സംസ്ഥാനത്തെയും ജനങ്ങളെയും അക്ഷരാർഥത്തിൽ അപഹാസ്യമാക്കിയ പേക്കൂത്തുകളാണ് 2015 മാർച്ച് 13ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിയമസഭയിൽ അരങ്ങേറിയത്. ബാർ കോഴയിൽ ആരോപണവിധേയനായിരുന്ന അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന ഇടതുപക്ഷത്തിെൻറ തീരുമാനമായിരുന്നു അങ്ങേയറ്റം ലജ്ജാകരമായ സംഭവത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്.
അന്നത്തെ കൈയാങ്കളിയുടെ ആസൂത്രകരും പ്രതികളും ജനാധിപത്യക്രമത്തിെൻറ ഭാഗമായ അധികാരമാറ്റത്തിലൂടെ പിന്നീട് ഭരണകർത്താക്കളായി. അതോടെ, നിയമസഭയുടെ പ്രിവിലേജ് നിലനിർത്താനെന്ന പേരിൽ ആ കേസ് പിൻവലിക്കാൻ തീരുമാനിച്ചു. അതിനായി കേസ് നടത്താൻ ചെലവിട്ടത് പ്രളയത്തിൽ കുതിർന്നും കോവിഡിൽ വലഞ്ഞും സാമ്പത്തികമായി തകർന്ന പൊതുജനങ്ങൾ ഖജനാവിലേക്ക് മുതൽക്കൂട്ടിയ നികുതിപ്പണം.
സഭയിൽ അരങ്ങേറിയത് ശിക്ഷാർഹമായ ഗുണ്ടായിസമായിരുന്നെങ്കിൽ കേസ് തേച്ചുമായ്ക്കാനുള്ള തീരുമാനം ജനാധിപത്യക്രമത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും അട്ടിമറിയായിരുന്നു. ആ നെറികെട്ട അധികാര ദുർവിനിയോഗശ്രമത്തിന്റെ നെറുകയിൽ നോക്കിയാണ് സുപ്രീംകോടതി പ്രഹരിച്ചിരിക്കുന്നത്. പരമോന്നത നീതിപീഠത്തിനു മുന്നിൽ അപമാനിതമായത് കേരളത്തിെൻറകൂടി അന്തസ്സാണ്. പക്ഷേ, അതുൾകൊള്ളാൻ മുഖ്യമന്ത്രിയും എൽ.ഡി.എഫും തയാറാകുമോ? സാധ്യത കുറവാെണന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ ന്യായീകരണങ്ങൾ വ്യക്തമാക്കുന്നത്.
നിയമസഭയിലുണ്ടാകുന്ന പ്രതിഷേധ പ്രക്ഷുബ്ധതയിൽ ഉന്തലും തള്ളലുമൊക്കെ അസാധാരണമായി സംഭവിക്കാറുണ്ട്. എന്നാൽ, കലാപകാരികളുടെ ശരീരഭാഷയോടെ സ്പീക്കറുടെ പോഡിയം തകർത്തും പോരിന് വിളിച്ചും അക്രമത്തിന് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധികളുടെ ചിത്രം കേരളം മുെമ്പാരിക്കലും കണ്ടിട്ടില്ല. രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതു മുതൽ നശിപ്പിച്ചതിൽ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുൻമന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, മുൻ എം.എൽ.എ മാരായ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞമ്മദ് എന്നിവർക്കെതിരെ അന്നത്തെ സ്പീക്കറുടെ പരാതിയിൽ പൊലീസ് ക്രിമിനൽ കേസെടുക്കുകയായിരുന്നു. തിരുവനന്തപുരം സി.ജി.എം കോടതിയിൽ വിചാരണക്ക് എത്തിയപ്പോഴേക്ക് പ്രതികൾ അധികാരികളായി മാറിയിരുന്നു. കേസ് പിൻവലിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചു.
നിയമപരമായും നൈതികമായും കേസ് പിൻവലിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ ബീന സതീഷിനെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തുകൊണ്ടാണ് പിൻവലിക്കൽ ഹരജിയുമായി ഇടതുസർക്കാർ മുന്നോട്ടുപോയത്. നിയമസഭയുടെ അധികാര സുരക്ഷയിൽ കേസിൽനിന്ന് രക്ഷപ്പെടാമെന്ന സർക്കാറിെൻറ വ്യാമോഹത്തെയാണ് സി.ജി.എം കോടതിയും ഹൈകോടതിയും ഒടുവിൽ സുപ്രീംകോടതിയും തകർത്തത്. നിയമപരമായ വസ്തുതകൾ ചൂണ്ടിക്കാണിച്ചതിെൻറ പേരിൽ സർക്കാർ നടത്തിയ വേട്ടയാടലിൽ ഒറ്റപ്പെട്ടുപോയെന്നും മാനസിക സംഘർഷത്തിലകപ്പെട്ട് ചികിത്സ തേടേണ്ടി വന്നുവെന്നുമുള്ള ബീന സതീഷിന്റെ തുറന്നു പറച്ചിൽ ഭരണപരവും നിയമപരവുമായ ഇരുണ്ട മണ്ഡലങ്ങളിലെ പുഴുക്കുത്തുകളെ തുറന്നുവെക്കുന്നു. ഭാവിയിൽ അവകൂടി സാമൂഹിക വിചാരണക്ക് വിധേയമാക്കേണ്ടതുണ്ട്.
ജനപ്രതിനിധികൾ നിയമത്തിന് അതീതരല്ലെന്ന് ഉറപ്പിക്കുകയും ജനാധിപത്യമൂല്യങ്ങളുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിെൻറ വിധിന്യായം. എം.എൽ.എമാർക്കുള്ള ഭരണഘടനാ പരിരക്ഷയുടെ അർഥം ക്രിമിനൽ നടപടികളിൽനിന്നുള്ള സംരക്ഷണമെല്ലന്ന് അർഥശങ്കക്കിടയില്ലാത്തവണ്ണം കോടതി വ്യക്തമാക്കുന്നു പരമോന്നത നീതിപീഠം. 194 ാം ഭരണഘടനാവകുപ്പുവെച്ച് കേസ് അവസാനിപ്പിക്കുകയാണങ്കിൽ എം.എൽ.എ മാർക്കുള്ള അവകാശങ്ങൾ അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് തടസ്സമാകുമെന്ന ധാരണ സൃഷ്ടിക്കപ്പെടുമെന്നും അത് ഭരണഘടന വഞ്ചനയാകുമെന്നും നിരീക്ഷണവും എല്ലാ പൗരൻമാർക്കും ബാധകമാകുന്ന ക്രിമിനൽ നിയമങ്ങൾ എം.എൽ.എമാർക്കും ബാധകമാെണന്ന ഉത്തരവും നിയമസഭയുടെ പ്രിവിലേജിനെ കുറിച്ചുള്ള മിഥ്യകളെ വേരറുക്കുന്നതാണ്. എന്നിട്ടും മുഖ്യമന്തി നിയമസഭയിൽ ന്യായീകരിച്ചത് കേസ് പിൻവലിക്കാൻ സർക്കാർ എടുത്ത നടപടി അസാധാരണമോ നിയമവിരുദ്ധമോ അല്ലെന്ന് പറഞ്ഞുകൊണ്ടാണ്. കേസ് പിൻവലിക്കൽ അപേക്ഷക്ക് തെളിവുകളോ മറ്റു വിഷയങ്ങളോ അടിസ്ഥാനമാക്കേണ്ടതില്ല എന്ന വാദം കൂടി ഉന്നയിക്കുന്നതിലൂടെ സുപ്രീംകോടതി വിധിയുടെ അന്തസ്സത്ത അംഗീകരിക്കാൻ സർക്കാർ സന്നദ്ധമല്ല എന്ന സന്ദേശമല്ലേ പുറത്തുവരുന്നത്.
കോടതി വിധി ഉയർത്തിപ്പിടിച്ച ധാർമികത അംഗീകരിക്കാനുള്ള വിനയം സർക്കാറിനുണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വിധിയോടുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. നിയമവാഴ്ച ഉറപ്പുവരുത്താനും ഭരണനിർവഹണം നീതിപൂർവമാെണന്ന് ബോധ്യപ്പെടുത്താനുമുള്ള ചുമതല സർക്കാറിനുതന്നെയാണ്. ജനപ്രതിനിധികൾ നിഷ്ഠയോടെ പുലർത്തേണ്ട നൈതികതയും ജനാധിപത്യമൂല്യങ്ങളും ഉറപ്പുവരുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കും പാർട്ടികൾക്കുമുണ്ട്. നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിൽ ഉൾച്ചേർന്നുകിടക്കുന്ന ഗുണ്ടാസ്വഭാവത്തെ ഈ വിധിയുടെ പശ്ചാത്തലത്തിൽ സ്വയംവിചാരണക്ക് വിധേയമാക്കാൻ രാഷ്ട്രീയ കക്ഷികൾകൂടി തയാറായാൽ കോടതി ആവർത്തിച്ചുപറഞ്ഞ ജനാധിപത്യ നൈതികത നമുക്ക് തിരിച്ചുപിടിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.