രാജസ്ഥാൻ ഉപമുഖ്യമന്ത്രി, പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എന്നീ പദവികളിൽനിന്ന് യുവ നേതാവ് സചിൻ പൈലറ്റിനെ പുറത്താക്കിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലും ഭരണതലത്തിലും രൂപപ്പെട്ട പ്രതിസന്ധിക്ക് തൽക്കാല വിരാമമുണ്ടായിരിക്കുന്നു എന്നാണ് പറയേണ്ടത്. കഴിഞ്ഞദിവസംവരെ മുതിർന്ന േനതാവ് അശോക് ഗെഹ്ലോട്ടിെൻറ മുഖ്യമന്ത്രി പദവി മാത്രമല്ല, രാജസ്ഥാനിലെ കോൺഗ്രസ് ഭരണംതന്നെ നഷ്ടപ്പെടാൻ പോവുന്ന പ്രതീതിയായിരുന്നു സൃഷ്ടിക്കപ്പെട്ടിരുന്നത്. സചിൻ പൈലറ്റ് 17 എം.എൽ.എമാരുടെ പിന്തുണയുമായി മന്ത്രിസഭ മറിച്ചിട്ട് ബി.ജെ.പി പിന്തുണയോടെ ഭരണംപിടിക്കാൻ പോവുന്നു എന്ന തോന്നൽ പരക്കെയുണ്ടായി. നാലുമാസം മുമ്പ് മധ്യപ്രദേശിൽ അരങ്ങേറിയ നാടകം അതേപടി രാജസ്ഥാനിലും ആവർത്തിക്കപ്പെടാൻ പോവുന്നു എന്നു കരുതാൻ സാഹചര്യമൊരുങ്ങി. മധ്യപ്രദേശിൽ ജ്യോതിരാദിത്യ മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ കമൽനാഥിെൻറ കാലുവാരുക മാത്രമല്ല ബി.ജെ.പിയിൽ ചേർന്ന് രാജ്യസഭാംഗമാവുകയും നിയമസഭ തെരഞ്ഞെടുപ്പിൽ നാലാംമൂഴം നഷ്ടപ്പെട്ട ബി.ജെ.പി മുഖ്യൻ ശിവരാജ് സിങ് ചൗഹാന് അധികാരം തിരിച്ചുപിടിക്കാൻ അവസരമൊരുക്കുകയും ചെയ്തു. എന്നാൽ, രാജസ്ഥാനിൽ തൽക്കാലത്തേെക്കങ്കിലും അട്ടിമറിശ്രമം വിഫലമായിരിക്കുകയാണ്. 200 അംഗ നിയമസഭയിൽ 106 പേരുടെയെങ്കിലും പിന്തുണ ഉറപ്പാക്കി അധികാരം നിലനിർത്താൻ ഗെഹ്ലോട്ടിന് സാധ്യമായേക്കും. പുറമെ സ്ഥിരം വെല്ലുവിളിയും തലവേദനയുമായ സചിനെ മാറ്റിനിർത്തുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തിരിക്കുന്നു. ഇതെങ്ങനെ സാധിച്ചു എന്ന ചോദ്യത്തിെൻറ ഉത്തരം വന്നുകൊണ്ടിരിക്കുന്നേയുള്ളൂ.
തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നിയമസഭ സാമാജികരിൽ ഭൂരിഭാഗവും സചിനെതിരെ ഗെഹ്ലോട്ടിനെ പിന്താങ്ങിയതുകൊണ്ടായിരുന്നു അദ്ദേഹത്തിന് മുഖ്യമന്ത്രിയാവാൻ വഴിതെളിഞ്ഞത്. തുടർന്ന് തുടങ്ങിയ നിരന്തര പോരിനൊടുവിലും ഗെഹ്ലോട്ടിെൻറ പിന്തുണ ഗണ്യമായി കുറക്കാൻ സചിൻ പൈലറ്റിനായില്ല എന്നാണ് തെളിഞ്ഞിരിക്കുന്നത്. 26ാമത്തെ വയസ്സിൽ പാർലമെൻറംഗവും പിന്നീട് കേന്ദ്രമന്ത്രി പദവിയും ഒടുവിൽ പി.സി.സി പ്രസിഡൻറ് സ്ഥാനവും ഒപ്പം ഉപമുഖ്യമന്ത്രി പദവിയുമെല്ലാം കോൺഗ്രസിലൂടെ കൈവന്നിട്ടും പാർട്ടിയിൽ പാരമ്പര്യവും ജനപിന്തുണയുമുള്ള അശോക് ഗെഹ്ലോട്ടിനെ നാലഞ്ചുകൊല്ലം കൂടി പൊറുപ്പിക്കാനുള്ള ക്ഷമ രാജേഷ് പൈലറ്റിെൻറ മകന് ഇല്ലാതെ പോയത് ആരുടെയും അനുഭാവം പിടിച്ചുപറ്റാൻ പര്യാപ്തമല്ലായിരുന്നു. അദ്ദേഹത്തെ പരമാവധി പദവികൾ നൽകി ചേർത്തുനിർത്താൻ നെഹ്റു കുടുംബം അവസാന നിമിഷംവരെ പെടാപ്പാടു പെട്ടിട്ടും ഒട്ടും അയഞ്ഞില്ലെന്നത് ദുശ്ശാഠ്യവും അതിരുകളില്ലാത്ത അധികാരമോഹവുമായേ വിലയിരുത്തപ്പെടൂ.
അതിമോഹം തൽക്കാലം പൂവണിയാതെ പോയതിെൻറ പിന്നിൽ ബി.ജെ.പിയുടെ കരുതലും ഒരു കാരണമാവാം. മഹാരാഷ്ട്രയിൽ എൻ.സി.പിയിൽനിന്ന് അടർത്തിയെടുത്ത അജിത് പവാറിനെ മുന്നിൽനിർത്തി അമിത് ഷാ പയറ്റിയ സർവതന്ത്രങ്ങളും അവസാനനിമിഷം തകർന്നടിഞ്ഞ പാഠം അമ്മാതിരിക്കളി തൽക്കാലം തുടരേണ്ടതില്ലെന്നു തീരുമാനിക്കാൻ കാവിപ്പടയെ പ്രേരിപ്പിച്ചതാവാം.കൂറുമാറ്റവും കാലുമാറ്റവും മറിച്ചിടലും തട്ടിക്കൂട്ട് സർക്കാറിനെ പ്രതിഷ്ഠിക്കലും ഇമ്മാതിരി വേലത്തരങ്ങൾക്ക് അനേകായിരം കോടികൾ ഒഴുക്കലുമൊക്കെ ബി.ജെ.പി നയിക്കുന്ന ദേശീയരാഷ്ട്രീയത്തിെൻറ പതിവുകളായിത്തീർന്ന പശ്ചാത്തലത്തിൽ രാജസ്ഥാനിലെ ഇപ്പോഴത്തെ സംഭവവികാസവും കോൺഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് ഉറപ്പിക്കാൻ വയ്യ. അപ്പോഴും അരുതായ്മകളിൽനിന്ന് അരുതായ്മകളിലേക്കും നെറികേടുകളിൽനിന്ന് നെറികേടുകളിലേക്കും കുതിച്ചുപായുന്ന തീവ്രവലതുപക്ഷ ഭരണത്തിനെതിരെ രാജ്യത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ പ്രതീക്ഷകളർപ്പിച്ചിരിക്കുന്നത് കോൺഗ്രസിലാണ്.
പഞ്ചാബ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്നതോടൊപ്പം മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ഭരണം പങ്കിടുന്ന കോൺഗ്രസ് പാർലമെൻറിൽ ഏറ്റവും സീറ്റുകളുള്ള പ്രതിപക്ഷ പാർട്ടിയാണ്. ദീർഘദൃഷ്ടിയും നിശ്ചയദാർഢ്യവും ഊർജസ്വലതയുമുള്ള ഒരു ദേശീയ നേതാവ് അമരത്തുണ്ടെങ്കിൽ ഇനിയും ഒരു തിരിച്ചുവരവിന് പാർട്ടിക്കാവും എന്ന് കരുതുന്നവരാണ് മതേതര ജനാധിപത്യ വിശ്വാസികളായ ജനസമൂഹം. പക്ഷേ, അവരുെട പ്രതീക്ഷക്കും അപേക്ഷക്കും നേരെ മുഖംതിരിച്ചുനിൽക്കുകയാണ് നേതാക്കൾ. ഒരു ജനാധിപത്യത്തിൽ ഒരിക്കലും ന്യായീകരിക്കാനോ നീതീകരിക്കാനോ വയ്യെങ്കിലും നെഹ്റു കുടുംബാംഗങ്ങൾതന്നെ വേണം ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ നയിക്കാൻ എന്ന പതിറ്റാണ്ടുകളുടെ കീഴ്വഴക്കം മാറ്റമില്ലാതെ നിലനിൽക്കെ രാഹുൽ ഗാന്ധിയോ പ്രിയങ്കയോതന്നെ വേണം പാർട്ടിയുടെ തലപ്പത്ത് എന്ന യാഥാർഥ്യം തൽക്കാലം അവഗണിച്ചു മുന്നോട്ടുനീങ്ങാനാവില്ല. പ്രായവും രോഗവും മൂലം വിശ്രമം നിർബന്ധമായ ഘട്ടത്തിലാണ് സോണിയ ഗാന്ധി. പക്ഷേ, ലോക്സഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയെ തുടർന്ന് രാജിവെച്ച രാഹുൽ ഗാന്ധി ആരുപറഞ്ഞാലും വീണ്ടും സ്ഥാനമേൽക്കാനോ പ്രിയങ്കയെ തദ്സ്ഥാനത്ത് നിയോഗിക്കാനോ തയാറല്ലെന്നതാണ് ഇന്നേവരെയുള്ള അനുഭവം. സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളുടെ പാരവെപ്പാവാം അദ്ദേഹം ഭയക്കുന്നത്. ‘നമ്മുടെ പാർട്ടിയെ കുറിച്ച് ദുഃഖിതനാണ്. ലായത്തിൽനിന്ന് കുതിരകളെല്ലാം നഷ്ടമായാലേ നമ്മൾ ഉണരുകയുള്ളോ?’ എന്ന് മുതിർന്ന നേതാവും നിയമജ്ഞനുമായ കപിൽ സിബൽ പോലും വിലപിക്കുകയാണ്. സിന്ധ്യയും സചിനും കൂടുവിട്ടുപോയ പശ്ചാത്തലത്തിലാണ് കപിലിെൻറ കരച്ചിൽ. പഞ്ചാബിലെ കരുത്തനായ അമരീന്ദർ സിങ് പോലും വിമതശല്യം നേരിട്ടുകൊണ്ടിരിക്കെ കപിൽ സിബലിെൻറ രോദനം പാർട്ടി നേതൃത്വം അതർഹിക്കുന്ന ഗൗരവത്തിൽ ശ്രദ്ധിക്കുമോ എന്നാണറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.