'സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണന് തുടർചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽനിന്നു അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവൻ നിർവഹിക്കുന്നതാണ്' -കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റിയുടെ ലെറ്റർപാഡിൽ 2020 നവംബർ 13ന് പുറത്തിറക്കിയ പത്രക്കുറിപ്പാണിത്. ഇതിൽ എ. വിജയരാഘവൻ ആയിരിക്കും ഇനിമേൽ സെക്രട്ടറിയുടെ ചുമതല വഹിക്കുക എന്ന കാര്യം ഒരു അറിവെന്ന നിലക്ക് ആളുകൾ അംഗീകരിക്കും. കോടിയേരി ബാലകൃഷ്ണൻ തുടർചികിത്സക്കായി അവധി ആവശ്യപ്പെട്ടതിനാലാണ് ഈ മാറ്റം എന്ന വാചകം പാർട്ടിയുടെ ഏറ്റവും വിശ്വസ്തനായ അംഗം പോലും വിശ്വസിക്കില്ല. സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ കോടിയേരിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ഉയർന്നതും അനസ്യൂതം തുടരുന്നതുമായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം മാറിനിന്നതായി, അല്ലെങ്കിൽ അദ്ദേഹത്തെ മാറ്റിയതായി മാത്രമേ ആളുകൾ മനസ്സിലാക്കുകയുള്ളൂ. അങ്ങനെയല്ലാത്ത ഏതു വിശദീകരണവും വെറും തമാശയായി പരിഗണിക്കപ്പെടും.
കോടിയേരി ബാലകൃഷ്ണെൻറ മകൻ മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ള കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ പിടിയിൽപെട്ട് ജയിലിലായത് പാർട്ടിക്കും പാർട്ടി കാഡറുകൾക്കും ഏറെ സമ്മർദമുണ്ടാക്കിയ കാര്യമായിരുന്നു. എന്നാൽ, മകെൻറ തെറ്റിന് അച്ഛനെ പഴിക്കുന്നതെന്തിന് എന്ന ചോദ്യമുയർത്തിയാണ് സി.പി.എം അതിനെ മറികടക്കാൻ ശ്രമിച്ചത്. ബിനീഷിനെ ഏതെങ്കിലും തരത്തിൽ ന്യായീകരിക്കാനോ പ്രതിരോധം തീർക്കാനോ പാർട്ടിയോ പാർട്ടി സെക്രട്ടറിയോ ശ്രമിച്ചിട്ടില്ലെന്നും ഇനി ശ്രമിക്കുകയില്ലെന്നും അവർ കട്ടായം പറഞ്ഞു. നിയമം നിയമത്തിെൻറ വഴിക്കു പോകട്ടെ എന്ന് ആവർത്തിക്കുകയായിരുന്നു പാർട്ടി. സി.പി.എമ്മിെൻറ ഈ വിശദീകരണത്തിൽ സാങ്കേതികമായി ന്യായങ്ങളുണ്ട്. 18 വയസ്സ് തികഞ്ഞ, സ്വന്തമായി അസ്തിത്വമുള്ള പൗരനാണ് ബിനീഷ്. അങ്ങനെയൊരാൾ ചെയ്യുന്ന അരുതായ്മകൾക്ക് അച്ഛനെങ്ങനെ ഉത്തരവാദിയാവും എന്നത് പ്രസക്തമാണ്. അത് അങ്ങനെയായിരിക്കെത്തന്നെ അതിനേക്കാൾ പ്രസക്തമായ ചില മറുവശങ്ങളുണ്ട്. കോടിയേരി കുടുംബവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാവുന്നത് ഇതാദ്യമല്ല. മൂത്ത മകൻ ബിനോയ് കോടിയേരി കോടികളുടെ സാമ്പത്തിക വഞ്ചന നടത്തി എന്ന പരാതിയുമായി ഒരു യു.എ.ഇ പൗരൻ രംഗത്തുവരുകയും പാർട്ടി കേന്ദ്രനേതൃത്വത്തിനുതന്നെ പരാതി നൽകുകയും ചെയ്ത സംഭവം നേരത്തെ ഉണ്ടായിട്ടുണ്ട്. ബിനോയ് കോടിയേരിയിൽ തനിക്ക് കുഞ്ഞുണ്ടെന്ന അവകാശവാദവുമായി ഒരു ഉത്തരേന്ത്യൻ യുവതി രംഗത്തുവരുകയും ആ വിവാദം ഡി.എൻ.എ ടെസ്റ്റ് വരെ എത്തിയ സംഭവവുമുണ്ടായി. കോടികൾ മറിയുന്ന ഇടപാടുകളിൽ ഇരുവരുടെയും പേരുകൾ പലതവണ ഉയർന്നുവന്നു. സ്വയമേവ വലിയ ബിസിനസ്സുകൾ നടത്തി ഉയർന്നുവന്ന ആളുകളല്ല രണ്ടു മക്കളും. സംസ്ഥാന മന്ത്രി, പാർട്ടി സെക്രട്ടറി തുടങ്ങിയ അച്ഛെൻറ പദവികൾ മൂലധനമാക്കിയാണ് ഇത്രയും വലിയ ഇടപാടുകളുടെ ഉടമകളായി ഇവർ മാറുന്നതെന്ന വിമർശനം സ്വാഭാവികമായും ഉയർന്നുവരും. അല്ലെങ്കിൽ ഇവർക്കെങ്ങനെ ഇതിന് സാധിക്കുന്നു എന്ന് യുക്തിസഹമായി വിശദീകരിക്കാൻ പാർട്ടിക്കോ പാർട്ടി സെക്രട്ടറിക്കോ സാധിക്കേണ്ടതായിരുന്നു. അതിന് ഇനിയും സാധിച്ചിട്ടില്ല. 18 വയസ്സ് തികഞ്ഞ സ്വതന്ത്ര പൗരൻ എന്ന സിദ്ധാന്തം അതിനാൽതന്നെ സാങ്കേതികമായി മാത്രമേ നിലനിൽക്കുകയുള്ളൂ.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പൈതൃകവും പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കോടിയേരി വിവാദത്തിലുണ്ട്. പാർട്ടി നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ലളിത ജീവിതവും വ്യക്തിപരമായ ധാർമികതയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറയാകെ മൂലധനമാണ്. അത്തരമൊരു പശ്ചാത്തലത്തിൽ പാർട്ടിയുടെ സമുന്നത പദവിയിലിരിക്കുന്ന ഒരാളുടെ കുടുംബവുമായി ബന്ധപ്പെട്ടുയരുന്ന അങ്ങേയറ്റം വഷളായ വിവാദങ്ങൾ പാർട്ടിയുടെ ധാർമികതയെയും അണികളുടെ ആത്മവിശ്വാസത്തെയും ബാധിക്കുന്നത് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, അത് മനസ്സിലാക്കാനുള്ള ശേഷി പാർട്ടി നേതൃത്വത്തിനുണ്ടായില്ല. കാര്യങ്ങൾ കൈവിട്ടു പോവുകയും കേസും തുടർനടപടികളും കൂടുതൽ ശക്തമാവുകയും ചെയ്ത ഘട്ടത്തിലാണ് സെക്രട്ടറി മാറിനിൽക്കുന്നത്. ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കിൽ എന്തെങ്കിലും കാര്യമുണ്ടായേനെ. ഇതിപ്പോൾ, പരിക്കുകൾ മുഴുവൻ ഏൽക്കുകയും ചെയ്തു, സെക്രട്ടറി മാറുകയും ചെയ്തു എന്ന അവസ്ഥയിലായി. ജനങ്ങളും അണികളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നേതൃത്വം ഉണ്ടാവുമ്പോൾ കാര്യങ്ങൾ ഇങ്ങനെയേ സംഭവിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.