ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെ 74ാം വാർഷികാഘോഷദിനമാണിന്ന്. ലോകത്ത് അധിക നാടുകൾക്ക് അവകാശപ്പെടാനാവാത്തത്ര സാംസ്കാരിക സവിശേഷതകളും വൈവിധ്യങ്ങളും നിറഞ്ഞതാണ് നമ്മുടെ മഹാരാജ്യം. ലക്ഷക്കണക്കിന് മനുഷ്യർ മത-ജാതി ചിന്തകൾക്കതീതമായി അധിനിവേശ ശക്തികൾക്കെതിരെ അഹിംസ എന്ന വിപ്ലവാത്മക ആദർശമുയർത്തി പൊരുതിനേടിയ സ്വാതന്ത്ര്യത്തിന്റെ ഗുണഫലം, തലമുറകൾക്കപ്പുറവും ഒരാൾക്കും അന്യമാവരുതെന്ന, നവഭാരത ശിൽപികൾ വിഭാവനം ചെയ്ത ലക്ഷ്യമാണ് അതിന്റെ ഊർജം. മതേതരത്വവും ജനാധിപത്യവും അവസര സമത്വവുമാണ് ഈ പരമാധികാര റിപ്പബ്ലിക്കിന് ഏറ്റവും ശക്തിപകരുന്ന മൂല്യങ്ങൾ. അവക്ക് ഏതെങ്കിലും തരത്തിൽ ഊനം തട്ടുകയെന്നാൽ രാജ്യത്തിനും അതിന്റെ പരമാധികാരത്തിനും ആഘാതമേൽക്കുന്നുവെന്നാണർഥം.
രാജ്യസ്നേഹത്തിന്റെ അതിരേകത്താൽ പ്രശ്നമേതുമില്ലെന്ന് സ്വയം ആശ്വസിക്കാൻ നാം പലവുരു ശ്രമിക്കുന്നുണ്ട്, ഇവിടെയെല്ലാം ശുഭമെന്ന് വിശ്വസിപ്പിക്കാനുറച്ച് ഭരണകൂടം പലതും മറച്ചുപിടിക്കാനും നോക്കുന്നുണ്ട്. എത്ര ശക്തിയോടെ നിഷേധിച്ചാലും ജനാധിപത്യവും മതേതരത്വവും സമത്വവും പല കോണുകളിൽ നിന്ന് ശക്തമായ വെല്ലുവിളികളും ഭീഷണിയും നേരിടുന്നുവെന്നതും അത് പരമാധികാരത്തെ അപായത്തിലേക്ക് തള്ളിവിടുന്നുവെന്നതും വർത്തമാന ഇന്ത്യയിലെ പച്ചയായ സത്യമാണ്.
കഴിഞ്ഞ റിപ്പബ്ലിക് ദിനം മുതൽ 365 ദിവസത്തെ കണക്കെടുത്താൽ മാത്രം കാണാനാവും ഭീതിദമായ ഈ ഭീഷണിയുടെ എത്രയോ നടുക്കുന്ന ചിത്രങ്ങൾ. മത വിശ്വാസപ്രകാരമുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനികളെ വിദ്യാലയങ്ങളിൽ നിന്ന് ആട്ടിയോടിക്കുകയും പരീക്ഷയെഴുതുന്നതിൽ നിന്ന് പോലും തടയുകയും ചെയ്തത്, ഉത്സവ ഘോഷയാത്രക്കിടെ ആരാധനാലയങ്ങളിൽ കടന്നുകയറി കൈയേറ്റം നടത്തിയത്, അതേച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരു സമുദായത്തിലെ മനുഷ്യരെ മാത്രം പ്രതിചേർക്കുകയും നീതിപീഠത്തെപ്പോലും നോക്കുകുത്തിയാക്കി അവരുടെ വീടും വസ്തുവകകളും ബുൾഡോസർ കയറ്റി തകർത്തത്, കേസുകൾ കെട്ടിച്ചമച്ച് മാധ്യമ പ്രവർത്തകരെ ജയിലിലടച്ചത്, എതിർ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും നിയമങ്ങൾ ദുരുപയോഗം ചെയ്ത് കുരുക്കിലാക്കുന്നത്, ജാതിയുടെയും മതത്തിന്റെയും പേരിൽ കുടിവെള്ളം മുതൽ അധികാര പ്രാതിനിധ്യം വരെ നിഷേധിക്കുന്നത്, മതേതര രാജ്യത്തെ മതാത്മക രാജ്യമാക്കി മാറ്റാനും രാജ്യത്തെ ജനങ്ങളെ വംശഹത്യക്കിരയാക്കാനും ആഹ്വാനം മുഴക്കുന്നത്, ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ മോചിപ്പിച്ച് ആദരിക്കുകയും ഇരകളുടെ ജീവിതം ഭീതിയിൽ മുക്കിത്താഴ്ത്തുകയും ചെയ്തത് എന്നിങ്ങനെ എണ്ണിത്തിട്ടപ്പെടുത്തൽ എളുപ്പമല്ലാത്ത എത്രയോ അവകാശലംഘനങ്ങൾ. ഏതാനും വ്യക്തികളോടോ, സമുദായത്തോടോ സമൂഹത്തോടോ മാത്രമല്ല, ഒരു രാജ്യത്തിനു നേരെ നടക്കുന്ന അതിക്രമങ്ങളായി വേണം ഇവ ഓരോന്നിനെയും കാണാൻ.
താഴ്ന്ന ജാതിയിൽ ജനിച്ചു എന്നത് പൊതുടാപ്പിൽ നിന്ന് വെള്ളമെടുത്ത് കുടിക്കുന്നതിന് ഇന്നും അയോഗ്യതയായി കാണുകയും അതിന്റെ പേരിൽ അടിച്ചു കൊല്ലുകയും ചെയ്ത നിഷ്ഠുര സംഭവം നമ്മുടെ കൺമുന്നിലാണ് നടമാടിയത്. രാജ്യം ഒരു മനസ്സോടെ മുന്നിട്ടിറങ്ങാതെ ജാതിയുടെയും മതത്തിന്റെയും പേരിലെ ധ്രുവീകരണവും കലാപങ്ങളും ഇല്ലാതാക്കാനാവില്ല, അവ ഏൽപിക്കുന്ന ആഴമേറിയ മുറിവുകളെ ഉണക്കാനുമാവില്ല.
ജനാധിപത്യത്തിന്റെ തൂണുകളെ പണവും സ്വാധീനവും ഭീഷണിയും ഉപയോഗപ്പെടുത്തി ദുർബലപ്പെടുത്താൻ ആസൂത്രിത ഗൂഢാലോചനകൾ നടക്കുന്നു. ജനപ്രതിനിധികളെയും സർക്കാറിനെയും പണം ഉപയോഗിച്ച് മാറ്റിമറിക്കാനാകുമെന്ന് വന്നാൽ സമ്മതിദാനാവകാശം എന്ന ജനാധിപത്യത്തിലെ മൂല്യമേറിയ വാക്കാണ് വെല്ലുവിളിക്കപ്പെടുന്നത്. ഫെഡറൽ മൂല്യങ്ങളെ തകിടം മറിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടികളും ആവോളം നടക്കുന്നു. എതിരഭിപ്രായക്കാരുടെ വീടുകളിലേക്ക് ഇരച്ചുകയറാനുള്ള കൂലിപ്പടയെപ്പോലെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. ഇപ്പോഴിതാ നീതിപീഠങ്ങളെയും വരുതിയിലാക്കാൻ വഴിവിട്ട നീക്കങ്ങൾ തുടങ്ങിയിരിക്കുന്നു. പരമോന്നത നീതിപീഠത്തിന്റെ തീരുമാനങ്ങളും നിലപാടുകളും വിമർശനാതീതമല്ല. എന്നാൽ, സുപ്രീംകോടതിയോട് ഭീഷണിയുടെ ഭാഷയിൽ സംസാരിക്കാൻ ആർക്കുമില്ല അധികാരം.
ആശങ്കജനകമായ ഇത്തരം ശ്രമങ്ങൾ ജനങ്ങളുടെ മനസ്സിൽ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാവട്ടെ രാജ്യത്തിന്റെ പ്രൗഢമായ, പ്രബലമായ ഭരണഘടനയാണ്. രാഷ്ട്രപതി മുതൽ ഏറ്റവും ദുർബലരായ പൗരർക്ക് വരെ തുല്യാവകാശവും തുല്യാധികാരവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനയെ സംരക്ഷിച്ച് നിർത്തുകയും അതിലെ നിർദേശങ്ങൾക്കനുസൃതമായി രാഷ്ട്രനിർമാണത്തിൽ പങ്കുചേരുകയും ചെയ്യുക എന്നതാണ് ഇക്കാലത്തെ ഏറ്റവും വലിയ രാഷ്ട്രസേവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.