പ്രതിസന്ധിയാണ് ഒരാളുടെ ശക്തിയും ദൗർബല്യവും വെളിപ്പെടുത്തുക എന്നു പറയാറുണ്ട്. രാജ്യത്തിെൻറ കാര്യവും അങ്ങനെ തന്നെ. ആരോഗ്യ-സാമ്പത്തിക-സാമൂഹിക മേഖലകളിലെ പ്രതിസന്ധി നമ്മുടെ നാട്ടിെൻറ ശക്തിയേക്കാൾ അതിെൻറ ദൗർബല്യമാണ് പുറത്തുകൊണ്ടുവരുന്നത്.
എക്സിക്യൂട്ടിവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നീ തൂണുകളും അവ തമ്മിലുള്ള ആരോഗ്യകരമായ സന്തുലനവുമാണ് ഭരണഘടനാപരമായ ജനാധിപത്യത്തിെൻറ ആധാരം. ഈ തൂണുകളും അവയുടെ പാരസ്പര്യവും ജീർണിക്കുന്നു എന്നാണ് കൊറോണ മഹാമാരി അടക്കമുള്ള പ്രതിസന്ധികൾ വിളിച്ചുപറയുന്നത്.
എക്സിക്യൂട്ടിവ് എന്ന ഭരണനിർവഹണ വിഭാഗത്തിെൻറ വീഴ്ചകൾ പലകുറി പ്രതിപാദിച്ചിട്ടുള്ളതാണ്. സാമ്പത്തികരംഗത്ത് നോട്ടുനിരോധനവും ആരോഗ്യ-സാമ്പത്തികരംഗങ്ങളിൽ ലോക്ഡൗണും സൃഷ്ടിച്ച ദുരിതങ്ങൾ, കൃത്യമായും ഭരണപ്പിഴവുകൾക്ക് രാജ്യം ഒടുക്കേണ്ടിവന്ന വില തന്നെയായിരുന്നു. വിദഗ്ധരുമായോ ഉദ്യോഗസ്ഥ വൃന്ദവുമായോ രാഷ്ട്രീയ-സാമൂഹിക നേതാക്കളുമായോ കൂടിയാലോചന നടത്തിയില്ല എന്നത് ഏറ്റവും വലിയ പിഴവ്; എതിരഭിപ്രായങ്ങളെ വിലവെക്കാതിരുന്നതും വലിയ പിഴവ്. മുന്നാലോചനയും ആസൂത്രണവും ഇല്ലാതായി; ഏതാനും വ്യക്തികളുടെ തോന്നലുകൾ ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കപ്പെട്ടു. ഈ നിരുത്തരവാദിത്തം ജനങ്ങൾക്കിടയിൽ ഭരണപരമായ വിവേചനം വരെ എത്തി. ഭരണ നേതൃത്വത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് കൂടുതൽ ക്ഷതമുണ്ടാക്കി.
പവിത്രമെന്ന് കരുതേണ്ട സ്ഥിതിവിവരക്കണക്കുകളിൽ പോലും മായം ചേർക്കുന്നു. നോട്ടുനിരോധനത്തിന് ജനങ്ങളോട് പറഞ്ഞ ന്യായങ്ങൾ സത്യമായിരുന്നില്ല. കോവിഡ് രോഗബാധയുടെയും മരണത്തിെൻറയും കണക്കുകൾ തുടർനടപടികൾക്ക് ആശ്രയിക്കാവുന്നതല്ല. ചികിത്സയെപ്പറ്റി മന്ത്രിമാർ വരെ വ്യാജവിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നു.
രാജ്യം അടുത്തൊന്നും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിൽ പ്രധാനമന്ത്രിയുടെ അടക്കം മുൻഗണന പശ്ചിമബംഗാളിലെയും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു. ജനങ്ങൾ ചിട്ട പാലിക്കാത്തതിനെ കുറ്റപ്പെടുത്തുന്ന ഭരണകർത്താക്കൾ ഈ സന്ദിഗ്ധഘട്ടത്തിൽപോലും സ്വന്തം ചുമതല നിർവഹിക്കാതെ രാഷ്ട്രീയം കളിച്ചു. ചെലവേറിയ ഭരണകൂടത്തെ ജനങ്ങൾ താങ്ങുന്നത് അവരുടെ ജീവനും ജീവിതത്തിനും സംരക്ഷണം നൽകുമെന്ന പ്രതീക്ഷയിലാണ്. ഏതു ജോലിക്കും അതിേൻറതായ ഉത്തരവാദിത്തമുണ്ട്; അത് നിർവഹിക്കാതിരുന്നാൽ മറുപടി പറയേണ്ടതുണ്ട്. മന്ത്രിമാർ മാത്രം ഇതിൽനിന്ന് ഒഴിവാകുന്നതെങ്ങനെ?
ജനപ്രതിനിധിസഭകളെയും ജനാധിപത്യത്തിലെ കൂടിയാലോചന സംവിധാനങ്ങളെയും നിർവീര്യമാക്കിയതാണ് പ്രതിസന്ധിഘട്ടത്തിലെ മറ്റൊരു പാതകം. ലോക്സഭയിലോ രാജ്യസഭയിലോ അർഥവത്തായ ആശയക്കൈമാറ്റം നടക്കുന്നില്ല. ഏറ്റവും കടുത്ത പ്രതിസന്ധി ഘട്ടങ്ങളിൽപോലും ജനങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന അവരുടെ പ്രതിനിധികളെ ആലോചനകളിലും തീരുമാനങ്ങളിലും ഭാഗഭാക്കാക്കുന്നില്ല.
രാഷ്ട്രീയ കക്ഷികളെയോ അവയുടെ നേതാക്കളെയോ വിശ്വാസത്തിലെടുക്കുന്നില്ല. കോവിഡിെൻറ രണ്ടാം വരവിന് മുമ്പ് കിട്ടിയ സാവകാശം ശരിയായ ചർച്ചകൾക്കോ തീരുമാനങ്ങൾക്കോ മുന്നൊരുക്കത്തിനോ അവസരമാക്കിയില്ല. പ്രതിരോധമരുന്നിെൻറ ഉൽപാദനവും വിതരണവും പരമപ്രധാനമാണെന്നും ആവശ്യമെങ്കിൽ വിദേശരാജ്യങ്ങളിൽ വികസിപ്പിക്കുന്ന മരുന്നുകൾ പരിശോധിച്ച് ഇവിടെ അനുമതി നൽകണമെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഒരുവർഷം മുമ്പ് പറഞ്ഞപ്പോൾ കേന്ദ്രമന്ത്രിമാർ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണ് ചെയ്തത്. ഇപ്പോൾ സാഹചര്യം അതിഗുരുതരമായപ്പോൾ സർക്കാറിന് അതേ കാര്യം മതിയായ കരുതലൊന്നുമില്ലാതെ ചെയ്യേണ്ടിവരുന്നു.
ഫെഡറൽ സംവിധാനം ഇന്ത്യൻ ജനാധിപത്യത്തിെൻറ കരുത്താണ്. മഹാമാരിയെ നിയന്ത്രിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാമ്പത്തികവും സാേങ്കതികവുമായ പിന്തുണയും അതോടൊപ്പം പ്രാദേശികതലത്തിൽ തീരുമാനമെടുക്കാനും നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യവും നൽകുകയായിരുന്നു കരണീയം. അങ്ങനെയല്ല നടക്കുന്നത്. അധികാരം കേന്ദ്രീകരിക്കപ്പെടുകയും ആ കേന്ദ്രം കാര്യക്ഷമത ഇല്ലാത്തതാവുകയും ചെയ്താൽ എന്തു സംഭവിക്കുമോ അതാണ് ഇന്ന് രാജ്യം അനുഭവിക്കുന്നത്.
മറ്റു വിഭാഗങ്ങൾക്ക് പിഴക്കുേമ്പാൾ തിരുത്താനുള്ള സംവിധാനമാണ് ജുഡീഷ്യറി. നിർഭാഗ്യവശാൽ സർക്കാറിനോട് വിധേയത്വം പുലർത്തുന്ന ശീലം അതിൽ വർധിച്ചുവരുന്നു-പ്രത്യേകിച്ച് സുപ്രീംകോടതിയിൽ. ലോക്ഡൗൺ കാലത്ത് കാൽനടയായും മറ്റും സ്വദേശങ്ങളിലേക്ക് തിരിച്ച ലക്ഷക്കണക്കിന് മനുഷ്യർക്കുവേണ്ടി സമർപ്പിക്കപ്പെട്ട ഹരജിയിൽ, സർക്കാർ പറഞ്ഞത് അപ്പടി സ്വീകരിച്ച് നടപടി ഒഴിവാക്കുകയാണല്ലോ സുപ്രീംകോടതി ചെയ്തത്. ഒരൊറ്റയാളും റോട്ടിലില്ലെന്നും എല്ലാവരും ആശ്വാസകേന്ദ്രങ്ങളിലാണെന്നും സോളിസിറ്റർ ജനറൽ പറഞ്ഞതും വിശ്വസിച്ചു. ദുരിതകഥകൾ വ്യാജവാർത്തയാണെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചു.
തൊഴിലാളികൾക്ക് കൂലി കൊടുക്കണമെന്ന ഹരജിയോട് ചീഫ് ജസ്റ്റിസിെൻറ പ്രതികരണം, സൗജന്യ ഭക്ഷണം കിട്ടുേമ്പാൾ കൂലിയെന്തിന് എന്നായിരുന്നു. തീവണ്ടിപ്പാളത്തിൽ ക്ഷീണിച്ചുറങ്ങിയ തൊഴിലാളികൾ വണ്ടി ഇടിച്ച് മരിച്ച സംഭവത്തിലും ഹരജി തള്ളുകയായിരുന്നു. അന്യായ തടങ്കലുകളിൽ, കശ്മീർ ധ്വംസനത്തിൽ, പൗരത്വനിയമത്തിൽ, കർഷക നിയമങ്ങളിൽ തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരുപാട് കാര്യങ്ങളിൽ ജുഡീഷ്യറി ജനപക്ഷം വിട്ട് സർക്കാർപക്ഷം ചേർന്നത് രാജ്യം കണ്ടു. ഭരണഘടന വിഭാവനം ചെയ്ത തിരുത്തൽ ശക്തി എന്ന സ്ഥാനമാണ് ഇതുവഴി കൈയൊഴിയുന്നത്.
ചുരുക്കത്തിൽ, രാജ്യം നേരിടുന്നത് വെറുമൊരു മഹാമാരിയല്ല. ഭരണത്തകർച്ച എന്ന ജനായത്തഹത്യയാണ്. നേതൃത്വ ശൂന്യതയാണ്, ആരോഗ്യ-സാമ്പത്തിക പ്രതിസന്ധികളെ ഇത്ര രൂക്ഷമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.