തെരഞ്ഞെടുപ്പിലേക്ക് പുറപ്പെടാൻ നിൽക്കെ വോട്ടർമാർക്ക് തെറ്റുപറ്റിയാൽ അഞ്ചുവർഷത്തെ കഠിനാധ്വാനമെല്ലാം പാഴായി യു.പി കശ്മീരോ കേരളമോ ബംഗാളോ ആയിമാറുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത് എന്തിനുവേണ്ടിയായിരിക്കും? അതിലൂടെ യോഗി വോട്ടർമാർക്ക് നൽകാനുദ്ദേശിക്കുന്ന സന്ദേശമെന്താണ്?. സാമൂഹിക വികസനത്തിന്‍റെ ഏതു അളവുകോലുകൊണ്ട് പരിശോധിച്ചാലും യു.പി കേരളത്തേക്കാൾ മികവുള്ളതാണെന്ന് അവകാശപ്പെടാൻ മാത്രം ബുദ്ധിശൂന്യനാണ് യോഗിയെന്ന് കരുതാനാവില്ല. രാഹുൽ ഗാന്ധി പ്രതികരിച്ചതുപോലെ, വൈവിധ്യമെന്ന ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനയെന്ന് വായിക്കാനാകും. സംസ്ഥാനങ്ങൾ തമ്മിൽ രൂപപ്പെടാവുന്ന അപകടകരമായ വിഭാഗീയതയാണ് അതിന്‍റെ ഉള്ളടക്കമെന്ന വിമർശനവും കാതലുള്ളതാണ്. അപ്പോഴും ചോദ്യം ബാക്കിയാകുന്നു. ബി.ജെ.പിയെപ്പോലെ തീവ്രദേശീയത ആമൂലാഗ്രം ആവാഹിച്ച ഒരു പാർട്ടിയുടെ ഉന്നതൻ, തെരഞ്ഞെടുപ്പിന്‍റെ മൂർധന്യത്തിൽ നേരത്തെ ആസൂത്രണം ചെയ്ത് തയാറാക്കിയ ഒരു വിഡിയോ സന്ദേശത്തിലൂടെ രാജ്യത്തിന്‍റെ അഖണ്ഡതയേയോ ഐക്യത്തേയോ വെല്ലുവിളിക്കുന്ന ഒരു പ്രസ്താവനയിറക്കിയതിെൻറ ലക്ഷ്യമെന്താണ്?.
യോഗി ആദിത്യനാഥ് ഉത്തർപ്രദേശിലെ ഒാരോ വോട്ടർമാർക്കും കൈമാറിയിരിക്കുന്നത് യു.പി മേന്മയുടെ അതിരുകടന്ന അവകാശവാദങ്ങളൊന്നുമല്ല. ഉത്തർപ്രദേശിന്‍റെ വികസന വളർച്ചയുടെ താരതമ്യവുമല്ല. പകരം, സംഘ് പരിവാർ എന്നും അധികാരത്തിന്‍റെ കൈവഴിയായി ഉപയോഗിക്കുന്ന വംശീയ വിദ്വേഷത്തിന്‍റെ കുറിവാക്കാണ്. ഹിന്ദു-മുസ്‌ലിം ഐക്യമെന്ന 'തെറ്റ്' ഇനി ആവർത്തിക്കരുത് എന്ന മുന്നറിയിപ്പാണ്. അതാവർത്തിച്ചാൽ യോഗി അധികാരത്തിൽനിന്ന് വീഴും. എല്ലാ മതവിഭാഗങ്ങൾക്കും അധികാര പങ്കാളിത്തത്തിന് സാധ്യത നൽകുന്ന സാമൂഹികക്രമത്തിലേക്ക് നിലവിലെ ഉത്തർപ്രദേശിനെ അത് വഴിനടത്തിയേക്കും. കർഷക സമരവും ഭരണകൂട വിരുദ്ധതയും അലയടിക്കുന്ന യു.പിയിലെ ജനങ്ങൾ അമർത്തിവെച്ചിരിക്കുന്ന ഹിന്ദുത്വബോധത്തെ, മുസ്‌ലിം വിരുദ്ധതയെ അവസാന നിമിഷത്തിലെങ്കിലും കാച്ചിയെടുക്കാനുള്ള വെറുപ്പിന്‍റെ കുടില രാഷ്ട്രീയമാണ് ആ പ്രസ്താവന. യോഗിക്കും ബി.ജെ.പിക്കുമെതിരെ മത, ജാതി വേർതിരിവില്ലാതെ ഒറ്റക്കെട്ടായി നിലയുറപ്പിച്ച കർഷക സമൂഹത്തെ പിളർക്കാനുള്ള ഒടുവിലത്തെ വെടികൂടിയാണത്. മുസ്‌ലിം വെറുപ്പുൽപാദനത്തെ ചെറുക്കാൻ ജാട്ട് സമൂഹങ്ങളും കർഷക സംഘങ്ങളും യോജിച്ച തന്ത്രങ്ങൾ മെനയുകയും തൃണമൂല തലത്തിൽ ഏകോപനത്തോടെ പ്രവർത്തിക്കുകയും ചെയ്തതിലൂടെ രൂപപ്പെടുന്ന സൗഹൃദാന്തരീക്ഷത്തെ തകർക്കുകയും വിദ്വേഷ രാഷ്ട്രീയത്തെ കൂടുതൽ സജീവമാക്കാനുമുള്ള അവസാന സൃഗാല തന്ത്രമാണ് ട്വിറ്റർ വിഡിയോവിലൂടെ യോഗി ആദിത്യനാഥ് പ്രയോഗിച്ചത്.
അജയ് മോഹൻ സിങ് ബിഷ്ത് എന്ന യോഗി ആദിത്യനാഥ് സംഘ് പരിവാർ പാളയത്തിലെ മുസ്‌ലിം വിരുദ്ധതയുടെ കടുംവർണ പ്രതിച്ഛായയും സന്യസ്ത ഭാവവും സമന്വയിപ്പിച്ചാണ് അധികാര രാഷ്ട്രീയത്തിലേക്കുള്ള തുരങ്കപാതകൾ നിർമിച്ചെടുത്തത്. അധികാരത്തിലിരുന്ന് അദ്ദേഹം പ്രകടിപ്പിച്ച ഏക അത്ഭുതവൃത്തി വംശീയത പുതിയ മേഖലകളിലേക്ക് പടർത്തുന്നതിലായിരുന്നു. ഉത്തർപ്രദേശിനെ ഇസ്ലാംഭീതിയുടെ തലസ്ഥാനമാക്കി. പടിഞ്ഞാറൻ യു.പിയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാന ചോദ്യം മുസഫർ നഗർ കലാപം നിങ്ങൾ മറന്നുപോയോ എന്നാണ്. തെരഞ്ഞെടുപ്പ് 80ഉം 20ഉം തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു യോഗിയുടെ മറ്റൊരു പ്രസ്താവന. സംസ്ഥാനത്തെ ഹിന്ദു-മുസ്‌ലിം മതവിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തെ സൂചിപ്പിച്ചുകൊണ്ടുള്ള പ്രയോഗമായിരുന്നു 80, 20 എന്നത്. ലവ് ജിഹാദിന് ശ്രമിക്കുന്ന മുസ്‌ലിം യുവാവിന് പത്തുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തുമെന്നാണ് ബി.ജെ.പി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഹിജാബ് സംഭവത്തെ കർണാടകയിലെ ബി.ജെ.പി സർക്കാർ ഇത്ര തീവ്രവത്കരിക്കുകയും ദേശവ്യാപകമാക്കുന്നതിന്‍റെയും താൽപര്യം അത് യു.പിയിലെ വോട്ടിനെയും സ്വാധീനിക്കുമെന്നതുകൊണ്ടാണ്. കേരളം മുസ്‌ലിം തീവ്രവാദത്തിന്‍റെ ഹബ്ബാെണന്നും ഹിന്ദുക്കളെ വ്യാപകമായി കൊല്ലുന്ന ദേശവുമാെണന്ന സംഘ് വ്യാജ പ്രചാരണത്തിന് യു.പിയിൽ നല്ല വേരോട്ടമുണ്ടായതുകൊണ്ടാണ് ഒരു ജാള്യവുമില്ലാതെ യു.പി കേരളമാകുമെന്ന് യോഗിക്ക് ആ ജനതയെ പേടിപ്പിക്കാനാകുന്നത്.
തീർച്ചയായും, മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും മറുപ്രസ്താവനകൾ യോഗിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് കുറിക്ക് കൊള്ളുന്നതും സംസ്ഥാനം പുലർത്തുന്ന സമഭാവനയെ പ്രതിനിധാനംചെയ്യുന്നതുമായിരുന്നു. ഇസ്ലാമോഫോബിയയും മുസ്‌ലിം വിരുദ്ധതയും മാത്രമാണ് ബി.ജെ.പിക്ക് ജനങ്ങൾക്കിടയിൽ വിൽക്കാനുള്ള ഏക ചരക്കെന്ന് ഈ സംഭവം ഒരിക്കൽക്കൂടി നമ്മെ ഉണർത്തുന്നു. അതിന് ഇവിടെയും നല്ല വിൽപന സാധ്യതയുണ്ടെന്ന് സമകാലിക കേരളം പലവുരു തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ അവഹേളിക്കുന്ന ആ പ്രസ്താവനയുടെ മറുപടി പൂർണമാകുക; യോഗിയുടെ യു.പിയെപ്പോലെ, കേരളത്തെ ഇസ്ലാമോഫോബിയക്ക് വിട്ടുകൊടുക്കുകയില്ല എന്ന ആഹ്വാനംകൂടി അതിൽ ഉൾചേരുമ്പോഴാണ്. അതിനുള്ള ദൃഢനിശ്ചയം പ്രകടിപ്പിക്കാൻ വിദ്വേഷത്തിന്‍റെ ഈ ഇരുണ്ടകാലത്ത് സാധിച്ചാൽ കേരളത്തിന് നൽകാവുന്ന ഏറ്റവും മനോഹരമായ മാതൃകയായിരിക്കുമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.