ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകപ്രതിഷേധ പരിപാടിയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ കാറിടിച്ചു കയറ്റി എട്ടുപേരെ കൊന്ന നടപടിയെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല. രാജ്യത്തെ ഫാഷിസ്റ്റ്രാജിെൻറ ഒന്നാന്തരം ഉദാഹരണമായി മാറിയ യു.പിയിലെ അരാജക ഭരണസംവിധാനത്തിൽ നിയമം കൈയിലെടുക്കാൻ സംഘ്പരിവാർ പ്രവർത്തകർ മുന്നിട്ടിറങ്ങുന്നതിെൻറ ഏറ്റവും ഹീനവും കിരാതവുമായ രീതിയാണ് ഞായറാഴ്ച ലഖിംപുരിൽ കണ്ടത്. കേന്ദ്രത്തിെൻറ കാർഷികനയങ്ങൾക്കെതിരായ പ്രക്ഷോഭത്തിെൻറ ഭാഗമായി ലഖിംപുരിലെത്തുന്ന യു.പി ഉപമുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് അണിനിരന്ന സമരക്കാരുടെ നേർക്കാണ് പ്രദേശത്തെ എം.പി കൂടിയായ മന്ത്രിയുടെ മകൻ ഫാഷിസത്തിെൻറ മത്തുപിടിച്ച അമിതാധികാര പ്രയോഗത്തിനു മുതിർന്നത്. സംഭവത്തെ ഞെട്ടൽ പ്രകടിപ്പിച്ച് ആദ്യപ്രതികരണം അവസാനിപ്പിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രൂക്ഷമായ പ്രതിഷേധങ്ങളെ തുടർന്ന് അന്വേഷണത്തിനും തുടർനടപടികൾക്കും നിർബന്ധിതനായിരിക്കുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രക്കും കർഷകമാർച്ചിലേക്ക് കാർ ഓടിച്ചുകയറ്റിയ മകൻ ആശിഷ് മിശ്രക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട നാലു കർഷകരുടെ ആശ്രിതകുടുംബത്തിന് 45 ലക്ഷം രൂപയും കുടുംബത്തിലൊരാൾക്ക് ജോലിയും പരിക്കേറ്റവർക്കു പത്തു ലക്ഷം രൂപയും നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കർഷകപ്രതിഷേധത്തിെൻറ വാ അമർത്തിപ്പിടിക്കാനുള്ള ഇൻറർനെറ്റ് നിയന്ത്രണം മുതൽ നേതാക്കൾക്ക് വിമാനം വിലക്ക് വരെയുള്ള അടിച്ചമർത്തൽ പരിപാടികളുമായി യോഗി സർക്കാർ മുന്നോട്ടുപോകുകയാണ്.
കുത്തകകൾക്കുവേണ്ടി കർഷകരെ പിഴിയുന്ന കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ കിരാതമായ കർഷകനിയമങ്ങളുടെ രക്തസാക്ഷികളാണ് ഞായറാഴ്ച ലഖിംപുരിൽ യമപുരി പൂകിയത്. 2017ൽ മധ്യപ്രദേശിലെ മന്ദ്സോറിൽ അഞ്ചുകർഷകരെ വെടിവെച്ചുകൊന്ന സംഭവത്തിനു ശേഷം നടന്ന പൈശാചികമായ കൂട്ടക്കൊലയാണ് യു.പിയിൽ നടന്നത്. മിനിമം താങ്ങുവിലയും ഒറ്റത്തവണ കാർഷികവായ്പ എഴുതിത്തള്ളലും ആവശ്യപ്പെട്ട് 2017 ജൂൺ ഒന്നിനു തുടങ്ങിയ പ്രക്ഷോഭത്തിെൻറ ആറാം ദിവസം പ്രക്ഷുബ്ധരായ പ്രക്ഷോഭക്കാർക്കുനേരെ പൊലീസ് നിറയൊഴിച്ചതിൽ അഞ്ചുപേർ സംഭവസ്ഥലത്തും ഒരാൾ പിന്നീടും കൊല്ലപ്പെട്ടു. ദുഃഖകരമെന്നു പറയട്ടെ, വർഷം നാലു കഴിഞ്ഞും അതേ ആവശ്യങ്ങളുമായി തെരുവിൽ കഴിയാൻ തന്നെയാണ് കർഷകരുടെ വിധി. മന്ദ്സോറിൽ ജീവൻ പോയവർക്കുവേണ്ടി ആരംഭിച്ച നിയമയുദ്ധം എവിടെയുമെത്തിയില്ല. ദോഷം പറയരുതല്ലോ. അൽപം കാത്തിരുന്നാണെങ്കിലും നഷ്ടപരിഹാരവും ആശ്രിതജോലിയുമൊക്കെ സർക്കാർ തരപ്പെടുത്തിക്കൊടുത്തു. എന്നാൽ, സംഭവത്തിൽ ഉത്തരവാദികളായവരെ ശിക്ഷിക്കാൻ സർക്കാറിന് അശേഷം താൽപര്യമുണ്ടായിരുന്നില്ല.
സർക്കാറിനെതിരായ പ്രതിഷേധങ്ങളെ ഏതുവിധമാണ് നേരിടുകയെന്നു ജനത്തെ പഠിപ്പിക്കുകയാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബി.ജെ.പി സർക്കാർ. ഗവൺമെൻറിനെ ശല്യംചെയ്യുന്നവരെ ആയുധംകൊണ്ടും നേരിടാൻ സർക്കാർ ലൈസൻസ് ലഭിച്ച പോലെയാണ് സംഘ്പരിവാർ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. മുമ്പ് പൗരത്വസമരം അടിച്ചമർത്താൻ ഡൽഹിയിൽ കേന്ദ്രം സ്വീകരിച്ച അതേ സമീപനം തന്നെയാണ് പിന്നീട് കർഷകസമരത്തിനുനേരെയും സ്വീകരിച്ചത്. പൗരത്വസമരക്കാർക്കിടയിൽ നുഴഞ്ഞുകയറിയും സമരത്തിലേക്ക് അക്രമികളെ അഴിച്ചുവിട്ടും തുടങ്ങിയ 'പരീക്ഷണങ്ങൾ'ഒരു പൂർണ വംശീയകലാപത്തിലേക്കാണ് ചെന്നെത്തിയത്. കർഷകരുടെ ജീവൽപ്രശ്നങ്ങൾ അവഗണിച്ചുകൊണ്ട് കാർഷികരംഗത്ത് ഏർപ്പെടുത്തിയ പുതിയ നിയമങ്ങളിൽ കൃഷിക്കാർക്ക് പ്രഹരമേൽപിക്കുന്ന ഒന്നിലും ഒരു വിട്ടുവീഴ്ചക്കും തയാറില്ലെന്ന പിടിവാശിയിലാണ് മോദിസർക്കാർ. എന്നാൽ, ഏതുവിധേനയും സമരം പരാജയപ്പെട്ടുകിട്ടുകയും വേണം. പൗരത്വപ്രക്ഷോഭത്തിനു വംശീയനിറം നൽകാമെന്ന സൗകര്യമുണ്ടായിരുന്നു. കർഷകസമരത്തെ അങ്ങനെയൊന്നും ചുരുക്കിക്കെട്ടാനാവില്ല. അതുകൊണ്ട്, നാനാവിധേനയും സമരം പൊളിക്കാനുള്ള വഴിയന്വേഷിക്കുകയാണ് വിവിധ സംസ്ഥാനങ്ങളിലെ സംഘ്പരിവാർ ഭരണകൂടങ്ങൾ. വിവിധ പ്രദേശങ്ങളിൽ സമരക്കാർക്കു നേരെ നടന്ന അതിക്രമങ്ങളിലടക്കം ഇതുവരെയായി 610 ഓളം കർഷകർക്ക് ജീവൻ വെടിയേണ്ടി വന്നതായി പ്രക്ഷോഭക്കാർ പറയുന്നു.
കർഷകസമരത്തിൽ എരിപൊരി കൊള്ളുന്ന ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ സമരക്കാർക്കെതിരെ ആയുധമെടുക്കാൻ പരസ്യമായി ആഹ്വാനം ചെയ്തു. സമരം ചെയ്യുന്ന കർഷകരുടെ തല തല്ലിപ്പൊളിക്കാനായിരുന്നു കർണാൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ആയുഷ് സിൻഹയുടെ ആക്രോശം. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലേക്കുള്ള കർഷകമാർച്ച് തടയാൻ കിടങ്ങു കുഴിച്ചും മുൾവേലികൾ പണിതും വൈദ്യുതിയും വെള്ളവും ഇൻറർനെറ്റും വിഛേദിച്ചും കേന്ദ്രസർക്കാർ നടത്തിയ യുദ്ധസന്നാഹം ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതായിരുന്നു. സമരത്തെ അടിച്ചമർത്തുക മാത്രമല്ല, കർഷകജീവിതത്തെതന്നെ തമസ്കരിക്കുന്ന രീതിയാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. കർഷക ആത്മഹത്യയുടെ കണക്കുകൾ സൂക്ഷിക്കാതെ വിടുന്നതാണ് മോദി ഭരണത്തിെൻറ കർഷകസ്നേഹം.
ഇങ്ങനെ വിവിധ അടിച്ചമർത്തൽ രീതികളിലൂടെ കർഷകരുടെ ഒച്ചയടപ്പിക്കാനുള്ള വഴികൾ ആരായുന്ന സംഘ്പരിവാർ ഭരണത്തെ 'സഹായിക്കാൻ' അണികൾ തയാറെടുക്കുന്നതിെൻറ ഒടുവിലെ അനുഭവമാണ് ലഖിംപുരിൽ കണ്ടത്. അണികളെ ആയുധവുമായി കയറൂരിവിട്ട് കാര്യം നേടുന്ന യോഗിയുടെ ജംഗിൾരാജ് മോഡൽ കൊണ്ടൊന്നും അമർത്തിവെക്കാവുന്നതല്ല കർഷകരോഷം. തെരഞ്ഞെടുപ്പിനെ മുന്നിൽ കാണുന്ന യോഗിയുടെ അസ്വസ്ഥതയും അതുതന്നെയാണ്. എന്നാൽ, അതു മറികടക്കാൻ കർഷകരുടെ ചോരചിന്തുന്ന അതിസാഹസത്തിനു മുതിരുന്നത് ആത്മഹത്യാപരമായിരിക്കും. കർഷകർക്കു വേണ്ടി വലിയ വായിലുള്ള വർത്തമാനമൊഴിച്ചാൽ കേന്ദ്രത്തിൽ നരേന്ദ്ര മോദിയും സംസ്ഥാനങ്ങളിലെ അവതാരങ്ങളും അവരെ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. രാജ്യത്തോടോ, അതിെൻറ ഉപ്പായ കർഷകരോടോ അശേഷം താൽപര്യമില്ലെന്ന് നാൾക്കുനാൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.