ഇന്ത്യ ജി 20 അധ്യക്ഷപദവി ആഘോഷപൂർവമാണ് ഏറ്റെടുത്തത്. ഡിസംബർ ഒന്നിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറ് സ്മാരകമന്ദിരങ്ങൾ ദീപങ്ങൾകൊണ്ട് അലങ്കരിച്ച് സ്ഥാനലബ്ധിയെ അടയാളപ്പെടുത്തി. ലോഗോ പ്രകാശിപ്പിച്ചതും വെബ്സൈറ്റും സമൂഹമാധ്യമ ഹാൻഡിലും ഏറ്റെടുത്തതുമെല്ലാം നല്ല പ്രചാരണത്തിന്റെ അകമ്പടിയോടെയാണ്. പ്രധാനമന്ത്രിയുടെ പ്രതിമാസ പ്രക്ഷേപണ പ്രസംഗത്തിനു പുറമെ മാധ്യമങ്ങൾക്കായി തയാറാക്കിയ പ്രത്യേക ലേഖനവും ജി 20 ആധ്യക്ഷ്യത്തിന്റെ പ്രാധാന്യത്തിൽ ഊന്നുന്നതായിരുന്നു. ജി 20 എന്ന രാജ്യാന്തരകൂട്ടായ്മ വലുപ്പംകൊണ്ടും കരുത്തുകൊണ്ടും അവഗണിക്കാനാകാത്ത ഒന്നാണ്. ലോകജനസംഖ്യയുടെ 60 ശതമാനം ഉൾക്കൊള്ളുന്നതാണ് ഇതിലെ 20 രാജ്യങ്ങൾ. ആഗോള സാമ്പത്തികവരുമാനത്തിന്റെ 85 ശതമാനവും ലോകവ്യാപാരത്തിന്റെ 75 ശതമാനവും ഇവയിൽനിന്നാണ്. വികസ്വരരാജ്യങ്ങളും വികസിതരാജ്യങ്ങളും ഇതിൽ അംഗങ്ങളായുണ്ട്. ഇന്ത്യക്കു പുറമെ, യു.എസും ചൈനയും റഷ്യയും ബ്രിട്ടനും യൂറോപ്യൻ യൂനിയനും ബ്രസീലും പോലുള്ള സാമ്പത്തികഭീമന്മാർ അക്കൂട്ടത്തിലുണ്ട്. ഒരു വർഷത്തേക്കാണെങ്കിലും ഈ സംഘത്തിന്റെ നേതൃപദവി മികച്ച അവസരംപോലെ ഉത്തരവാദിത്തവുമാണ്.
ഈ രാജ്യാന്തരകൂട്ടായ്മയുടെ നായകസ്ഥാനം ഓരോ വർഷവും ഓരോ രാജ്യത്തിനായി ഊഴമിട്ട് നൽകുന്നതാണ്. അതുകൊണ്ടുതന്നെ നേട്ടമെന്നതിനെക്കാൾ അതിനെ അവസരമായി കാണുന്നതിലാണ് കാര്യം. രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി അത് ഉപയോഗിക്കുന്നത് ഈ ദൗത്യത്തിന്റെ പ്രയോജനം നഷ്ടപ്പെടുത്തും. എന്നാൽ, അത്തരമൊരു ലക്ഷ്യമാണ് മോദിസർക്കാറിനുള്ളതെന്ന് പ്രതിപക്ഷത്തുള്ളവർ ഇതിനകം ആക്ഷേപമുന്നയിച്ചുകഴിഞ്ഞു. രാജ്യത്തിനു പുറത്തെന്നപോലെ അകത്തും വിവിധ വീക്ഷണക്കാരെ ഒരുമിപ്പിച്ചും സഹകരിപ്പിച്ചും കൊണ്ടുപോകാൻ സർക്കാറാണ് ശ്രദ്ധവെക്കേണ്ടത്. മുദ്രാവാക്യങ്ങളല്ല, പ്രവർത്തനമാണ് ആത്മാർഥത തെളിയിക്കേണ്ടത്. സാമ്പത്തിക സഹകരണത്തിലാണ് ജി 20യുടെ ഊന്നലെങ്കിലും 'ഒരുഭൂമി, ഒരുകുടുംബം, ഒരുഭാവി' എന്ന മുദ്രാവാക്യത്തിലൂടെ കൂടുതൽ വിശാലമായ ഒരു ഭൂമികയിൽ അതിനെ പ്രതിഷ്ഠിക്കാമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു. വസുധൈവകുടുംബകം, സാർവലൗകിക സമന്വയം തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവെക്കുന്നു. സാർവത്രിക ഐക്യമെന്ന ആദർശവും നിർദേശിക്കുന്നു. അതേസമയം, ഐക്യത്തിനുപകരം ഭിന്നിപ്പിന്റെ വഴികളാണ് രാജ്യത്തിനകത്ത് തുറന്നുകൊണ്ടിരിക്കുന്നത്. ഒരുമയും സഹകരണവും കൈവരുത്താനും അതിന് നേതൃത്വം നൽകാനുമുള്ള ശേഷിയും ആർജവവും തെളിയിക്കാത്തിടത്തോളം കാലം രാജ്യാന്തരതലത്തിലും മുദ്രാവാക്യങ്ങൾ വെറും മുദ്രാവാക്യങ്ങളായി മാത്രമേ സ്വീകരിക്കപ്പെടൂ. പ്രചാരണ പ്രധാനമാകരുത് നമ്മുടെ ജി 20 നേതൃത്വം-അത് പ്രവർത്തന പ്രധാനമാകണം. സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്കപ്പുറത്താണ് യഥാർഥ നേട്ടത്തിനുള്ള അവസരങ്ങൾ സ്ഥിതിചെയ്യുന്നത്.
ജി 20 കൂട്ടായ്മ നേരിടുന്ന വെല്ലുവിളികൾ നിസ്സാരമല്ല. മഹാമാരിയും യുക്രെയ്ൻ യുദ്ധവും സൃഷ്ടിച്ച സാമ്പത്തികഞെരുക്കവും രാജ്യാന്തര ഭിന്നതകളും ഈ കൂട്ടായ്മയുടെ കെട്ടുറപ്പ് കുറച്ചതായി കരുതപ്പെടുന്നു. യുക്രെയ്ൻ യുദ്ധം രാജ്യങ്ങൾക്കിടയിൽ വിടവ് വർധിപ്പിച്ചു. കാലാവസ്ഥാപ്രതിസന്ധി സമ്പന്നരാജ്യങ്ങൾക്കും ദരിദ്രരാജ്യങ്ങൾക്കുമിടയിൽ അവിശ്വാസം കൂട്ടി. അതേസമയം, ഭരണകൂടങ്ങളുടെ സ്വാർഥലക്ഷ്യങ്ങളിൽനിന്നുകൊണ്ട് സാധിക്കുന്നതല്ല പ്രശ്നപരിഹാരം. ലോകമെന്നാൽ സമ്പന്നരാജ്യങ്ങളല്ല; രാജ്യങ്ങളെന്നാൽ ഭരണകൂടങ്ങളുമല്ല. കഴിഞ്ഞവർഷം ജി 20 അധ്യക്ഷനായിരുന്ന ഇന്തോനേഷ്യയിൽനിന്നാണ് ഇന്ത്യ സ്ഥാനമേറ്റെടുക്കുന്നത്; അടുത്തവർഷം അത് ബ്രസീലിന് കൈമാറും. ആദ്യമായിട്ടാണ് വികസ്വരരാജ്യങ്ങൾ തുടർച്ചയായി ഇങ്ങനെ ജി 20 നേതൃത്വത്തിലെത്തുന്നത്. ഈ കൂട്ടായ്മയുടെ മുൻഗണനകൾ തീരുമാനിക്കുക വികസ്വര രാജ്യങ്ങളുമായി കൂടിയാലോചിച്ചുകൊണ്ടായിരിക്കുമെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. ജനങ്ങളാകണം വികസനപരിപാടികളുടെ കേന്ദ്രം. ജി 20 അധ്യക്ഷപദവിയിലിരുന്നുകൊണ്ട് ''നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയെക്കുറിച്ച് ലോകത്തിന് ഉൾക്കാഴ്ച നൽകു''മെന്ന മോദിയുടെ പ്രസ്താവനയും നടപ്പാക്കുമെങ്കിൽ നല്ലതുതന്നെ- ബഹുസ്വരതയെ തകർക്കുന്ന പ്രവണതകൾ തിരുത്തും എന്നുകൂടി അതിന് അർഥമുണ്ടല്ലോ. ഷാങ്ഹായ് സഹകരണ സംഘടനയുടെ നായകസ്ഥാനംകൂടി കൈകാര്യംചെയ്യുന്ന ഇന്ത്യക്ക് ആഗോളതലത്തിൽ നല്ല മാതൃകകൾ നൽകാൻ കഴിയും; രാഷ്ട്രീയത്തിനു മുകളിൽ മനുഷ്യനന്മയെയും ഏക സംസ്കാര ഭ്രമത്തിനു മുകളിൽ ബഹുസ്വരതയെയും സ്ഥാപിക്കാൻ കൂടി സാധിക്കണമെന്നുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.