പൗരന്മാരുടെ ജനാധിപത്യ തീർപ്പുകളെ അടിസ്ഥാനപരമായി നിർണയിക്കാൻ പോന്ന നിയമങ്ങൾ എല്ലാ എതിർപ്പും അവഗണിച്ച് പാർലമെന്‍റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ചുട്ടെടുക്കുന്ന രീതി ശീതകാല സമ്മേളനത്തിലും കണ്ടു. ഇക്കൂട്ടത്തിൽ ഒടുവിലത്തെ ഉദാഹരണമായിരുന്നു ലോക്സഭയിലും രാജ്യസഭയിലും ചർച്ച കൂടാതെ പാസാക്കിയെടുത്ത ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ നിയമം. 2014 വരെ നരേന്ദ്ര മോദി 'ഗിമിക്ക്' എന്ന് കളിയാക്കിയിരുന്ന ആധാർ എന്ന പന്ത്രണ്ടക്ക തിരിച്ചറിയൽ രേഖ, പിന്നീട് ഭരണസംവിധാനത്തിന്‍റെ പരമമായ നടത്തിപ്പു സൂത്രമായി മാറുന്നതാണ് കണ്ടത്. ഇപ്പോൾ വോട്ടർ പട്ടികയിലെ പേരുമായി പൗരന്‍റെ ആധാർ കണ്ണിചേർക്കാൻ നിയമമായതോടെ അതിനെക്കുറിച്ചുള്ള ആശങ്കകളും വർധിച്ചിരിക്കുന്നു. വ്യാജ വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാനും വോട്ടിരട്ടിപ്പ് ഇല്ലാതാക്കാനും ഈ ബന്ധിപ്പിക്കൽ വഴി സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പു കമീഷനും സർക്കാറും അവകാശപ്പെടുന്നത്. അതേസമയം, ദോഷങ്ങൾ വെച്ചുനോക്കുമ്പോൾ ഇത് പരിഹാരത്തെക്കാൾ കൂടുതൽ പുതിയ പ്രശ്നങ്ങളാണുണ്ടാക്കുക എന്ന് പ്രതിപക്ഷവും ജനാധിപത്യവാദികളും ചൂണ്ടിക്കാട്ടുന്നു. അവർ ഉന്നയിക്കുന്ന എതിർപ്പുകൾ ഒന്ന് പരിശോധിക്കുകപോലും ചെയ്യാതെ സർക്കാർ ഇത് തിടുക്കത്തിൽ നിയമമാക്കി എന്നതുതന്നെ ജനാധിപത്യ വിരുദ്ധതയുടെ അടയാളമാണ്. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനു പകരം ആധാർ ബന്ധിപ്പിക്കൽ വൻതോതിൽ യഥാർഥ വോട്ടുകൾ നിഷേധിക്കാനിടയാക്കും എന്ന് അനേകം പ്രമുഖരും ജനാധിപത്യാവകാശ സംഘടനകളും കാര്യകാരണങ്ങൾ എടുത്തുകാട്ടി വാദിക്കുന്നു. 'ചിന്താരഹിതവും യുക്തിഹീനവും അനാവശ്യവു'മാണ് സർക്കാറിന്‍റെ ഈ നടപടി എന്നും, രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ ജനാധിപത്യ വിരുദ്ധമായി പരിവർത്തിപ്പിക്കാൻ അതിന് ശേഷിയുണ്ടെന്നും അവർ പറയുന്നു. ഈ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, പി.യു.സി.എൽ, ആദിവാസി വിമൻസ് നെറ്റ്വർക്ക് തുടങ്ങിയ 23 സംഘടനകളുണ്ട്. മുൻ സിവിൽ സർവിസുകാരും സാമൂഹിക പ്രവർത്തകരും ഗവേഷകരുമടക്കം അഞ്ഞൂറോളം വ്യക്തികളുമുണ്ട്. ആധാറിന്‍റെ ഭരണപരമായ ഉപയോഗം ക്ഷേമപദ്ധതികളുടെയും മറ്റും നടത്തിപ്പിൽ പരിമിതപ്പെടുത്തണമെന്ന സുപ്രീംകോടതിയുടെ വിധി നിലനിൽക്കുന്നുമുണ്ട്.
വോട്ടവകാശം നിഷേധിക്കപ്പെടാൻ ആധാർ ബന്ധിപ്പിക്കൽ ഇടയാക്കുമെന്നത് സാധ്യതയല്ല, അനുഭവമാണ്. ആധാർ തിരിച്ചറിയൽ രേഖയാണ് -പൗരത്വരേഖയല്ല. അത് പൗരന്മാർക്കുള്ളതല്ല, താമസക്കാർക്കുള്ളതാണ്. അതുകൊണ്ടുതന്നെ വോട്ടർമാരെ നിർണയിക്കുന്നതിൽ ആധാറിന് പ്രസക്തിയില്ല. വ്യാജന്മാർ വോട്ടർ പട്ടികയിലെത്തുന്നതിന് പരിഹാരമായി ആധാർ ബന്ധിപ്പിക്കലിനെ കാണാനുമാകില്ല. കാരണം, ഈ ആധാർ പട്ടികയിലും വ്യാജന്മാരും ഇരട്ടിപ്പുമെല്ലാം കണ്ടതായി പരാതി ഉയർന്നതാണ്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ആധാർ ഉപയോഗിച്ചു നോക്കിയപ്പോഴത്തെ അനുഭവം ഒരു ചൂണ്ടുപലകയാണ്. ഈ രണ്ട് സംസ്ഥാനങ്ങളിൽ മാത്രം 55 ലക്ഷം വോട്ടർമാർ പട്ടികക്ക് പുറത്തായി. 2015ൽ തുടങ്ങിവെച്ച ആധാർ ബന്ധിപ്പിക്കൽ ഒടുവിൽ സുപ്രീംകോടതി സ്റ്റേ ചെയ്യിക്കുകയായിരുന്നു. ആധാറിന്‍റെ തന്നെ ഭരണഘടനാസാധുതയാണ് കോടതി പരിശോധിക്കുന്നത്. പുതിയ നിയമനിർമാണം വഴി ആധാറിനെ വീണ്ടും വോട്ട് രേഖയാക്കാൻ തുനിയുന്നത് അതിനെപ്പറ്റിയുള്ള ആശങ്കകൾ ദൂരീകരിക്കുന്നതു പോയിട്ട് പരിശോധിക്കുകപോലും ചെയ്യാതെയാണ്.
വോട്ടവകാശ നിഷേധത്തിന് പുറമെ ആധാർ ബന്ധിപ്പിക്കൽ ഉൾക്കൊള്ളുന്ന മറ്റൊരു പ്രശ്നം സ്വകാര്യതാ ലംഘനമാണ്. ആധാർ രേഖകളിലെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന്‍റെ ഡേറ്റാബേസിലേക്കുകൂടി ചോർത്തുമ്പോൾ അത് ദുരുപയോഗിക്കപ്പെടാൻ സാധ്യത വർധിക്കും. അതേസമയം, ആധാറിന്‍റെ പ്രാമാണികത കോടതികൾതന്നെ ചോദ്യം ചെയ്തിട്ടുണ്ടുതാനും. ജനനത്തിന്‍റെയോ തിരിച്ചറിയലിന്‍റെയോ രേഖയായി അത് കോടതികൾ അംഗീകരിക്കാത്ത സന്ദർഭങ്ങളുണ്ട്. ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിച്ചപ്പോൾ തെറ്റുപറ്റിയ അനുഭവങ്ങൾ ഝാർഖണ്ഡിലുണ്ടായി. മൊത്തത്തിൽ, വ്യാജവോട്ടുകൾ ഇല്ലാതാക്കാനല്ല, വോട്ടർ രേഖകളിൽ വ്യാജം കലരാനാണ് ആധാർ ബന്ധിപ്പിക്കൽ നിമിത്തമാവുക എന്നും അഭിപ്രായമുള്ളവർ ധാരാളം. വിമർശനങ്ങൾക്ക് കേന്ദ്രമന്ത്രി റിജിജുവിന്‍റെ മറുപടി, ആധാർ കാണിക്കൽ നിർബന്ധമല്ല എന്നാണ്. പക്ഷേ, ഇപ്പോൾ പാസാക്കിയ നിയമഭേദഗതിയിൽ പറയുന്നത്, ആധാർ കാണിക്കാതിരിക്കാൻ 'മതിയായ കാരണം' വേണമെന്നാണ്. വോട്ടർ പട്ടിക വർഷത്തിൽ നാലുതവണ പുതുക്കാൻ കഴിയും എന്നതാണ് ആധാർ ബന്ധിപ്പിക്കൽ കൊണ്ടുള്ള മറ്റൊരു ഗുണമായി പറയുന്നത്. അത് ശരിയാവാം. എന്നാൽ, ഉന്നയിക്കപ്പെട്ട ഗുരുതരമായ പരാതികൾ പരിഹരിക്കാതെ മുന്നോട്ടുപോകാൻ അതൊരു ന്യായമേ അല്ല. നിയമം പാർലമെന്‍റിന്‍റെ നിയമ-നീതികാര്യ സമിതി ഏകകണ്ഠമായി അംഗീകരിച്ചതാണെന്ന മന്ത്രിയുടെ വാദത്തിനും ജനാധിപത്യപരമായ യുക്തി ഇല്ല. പാർലമെന്‍റിലെ രണ്ടു സഭകളിലും ഉന്നയിക്കപ്പെട്ട ചോദ്യങ്ങളെപ്പോലുംഅഭിമുഖീകരിക്കാതെ സമിതി അംഗീകരിച്ചു എന്ന് പറയുന്നതിൽ എന്ത് അർഥമാണുള്ളത്? ഉന്നയിക്കപ്പെട്ട പരാതികൾ ഈ സമിതി വിശദമായി പരിശോധിച്ചു എന്നുപോലും മന്ത്രി അവകാശപ്പെടുന്നില്ലതാനും. സുചിന്തിതമായി, ഭരണഘടനക്കും നീതിക്കും ചേരുന്ന തരത്തിൽ മാത്രം നിയമമുണ്ടാക്കുക, അത് ചർച്ചചെയ്യാൻ ജനപ്രതിനിധികളെ അനുവദിക്കുക, സമിതികൾക്കും പൊതുജനങ്ങൾക്കും പഠിക്കാനും പ്രതികരിക്കാനും സാവകാശം നൽകുക തുടങ്ങിയ നിയമനിർമാണത്തിന്‍റെ അടിസ്ഥാനങ്ങൾ തകർക്കുന്നതാണ് ഈ നിയമവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.