രാജ്യത്തിന്‍റെ ആദ്യത്തെ സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉന്നത സൈനികരുമുൾപ്പെടെ 13 പേരുടെ ദാരുണ മരണത്തിനിടയാക്കിയ സൈനിക ഹെലികോപ്ടർ അപകടം രാജ്യത്തെ നടുക്കിയിരിക്കുന്നു. ഊട്ടി കുന്നൂരിനടുത്ത നഞ്ചപ്പൻ ചിത്തിരം കോളനിക്കു സമീപമാണ് േവ്യാമസേനയുടെ അത്യാധുനിക സജ്ജീകരണങ്ങളുള്ള എം.ഐ 17വി5 ഹെലികോപ്ടർ കത്തിയമർന്നു നിലംപതിച്ചത്. കൊല്ലപ്പെട്ടവരിൽ ജനറൽ റാവത്തിെൻറ ഭാര്യ മധുലികയും മലയാളിയായ സൈനികൻ പ്രദീപും ഉൾപ്പെടുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന വ്യോമസേന ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മൂടൽമഞ്ഞും മോശം കാലാവസ്ഥയുമാണ് ദുരന്തത്തിന് ഇടവരുത്തിയതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അപകടത്തിെൻറ വസ്തുതകൾ പൂർണമായും പുറത്തുവരുക സമഗ്രമായ അന്വേഷണത്തിനു ശേഷമായിരിക്കും. എയർമാർഷൽ മാനവേന്ദ്ര സിങ്ങിെൻറ നേതൃത്വത്തിൽ സംയുക്ത സംഘത്തെ അത്തരമൊരു അന്വേഷണത്തിന് നിയോഗിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലെമൻറിൽ പ്രസ്താവിച്ചിട്ടുണ്ട്.
ജനറൽ ബിപിൻ റാവത്തിന്‍റെയും ഉന്നത സൈനികരുടെയും ആകസ്മിക വേർപാട് സേനക്ക് കനത്ത ആഘാതമാണ്. 1978ൽ ഔദ്യോഗിക ജീവിതമാരംഭിച്ച റാവത്ത് 2016 ഡിസംബർ 31 ന് കരസേന മേധാവി പദവിയിലെത്തി, 2020 ജനുവരി ഒന്നുമുതൽ രാജ്യത്തിെൻറ ആദ്യത്തെ സംയുക്തസേനാമേധാവിയായും ചുമതലയേറ്റു. അതിർത്തികളിലെ സൈനിക വിന്യാസത്തിലും തന്ത്രപരമായ മിന്നലാക്രമണങ്ങളിലും അഗ്രഗണ്യനായിരുന്ന റാവത്ത് സൈനികർക്കിടയിൽ 'മാസ്റ്റർ ഓഫ് സർജിക്കൽ സ്ട്രൈക്സ്' എന്നാണറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിെൻറ സൈനിക വൈഭവവും സംഭാവനകളും പരിഗണിച്ചുകൊണ്ട് രാജ്യം പരമവിശിഷ്ട സേവാ മെഡൽ അടക്കം ധാരാളം സേനാപുരസ്കാരങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 17 വ്യത്യസ്ത സൈനിക വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ള മൂന്നു സേനാവിഭാഗങ്ങളെ നവീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന, തിയറ്റർ കമാൻഡുകളാക്കി പരിവർത്തിപ്പിക്കാനുള്ള പദ്ധതി പാതിവഴിയിൽ നിൽക്കെയാണ് പരമോന്നത സൈനിക മേധാവിയുടെ നടുക്കുന്ന മടക്കം. ഈ വിയോഗത്തിൽ ദുഃഖാർത്തരായ പൗരസഞ്ചയത്തിനൊപ്പം 'മാധ്യമ'വും ചേരുന്നു.
പ്രധാനമന്ത്രിയുടെ ഏറെ വിശ്വസ്തനായ ജനറൽ റാവത് എല്ലാ സന്ദിഗ്ധഘട്ടങ്ങളിലും സർക്കാർ തീരുമാനങ്ങളോട് കൂറും പ്രതിബദ്ധതയും പുലർത്തി. പാകിസ്താനോടും ചൈനയോടും കർക്കശമായ സമീപനം സ്വീകരിക്കണമെന്ന ഉറച്ച നിലപാട് സ്വീകരിച്ചപ്പോഴും ഭരണനേതൃത്വത്തിെൻറ താൽപര്യങ്ങളെ പൂർണമനസ്സോടെ ഉൾക്കൊള്ളുകയും അവ നടപ്പാക്കുകയും ചെയ്തു. കശ്മീരിനെ വിഭജിച്ച് ലഡാക്കിനെ പ്രത്യേക പ്രവിശ്യയാക്കി സൈന്യത്തിന് അവിടെ കൂടുതൽ അധികാരം നൽകണമെന്ന പക്ഷക്കാരനായിരുന്നു ജനറൽ. കരസേന മേധാവിയായി സ്ഥാനമേെറ്റടുത്തയുടനെ അദ്ദേഹം പ്രഖ്യാപിച്ചു: 'അതിർത്തി കടന്നുവരുന്ന ഭീകരവാദികൾക്ക് ഇന്ത്യയിലേക്കു സ്വാഗതം. നിങ്ങളെ കാത്തിരിക്കുന്നത് ആറടി മണ്ണാണ്'. കശ്മീരിൽ നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾക്കുനേരെ പെല്ലറ്റ് ആക്രമണങ്ങളടക്കമുള്ള സൈനിക നടപടികൾ ഉപകരിക്കുമെന്ന് വാദിക്കുകയും അത്തരം പ്രവൃത്തികളെ പിന്തുണക്കുകയും ചെയ്തു. മുൻകാല സേനാമേധാവികളിൽനിന്ന് വ്യത്യസ്തമായി, കർഷകസമരം, പൗരത്വ പ്രക്ഷോഭം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയ പ്രധാന രാഷ്ട്രീയ, സാമൂഹിക സമരങ്ങളെക്കുറിച്ചെല്ലാം ജനറൽ ബിപിൻ റാവത്ത് തുറന്ന അഭിപ്രായ പ്രകടനങ്ങൾ നടത്തി. അവയെല്ലാം ഭരണപക്ഷ നിലപാടുകളെ നിരുപാധികം പിന്തുണക്കുന്നവയായതിനാൽ സൈന്യത്തെ ഭരണകൂട ഉപകരണമാക്കുന്നുവെന്ന വിമർശനവും പല കോണുകളിൽനിന്നുയർന്നു. കർക്കശമായ സൈനിക നടപടികളിലൂടെ മാത്രമേ രാജ്യത്ത് സമാധാനം സ്ഥാപിതമാവൂ എന്ന് ഉറച്ചുവിശ്വസിച്ച ജനറൽ റാവത്ത് മൂന്നു സേനാവിഭാഗങ്ങളെയും ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള പദ്ധതികൾ സ്വപ്നംകാണുകയും അവക്കുവേണ്ടി തീവ്രമായി പരിശ്രമിക്കുകയും ചെയ്തു. ആ ദൗത്യത്തിനിടയിൽ സംഭവിച്ച ഈ അത്യാഹിതം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണ്.
േവ്യാമസേന ഹെലികോപ്ടറുകളും വിമാനങ്ങളും ഇടക്കിടക്ക് തകരുന്നതും വൻ അപകടങ്ങൾ സൃഷ്ടിക്കുന്നതും രാജ്യത്തിെൻറ യശസ്സിന് വല്ലാതെ കോട്ടംതട്ടിക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല. നമ്മുടെ സുരക്ഷാവീഴ്ചകളും ഏറ്റവും ആധുനികമായ സൈനികവാഹിനികളുടെ അപകടങ്ങളും ഗൗരവതരമാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും പതിവായി സഞ്ചരിക്കുന്ന ഏറ്റവും ആധുനികമായ ഹെലികോപ്ടർ എം.ഐ 17വി5 ആണ് കുന്നൂരിൽ കത്തിയമർന്നത്. 2019 ഫെബ്രുവരിയിൽ ശ്രീനഗറിലെ ബുദ്ഗാമിൽ േവ്യാമസേനയുടെ പിഴവിനാൽ ഇസ്രായേൽ നിർമിത മിസൈലാക്രമണത്തിൽ തകർന്നതും ഇതേ ഹെലികോപ്ടർ തന്നെ. ഇത്തരം സുരക്ഷാവീഴ്ചകൾ രാജ്യത്തിനുണ്ടാക്കുന്ന ആഘാതം അപ്രതിരോധ്യമാണ്. അതുപോലെ, സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിലുയരുന്ന അഴിമതിയാരോപണങ്ങളും അപമാനകരമാണ്. രാജ്യസുരക്ഷ പണയംവെച്ച് നടക്കുന്ന വാണിഭങ്ങളുടെ വിലകൂടിയാണ് വിലമതിക്കാനാവാത്ത സൈനികരുടെ അകാലമൃത്യുവിലൂടെ നാം ഒടുക്കേണ്ടിവരുന്നത്. അവ ആവർത്തിക്കാതിരിക്കാൻ സമഗ്ര അന്വേഷണം നടത്താനും ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ രംഗത്തുവരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.