വ്യാജവാർത്തകൾ പുതിയ സംഗതിയല്ല. യുദ്ധങ്ങളും അട്ടിമറികളും നടത്തുന്നതിന് കാരണം സൃഷ്ടിക്കാൻ അന്താരാഷ്ട്ര മാധ്യമങ്ങൾ വഴി വ്യാജവാർത്ത പടച്ചുവിട്ടതിന്റെ സമീപകാല ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. വാണിജ്യ-രാഷ്ട്രീയ താൽപര്യാർഥം നിരവധി വ്യാജവാർത്തകൾ നമ്മുടെ ദേശീയ മാധ്യമങ്ങളുടെ ഒന്നാം പേജിലും ചാനലുകളുടെ പ്രൈംടൈം ചർച്ചയിലും ഇടംപിടിക്കാറുണ്ട്. 'ന്യൂസ് പ്ലാന്റിങ്' എന്ന, കേൾക്കാൻ രസമുള്ള പേരാണ് നൽകിയിരിക്കുന്നതെങ്കിലും ശുദ്ധ തെമ്മാടിത്തവും ക്രിമിനൽ പ്രവർത്തനവുമാണിത്. പ്രബുദ്ധമെന്നും അതിസാക്ഷരമെന്നുമൊക്കെ അവകാശപ്പെടുന്ന കേരളവും ഇവിടത്തെ മാധ്യമങ്ങളും അതിന് അപവാദമല്ല. വ്യാജവാർത്തകളും ഊഹാപോഹങ്ങളും 'കേശവമാമന്മാരുടെ' വാട്ട്സ്ആപ് സന്ദേശങ്ങളും മാത്രം നിരത്തിവെച്ച് പോർട്ടലും യൂട്യൂബ് ചാനലും നടത്തുന്നവർ മാത്രമല്ല, മുഖ്യധാരാ പത്രങ്ങളും ചാനലുകളും കുറ്റകരവും നൈതികതക്ക് നിരക്കാത്തതുമായ ഈ ഏർപ്പാട് ചെയ്തുകൂട്ടാറുണ്ട്. വ്യാജവാർത്തകളിൽനിന്ന് വിട്ടുനിൽക്കണമെന്ന് സുപ്രീംകോടതിയും പത്രാധിപകൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡും വാർത്താപ്രക്ഷേപകരുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമെല്ലാം പലവുരു മാധ്യമങ്ങളെ ഉണർത്തിയിട്ടുള്ളതാണ്. മറ്റേതു കുറ്റകൃത്യത്തിനെതിരെയുമെന്നപോലെ തെറ്റിദ്ധരിപ്പിക്കുന്നതും സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കുന്നതുമായ വ്യാജവാർത്ത പ്രസിദ്ധീകരിക്കുന്നവർക്കെതിരെ ആർക്കുവേണമെങ്കിലും പൊലീസിൽ പരാതി നൽകാവുന്നതാണ്. എന്നാൽ, കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരുപിടി മാധ്യമങ്ങൾ വ്യാജവാർത്തയെഴുതിയത് കേരളപൊലീസിനെതിരായാണ്-തീക്കട്ടയിൽ തന്നെ ഉറുമ്പരിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് കേന്ദ്രസർക്കാർ നിരോധിച്ച പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുമായി കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നു കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് എൻ.ഐ.എ റിപ്പോർട്ട് കൈമാറി എന്നായിരുന്നു പ്രസ്തുത വാർത്ത. ഇക്കാര്യം നിഷേധിച്ച് കേരള പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാര്‍ പത്രക്കുറിപ്പിറക്കി. കേരള പൊലീസിന്റെ സമൂഹമാധ്യമപേജിലും ഇക്കാര്യം പ്രസിദ്ധപ്പെടുത്തി. എന്നാൽ, നേരത്തേ നൽകിയ വാർത്ത തിരുത്താനോ നിഷേധക്കുറിപ്പ് പ്രസിദ്ധീകരിക്കാനോ മുൻചൊന്ന മാധ്യമങ്ങളിൽ പലതും മെനക്കെട്ടില്ല. അല്ലെങ്കിൽതന്നെ, പ്രാധാന്യപൂർവം വിന്യസിക്കുന്ന വ്യാജവാർത്ത സമൂഹത്തിൽ സകല കേടുപാടുകളും വരുത്തിവെച്ചശേഷം നടത്തുന്ന നാമമാത്ര തിരുത്തും ക്ഷമാപണവും പലപ്പോഴും ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാത്ത രീതിയിലാണ് പ്രസിദ്ധീകരിച്ചുവരാറ്. കേരളത്തിലെ പൊലീസ് സേനയുടെ കെട്ടുറപ്പിനെയും ജനങ്ങൾക്കിടയിലെ വിശ്വാസ്യതയേയും സംശയനിഴലിലാക്കുന്ന ആ വ്യാജം പ്രസിദ്ധീകരിച്ചവർക്കെതിരെ പരാതി നൽകാനോ നിയമനടപടി സ്വീകരിക്കാനോ ആരെങ്കിലും മുതിരുമോ എന്നും നിശ്ചയമില്ല.
വ്യാജവാർത്ത തയാറാക്കി വിതരണം ചെയ്തത് ആരാണെങ്കിലും അത് പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് മടിയില്ലാതാക്കിയതിൽ കേരള പൊലീസിലെ ചില കേന്ദ്രങ്ങൾക്കുള്ള പങ്ക് നിഷേധിക്കാനാവില്ല. പല പ്രധാന കേസന്വേഷണവേളകളിലും, കൃത്യമായി പറഞ്ഞാൽ തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന കേസുകളിൽ എമ്പാടും വ്യാജവാർത്തകൾ മാധ്യമങ്ങളിൽ വരാറുണ്ട്. മുൻവിധികൾക്കനുസൃതമായി കേസ് നീങ്ങാനുതകുംവിധത്തിൽ ആഖ്യാനം ചമക്കുവാനും അതിനനുസൃതമായ പൊതുബോധം സൃഷ്ടിക്കുവാനുമാണ് ഇത്തരം വാർത്തകൾ നിരത്തുന്നത്. അതിനു പിന്നിൽ സ്ഥാപിതതാൽപര്യക്കാരായ ചില സംഘങ്ങളുണ്ട്; പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. മുൻകാലങ്ങളിൽ കെട്ടിച്ചമക്കപ്പെട്ട ഇത്തരം കള്ളക്കഥകൾമൂലം നിരവധി മനുഷ്യരുടെ ജീവിതം ദുരിതപൂർണമായിട്ടുണ്ട്. വിഷയം രാജ്യരക്ഷയും തീവ്രവാദവുമാകുമ്പോൾ വാർത്തയുടെ വിശ്വാസ്യത േചാദ്യംചെയ്യാൻപോലും ജനം മടിക്കും, സംഘടനകൾ ഭയക്കും. ആ മടിയും ഭയവും നിശ്ശബ്ദതയുമാണ് പ്ലാന്റ് ചെയ്യുന്ന വ്യാജവാർത്തക്ക് വളമായി മാറുന്നതും തഴച്ചു വളരാൻ വഴിവെക്കുന്നതും. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്ന പേരിൽ മുൻകാലങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട വ്യാജവാർത്തകൾ നിഷേധിക്കാനോ കള്ളവാർത്തകൾക്കുപിന്നിൽ പ്രവർത്തിച്ചതാരെന്ന് കണ്ടെത്താനോ നമ്മുടെ സേനയൊട്ട് ശ്രമിക്കാറുമില്ല.
രാജ്യത്തെ പല രാഷ്ട്രീയ-മനുഷ്യാവകാശ നേതാക്കളും മുന്നറിയിപ്പ് നൽകിയതുപോലെ പി.എഫ്.ഐ നിരോധനം മറയാക്കി ഒരു സമുദായത്തിലെ ഉദ്യോഗസ്ഥരെയും സംഘടനകളെയും പൊതുപ്രവർത്തകരെയുമെല്ലാം സംശയനിഴലിൽ നിർത്താൻ ലക്ഷ്യമിട്ടുള്ള ലക്ഷണമൊത്ത തിരക്കഥകൾ പലതും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നു തന്നെയാണ് തീക്കട്ടയിലെ ഉറുമ്പരിക്കൽ നൽകുന്ന സൂചന. അതിനു തടയിടാൻ കേരള പൊലീസും ആഭ്യന്തര വകുപ്പും എന്തു നടപടി സ്വീകരിക്കുമെന്ന് കണ്ടുതന്നെയറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.