സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പരിഷ്കരിച്ച ആദ്യഘട്ട പാഠപുസ്തകങ്ങൾക്ക് സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകിയിരിക്കുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്കുള്ള രണ്ട് ഭാഗമായുള്ള പുസ്തകങ്ങളുടെ ആദ്യ ഭാഗത്തിനാണ് അംഗീകാരം. രണ്ടാം ഭാഗത്തിന്റെ പരിശോധനയും പൂർത്തിയാക്കി അടുത്ത അധ്യയന വർഷംതന്നെ പുതിയ പുസ്തകങ്ങൾ വിദ്യാർഥികളിലേക്കെത്തിക്കാനാണ് തീരുമാനം.
പുതിയ ലോകത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതല്ല നിലവിലെ പാഠ്യപദ്ധതി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിഷ്കരണത്തിന്റെ പൂർണ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രാഷ്ര്ടീയ അജണ്ടകളോ പ്രശ്നകരമാകുന്ന പാഠഭാഗങ്ങളോ പുസ്തകങ്ങളിലുണ്ടോ എന്ന് വ്യക്തമല്ല. അതി പുരോഗമന വാദികൾ എന്ന മേലങ്കിയണിഞ്ഞ പലരും കമ്മിറ്റികളിൽ ഉള്ളതിനാൽ അവരുടെ നിർദേശങ്ങൾ എത്രത്തോളമുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവരാനിരിക്കുന്നേയുള്ളൂ.
ഏകദേശം പത്തു വർഷം മുമ്പാണ് പുസ്തകപരിഷ്കരണം നടന്നത്. ഇതിനിടയിൽ വിജ്ഞാന മേഖലയിൽ വലിയ തോതിൽ പരിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. നിർമിത ബുദ്ധിയുടെയും വിവര സാങ്കേതികവിദ്യയുടെയും സാധ്യതകൾ എത്രമാത്രം വിദ്യാർഥികളിലേക്കെത്തിക്കാൻ പാകത്തിൽ പരിഷ്കരണത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് അക്ഷരമാല, ഭരണഘടന ആമുഖം, മതനിരപേക്ഷത, അഞ്ചു മുതൽ 10 വരെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ലിംഗബോധം, കലാ വിദ്യാഭ്യാസം തുടങ്ങിയവ കൂടി ഉൾപ്പെടുത്തിയാണ് പുതിയ പുസ്തകങ്ങളും പാഠ്യപദ്ധതിയും. ഒന്നാം ക്ലാസിലെ പുസ്തകത്തിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തിയത് സ്വാഗതാർഹമാണ്.
ആശയത്തിൽനിന്ന് അക്ഷരത്തിലേക്കുള്ള തിരിച്ചുപോക്കായ് തോന്നാമെങ്കിലും പത്തു കഴിയുന്ന വിദ്യാർഥികൾക്കുപോലും അക്ഷരജ്ഞാനമില്ലെന്ന വിമർശനം ഭാവിയിലെങ്കിലും ഒഴിവാകാനും അക്ഷരം പഠിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് ഉറപ്പാണ്. ബിരുദപഠനം പൂർത്തിയാക്കുമ്പോൾ പോലും വിദ്യാർഥികൾക്ക് ഒരുവിധ തൊഴിലിലും പരിശീലനം ലഭിക്കുന്നില്ല എന്നത് നമ്മുടെ വിദ്യാഭ്യാസ രീതിയുടെ വലിയ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന പുതിയ പരിഷ്കരണത്തിന് ഇത് മറികടക്കാനായാൽ വലിയ ആശ്വാസമാവും.
ഐതിഹ്യങ്ങൾക്ക് വഴിമാറുന്ന, ചരിത്രവും ശാസ്ത്രവും വസ്തുതകളും വെട്ടിനീക്കപ്പെടുന്ന രീതിയിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പാഠപുസ്തകങ്ങൾ ‘പരിഷ്കരിക്കുന്ന’കാലമാണിത്. ഹരിയാന സർക്കാർ പുറത്തിറക്കിയ ചരിത്ര പുസ്തകങ്ങൾ വിഭജനത്തിന് ഗാന്ധിയെ കുറ്റപ്പെടുത്തുകയും സാംസ്കാരിക ദേശീയതയിൽ ആർ.എസ്.എസിനെ പുകഴ്ത്തുകയും ചെയ്യുന്നതാണ്.
ചരിത്രവും മതനിരപേക്ഷതയും മതസൗഹാർദവും മാറ്റിയെഴുതിയ പാഠഭാഗങ്ങൾ ഇന്ത്യയെ കടുത്ത വർഗീയ ധ്രുവീകരണങ്ങളിലേക്കും അതിന്റെ തുടർച്ചയായ ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും നയിച്ചതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് സാമൂഹിക നിരീക്ഷകർതന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
അടുത്ത അധ്യയന വർഷം പുറത്തിറങ്ങാൻപോകുന്ന ദേശീയ പാഠ്യപദ്ധതിയിലെ സാമൂഹിക ശാസ്ത്ര വിഷയങ്ങളിലടക്കമുള്ള പല പുസ്തകങ്ങളുടെയും സ്വഭാവം എന്താകുമെന്നത് ഇതിനകംതന്നെ വ്യക്തമായതാണ്. രാജ്യത്ത് നടക്കുന്ന വക്രീകരണങ്ങൾക്കും മാറ്റിയെഴുതലുകൾക്കും ശേഷം വരുന്ന പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നേരിടാൻ കരുത്തുറ്റതാകണം കേരളത്തിന്റെ പുതു പാഠ്യപദ്ധതി പരിഷ്കരണം.
നേരത്തേ ഇത്തരം നീക്കങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി ക്ലാസുകളിലെ സുപ്രധാന പാഠഭാഗങ്ങൾ കേന്ദ്ര സർക്കാർ ഒഴിവാക്കിയപ്പോൾ തീരുമാനം നിരാകരിക്കാനും അവ ഉൾക്കൊള്ളാനും പഠിപ്പിക്കാനും തയാറായ സംസ്ഥാനമാണ് നമ്മുടേത് എന്ന ആർജവ നിലപാട് മറന്നുകൊണ്ടല്ല ഇക്കാര്യം പറയുന്നത്.
ഇത്തരം ചെറുത്തുനിൽപുകൾക്ക് കൂടുതൽ ശക്തിപകരുന്നതാകണം പുതിയ പാഠ്യപദ്ധതിയെന്ന് ഓർമിപ്പിക്കുകയാണ്. വിദ്വേഷ ചിന്തകളെ നിരാകരിക്കാനും സമാധാനവും മാനുഷിക ഐക്യവും ഉറപ്പാക്കാനും കെൽപുള്ള, ആത്മവിശ്വാസത്തോടെ നാളെയിലേക്ക് കുതിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ പുതിയ പാഠപുസ്തകങ്ങൾക്ക് സാധിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.