2008 സെപ്റ്റംബർ 29ന് മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന സ്ഫോടനത്തിെൻറ മുഖ്യ സൂത്രധാരനെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയ െലഫ്. കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിത്, ഒമ്പതുവർഷത്തെ ജയിൽവാസത്തിനു ശേഷം ഇന്നലെ പുറത്തിറങ്ങിയതോടെ രാജ്യത്തെ ഞെട്ടിച്ച കാവി ഭീകരതയുടെ ഒരു കഥ കൂടി ഇരുളടയുകയാണ്. 2007ൽ നടന്ന അജ്മീർ സ്ഫോടനത്തിലെ പ്രതികളായിരുന്ന സ്വാമി അസിമാനന്ദയും മറ്റു ആറുപേരും മാസങ്ങൾക്കു മുമ്പാണ് ജയിൽമോചിതരായത്. കേന്ദ്രത്തിൽ ബി.െജ.പി ഭരണത്തിലേറിയ ശേഷം കാവി ഭീകരതയുമായി ബന്ധപ്പെട്ട കേസുകളുടെ പരിണതി എന്താകും എന്ന ആകാംക്ഷക്കുള്ള മറുപടിയായി ഇൗ സംഭവങ്ങളെ കാണാം. രാജ്യത്തെ ഞെട്ടിച്ച സ്േഫാടന ഭീകരതകൾക്കു പിന്നിലെ കുറ്റവാളികൾ ആരുടെയൊക്കെയോ സംരക്ഷണത്തിൽ തേഞ്ഞുമാഞ്ഞില്ലാതാകുേമ്പാൾ ഭരണകൂടമടക്കമുള്ള സ്റ്റേറ്റ് സംവിധാനങ്ങൾക്കുമേൽ സംശയത്തിെൻറ കരിനിഴൽ കൂടുതലായി വ്യാപിക്കുകയാണ്.
ആറു പേരുടെ മരണത്തിനും നൂറിലധികം പേരുടെ പരിക്കിനും ഇടയാക്കിയ മാലേഗാവ് സ്ഫോടനത്തിെൻറ പിന്നിൽ പ്രവർത്തിച്ച കറുത്ത കരം പുരോഹിതും അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള ‘അഭിനവ് ഭാരത്’ എന്ന ഗൂഢസംഘടനയുമായിരുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഒമ്പതു വർഷം മുമ്പ് ഇൗ സൈനികനെ പിടികൂടി ജയിലിലടച്ചത്. സ്ഫോടനത്തിെൻറ എട്ടുമാസം മുമ്പു നടന്ന ഗൂഢാലോചനകളിൽ പങ്കുകൊണ്ട ഇൗ ഉന്നത സൈനികനായിരുന്നു സ്ഫോടകവസ്തുക്കൾ തരപ്പെടുത്തിക്കൊടുത്തത് എന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് രണ്ടാം മാലേഗാവ് സ്ഫോടനത്തിെൻറ ‘മാസ്റ്റർ മൈൻഡ്’ ആയി എൻ.െഎ.എ മുദ്രകുത്തിയത്. എന്നാൽ പുരോഹിതിെൻറ അറസ്റ്റ് പോലെ തന്നെ നാടകീയമായിരുന്നു സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിലെത്തി നിൽക്കുന്ന കേസിെൻറ ഗതി. ഇന്ത്യയിൽ അതുവരെ നടന്ന ഭീകരസ്ഫോടനങ്ങൾ സംബന്ധിച്ച അന്വേഷണവും അതിനെ ചുറ്റിപ്പറ്റിയ കഥകളുമൊക്കെ അപ്രസക്തമാക്കിയ വെളിപ്പെടുത്തലായിരുന്നു മാലേഗാവ് സ്ഫോടന അന്വേഷണത്തെ തുടർന്നുണ്ടായത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന സ്ഫോടനക്കേസുകളിൽ മുസ്ലിം യുവാക്കൾ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് എവിെട ബോംബ് പൊട്ടിയാലും പിന്നിൽ മുസ്ലിം ചെറുപ്പക്കാർ എന്ന പൊതുബോധം വർഗീയശക്തികൾ രൂപപ്പെടുത്തിയെടുത്തു വരുന്നതിനിടെയാണ് സമൂഹത്തിൽ അസ്ഥിരത സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കം ഹിന്ദുത്വ വർഗീയശക്തികൾ നടത്തുന്നതായി അനാവരണം ചെയ്യപ്പെടുന്നത്.
2006 സെപ്റ്റംബർ എട്ടിന് 38 പേരുടെ മരണത്തിനിടയാക്കിയ മാലേഗാവിൽ നടന്ന സ്ഫോടനത്തിൽ മഹാരാഷ്ട്ര എ.ടി.എസും സി.ബി.െഎയും ഒമ്പത് മുസ്ലിംകളെ പ്രതിചേർത്ത് കേസെടുത്തിരുന്നു. എന്നാൽ 2011ൽ എൻ.െഎ.എ അന്വേഷണം ഏറ്റെടുത്തതോടെ നാലു ഹിന്ദു തീവ്രവാദികൾകൂടി പ്രതിചേർക്കപ്പെട്ടു. ഇൗ അന്വേഷണം മുന്നോട്ടുനീങ്ങുന്നതിനിടെയാണ് 2008 ലെ മാലേഗാവ്-മൊദാസ ഇരട്ട സ്ഫോടനത്തിലും കാവിഭീകരതയുടെ പങ്കാളിത്തം വെളിപ്പെട്ടതും പ്രജ്ഞ സിങ് ഠാകുറിനെയും കേണൽ പുരോഹിതിനെയും പിടികൂടിയതും. 2007 ഫെബ്രുവരി 18ന് ഡൽഹിയിൽനിന്ന് ലാഹോറിലേക്കു പോയ സംേഝാത എക്സ്പ്രസ് ഹരിയാനയിലെ പാനിപ്പത്തിൽ പൊട്ടിത്തെറിച്ച് 68 പേർ കൊല്ലപ്പെട്ടത്. അതേ വർഷം മേയ് 18ന് ഹൈദരാബാദ് മക്ക മസ്ജിദിനു സമീപം 14 പേർ കുരുതിക്കിരയായ സ്ഫോടനം, മിക്ക കാവിഭീകരത കേസുകളിലും പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ഹിന്ദു തീവ്രവാദി നേതാവ് സുനിൽ ജോഷി 2007 ഡിസംബർ 29ന് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവം- ഇതെല്ലാം കാവിഭീകരരുടെ പങ്കാളിത്തം വിശദമായി അന്വേഷിക്കാനായി കഴിഞ്ഞ യു.പി.എ ഗവൺമെൻറ് എൻ.െഎ.എയെ ഏൽപിച്ച കേസുകളാണ്. രാജ്യവ്യാപകമായി മുസ്ലിം യുവാക്കളുടെ വേട്ടക്കും മുസ്ലിം സമുദായത്തിനെതിരായ ഭീകരത ചാപ്പകുത്തിനും ഇടയാക്കിയ സംഭവങ്ങൾക്കു പിറകിൽ ഹിന്ദുത്വ തീവ്രവാദിസംഘങ്ങൾ നടത്തുന്ന അപായകരമായ പ്രവർത്തനങ്ങൾ എൻ.െഎ.എ അന്വേഷണത്തിൽ വെളിപ്പെടുകയുണ്ടായി. മഹാരാഷ്ട്ര എ.ടി.എസ് തലവൻ ഹേമന്ദ് കർക്കരെയുടെയും വിജയ് സലസ്കറുടെയും ദുരൂഹവധം രാജ്യത്തിെൻറ ശ്രദ്ധയെ ഹിന്ദുത്വ ഭീകരസംഘങ്ങളിലേക്ക് തിരിച്ചുവിട്ട സംഭവങ്ങളായിരുന്നു. തുടർന്ന് ഭീകരതയുടെ പേരിലുള്ള മുസ്ലിം വേട്ടക്ക് മുൻകൈയെടുത്തിരുന്ന കോൺഗ്രസ് ഭരണകൂടവും ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരവുമൊക്കെ നിലപാടുകൾ മാറ്റി കാവിഭീകരതക്കെതിരെ രംഗത്തുവന്നത് ബി.ജെ.പിയെയും സംഘ്പരിവാറിനെയും തെല്ലൊന്നുമല്ല അലോസരെപ്പടുത്തിയത്.
കേന്ദ്രത്തിൽ ബി.െജ.പി അധികാരത്തിലേറിയതോടെ സംഘ്പരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കാവി ഭീകരതക്കെതിരായ എൻ.െഎ.എ കേസുകൾ അലിഞ്ഞില്ലാതാകുമെന്ന് ആശങ്കയുയർന്നിരുന്നു. കേന്ദ്രത്തിലെ ഭരണമാറ്റത്തോടെ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കുമേൽ സമ്മർദമുണ്ടായി. കുറ്റാരോപിതരുടെ അഭിഭാഷകർ ഒന്നൊന്നായി പുതിയ പരാതികൾ സമർപ്പിച്ചു തുടങ്ങി. മാലേഗാവ് കേസിലെ കുറ്റാരോപിതർക്കെതിരായ നീക്കം മയപ്പെടുത്താൻ എൻ.െഎ.എ തന്നെ തനിക്കുമേൽ സമ്മർദം ചെലുത്തുന്നതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രോഹിണി സാലിയാൻ 2015 ജൂണിൽ പരാതിപ്പെട്ടിരുന്നു. ഗവൺമെൻറും എൻ.െഎ.എയും ഒരുപോലെ കേസ് തുമ്പില്ലാതാക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്ന് അവർ അന്നേ സംശയമുന്നയിച്ചു. അതിനെ ബലപ്പെടുത്തുന്ന സംഭവങ്ങളാണ് പിന്നീട് എൻ.െഎ.എ കേസുകളിൽ കണ്ടത്. സ്വാമി അസിമാനന്ദക്കും പ്രജ്ഞ സിങ് ഠാകുറിനും കേണൽ പുേരാഹിതിനുമൊക്കെ ജയിൽമുക്തി ലഭിക്കുന്നത് പുതിയ രാഷ്ട്രീയസാഹചര്യങ്ങളുടെ ആനുകൂല്യത്തിലാണ് എന്നു വ്യക്തം. ഇങ്ങനെ രാജ്യത്തെ പിടിച്ചുലക്കുകയും സാമൂഹികശൈഥില്യത്തിന് പ്രതിലോമശക്തികൾ ദുരുപയോഗപ്പെടുത്തുകയും ചെയ്ത ഭീകരകൃത്യങ്ങളിൽ കുറ്റം ചുമത്തപ്പെട്ടവരെല്ലാം ഒന്നിനു പിറകെ ഒന്നായി പുറത്തിറങ്ങുേമ്പാൾ പിന്നെ അപരാധിയാര് എന്ന ചോദ്യം അവശേഷിക്കുന്നു. ഇൗ ഉദ്വേഗങ്ങളുടെയും സന്ദേഹങ്ങളുടെയും മറപറ്റിയാണ് ദേശദ്രോഹ വിധ്വംസകശക്തികൾ തിടംവെച്ചു വളരുന്നത്. ഭീകരാക്രമണ കേസുകളെ പ്രഹസനമാക്കി കാവിഭീകരതയെ അലിയിച്ചില്ലാതാക്കാൻ സംഘ്പരിവാർ സർക്കാർ കൂട്ടുനിൽക്കുകയാണെങ്കിൽ പിന്നെ രാജ്യത്തെ ആര് ആരിൽ നിന്നു രക്ഷിക്കാനാണ്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.