കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം


സംസ്ഥാനങ്ങളുടെ കടമെടുപ്പിന് പരിധിവെച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി വിശദ വാദത്തിനായി മാറ്റിയിരിക്കുകയാണ്. വിഷയത്തിൽ, കേന്ദ്രസർക്കാർ തുടക്കം മുതൽ സ്വീകരിക്കുന്ന നിലപാട് കേരളത്തെ വരിഞ്ഞുമുറുക്കുന്നതാണെന്നേ പറയാനാകൂ. മാത്രമല്ല, സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള പച്ചയായ കൈകടത്തലായും കേന്ദ്രനിലപാടിനെ വിലയിരുത്താം. നേരത്തെ, 13,608 കോടി രൂപ വായ്പയെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് കേരളം സുപ്രീംകോടതിയിൽ കേസിന് പോയിരുന്നു. കേസ് പിൻവലിച്ചാൽ ചർച്ചയാകാമെന്നായിരുന്നു ആ സമയം കേന്ദ്രത്തിന്റെ പ്രതികരണം. അതിന് വഴങ്ങാൻ കൂട്ടാക്കാതെ കേരളം കേസുമായി മുന്നോട്ടുപോയതോടെയാണ് പരമോന്നത നീതിപീഠത്തിനുമുന്നിൽ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടിവന്നത്. അതിനുശേഷം, 19,352 കോടി രൂപ കടമെടുപ്പിനുള്ള അനുമതി തേടിയപ്പോഴും കേന്ദ്രം നിഷേധാത്മക നിലപാട് തുടർന്നു.

അതീവ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന സുപ്രീംകോടതി നിർദേശത്തോടുപോലും അവർ പുറംതിരിഞ്ഞുനിന്നു. വേണമെങ്കിൽ, 5000 കോടി തരാമെന്നായി; അതുതന്നെയും കർശന നിബന്ധനകളോടെ മാത്രം. വരവും ചെലവും എങ്ങനെ ഒത്തുപോകുന്നുവെന്നതടക്കമുള്ള വിവരങ്ങൾ കൈമാറിയാൽ പണം തരാമെന്ന വ്യവസ്ഥയാണ് മോദിസർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്തിന് 20,000 കോടിയെങ്കിലും അടിയന്തരമായി ആവശ്യമുണ്ട്. അനിശ്ചിതത്വത്തിന്റെ ഈ ഘട്ടത്തിൽ ബോധപൂർവം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ. ഇത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല.

ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ബജറ്റ് സമ്മേളന കാലത്ത് നിയമസഭയിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്തതാണ്. പലപ്പോഴും പ്രതിപക്ഷം ആരോപിക്കാറുള്ളതുപോലെ, സംസ്ഥാന സർക്കാറിന്റെ ധനകാര്യ മാനേജ്മെന്റിലെ പാളിച്ചകൾ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും യഥാർഥ വില്ലൻ കേന്ദ്രത്തിന്റെ വികലമായ സമീപനം തന്നെയാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. സാമ്പത്തിക പരിഷ്കാരങ്ങളെന്നപേരിൽ നടപ്പാക്കിയ ജി.എസ്.ടി അടക്കമുള്ള സംവിധാനങ്ങൾ ഏറ്റവും അധികം ബാധിച്ചത് കേരളം പോലെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെയാണ്. വായ്പയെടുക്കാൻ അനുവദിക്കാതെയും നിയമപരമായും നീതിയുക്തമായും ലഭിക്കേണ്ട നികുതിവിഹിതം തടഞ്ഞുവെച്ചും ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക അനുവദിക്കാതെയും കേന്ദ്രം സർവ ഫെഡറൽ തത്ത്വങ്ങളും ലംഘിച്ചുകൊണ്ട് ഫാഷിസത്തിന്റെ പാതയിൽ സഞ്ചരിച്ചതോടെയാണ് ദൈനംദിന ചെലവുകൾക്കുപോലും പണമില്ലാതെ കേരളം പ്രതിസന്ധിയിലായത്.

ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ഫെബ്രുവരി മാസത്തെ ശമ്പളം പൂർണമായും കൊടുത്തുവെങ്കിലും പണം പിൻവലിക്കാനുള്ള നിയന്ത്രണം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതോടൊപ്പം, അപ്രഖ്യാപിത ട്രഷറി നിയന്ത്രണവുമുണ്ട്. സംസ്ഥാനത്തിന് ന്യായമായും ലഭിക്കേണ്ട നികുതി വിഹിതവും വായ്പയും അനുവദിക്കപ്പെടാത്തതുകൊണ്ടുമാത്രം സംഭവിച്ചതാണിത്. ഇപ്പോൾതന്നെ, സുപ്രീംകോടതി ഇടപെട്ട് അനുവദിച്ച 13,608ൽ കോടിയിൽ ഇതിനകം ലഭിച്ചത് 5000 കോടി മാത്രമാണ്. അഥവാ, ഒരുവശത്ത് അവകാശപ്പെട്ട വിഹിതം തടഞ്ഞുവെക്കുന്നു; മറുവശത്ത്, അനുവദിച്ച തുക പൂർണമായും നൽകാതെ അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കുന്നു. ഈ പശ്ചാത്തലത്തിൽ, കേരളത്തിന്റെ നിയമപോരാട്ടത്തിന് വലിയ പ്രസക്തിയുണ്ട്.

ഇക്കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക അതിജീവനത്തിനായി ‘പ്ലാൻ ബി’ തങ്ങളുടെ പക്കലുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വെളിപ്പെടുത്തിയിരുന്നു. ‘പ്ലാൻ ബി’ എന്താണെന്ന് വിശദീകരിക്കണമെന്നാണ് പണം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിലൊന്നായി കേന്ദ്രം സുപ്രീംകോടതിയിൽ അവതരിപ്പിച്ചത്. ഒരു ഭരണകൂടം എത്രമേൽ ഫാഷിസ്റ്റ് പ്രവണതകളിലൂടെ കടന്നുപോകുന്നുവെന്നതിന്റെ നിദർശനമായി ഇതിനെ കണക്കാക്കാം. ഫെഡറൽ വ്യവസ്ഥക്കുകീഴിലുള്ള ഒരു സംസ്ഥാന സർക്കാറിന് ഇത്തരമൊരു ‘പ്ലാൻ ബി’യെക്കുറിച്ച് എന്തുകൊണ്ട് ചിന്തിക്കേണ്ടിവരുന്നുവെന്നാണ് പ്രാഥമികമായി ആലോചിക്കേണ്ടത്. 2014ൽ, മോദി സർക്കാർ അധികാരത്തിൽവന്നശേഷം കേന്ദ്രം ആവിഷ്കരിച്ച മിക്കവാറും എല്ലാ പദ്ധതികളിലും കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പുറത്താണ്; തീർത്തും നാമമാത്രമാണ് കേന്ദ്രവിഹിതമെന്ന് പറയാം.

ഈ സാഹചര്യത്തിലാണ് ബജറ്റിനുപുറത്ത് കടമെടുക്കാൻ കിഫ്ബി പോലുള്ള സംവിധാനങ്ങളെ കേരളത്തിന് ആശ്രയിക്കേണ്ടിവന്നത്. തീർത്തും അതിജീവനത്തിനായി നടത്തിയ ഈ നടപടികളിലെ സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അർഹതപ്പെട്ട വിഹിതം നിഷേധിക്കുക എന്നാൽ അത് ഈ നാട്ടിലെ പൗരജനങ്ങളുടെ അതിജീവനത്തിനുള്ള അവസാനഘട്ട അവകാശത്തെപ്പോലും ഹനിക്കലാണ്. ഒരുപക്ഷേ, സംസ്ഥാന സർക്കാറിന്റെ ധനകാര്യ മാനേജ്മെന്റിൽ വിമർശനമുണ്ടാകാം; അതിജീവനത്തിനുള്ള അവകാശത്തെപ്പോലും ഹനിക്കുന്ന കേന്ദ്രത്തിന്റെ പ്രതിലോമ രാഷ്ട്രീയത്തോളം വരില്ല ഇതെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, അനിവാര്യമായും ജയിക്കേണ്ട ഒരു നിയമപോരാട്ടം പരമോന്നത നീതിപീഠത്തിൽ തുടരുമ്പോൾ അതിനോട് ഐക്യപ്പെടാനുള്ള ബാധ്യത ജനാധിപത്യവാദികൾക്കുണ്ട്. ആത്യന്തികമായി ഇത് ഫെഡറലിസത്തിന്റെ സംരക്ഷണത്തിനായുള്ള പോരാട്ടംകൂടിയാണ്.

Tags:    
News Summary - Economic blockade of the Centre Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT