ദേശീയതലത്തിൽ ഭരണ^പ്രതിപക്ഷ കക്ഷികൾക്ക് പാഠവും താക്കീതും നൽകുന്നതാണ് ഹിന്ദിബെൽറ്റിെൻറ ഹൃദയഭൂമിയായ ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് ലോക്സഭ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം. യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഒഴിവുവന്ന ഗോരഖ്പുരിൽ ബി.ജെ.പി നേരിട്ട തിരിച്ചടി യോഗിക്ക് വ്യക്തിപരമായും ബി.ജെ.പിക്ക് ദേശീയതലത്തിലും കനത്ത പ്രഹരമായി. മോദി അധികാരത്തിലേറിയശേഷം നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെങ്കിലും ഗോരഖ്പുരിലെ തോൽവി ഹിന്ദുത്വശക്തികളുടെ മനോവീര്യം തകർക്കുന്നതും പ്രതിപക്ഷത്തിന് പുത്തൻ പ്രതീക്ഷകൾ പ്രദാനംചെയ്യുന്നതുമാണെന്നതിൽ പക്ഷാന്തരമില്ല. രണ്ടു പതിറ്റാണ്ടായി യോഗി ആദിത്യനാഥ് ലോക്സഭയിൽ പ്രതിനിധാനംചെയ്ത ഈ മണ്ഡലത്തിൽ 2014ൽ മൂന്നു ലക്ഷത്തിലേറെ വോട്ടിനാണ് ജയിച്ചുകയറിയത്. അദ്ദേഹത്തിെൻറ മുൻഗാമിയും ഗോരഖ്പുരിെൻറ ആത്മീയ നേതാവുമായ മഹന്ത് അവൈദ്യനാഥായിരുന്നു അതിനുമുമ്പ് മണ്ഡലത്തിൽ ജയിച്ചുകൊണ്ടിരുന്നത്. ലോക്സഭയിലെ രണ്ടംഗ ബലത്തിൽനിന്ന് കാവിപ്പാർട്ടിയെ രാജ്യത്തിെൻറ ചെങ്കോലേന്തുന്ന ശക്തിയായി മാറ്റിയെടുത്ത അയോധ്യപ്രക്ഷോഭത്തിനു തുടക്കംകുറിച്ചതും മുന്നോട്ടുനയിച്ചതും ഗോരഖ്പുർ ആസ്ഥാനമായുള്ള രാമജന്മഭൂമി പ്രക്ഷോഭമാണ്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ തിരിച്ചടിക്ക് പ്രതീകാത്മകമായ കുറെ മാനങ്ങളുണ്ട്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് നടന്ന ഫുൽഫുർ മണ്ഡലത്തിലും ബി.ജെ.പി 59,000 വോട്ടിനാണ് തോൽവി സമ്മതിച്ചത്. 2014ൽ ബി.ജെ.പിക്ക് ലഭിച്ചത് പോൾ ചെയ്ത വോട്ടിെൻറ 52 ശതമാനമാണെങ്കിൽ ഇപ്പോഴത് 39 ശതമാനമായി ചുരുങ്ങി. കടുത്ത ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുണ്ട് എന്ന് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനത്തിൽനിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്. ഫുൽപുർ മണ്ഡലത്തിൽപെട്ട അലഹബാദ് നോർത്തിൽ 21.65 ശതമാനവും അലഹബാദ് വെസ്റ്റിൽ 31 ശതമാനവും വോട്ടർമാരേ സമ്മതിദാനം രേഖപ്പെടുത്താൻ പുറത്തിറങ്ങിയുള്ളൂവെന്ന വസ്തുത രാഷ്ട്രീയപാർട്ടികൾക്ക് ഇരുന്നുചിന്തിക്കാൻ വകനൽകുന്നതാണ്. പ്രതീക്ഷക്കൊത്തുയരാത്ത ഭരണവും അസ്വാസ്ഥ്യജനകമായ സാമൂഹിക പരിസരവും യോഗി സർക്കാറിനെതിരെ ജനരോഷം ഉയർത്തുന്നുണ്ട് എന്നുതന്നെയാണ് കരുതേണ്ടത്. ബിഹാറിലെ അറാറിയ മണ്ഡലത്തിൽ ആർ.ജെ.ഡി സ്ഥാനാർഥി നേടിയ വിജയത്തിെൻറ തിളക്കം കൂട്ടുന്നത്, മഹാസഖ്യത്തിൽനിന്ന് നിതീഷ് കുമാറിെൻറ പാർട്ടിയെ ബി.ജെ.പി തട്ടിയെടുത്തിട്ടും, ജയിലിൽകഴിയുന്ന ലാലുപ്രസാദ് യാദവിെൻറ പിന്നിൽ ജനം അണിനിരന്നു എന്നതിലാണ്. മാറിയ രാഷ്ട്രീയ ചുറ്റുപാടിലും ആർ.ജെ.ഡി കരസ്ഥമാക്കിയ വിജയം നിതീഷ് കുമാറിനും ബി.ജെ.പിക്കും കനത്ത പ്രഹരമായി. ജഹാനാബാദ് അസംബ്ലി സീറ്റും ആർ.ജെ.ഡി നിലനിർത്തിയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായാണ് നിരീക്ഷകർ കാണുന്നത്. ദേശീയ രാഷ്ട്രീയത്തിെൻറ ഏറ്റവുമൊടുവിലത്തെ അവസ്ഥ ഭരണ^പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരുടെയും കണ്ണുതുറപ്പിക്കാൻ പോന്നതാണ്. കഴിഞ്ഞ തവണ നരേന്ദ്ര മോദിയെ അധികാരസോപാനത്തിലേക്കാനയിച്ചത് യു.പിയിൽ നേടിയ ഏകപക്ഷീയ വിജയമാണ്. അഖിലേഷിെൻറ സമാജ്വാദി പാർട്ടിയും മായാവതിയുടെ ബി.എസ്.പിയും അവസാനനിമിഷം കൈകോർത്തപ്പോൾ ഇക്കുറി അത്ഭുതം സൃഷ്ടിക്കാൻ സാധിച്ചുവെന്നത് ഭാവി രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഈ പാർട്ടികൾക്ക് അവസരമൊരുക്കിക്കൊടുത്തിരിക്കയാണ്. ആസന്നമായ രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പിയുടെ സ്ഥാനാർഥിക്ക് എസ്.പിയുടെ വോട്ട് നൽകാമെന്ന ധാരണയിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് നീക്കുപോക്കാണ് ബി.ജെ.പിയെ പരാജയപ്പെടുത്തുന്ന ജാതിസൂത്രവാക്യം രൂപപ്പെടുത്തിയത്. പിന്നാക്ക, ദലിത്, മുസ്ലിം ഏകോപനത്തിനു മുന്നിൽ ബി.ജെ.പിയുടെ അടവുകൾ പരാജയപ്പെട്ടു. കോൺഗ്രസിെൻറ നാമമാത്രസാന്നിധ്യം സവർണ വോട്ടുകൾ ഭിന്നിപ്പിക്കാനും സഹായിച്ചു. ഭാവിയിൽ ഇതേ തന്ത്രം പയറ്റാനും ഹിന്ദുത്വയെ ഒന്നിച്ചുനേരിടാനും തീരുമാനിച്ചുകഴിഞ്ഞാൽ ദേശീയരാഷ്ട്രീയത്തെ പുതിയൊരു ചാലിലൂടെ വഴിതിരിച്ചുവിടാൻ സാധിക്കുമെന്ന് തെളിയിച്ചുകഴിഞ്ഞെങ്കിലും പ്രായോഗിക കടമ്പകൾ നിലനിൽക്കുന്നുണ്ട്. കോൺഗ്രസുമായുള്ള സഖ്യം യു.പിയിൽ കാര്യമായി ഗുണമൊന്നും ചെയ്യാൻ പോകുന്നില്ല എന്ന പാഠമാണ് ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. തൊണ്ണൂറുകളിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ഭൂമിക തിരിച്ചുപിടിക്കാൻ കോൺഗ്രസിന് ഇപ്പോഴും അശേഷം സാധിക്കുന്നില്ല എന്നാണ് കെട്ടിവെച്ച കാശുപോലും നഷ്ടപ്പെടുന്ന മുത്തശ്ശിപ്പാർട്ടിയുടെ പ്രകടനം വിളിച്ചുപറയുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ നേടിയ ആശ്വാസകരമായ വിജയം എന്തുകൊണ്ട് യു.പിയിൽ ആവർത്തിക്കാൻ സാധിക്കുന്നില്ല എന്നതിെൻറ ഉത്തരം തേടേണ്ടത് ജാതി^സ്വത്വരാഷ്ട്രീയം തീർത്ത പുതിയ സമവാക്യങ്ങളിൽ കോൺഗ്രസിന് ബി.ജെ.പിയുടെ മുന്നിൽ ഇടം നഷ്ടപ്പെടുന്നു എന്ന രാഷ്ട്രീയ യാഥാർഥ്യത്തിലാണ്.
ഉപതെരഞ്ഞെടുപ്പ് ഫലം ഇനി ഉറക്കംകെടുത്താൻ പോകുന്നത് നരേന്ദ്ര മോദി^അമിത് ഷാ പ്രഭൃതികളുടെയും പ്രധാനമന്ത്രിപദത്തിൽ കണ്ണുനട്ട് ഹിന്ദുത്വരാഷ്ട്രീയത്തിെൻറ തീവ്രമുഖം പുറത്തെടുത്തുകൊണ്ടിരിക്കുന്ന യോഗി ആദിത്യനാഥിേൻറതുമായിരിക്കും. ഹിന്ദിബെൽറ്റുമായുള്ള മോദിയുടെ മധുവിധു അവസാനിച്ചുകഴിഞ്ഞു. ത്രിപുരയിൽ സി.പി.എമ്മിൽനിന്ന് അധികാരം പിടിച്ചെടുത്തതിെൻറ അഹങ്കാരം കോൺഗ്രസ്മുക്ത, കമ്യൂണിസ്റ്റ് മുക്ത ഇന്ത്യയെക്കുറിച്ചുള്ള മുദ്രാവാക്യം ഉച്ചത്തിൽ മുഴക്കാൻ ധൈര്യം പകർന്ന സമയത്തുതന്നെയാണ് അഖിലേഷ്^മായാവതി കൂട്ടുകെട്ടിൽനിന്ന് കരണത്തടി ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. മോദിയുഗത്തിെൻറ ഒടുക്കത്തിെൻറ തുടക്കമായാണ് തൃണമൂൽ നേതാവ് മമത ബാനർജി ജനവിധിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒടുക്കവും തുടക്കവുമൊക്കെ അതത് കാലത്ത് രാഷ്ട്രീയാന്തരീക്ഷമാണ് നിർണയിക്കേണ്ടതെങ്കിലും ബുദ്ധിപൂർവമായ കൂട്ടുകെട്ടിലൂടെ ഹിന്ദുത്വവിരുദ്ധ പോരാട്ടമുഖം തുറന്നുകഴിഞ്ഞാൽ ഏത് രാഷ്ട്രീയ മദയാനയെയും പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് പ്രതിപക്ഷത്തിന് ആത്മവിശ്വാസം പകർന്നുനൽകുന്നതാണ് ഇപ്പോഴത്തെ ജനവിധി. ബി.ജെ.പിയിതര പാർട്ടികൾ അവസരത്തിനൊത്ത് ഉയരുമോ എന്നാണ് കണ്ടറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.