അസാധുവാക്കപ്പെട്ട വാഗ്ദാനങ്ങള്‍

നോട്ടസാധുവാക്കലിന്‍െറ ഗുണങ്ങള്‍ അനുഭവവേദ്യമാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാലാവധി എത്തിക്കഴിഞ്ഞു. സാധാരണ ഇന്ത്യക്കാരന്‍െറ അനുഭവസാക്ഷ്യം ആ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് നേരത്തേ വിധിയെഴുതിക്കഴിഞ്ഞതാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ ഒരു വിഭാഗം സര്‍ക്കാര്‍ നിലപാടിനെ ഉച്ചൈസ്തരം ന്യായീകരിച്ച് നില്‍പുണ്ടെങ്കിലും, തുടക്കത്തില്‍ നടപടിയെ പിന്തുണച്ച സര്‍ക്കാര്‍പക്ഷക്കാര്‍വരെ ‘കൊണ്ടറിഞ്ഞു’ തുടങ്ങിയിരിക്കുന്നു എന്നതാണ് വസ്തുത. ഡിസംബര്‍ 30 കഴിഞ്ഞിട്ടും നോട്ട് റദ്ദാക്കലിന്‍െറ സദ്ഫലമനുഭവിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ളെങ്കില്‍ എന്തുശിക്ഷ വേണമെങ്കിലും ഏറ്റുവാങ്ങാമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, രാജ്യവാസികളുടെ ദൈനംദിന യാഥാര്‍ഥ്യത്തില്‍നിന്ന് താന്‍ എത്ര വിദൂരത്താണെന്ന് തിരിച്ചറിയുമെന്നാശിക്കുകയേ നിര്‍വാഹമുള്ളൂ.

50 ദിവസം സഹിച്ചാല്‍ മതിയാകുമെന്നും പിന്നെ ഗുണഫലം കാണുമെന്നുമുള്ള ആദ്യ പ്രസ്താവനയില്‍ കുറച്ചുമുമ്പ് മുതലേ വെള്ളം ചേര്‍ത്തു തുടങ്ങിയിട്ടുണ്ട്. ആറു മാസമെങ്കിലും പ്രയാസം തുടരുമെന്ന് റിസര്‍വ് ബാങ്കുമായും കേന്ദ്രസര്‍ക്കാറുമായും ബന്ധപ്പെട്ടവര്‍തന്നെ സമ്മതിക്കാന്‍ തയാറാകുന്നുണ്ടിപ്പോള്‍. ഒരുലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുക്കാന്‍ മൂന്നുലക്ഷം കോടി രൂപ ചെലവിടേണ്ടിവന്നത് രാജ്യമനുഭവിക്കുന്ന കഷ്ടപ്പാടിന്‍െറ ചെറിയ ഭാഗമേ ആകുന്നുള്ളൂ. ഊര്‍ജസ്വലമായിരുന്ന ഒരു സമ്പദ്വ്യവസ്ഥയുടെ ചലനാത്മകത ഇല്ലാതാക്കുകയെന്ന, ശത്രുക്കള്‍ക്കുപോലും ചെയ്യാനാവാത്ത കൃത്യമാണ് കേന്ദ്രം സാധിച്ചെടുത്തതെന്ന നിരീക്ഷണത്തില്‍ കാര്യമുണ്ട്. വാണിജ്യസംവിധാനം മരവിപ്പിലായിരിക്കുന്നു; ജനങ്ങളുടെ വാങ്ങല്‍ശേഷി സാരമായി കുറഞ്ഞതോടെ സകലമേഖലകളിലും മരവിപ്പ് ബാധിച്ചിട്ടുണ്ട്.

ഗാര്‍ഹിക ഉപഭോഗം മാത്രമെടുത്താല്‍ ഏതാനും വര്‍ഷമായി അത് മൊത്തം ആഭ്യന്തരോല്‍പാദനത്തിന്‍െറ (ജി.ഡി.പി) 60 ശതമാനമായിരുന്നു. ഇന്ത്യയില്‍ സമ്പദ്ഘടനയുടെ 12 ശതമാനത്തോളം പണമായിരിക്കെ പണലഭ്യതയിലെ ഞെരുക്കം ഇതില്‍ വമ്പിച്ച കുറവ് വരുത്തിയിരിക്കുന്നു. ആറു മാസത്തെ സാമ്പത്തിക മാന്ദ്യം ഉറപ്പായിക്കഴിഞ്ഞു. 2017 രണ്ടാം പകുതിയോടെ ജി.ഡി.പി വളര്‍ച്ച അരശതമാനമെങ്കിലും കുറയുമെന്നും പ്രവചിക്കപ്പെടുന്നു. ഈ ഞെരുക്കം എല്ലാ വിപണികളെയും ബാധിക്കുന്നുണ്ട്. തൊഴില്‍ ലഭ്യത കുറയുകയായി. ഉള്ള തൊഴിലില്‍തന്നെ വരുമാനം കുറഞ്ഞു. ഉപഭോക്തൃ വസ്തുക്കളുടെ കച്ചവടത്തില്‍മാത്രം ഒന്നരലക്ഷം കോടിരൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. സംസ്ഥാനങ്ങളുടെ നികുതി വരുമാനം ശോഷിക്കും. ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും. ഏറ്റവുമധികം കഷ്ടപ്പെടുക പാവപ്പെട്ടവരും മറ്റു സാധാരണക്കാരുമാണ്. ഇതെല്ലാം നല്ല ലക്ഷ്യത്തിനുവേണ്ടിയാണെന്ന അവകാശവാദം ഏറ്റെടുത്തിരുന്നവര്‍പോലും ഇപ്പോള്‍ അതിനെ ചോദ്യം ചെയ്യുന്നതും ഒരു സൂചനയാണ്.

സാമ്പത്തിക നഷ്ടത്തെക്കാള്‍ വളരെ വലുതാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വിശ്വാസത്തകര്‍ച്ച. റിസര്‍വ് ബാങ്കിലുള്ള വിശ്വാസം നാട്ടിലെ ധനകാര്യ ക്രയവിക്രയത്തിന്‍െറ ആധാരമായിരുന്നു. അതാണ് ഒറ്റയടിക്ക് ക്ഷയിച്ചത്. ഒന്നരമാസത്തിനുള്ളില്‍ അറുപതു തവണ സ്വന്തം ഉത്തരവുകള്‍ ഭേദഗതി ചെയ്ത ‘ഖ്യാതി’യാണ് ആര്‍.ബി.ഐയുടെ ബാക്കിപത്രത്തിലുള്ളത്. പണലഭ്യത മുതല്‍ എ.ടി.എം പ്രവര്‍ത്തനം വരെ, റിസര്‍വ് ബാങ്ക് പറഞ്ഞ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. ഒടുവില്‍ മൗനത്തിലൊളിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. ഡിസംബര്‍ 13ന് ശേഷം ആര്‍.ബി.ഐ ഒൗദ്യോഗികമായി ഒരു കണക്കും പുറത്തുവിട്ടിട്ടില്ല. റദ്ദാക്കിയ നോട്ടുകളില്‍ 12.44 ലക്ഷം കോടി തിരിച്ചത്തെി എന്നായിരുന്നു അന്ന് പറഞ്ഞത്. പുതുതായി അടിച്ചിറക്കിയ നോട്ടുകളുടെ കണക്ക് നവംബര്‍ 19ന് ശേഷം വെളിപ്പെടുത്തിയില്ല. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ട കണക്കുകള്‍ നല്‍കാന്‍ വിസമ്മതിക്കുകകൂടി ചെയ്തു.

കള്ളപ്പണം പിടിക്കാന്‍ എല്ലാം രഹസ്യമായി ചെയ്യേണ്ടിവന്നതാണെന്ന് പറയുന്നവര്‍, അച്ചടിച്ച നോട്ടുകളുടെ കണക്കും മന്ത്രിതല യോഗങ്ങളുടെ വിവരങ്ങളും പിടിച്ചുവെക്കുന്നതിന്‍െറ യുക്തി മനസ്സിലാകുന്നില്ല. റിസര്‍വ് ബാങ്കിന്‍െറ വിശ്വാസ്യത നിലനിര്‍ത്താന്‍ നിശ്ശബ്ദതയില്‍ അഭയം തേടേണ്ടിവരുന്ന അവസ്ഥ ആപദ്സൂചനയാകുന്നു. അതിനപ്പുറം, പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാറിന്‍െറയും വിശ്വാസ്യതക്കുകൂടിയാണ് ‘നോട്ടസാധു’ നടപടിക്കുശേഷം ഇടിവുണ്ടായിരിക്കുന്നത്. ഈ നടപടിക്ക് ആദ്യം പറഞ്ഞ കാരണം രണ്ടുതവണ മാറ്റിപ്പറഞ്ഞു. ജനങ്ങള്‍ പരക്കെ കഷ്ടപ്പെടുന്നത് കണ്‍മുന്നില്‍ കാണുമ്പോഴും അതിനെയെല്ലാം നിഷേധിച്ചു. പ്രധാനമന്ത്രി ഉറപ്പുപറഞ്ഞിരുന്നെങ്കിലും ഡിസംബര്‍ 30 കഴിഞ്ഞാലും ദുരിതം തീരില്ളെന്ന് ജനങ്ങള്‍ നേരത്തേ തീരുമാനിച്ചിരുന്നു - പ്രധാനമന്ത്രിയുടെ വാക്കും വല്ലാതെ അസാധുവായിപ്പോകുന്നുവെന്ന് അവര്‍ അനുഭവത്തിലൂടെ മനസ്സിലാക്കിയതാണല്ളോ.

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.