ഏകദേശം പത്ത് വർഷം മുമ്പ്, വൻശക്തി രാജ്യങ്ങളെയെല്ലാം വരിഞ്ഞുമുറുക്കിയ സാമ്പത്തി ക മാന്ദ്യം നമ്മുടെ രാജ്യത്തെ അത്രകണ്ട് ബാധിച്ചിരുന്നില്ല. അമേരിക്കയും ബ്രിട്ടനും ഫ്ര ാൻസും ജർമനിയുമെല്ലാം വലിയ കെടുതികൾ അനുഭവിച്ചപ്പോൾ ഇന്ത്യ ഒരുവിധം പിടിച്ചുനി ൽക്കുകയായിരുന്നു. എന്നല്ല, ഈ ആഗോള പ്രതിഭാസത്തെ എങ്ങനെ ‘മുതലെടുക്കാ’മെന്നും അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻസിങ് കാണിച്ചു തന്നു. അങ്ങനെയാണ്, മാന്ദ്യകാലത്തിനൊടുവിൽ രാജ്യത്തിെൻറ സാമ്പത്തിക വളർച്ച 8.8 ശതമാനത്തിൽ തിരിച്ചെത്തിക്കാനായത്; ഇക്കാലയളവിനുള്ളിൽതന്നെ വ്യാവസായികോൽപാദന വളർച്ചയിൽ ഏഴ് ശതമാനത്തിെൻറ ഉയർച്ചയുമുണ്ടായി. മൻമോഹണോമിക്സിെൻറ അടിസ്ഥാനശിലയായി വർത്തിക്കുന്നത് കോർപറേറ്റിസം തന്നെയാണെങ്കിലും അതിെൻറ ഗതിവിഗതികൾ നിരീക്ഷിച്ച് പ്രായോഗികപദ്ധതികൾ ആവിഷ്കരിക്കുന്നതിൽ അദ്ദേഹത്തിന് അസാമാന്യ സാമർഥ്യമുണ്ടായിരുന്നതു കൊണ്ടാണ് ആ മാന്ദ്യത്തിൽനിന്ന് രാജ്യം രക്ഷപ്പെട്ടതെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ലോകം വീണ്ടുമൊരു ആഗോള സാമ്പത്തിക മാന്ദ്യത്തിെൻറ വക്കിൽ നിൽക്കുേമ്പാൾ ആ നല്ലകാലം ഓർക്കാനേ ഇപ്പോൾ നിർവാഹമുള്ളൂ. പണ്ടത്തെ പോലെ ഇന്ത്യ ഒരു തുരുത്തായി മാറിനിൽക്കുമെന്ന് കരുതാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ന്യായവുമില്ല. മാന്ദ്യത്തിെൻറ പടുകുഴിയിൽ ആദ്യം വീണുപോകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് നാമിപ്പോഴുള്ളത്. അതിെൻറ സൂചനകൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും കുടുതൽ വളർച്ചയുള്ള സാമ്പത്തികശക്തിയെന്നൊക്കെ അഭിമാനിക്കാമെങ്കിലും കാര്യങ്ങളുടെ പോക്ക് നേരായ രീതിയിലല്ലെന്നും രാജ്യം കടുത്ത മാന്ദ്യത്തിലേക്കാണ് കടക്കുന്നതെന്നും കണക്കുകൾ നിരത്തി ഈ രംഗത്തെ വിദഗ്ധരും ഈയടുത്തകാലം വരെ ഭരണകൂടത്തിെൻറ സ്തുതിപാഠകരായിരുന്ന േകാർപേററ്റുകളും ഒരുപോലെ സമ്മതിക്കുന്നു.
ആഗോള ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം) റാങ്കിങ്ങിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടൂവെന്ന ലോകബാങ്ക് റിപ്പോർട്ട് പുറത്തുവന്നതു മുതൽ സാമ്പത്തികവിദഗ്ധർ ഈ പിന്നാക്കംപോക്ക് ഗൗരവമായ ചർച്ചക്ക് വിധേയമാക്കുന്നുണ്ട്. ഭരണകൂടവും വലിയൊരു വിഭാഗം മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്ന ‘സാമ്പത്തിക വളർച്ച’യുടെ കണക്കുകൾ വെറും പുകമറയാണെന്ന ആരോപണത്തെയും ഈ റിപ്പോർട്ട് ശരിവെക്കുന്നുണ്ട്. ഇക്കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽപോലും കേന്ദ്രധനമന്ത്രി പറഞ്ഞത്, രാജ്യത്തെ ഏറ്റവും എളുപ്പത്തിൽ അഞ്ച് ട്രില്യൺ (അഞ്ച് ലക്ഷം കോടി)ഡോളറിെൻറ സാമ്പത്തികവ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നാണ്. രാജ്യത്തിെൻറ നിലവിലെ ജി.ഡി.പി ഏഴിൽനിന്ന് എട്ട് ശതമാനമാക്കി ഉയർത്തിയാൽ പോലും ആ ലക്ഷ്യം കൈവരിക്കണമെങ്കിൽ ചുരുങ്ങിയത് 2025 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. സർക്കാർ പറയുന്ന ഏഴ് ശതമാനം ജി.ഡി.പിയുടെ കാര്യത്തിലും പലർക്കും സംശയമുണ്ട്. ഉദാഹരണത്തിന്, ഒന്നാം മോദി സർക്കാറിെൻറ കാലത്ത് അദ്ദേഹത്തിെൻറ സാമ്പത്തിക ഉപദേശകരിൽ ഒരാളായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം ഈയിടെ ഹാവാർഡിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ ജി.ഡി.പി കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്ന് സമർഥിക്കുന്നുണ്ട്. യഥാർഥ ജി.ഡി.പി അഞ്ചിൽ താഴെ മാത്രമേ വരുന്നുള്ളൂ എന്നാണ് അദ്ദേഹത്തിെൻറ നിരീക്ഷണം. ഇത് ബോധ്യമാകാൻ ചുറ്റുപാടുകളൊന്ന് ശ്രദ്ധിക്കുകയേ വേണ്ടൂ.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്ത് ദൃശ്യമാകുന്നത്. ആദ്യമൊക്കെ ഈ യാഥാർഥ്യം അംഗീകരിക്കാൻ മടികാണിച്ച സർക്കാറിന് ഒടുവിൽ വഴങ്ങേണ്ടി വന്നു. സർവമേഖലകളിലും ഇതാണ് സ്ഥിതി. 2019 ഏപ്രിൽ മുതൽ ജൂൺ വരെ, രാജ്യത്തെ കാർ വിൽപനയിൽ 23 ശതമാനത്തിെൻറയും ഇരുചക്രവാഹനങ്ങളുടെ വിൽപനയിൽ 14 ശതമാനത്തിെൻറയും കുറവാണ് സംഭവിച്ചിരിക്കുന്നത്; 15 വർഷത്തിനിടെ ഏറ്റവും കുറവ് വിറ്റുവരവാണിത്. ടാറ്റാ മോട്ടോഴ്സിെൻറ പ്ലാൻറുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം പ്രവർത്തിപ്പിക്കേണ്ടി വരുന്നതിെൻറയും പല ഉരുക്ക് ഫാക്ടറികളും അടച്ചുപൂട്ടിയതിെൻറയും കാരണം എന്തെന്ന് ഇതിൽനിന്ന് വ്യക്തം. ഉപഭോഗരംഗത്തെ ഈ തളർച്ച നിക്ഷേപമേഖലയിലും പ്രതിഫലിച്ചിരിക്കുന്നു. ഈ വർഷം പ്രഖ്യാപിക്കപ്പെട്ട നിക്ഷേപപദ്ധതികളിൽ 79 ശതമാനവും ഇതിനകം തന്നെ വേണ്ടെന്നുവെച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതായത്, ഒരു വശത്ത് വ്യവസായശാലകൾ പൂട്ടുന്നു; മറുവശത്ത്, പുതിയ സംരംഭങ്ങൾ തുടങ്ങുന്നുമില്ല. രാജ്യത്ത് തൊഴിലില്ലാപ്പട പെരുകാൻ ഇനിയും മറ്റൊരു കാരണം വേണോ?
മോദിസർക്കാറിെൻറ സാമ്പത്തികനയങ്ങൾ തുടക്കത്തിലേ പരാജയമായിരുന്നു. നോട്ടുനിരോധനത്തിെൻറയും ജി.എസ്.ടിയുടെയും കെടുതികളിൽനിന്ന് രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല. വലിയൊരു സാമ്പത്തികപരിഷ്കരണ യജ്ഞമായി നടപ്പാക്കിയതൊന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകാതിരിക്കാൻ മോദിഭക്തരായ മാധ്യമങ്ങൾ ശ്രദ്ധിച്ചത്, അതൊക്കെ പരാജയമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. കോർപറേറ്റ് സേവയിലധിഷ്ഠിതമായ അത്തരം പരിഷ്കരണങ്ങളുടെയൊക്കെ സ്വാഭാവിക പരിണതിയാണ് ഈ വീഴ്ച. ഈ ദുരന്തത്തിൽ കോർപറേറ്റ് ഭീമന്മാരും കുടുങ്ങിയെന്നത് ചരിത്രത്തിെൻറ കാവ്യനീതിയാകാം. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞത്, യു.എസ്-ചൈന ‘വ്യാപാര യുദ്ധം’ എന്നിവയൊക്കെയാണ് മാന്ദ്യത്തിെൻറ കാരണങ്ങളെന്ന സർക്കാറിെൻറ ദുർബല പ്രതിരോധത്തിൽ കാര്യമുണ്ടെങ്കിലും യാഥാർഥ്യങ്ങൾ അതിനുമപ്പുറമാണ്. അതിനെ കൃത്യമായി അഭിമുഖീകരിക്കുന്നതിന് പകരം, പതിവുപോലെ ‘ജനപ്രിയ’നടപടികളിലാണ് സർക്കാർ. ഉന്മാദ ദേശീയതയുടെയും വർഗീയതയുടെ ചിന്തകൾ ജനസാമാന്യത്തിനുമേൽ കുത്തിവെച്ച് ‘ഇവിടെ എല്ലാം ഭദ്രം’ എന്ന് സ്ഥാപിക്കാനുള്ള വൃഥാവ്യായാമം കടുത്ത ദുരന്തത്തിലേക്കായിരിക്കും രാജ്യത്തെ കൊണ്ടെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.