ചികിത്സ വേണം ഈ മാനസികാവസ്ഥക്ക്


19 വയസ്സുള്ള ഒരു പയ്യൻ പണ്ട് പഠിച്ച സ്കൂളിലേക്ക് കയറിച്ചെന്ന് പഠനകാലത്ത് അധ്യാപകർ പിടിച്ചുവെച്ച തൊപ്പി ആവശ്യപ്പെടുന്നു, അനിഷ്ടമുള്ള അധ്യാപകരെ തിരക്കുന്നു, സ്റ്റാഫ് റൂമിലും ക്ലാസ് മുറിയിലും കയറി ബഹളം വെച്ച് ബാഗിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർക്കുന്നു. ഇത്തരം ചെയ്തികൾ അമേരിക്കയിലെ സ്കൂളുകളിൽ അസാധാരണമല്ല. എന്നാൽ, മലയാള സിനിമകളിലോ സീരിയലുകളിലോ കഴിഞ്ഞ ദിവസം വരെ സങ്കൽപിക്കാൻ പോലും കഴിയുമായിരുന്നില്ല ഇതുപോലൊരു ദൃശ്യം- പക്ഷേ, പകൽവെളിച്ചത്തിൽ കേരളത്തിൽ അത് സംഭവിച്ചിരിക്കുന്നു. അതും അഹിംസയുടെ ആഗോള പ്രചാരകനായിരുന്ന മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ ഒരു വിദ്യാലയത്തിൽ. ദൈവാനുഗ്രഹത്താൽ ആളപായമുണ്ടായില്ല.

എന്നിരിക്കിലും കേരളീയ സാമൂഹികാവസ്ഥക്ക് സംഭവിച്ചിരിക്കുന്ന വലിയ ചില ആപത്തുകളെ ഇത് വെളിപ്പെടുത്തുന്നുണ്ട്. ക്ഷമിക്കാനോ സഹിക്കാനോ സന്നദ്ധതയില്ലാതെ, എത്ര നിസ്സാര വിഷയത്തിനും ഹിംസാത്മകമായി പ്രതികരിക്കാൻ ഒരുമ്പെടുന്ന അവസ്ഥയിലേക്ക് മലയാളി സമൂഹവും മാറിയിരിക്കുന്നു എന്നതാണ് അതിൽ പ്രധാനം. ഈ സംഭവത്തിലെ പ്രതി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ട്, മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും പൊലീസ് പറയുന്നു. സകല മാനുഷിക ഗുണങ്ങളെയും ചോർത്തിക്കളയുന്ന ലഹരി മരുന്നുകൾ വളരുന്ന തലമുറയെക്കൊണ്ട് അരുതാത്തതെന്തും ചെയ്യിക്കാനാകും വിധം സ്വാധീനം നേടിയിരിക്കുന്നു എന്നത് അവിതർക്കിതമാണ്. എന്നാൽ, മയക്കുമരുന്നുകളെയും മാനസിക പ്രശ്നങ്ങളെയും മാറ്റിനിർത്തിയാലും അത്ര ആരോഗ്യകരമൊന്നുമല്ല നമ്മുടെ സമകാലിക മാനസികാവസ്ഥ.

ഈയിടെ കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനസ്ഥലത്ത് ആറുപേരുടെ ദാരുണ മരണത്തിൽ കലാശിച്ച ഭീകരാക്രമണം ഓർമിക്കുക: തനിക്ക് ഇഷ്ടമില്ലാതായ പഴയ വിശ്വാസ കൂട്ടായ്മയോട് പകവീട്ടുന്നതിനും പാഠം പഠിപ്പിക്കുന്നതിനുമാണ് ആളുകൾക്ക് ജീവഹാനി വരുത്തുന്ന ഉഗ്രസ്ഫോടനം നടത്തിയത് എന്നാണ് കേസിൽ പിടികൊടുത്ത, ദേശസ്നേഹത്തെക്കുറിച്ച് ഏറെ വാചാലനാവുന്ന പ്രതി പൊതുസമൂഹത്തോട് പരസ്യമായി പ്രഖ്യാപിച്ചത്. പ്രണയാഭ്യർഥനയോ വിവാഹാലോചനയോ നിരസിക്കുകയോ ബന്ധങ്ങളിൽനിന്ന് പിന്മാറുകയോ ചെയ്തതിന്റെ പേരിൽ, കഴിഞ്ഞ നിമിഷം വരെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്ന ഒരാളെ തീകൊളുത്തിയും കഴുത്തറുത്തും കൊലപ്പെടുത്താൻ മലയാളിചെറുപ്പം ഒരുമ്പെട്ട എത്രയേറെ സംഭവങ്ങൾ ഇക്കഴിഞ്ഞ കുറഞ്ഞ കാലത്തു മാത്രം നാമറിഞ്ഞു.

ശാരീരികമായി ആക്രമിക്കപ്പെട്ടതിൽ എത്രയോ ഇരട്ടി സ്ത്രീകൾ സമൂഹ മാധ്യമങ്ങളും സൈബർ സാധ്യതകളും മുഖേന വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു. സമുദായത്തിന്റെ, കുടുംബത്തിന്റെ ‘മാനം തകർക്കുന്ന’ വിവാഹ-പ്രണയ ബന്ധങ്ങളിലേർപ്പെട്ടു എന്നതിന്റെ പേരിൽ തല്ലിക്കൊല്ലുന്ന ദുരഭിമാനക്കൊലപാതകങ്ങളും ന്യൂ നോർമൽ ആയി മാറിത്തുടങ്ങി കേരളത്തിൽ. സദാചാരം സംരക്ഷിക്കാനെന്ന നാട്യത്തിലും മോഷണം തടയാനെന്ന പേരിലും അക്രമാസക്ത ആൾക്കൂട്ടം മനുഷ്യരെ അടിച്ചുകൊല്ലുന്ന സംഭവങ്ങളും മുമ്പെന്നത്തേക്കാളുമേറെ വർധിച്ചിരിക്കുന്നു.

ജാതീയവും വംശീയവും വർഗീയവുമായ ഹിംസകളെക്കുറിച്ച് പറഞ്ഞാൽ തീരാത്തത്രയാണ് ഉദാഹരണങ്ങൾ. സംഘർഷങ്ങളും സ്ത്രീപീഡനങ്ങളും സംബന്ധിച്ച ഓൺലൈൻ വാർത്തകൾക്കടിയിലെ കമന്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ, നാമെത്തിനിൽക്കുന്നത് എന്തുമാത്രം അപകടംപിടിച്ച, ആഴമേറിയ ഗർത്തത്തിനരികിലാണെന്ന് ബോധ്യമാവും. ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന ഈ സാമൂഹിക വ്യതിയാനം എന്തുകൊണ്ടാണ് നമ്മൾ ഗൗരവബുദ്ധിയോടെ ചർച്ച ചെയ്യാത്തത്? അവനവന് അഹിതമൊന്നും സംഭവിച്ചില്ലെങ്കിൽ, താന്താങ്ങളുടെ സുരക്ഷിത മേഖലയെ ബാധിക്കുന്നില്ലെങ്കിൽ എത്ര ഗുരുതര കുറ്റകൃത്യത്തെയും നിസ്സാരവത്കരിക്കുകയും സാമാന്യവത്കരിക്കുകയും അതുമല്ലെങ്കിൽ അവഗണിച്ച് തള്ളുകയും ചെയ്യുന്ന ശീലം കൊണ്ടുതന്നെ.

കേരളത്തിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഒന്നടങ്കം കേരളമൊട്ടുക്ക് പര്യടനം നടത്തിവരുന്ന വേളയാണിത്. നവകേരള സൃഷ്ടിയിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാനും അതുൾക്കൊണ്ടു ആസൂത്രണം നടത്താനുമാണ് സദസ്സ് നടത്തിപ്പ് എന്നാണ് അതിനു തുടക്കം കുറിച്ച വേളയിൽ മുഖ്യമന്ത്രി നമ്മെ അറിയിച്ചത്. ആകയാൽതന്നെ, മലയാളിയെ ഒന്നാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഹിംസാത്മക മാനസികാവസ്ഥയെക്കുറിച്ചും അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും നവകേരള സദസ്സുകളിൽ ചർച്ച ചെയ്തിരുന്നെങ്കിൽ എന്ന് ആശിക്കാമായിരുന്നു. പക്ഷേ, അതിനുമുമ്പ് ജനാധിപത്യ പ്രതിഷേധങ്ങളെ കാണാനും എതിരഭിപ്രായങ്ങളെ കേൾക്കാനുമുള്ള മനഃസ്ഥിതി സദസ്സ് സംഘടിപ്പിക്കുന്നവർക്കുണ്ടാവണ്ടേ? കരിങ്കൊടി കാണിക്കുന്ന യുവജന പ്രവർത്തകരെ സ്വന്തം പാർട്ടിപ്പട തല്ലിച്ചതക്കുമ്പോൾ അതിനെ മാതൃകാപരമായ ജീവൻരക്ഷാരീതിയെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളും ഹിംസക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നുവെങ്കിൽ അതെങ്ങനെ സാധ്യമാവും? പൊലീസ് മന്ത്രി ജീവൻ രക്ഷാരീതിയെന്ന് ന്യായീകരിച്ച പ്രവൃത്തിയെ എന്തായാലും പൊലീസിന് അത്ര മാതൃകാപരമായി തോന്നിയിട്ടില്ല എന്നത് നല്ല കാര്യം.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും മതനിരപേക്ഷ കേരളവും ഒറ്റക്കെട്ടായി എതിർക്കുന്ന വർഗീയ ഫാഷിസ്റ്റ് ഭൂതഗണങ്ങൾ രാജ്യത്തെത്തന്നെ വിഴുങ്ങാൻ പോന്നവിധത്തിൽ ഭീകരരൂപം പ്രാപിച്ചത് അവരുടെ യജമാനന്മാർ ഇത്തരത്തിൽ നൽകിയ അംഗീകാരവും പ്രോത്സാഹനങ്ങളും കൊണ്ട് മാത്രമാണ്. ഭരണകൂടമാവട്ടെ, പൊതുസമൂഹമാവട്ടെ ഈ മനോനില തിരിച്ചറിഞ്ഞ് തിരുത്താൻ തയാറാവാത്ത പക്ഷം നാം കൊളുത്തിവെച്ച വെളിച്ചങ്ങളെയെല്ലാം കെടുത്തിക്കളയാൻ പോന്ന ഇരുട്ടായി അത് പടർന്നുപിടിക്കുമെന്ന് മറന്നുപോകരുത്.

Tags:    
News Summary - Criminal Activities in Kerala State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT