്യൻവേട്ട കണ്ണിൽ ചോരയില്ലാതെ തുടരുകതന്നെയാണ്. പതിറ്റാണ്ടുകൾ നീണ്ട പട്ടാള വാഴ്ച ഒരുവിധം അവസാനിച്ച് ഒാങ്സാൻ സൂചിയുടെ നേതൃത്വത്തിൽ നാഷനൽ ലീഗ് ഫോർ ഡെമോക്രസി അധികാരത്തിൽ വന്നിട്ടുപോലും മുസ്ലിം ന്യൂനപക്ഷത്തോടുള്ള സമീപനത്തിൽ ഒരു മാറ്റവും സംഭവിച്ചില്ല. ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്നപോലെ ന്യൂനപക്ഷ പ്രീണനാരോപണം ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കുമെന്ന ഭയമാണ് തനിക്ക് ലഭിച്ച സമാധാനത്തിനുള്ള പല പുരസ്കാരങ്ങളും ദാതാക്കൾ പിൻവലിച്ചിട്ടുപോലും സൂചിയെ മൗനിയാക്കുന്നത്.
2019 സെപ്റ്റംബറിൽ യു.എൻ ജനറൽ അസംബ്ലിയും 2019 നവംബറിൽ ചേരിചേരാ ഉച്ചകോടിയും ഏകകണ്ഠമായി ആവശ്യപ്പെട്ടിട്ടും ബധിരകർണങ്ങളിലാണ് അതൊക്കെ പതിച്ചത്. മ്യാന്മർ വളരെ ഏറെ ആശ്രയിക്കുന്ന ചൈന മാധ്യസ്ഥതക്ക് സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതിെൻറ ഫലപ്രാപ്തിയെപ്പറ്റി പ്രതീക്ഷയില്ല. കാരണം, മറ്റേത് മാനുഷികപ്രശ്നങ്ങളേക്കാളും സ്വന്തം താൽപര്യങ്ങൾക്കാണ് ചൈനയുടെ പ്രഥമ പരിഗണന. സിൻജ്യാങ്ങിൽ മുസ്ലിംകൾക്കു നേരെ ചൈനയുടെ സമീപനം മ്യാന്മറിേൻറതിൽ നിന്ന് ഏറെ വ്യത്യസ്തമല്ല എന്നതും ഒരു കാരണമാണ്.
ഇവ്വിധത്തിൽ നഷ്ടപ്പെടാൻ ജീവനല്ലാതെ ഒന്നും ബാക്കിയില്ലാത്ത ഒരു ജനത, രാജ്യത്തിെൻറ സുരക്ഷക്കു തന്നെ ഭീഷണിയാവുന്നതും കള്ളക്കടത്തും മയക്കുമരുന്ന് കടത്തും ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഉപകരണങ്ങളായി മാറുന്നതും ഭീകരപ്രസ്ഥാനങ്ങളുടെ റിക്രൂട്ട്മെൻറ് കേന്ദ്രങ്ങളായി പരിണമിക്കുന്നതും സ്വാഭാവിക പ്രത്യാഘാതങ്ങളാണ്.
അതിേലക്കാണ് ബംഗ്ലാദേശ് വിേദശകാര്യ മന്ത്രി വിരൽചൂണ്ടിയിരിക്കുന്നത്. അതു സംഭവിച്ചുകഴിഞ്ഞാൽ പിന്നെ പരസ്പരം കുറ്റപ്പെടുത്തിയിട്ട് പ്രയോജനമൊന്നുമുണ്ടാവില്ല. ഇന്ത്യയിലുമുണ്ട് അരലക്ഷേത്താളം റോഹിങ്ക്യൻ അഭയാർഥികൾ. പൗരത്വമോ പാർപ്പിടമോ റേഷനോ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നുമില്ലാതെ മനുഷ്യത്വം തീരെ മരവിച്ചുപോയിട്ടില്ലാത്തവരുടെ ഔദാര്യത്തിൽ ജീവിതം തള്ളിനീക്കുന്ന ഈ ഹതഭാഗ്യരെ രാജ്യത്തുനിന്ന് പുറത്താക്കുകയെന്നതാണ് മോദി സർക്കാറിെൻറ പ്രഖ്യാപിത നയം. തിരിച്ചയക്കേണ്ടത് മ്യാന്മറിലേക്കാണ്.
ആ അയൽരാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം സൗഹാർദപരവുമാണ്. ഈ സാഹചര്യത്തിൽ പ്രശ്നത്തിന് മാനുഷികമായൊരു പരിഹാരം കാണാൻ ബംഗ്ലാദേശുമായി ചേർന്ന് നയതന്ത്ര മാർഗങ്ങളിലൂടെ യത്നിക്കുകയല്ലേ കരണീയമായിട്ടുള്ളതെന്ന് മോദി-അമിത് ഷാ ടീം ആലോചിക്കേണ്ട സമയം വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.