കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ ചുഴലിക്കൊടുങ്കാറ്റ് ‘ഫോനി’ ഒഡിഷയിലും ആന്ധ്രയിലും കനത്ത നാശംവിതച്ചശേഷം ദുർബലമായി രാജ്യാതിർത്തി കടന്നത് ആശ്വാസകരമായി എന്നു പറയാം. 29 പേരുടെ മരണത്തിനും ശതകോടികളുടെ സ്വത്തുനഷ്ടത്തിനും ഇടയാക്കിയ ചുഴലിക്കാറ്റ് വിതച്ച നാശത്തിൽനിന്ന് ഒഡിഷ എന്ന കൊച്ചു സംസ്ഥാനം കരകയറാൻ മാസങ്ങളെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കുടിെയാഴിപ്പിക്കലിനാണ് ഒഡിഷ കഴിഞ്ഞയാഴ്ച സാക്ഷ്യംവഹിച്ചത്.
24 മണിക്കൂറിനുള്ളിൽ 12 ലക്ഷം ആളുകളെയാണ് സംസ്ഥാന ഭരണകൂടം താമസസ്ഥലങ്ങളിൽനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചത്. ചുഴലി താണ്ഡവമാടിയ പുരി, തലസ്ഥാനമായ ഭുവനേശ്വർ ഉൾപ്പെടുന്ന ഖുർദ ജില്ലകളിൽ വെള്ളം, വൈദ്യുതി, മൊബൈൽ കണക്ടിവിറ്റി എന്നിവ യഥാവിധി പുനഃസ്ഥാപിക്കാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലുമെടുക്കും. 1200 കോടിയുടെ നാശനഷ്ടമാണ് വൈദ്യുതിമേഖലയിൽ മാത്രമുണ്ടായിരിക്കുന്നത്. കാറ്റ് കൊടിയ നാശം വിതക്കുമെന്നു ഭയന്ന പശ്ചിമ ബംഗാളിൽ 131 ഗ്രാമപഞ്ചായത്തുകളിൽനിന്നായി അരലക്ഷത്തിലേറെ പേരെ കുടിയൊഴിപ്പിച്ചിരുന്നു. േഫാനി ദുർബലമായി വഴിമാറിപ്പോയത് വംഗനാടിന് ചില്ലറ ആശ്വാസമൊന്നുമല്ല പകർന്നത്.
ഒഡിഷയിൽ ആളുകൾക്ക് ബദൽ താമസവും ജീവിതസൗകര്യവുമൊരുക്കിക്കൊടുക്കുമെന്ന് നവീൻ പട്നായക് ഗവൺമെൻറ് പറയുേമ്പാഴും ദുരിതാശ്വാസത്തിനു കൃത്യമായ വഴിയൊന്നും സംസ്ഥാന സർക്കാറിനു മുന്നിലില്ല. കേരളമടക്കമുള്ള ഇതര സംസ്ഥാനങ്ങൾ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത് അഭിനന്ദനാർഹംതന്നെ. എന്നാൽ, വീടും വൻതോതിലുള്ള കാലിസമ്പത്തും തൊഴിൽമാർഗങ്ങളും നശിച്ചുപോയ ഒരു സംസ്ഥാനത്തെ കരകയറ്റാൻ പരിമിതമായ സഹായങ്ങൾ മതിയാവില്ല എന്ന് പ്രളയത്തിൽ മുങ്ങിപ്പൊങ്ങിയ നമ്മൾ കേരളീയർക്ക് നന്നായറിയാം. ഇക്കാര്യത്തിൽ ഒഡിഷയും പശ്ചിമ ബംഗാളും കേന്ദ്രത്തിൽനിന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നും കുറെക്കൂടി കാരുണ്യവും സഹാനുഭൂതിയും അർഹിക്കുന്നുണ്ട്.
വൻ ആൾനാശത്തിനിടയാക്കുമായിരുന്ന ദുരന്തത്തിെൻറ വ്യാപ്തി കുറക്കുന്നതിന് സംസ്ഥാന ഭരണകൂടം ദീർഘദൃഷ്ടിയോടെ സ്വീകരിച്ച നടപടിക്രമങ്ങൾ ഏറെ സഹായകമായി. 20 വർഷം മുമ്പ് 30 മണിക്കൂർ നേരം സംഹാരതാണ്ഡവമാടിയ ഒരു ചുഴലിക്കൊടുങ്കാറ്റ് പതിനായിരത്തിലേറെ പേരുടെ ജീവനെടുത്തിരുന്നു. ഇൗ ഭീകരാനുഭവത്തിൽനിന്നു പാഠമുൾക്കൊണ്ടുതെന്ന കാലാവസ്ഥ നിരീക്ഷകരിൽനിന്നു മുന്നറിയിപ്പ് വന്ന ഏപ്രിൽ അവസാനവാരം മുതൽ ജനങ്ങളെ ദുരന്തം ബാധിക്കാവുന്ന പ്രദേശങ്ങളിൽനിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് വ്യവസ്ഥാപിതമായി മാറ്റുന്ന രീതിയാണ് സംസ്ഥാന ഭരണകൂടം സ്വീകരിച്ചത്. അരലക്ഷത്തോളം വരുന്ന സന്നദ്ധസേനയുടെ പിൻബലത്തോടെ ഒമ്പതിനായിരം ദുരിതാശ്വാസക്യാമ്പുകൾ സംവിധാനിച്ച് ദിനംപ്രതി അനുനിമിഷം മാറിവരുന്ന കാലാവസ്ഥക്ക് അനുസൃതമായി ചിട്ടയാർന്ന പ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ ഭരണകൂടത്തിന് സാധിച്ചു. ഇതാണ് വൻതോതിലുള്ള ആൾനാശം തടഞ്ഞുനിർത്തിയത്.
ഇക്കാര്യത്തിൽ െഎക്യരാഷ്ട്രസഭയുടെ കീഴിലുള്ള ദുരിതനിവാരണവേദിയായ യു.എൻ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ഭാരവാഹികൾ ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിനെയും സംസ്ഥാന ഭരണകൂടത്തെയും ശ്ലാഘിച്ചു. കാലാവസ്ഥ നിരീക്ഷണം അക്ഷരംപ്രതി പിന്തുടർന്ന് കൃത്യമായി നടപ്പാക്കിയ സുരക്ഷാസംവിധാനങ്ങളാണ് വമ്പിച്ച തോതിലുള്ള ആൾനാശത്തിൽനിന്ന് ഒഡിഷയെ രക്ഷിച്ചതെന്ന് അവർ വ്യക്തമാക്കി. വരാനിരിക്കുന്ന ദുരന്തത്തിെൻറ വ്യാപ്തി മുൻകൂട്ടി കണ്ട് പഴുതടച്ചു സ്വീകരിച്ച സംവിധാനം അനുകരണീയമാണെന്ന് യു.എൻ വേദി വിലയിരുത്തി. പ്രളയദുരന്തത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന കേരളത്തിെൻറയടക്കം കണ്ണുതുറപ്പിക്കേണ്ടതാണ് പ്രകൃതിക്ഷോഭങ്ങളെ നേരിടാനുള്ള ഇൗ മുന്നൊരുക്കം.
മുൻകൂട്ടിയുള്ള രക്ഷാപ്രവർത്തനങ്ങൾ ആളപായം കുറച്ചെങ്കിലും ഒഡിഷ പൂർവനില പ്രാപിക്കാൻ സമയമെടുക്കും എന്ന കാര്യത്തിൽ സംശയമില്ല. ദരിദ്ര, മധ്യവർഗവിഭാഗങ്ങൾക്ക് വീടും തൊഴിലും നഷ്ടമായ നിലയാണ്. റാബി വിളകളും കാലിസമ്പത്തും വൻതോതിൽ നശിച്ചത് ഉപജീവനത്തെ സാരമായി ബാധിക്കും. ദുരിതബാധിതർക്ക് 50 കിലോ അരിയും 2000 രൂപ പണവും കൂരകെട്ടാനുള്ള പോളിത്തീൻ ഷീറ്റുകളും താൽക്കാലികസഹായമായി അനുവദിച്ചിട്ടുണ്ട്. എന്നാൽ, ജനതയുടെ ജീവിതം പഴയ രീതിയിൽ പച്ചപിടിക്കണമെങ്കിൽ വ്യവസ്ഥാപിതമായ പുനരധിവാസ പ്രവർത്തനം കൂടിയേ തീരൂ. സംസ്ഥാനത്തിന് കേന്ദ്രത്തിെൻറ കൈയയഞ്ഞ സഹായമില്ലാതെ അതിനു സാധ്യമാവില്ല. പുനരധിവാസത്തിന് എല്ലാവിധ സഹായവും നൽകുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പുകൾ തെരഞ്ഞെടുപ്പുകാല വാഗ്ദാനമാവില്ലെന്നുറപ്പിക്കണം.
ദുരന്തങ്ങൾ രാഷ്ട്രീയനേട്ടങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിലും ഹീനമായ മറ്റൊരു വൃത്തിയില്ല. എന്നാൽ, തെരഞ്ഞെടുപ്പ് വേളയായതുകൊണ്ടാകണം കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ ഫോനി കാറ്റിൽനിന്നു വല്ലതും കൊയ്തെടുക്കാനാവുേമാ എന്നു നോക്കുന്നുമുണ്ട്. ദുരന്തബാധയെ തുടർന്ന് ഒഡിഷ മുഖ്യമന്ത്രിയുമായും ഗവർണറുമായും ഫോണിൽ ബന്ധപ്പെടുകയും സഹായവാഗ്ദാനം നൽകുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, തിങ്കളാഴ്ച ഒഡിഷ സന്ദർശിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വോെട്ടടുപ്പ് നാളിൽതന്നെ പ്രധാനമന്ത്രിയെത്തുന്നത് വോട്ടിൽ കണ്ണുനട്ടുകൊണ്ടു തന്നെയെന്നതിൽ സംശയമൊന്നുമില്ല. ഇക്കാര്യത്തിൽ സംശയത്തിന് പഴുതു നൽകാത്ത വിധമാണ് പശ്ചിമ ബംഗാളിനോട് സ്വീകരിച്ച സമീപനം.
മുഖ്യമന്ത്രി മമത ബാനർജിയെ വിളിക്കാതെ സ്വന്തക്കാരനായ ഗവർണറെ ‘അടുക്കളയിൽ കയറി’ വിവരം തിരക്കി പോകുന്ന ഏർപ്പാടാണ് പ്രധാനമന്ത്രി ൈകക്കൊണ്ടത്. രാജ്യം ഉയർത്തിപ്പിടിക്കേണ്ട ഫെഡറൽ കാഴ്ചപ്പാടിന് വിരുദ്ധമായി പക്ഷപാതസമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന മമതയുടെയും തൃണമൂലിെൻറയും ആക്ഷേപത്തിൽ തെറ്റില്ല. പ്രകൃതിവിപത്തുകളിലും മാനുഷികദുരന്തങ്ങളിലും കക്ഷിരാഷ്ട്രീയലാഭങ്ങൾ ചികയാനല്ല, ദുരിതബാധിതരുടെ കണ്ണീരൊപ്പാനും അവർക്ക് ആശ്വാസംപകരാനുമുള്ള ശ്രമമാണ് അടിയന്തര പരിഗണനയർഹിക്കുന്നത്. ദുരന്തത്തെ നേരിടുന്നതിൽ ഒഡിഷ പ്രകടിപ്പിച്ച പ്രത്യുൽപന്നമതിത്വംതന്നെയാണ് ഇക്കാര്യത്തിൽ മുന്തിയ മാതൃക. ആ വഴിക്ക് രാഷ്ട്രീയ, ഭരണകൂട നേതൃത്വങ്ങളും നീങ്ങെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.